2026 ഫിഫ ലോകകപ്പ് ആവേശകരമായ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ, കായികലോകം പതിവില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മൈതാനത്തെ കളിയെ കുറിച്ചല്ല; അണിയറയില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന കള്ളക്കളികളെ കുറിച്ചാണ്. ലോകകപ്പിന്റെ സുതാര്യതയും നീതിയും ചോദ്യം ചെയ്യുന്നത് ആരാധകരും വിദഗ്ധരും അന്താരാഷ്ട്ര മാധ്യമങ്ങളും മാത്രമല്ല, പ്രധാന ടീമുകളും ഫിഫയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. അര്‍ജന്റീന-ഈജിപ്ത് പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ ഒരു സ്ഫോടനാത്മകമായ രീതിയിലേക്ക് വളര്‍ന്നത്.
‘മെസ്സി ഫാക്ടറും’ ഫിഫയുടെ ബിസിനസ്സ് താല്പര്യങ്ങളും
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനും ലയണല്‍ മെസ്സിയുടെ സാന്നിധ്യം ഉറപ്പാക്കാനും ഫിഫയും ടൂര്‍ണമെന്റ് സംഘാടകരും ബോധപൂര്‍വ്വം ഇടപെടുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം. പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിനെതിരെ അര്‍ജന്റീന 3-2 ന് നേടിയ നാടകീയ വിജയം വലിയ തോതില്‍ സംശയങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്ന ശേഷമായിരുന്നു ഈജിപ്തിന്റെ അപ്രതീക്ഷിത പരാജയം. ഈജിപ്ത് 1-0 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ അവര്‍ നേടിയ രണ്ടാമത്തെ ഗോള്‍ വാര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) പരിശോധനയിലൂടെ റദ്ദാക്കിയ മുന്‍ പ്രീമിയര്‍ ലീഗ് റഫറി ഫ്രാന്‍സ്വ ലെറ്റെക്‌സിയറുടെ തീരുമാനം തീര്‍ത്തും തെറ്റായതായിരുന്നുവെന്ന് റഫറിയിങ് വിദഗ്ധര്‍ തന്നെ വിലയിരുത്തുന്നു. അവസാന നിമിഷങ്ങളില്‍ ഈജിപ്തിന് പെനാല്‍റ്റി നിഷേധിച്ചതും കേവലം അബദ്ധമല്ല, മറിച്ച് മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്ന് ഈജിപ്ഷ്യന്‍ താരം മൊസ്തഫ സിക്കോ തുറന്നടിച്ചിരുന്നു. വലിയ ടീമുകള്‍ക്ക് അനുകൂലമായി റഫറിമാര്‍ തീരുമാനങ്ങള്‍ എടുക്കുന്ന ‘ബിഗ് ടീം ബയാസ്’ ഇവിടെ കൃത്യമായി പ്രവര്‍ത്തിച്ചുവെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നത്.
ഇതിന് പിന്നിലെ പ്രധാന കാരണം ഫിഫയുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക താല്പര്യങ്ങളാണെന്നാണ് കായിക വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ലയണല്‍ മെസ്സി എന്ന താരം വെറുമൊരു കളിക്കാരനല്ല, ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ബ്രാന്‍ഡാണ്. മെസ്സിയും അര്‍ജന്റീനയും ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകുന്തോറും ലോകമെമ്പാടുമുള്ള ടെലിവിഷന്‍/ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പും ടിക്കറ്റ് വിപണിയും കുതിച്ചുയരും.
