2006 ജൂലൈ 11, രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഒരിക്കല്‍ കൂടി മുംബൈയില്‍ ഉണ്ടായ സ്‌ഫോടന പരമ്പര. വെസ്റ്റേണ്‍ സബര്‍ബന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഏഴ് ലോക്കല്‍ ട്രെയിനുകളില്‍ നടന്ന സ്‌ഫോടനത്തില്‍ 189 മനുഷ്യരാണ് കൊല്ലപ്പെട്ടത്. 824 പേര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം 6:23 നും 6:28 നും ഇടയിലായിട്ടായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. ട്രെയ്‌നിലെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലായിട്ടായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.
മാഹിം ജംഗ്ഷനിലായിരുന്നു ആദ്യ സ്‌ഫോടനം. തുടര്‍ന്ന്, വെസ്റ്റേണ്‍ സബര്‍ബനിലെ പ്രധാന സ്റ്റേഷനുകളില്‍ ഒന്നായ ബാന്ദ്രയില്‍ ബോംബ് പൊട്ടി. മിറ റോഡിലായിരുന്നു അടുത്ത സ്‌ഫോടനം. ജോഗേശ്വരി സ്‌റ്റേഷനില്‍ അടുത്ത സ്‌ഫോടനം നടന്നു. രാജ്യത്തെ നടുക്കിക്കൊണ്ട് 6. 28 ന് അടുത്ത സ്‌ഫോടനം ഭയന്ദര്‍ സ്‌റ്റേഷനില്‍ സംഭവിച്ചു. ബോറിവാലിയിലും പിന്നാലെ മാട്ടുംഗയിലും വീണ്ടും സ്‌ഫോടനങ്ങള്‍. 189 മനുഷ്യ ജീവനുകളെടുത്തുകൊണ്ട് ബോംബെ കണ്ട ഭീകരമായ സ്‌ഫോടനങ്ങള്‍.
തീവ്രവാദ ആക്രമണമായി കണ്ട സ്‌ഫോടനങ്ങള്‍ മഹാരാഷ്ട്ര പൊലീസിന്റെ ആന്റി-ടെററിസം സ്‌ക്വാഡാണ് അന്വേഷിച്ചത്. എട്ട് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിന് (മക്കോക്ക) കീഴിലുള്ള പ്രത്യേക കോടതി 2015 സെപ്റ്റംബര്‍ 30 ന് 13 കുറ്റാരോപിതരില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഏഴ് പേരെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തു. ട്രെയിനില്‍ ബോംബുകള്‍ സ്ഥാപിച്ചുവെന്നതിനാണ് കമാല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതൗര്‍ റഹ്‌മാന്‍ ഷെയ്ഖ്, എഹ്‌തെഷാം ഖുതുബുദ്ദീന്‍ സിദ്ദിഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ എന്നിവര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, ഭീകരത പ്രചരിപ്പിക്കല്‍ എന്നീ മക്കോക്ക വകുപ്പുകള്‍ പ്രകാരം വധശിക്ഷ വിധിച്ചത്.
തന്‍വീര്‍ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗൂബ് അന്‍സാരി, മുസമ്മില്‍ അതൗര്‍ റഹ്‌മാന്‍ ഷെയ്ഖ്, സുഹൈല്‍ മെഹ്‌മൂദ് ഷെയ്ഖ്, സമീര്‍ അഹമ്മദ് ലത്തിയൂര്‍ റഹ്‌മാന്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ വാഹിത് ഷെയഖ് എന്നയാളെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി.
നിയമപ്രകാരം സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചെങ്കില്‍ മാത്രമാണ് അത് നടപ്പാക്കാന്‍ സാധിക്കു. ഇതിന്‍ പ്രകാരം മഹരാഷ്ട്ര സര്‍ക്കാര്‍ 2015 ല്‍ തന്നെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഇതിനൊപ്പം വധ ശിക്ഷ വിധിക്കപ്പെട്ടവരും ജീവപര്യന്തം കിട്ടിയവരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
2019 ജനുവരിയിലാണ് കേസ് ആദ്യമായി ഹൈക്കോടതിയില്‍ വരുന്നത്. പ്രത്യേക കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂര്‍ ജയില്‍ സൂപ്രണ്ട് 2015 ഒക്ടോബറില്‍ കുറ്റവാളികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വധശിക്ഷ സ്ഥിരീകരിക്കുന്നകുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രതികളെ അറിയിച്ചിരുന്നില്ല. ഇക്കാര്യം മനസിലാക്കിയ കോടതി പുതിയ നോട്ടീസ് നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്.
പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ഹൈക്കോടതിയില്‍ കേസ് നീണ്ടു പോയി. കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എ എസ് ഗഡ്കരി പിന്മാറി. നിയുക്ത ബെഞ്ചിന് ‘ജോലിഭാരം’ കൂടുതലാണെന്നു കാണിച്ച് ജസ്റ്റിസ് ആര്‍ ഡി ധനുക ഹര്‍ജികള്‍ കേള്‍ക്കുന്നത് മാറ്റിവച്ചതുമൊക്കെ കാലതാമസത്തിനുള്ള കാരണങ്ങളായിരുന്നു.
കേസ് നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ലെന്ന കോടതിയുടെ വിമര്‍ശനം ഇതിനിടയില്‍ ഉണ്ടായി. 2023 സെപ്റ്റംബര്‍ 6-നായിരുന്നു ജസ്റ്റിസ് നിതിന്‍ ഡബ്ല്യു സാംബ്രെയുടെ നേതൃത്വത്തിലുള്ള ബെഞ്ച്, നടപടികള്‍ നടത്തുന്നതില്‍ ‘ഗൗരവമില്ലായ്മ’ക്ക് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്. അതിനുള്ള കാരണം സര്‍ക്കാര്‍ അതുവരെയും ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്പിപി) നിയമിച്ചിരുന്നില്ല എന്നതായിരുന്നു.
2023 ഡിസംബര്‍ വരെ ഹര്‍ജികള്‍ കേട്ടിരുന്ന ബെഞ്ചിലെ ജഡ്ജിയെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലേക്ക് മാറ്റിയതോടെ വീണ്ടും തടസം വന്നു. കേസുകള്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്‌തെങ്കിലും വാദം കേള്‍ക്കള്‍ മുടങ്ങി. ഒടുവില്‍ പ്രതികളിലൊരാള്‍ പ്രത്യേക ബെഞ്ച് മുഖേന കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുന്നതുവരെ കുറച്ച് മാസങ്ങളായി ഹര്‍ജികള്‍ കേള്‍ക്കുന്നത് മുടങ്ങിക്കിടക്കുകയാണുണ്ടായത്.
2024 ജൂലൈയില്‍, കേസില്‍ ഹര്‍ജികള്‍ വിശദമായി കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ അനില്‍ എസ് കിലോര്‍, ശ്യാം സി ചന്ദക് എന്നിവരടങ്ങുന്ന ഒരു പ്രത്യേക ബെഞ്ച് രൂപീകരിച്ചു. അതോടെ വാദം കേള്‍ക്കല്‍ വേഗത്തിലായി. അടുത്ത ആറ് മാസം 75 ലധികം സിറ്റിങ്ങുകളാണ് ബഞ്ച് നടത്തിയത്.
കേസില്‍ പ്രോസിക്യൂഷന്‍ 92 സാക്ഷികളെയാണ് ഹാജരാക്കിയത്. പ്രതിഭാഗം 50-ലധികം സാക്ഷികളെയും കോടതിക്ക് മുന്നിലെത്തിച്ചു. 169 വാല്യങ്ങളിലായാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്. വധശിക്ഷയുടെ വിധിന്യായങ്ങള്‍ 2,000 പേജുകളോട് അടുത്തുണ്ടായിരുന്നു.
ക്രൂരമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആരോപണം. വ്യാജ കുറ്റങ്ങള്‍ ചുമത്തി 18 വര്‍ഷത്തോളമായി പ്രതികളെ ജയിലില്‍ അടച്ചിരിക്കുകയാണെന്നും, ആയതിനാല്‍ കേസ് റദ്ദാക്കി അവരെ വെറുതെ വിടണമെന്നും പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഹൈക്കോടതി ശരിവയ്ക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
എന്നാല്‍ പ്രോസിക്യൂഷനെ തള്ളിയാണ് ഹൈക്കോടതി എല്ലാ പ്രതികളുടെയും ശിക്ഷ റദ്ദാക്കിയിരിക്കുന്നത്. സംശയങ്ങളുടെ ആനുകൂല്യമാണ് കുറ്റാരോപിതര്‍ക്ക് കോടതി നല്‍കിയത്. സാക്ഷിമൊഴികളില്‍ കോടതി സംശയം പ്രകടിപ്പിച്ചു. കൂടാതെ പ്രതികളുടെ ടെസ്റ്റ് ഐഡിന്റിഫിക്കേഷന്‍ പരേഡിനെയും കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷന് ഈ വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. 2006 Mumbai Train blasts, 189 people killed. bombay high court acquitted all 12 accused
Content Summary; 2006 Mumbai Train blasts, 189 people killed. bombay high court acquitted all 12 accused
Leave a Comment