പുരാതന ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വ്യാപാരബന്ധം കേവലം ചരക്കു കൈമാറ്റത്തില്‍ ഒതുങ്ങിയിരുന്നില്ലെന്നും, തമിഴ് വ്യാപാരികള്‍ ഈജിപ്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുകയും സഞ്ചരിക്കുകയും ചെയ്തിരുന്നു എന്നതിനും പുതിയ തെളിവുകള്‍ പുറത്ത്. ഈജിപ്തിലെ പ്രശസ്തമായ ‘രാജാക്കന്മാരുടെ താഴ് വരയില്‍’ ഫറവോമാരുടെ ശവകുടീരങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയ തമിഴ് ബ്രാഹ്‌മി ലിഖിതങ്ങളാണ് ചരിത്രകാരന്മാരെ വിസ്മയിപ്പിക്കുന്നത്.
സ്വിസ് പണ്ഡിതനായ ഇംഗോ സ്‌ട്രോച്ച്, ഷാര്‍ലറ്റ് ഷ്മിഡ് എന്നിവരാണ് ഈ ലിഖിതങ്ങള്‍ തിരിച്ചറിഞ്ഞത്. ബിസി 1600 കാലഘട്ടത്തിലെ ശവകുടീരങ്ങള്‍ക്കുള്ളില്‍ എട്ടിടങ്ങളിലായാണ് തമിഴ് ബ്രാഹ്‌മി ലിഖിതങ്ങള്‍ കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന ‘സികായ് കൊറാന്‍’ എന്ന പേര് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.
ശവകുടീരങ്ങളില്‍ തമിഴ് ബ്രാഹ്‌മി ലിഖിതത്തില്‍ ‘സികായ് കൊറാന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘സികായ്’ എന്നാല്‍ കിരീടം എന്നും, ‘കൊറാന്‍’ (കൊട്രാന്‍) എന്നാല്‍ നേതാവ് എന്നുമാണ് അര്‍ത്ഥമാക്കുന്നത്. പുരാതനമായ ഈ ശവകുടീരങ്ങള്‍ക്കുള്ളില്‍ ഒരേ പേര് തന്നെ ആവര്‍ത്തിച്ച് കാണപ്പെടുന്നത് ശ്രദ്ധേയമാണ്. ഒരു ശവകുടീരത്തില്‍ ‘കോപന്‍ വരത കാന്തന്‍’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്; ‘കോപന്‍ വന്നു കണ്ടു’ എന്നാണ് ഇതിന്റെ അര്‍ത്ഥം. മറ്റൊരു ശവകുടീരത്തില്‍ ‘കാറ്റന്‍’ എന്ന പേരും കണ്ടെത്തി. പുരാതന തമിഴ്-ബ്രാഹ്‌മി ലിഖിതങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ദക്ഷിണേന്ത്യന്‍ പേരാണിത്. ചെങ്കടല്‍ തീരത്തെ പുരാതന തുറമുഖ നഗരമായ ബെരെനിക്കില്‍ നടത്തിയ ഖനനത്തിനിടെയും സമാനമായ ചില പേരുകള്‍ കണ്ടെത്തിയിരുന്നു. കേവലം ഒരു തുറമുഖ സന്ദര്‍ശകന്‍ എന്നതിലുപരി, ഈ വ്യാപാരി ഈജിപ്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ദീര്‍ഘകാലം ചിലവഴിക്കുകയും അവിടുത്തെ സംസ്‌കാരവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാപാരം ഏകപക്ഷീയമായിരുന്നില്ല
റോമന്‍ കാലഘട്ടത്തില്‍ ഇന്ത്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ നടന്നത് ‘ടു-വേ’ വ്യാപാരമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് മുതിര്‍ന്ന എപ്പിഗ്രാഫിസ്റ്റ് വൈ. സുബ്ബരായലു പറഞ്ഞു. റോമാക്കാര്‍ ഇന്ത്യയിലേക്ക് വന്നത് ചരിത്രരേഖകളില്‍ വ്യക്തമാണെങ്കിലും, ഇന്ത്യക്കാര്‍ അങ്ങോട്ട് യാത്ര ചെയ്തിരുന്നോ എന്നതില്‍ നേരത്തെ വ്യക്തത കുറവായിരുന്നു. തമിഴ് വ്യാപാരികള്‍ തുറമുഖങ്ങളില്‍ വന്ന് മടങ്ങുക മാത്രമല്ല, ഈജിപ്തിലെ നഗരങ്ങളില്‍ ദീര്‍ഘകാലം താമസിക്കുകയും അവിടത്തെ കാഴ്ചകള്‍ കാണാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു എന്ന് ഇംഗോ സ്‌ട്രോച്ച് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാന്നിധ്യം
രാജാക്കന്മാരുടെ താഴ്വരയില്‍ നിന്ന് കണ്ടെത്തിയ 30 ലിഖിതങ്ങളില്‍ 20 എണ്ണം തമിഴിലാണ്. ശേഷിക്കുന്നവ സംസ്‌കൃതം, പ്രാകൃതം, ഗാന്ധാരി-ഖരോഷി ഭാഷകളിലുളളതാണ്. ഈ ഭാഷാവൈവിധ്യം ഒരു സുപ്രധാന ചരിത്രവസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് തമിഴ്‌നാട്ടില്‍ നിന്ന് മാത്രമല്ല, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്നുള്ള വ്യാപാരികളും അക്കാലത്ത് ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. എഡി ഒന്നാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ഇന്ത്യ ഭരിച്ചിരുന്ന ക്ഷഹാരത രാജവംശത്തിലെ ഒരു ദൂതന്‍ ഇവിടെ വന്നതായും ലിഖിതങ്ങളില്‍ പരാമര്‍ശമുണ്ട്.
ഒരുകാലത്ത് വെറും കുത്തിക്കുറിക്കലുകള്‍ എന്ന് കരുതി തള്ളിക്കളഞ്ഞ ലിഖിതങ്ങളാണ് രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള ഒരു യാത്രാ ഡയറിയായി ഇപ്പോള്‍ മാറിയിരിക്കുന്നത്. നൈല്‍ നദീതടവും ചെങ്കടലും വഴി തമിഴ് വ്യാപാരികള്‍ ഫറവോമാരുടെ നാട്ടിലേക്ക് നടത്തിയ സാഹസിക യാത്രകളുടെ നിശബ്ദ സാക്ഷ്യമാണിത്.
Content Summary: Tamil marks in the land of Pharaohs: 2,000-year-old inscriptions found in Egypt’s valley of the kings
This post was last modified on February 16, 2026 3:11 pm
Leave a Comment