വരുമാനത്തില്‍ ഖത്തറിനെ മറികടക്കണം
മെസ്സി കപ്പടിച്ച 2022-ലെ ഖത്തര്‍ ലോകകപ്പ് ഫിഫയ്ക്ക് അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് വരുമാനമായ 7.57 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം 62,000 കോടിയിലധികം രൂപ) നേടിക്കൊടുത്തത്. 48 ടീമുകളെ പങ്കാളികളാക്കിയ 2026-ലെ അമേരിക്കന്‍ ലോകകപ്പില്‍ ഫിഫ ലക്ഷ്യമിടുന്നത് 11 ബില്യണ്‍ ഡോളറിലധികം വരുമാനമാണ്(ഏകദേശം 1,05,093 ലക്ഷം കോടി). ഈ ഭീമമായ ബിസിനസ്സ് തകരാതിരിക്കാന്‍ അര്‍ജന്റീനയെപ്പോലുള്ള വമ്പന്മാര്‍ ടൂര്‍ണമെന്റില്‍ നീണ്ടുനില്‍ക്കേണ്ടത് ഫിഫയുടെ താല്പര്യമായി വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ വലിയ താരങ്ങളെയും വമ്പന്‍ ടീമുകളെയും സംരക്ഷിക്കാന്‍ വാര്‍ സംവിധാനം അതിന്റെ പരിധികള്‍ ലംഘിച്ച് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ആരോപണത്തിന് ഫുട്ബോള്‍ ലോകത്ത് പ്രധാന്യം ലഭിക്കുന്നുണ്ട്.
നട്ടുച്ചയിലെ കളിയും യൂറോപ്യന്‍ പ്രൈം ടൈം ബിസിനസും
യൂറോപ്യന്‍ പ്രൈം ടൈമിന് അനുസരിച്ച്, അമേരിക്കയിലെ(അവിടെ ഉച്ചയ്ക്ക് 12 മണി) കഠിനമായ ചൂടില്‍ മത്സരങ്ങള്‍ ക്രമീകരിച്ചതുപോലും സാമ്പത്തിക താത്പര്യത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു. അമേരിക്കയില്‍ ഉച്ചയ്ക്ക് 12 മണിയാകുമ്പോള്‍ യൂറോപ്പില്‍ വൈകുന്നേരം 5 മണിയോ 6 മണിയോ ആയിരിക്കും. ഫുട്ബോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതും ഫിഫയ്ക്ക് ഏറ്റവും കൂടുതല്‍ പണം തരുന്നതും യൂറോപ്യന്‍ ടെലിവിഷന്‍ വിപണിയാണ്. യൂറോപ്പിലെ ആളുകള്‍ക്ക് അവരുടെ ചാനലുകളില്‍ ‘പ്രൈം ടൈമില്‍’ കളി തത്സമയം കാണാന്‍ വേണ്ടിയാണ് അമേരിക്കയിലെ കഠിനമായ ഉച്ചച്ചൂടില്‍ ഫിഫ മത്സരങ്ങള്‍ ക്രമീകരിക്കുന്നത്. അതായത്, കളിക്കാരുടെ ആരോഗ്യത്തേക്കാള്‍ ഫിഫ നോക്കുന്നത് ടെലിവിഷന്‍ റേറ്റിംഗും പണവുമാണ്. അമേരിക്കയിലെ പല നഗരങ്ങളിലും ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഉച്ചയ്ക്ക് ഹ്യുമിഡിറ്റി കൂടിയ കനത്ത ചൂടായിരിക്കും. ഈ സമയത്ത് 90 മിനിറ്റ് ഓടിക്കളിക്കുക എന്നത് കളിക്കാരെ കടുത്ത നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ച്ചയിലേക്കും നയിക്കും. പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കുന്ന ഭൂരിഭാഗം ആഫ്രിക്കന്‍ താരങ്ങളും വര്‍ഷങ്ങളായി യൂറോപ്പിലെ തണുപ്പുള്ള കാലാവസ്ഥയിലാണ് ജീവിക്കുന്നതും ക്ലബ്ബ് ഫുട്ബോള്‍ കളിക്കുന്നതും. കടുത്ത ഉച്ചച്ചൂടില്‍ കളി നടക്കുമ്പോള്‍ താരങ്ങള്‍ വേഗത്തില്‍ തളരുകയും അത് അര്‍ജന്റീന പോലുള്ള വമ്പന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഈജിപ്ത് പോലുള്ള ഒരു ടീമിന് വലിയ തിരിച്ചടിയാവുകയും ചെയ്യും. ചെറിയ ടീമുകളെ തളര്‍ത്താന്‍ ഫിഫ ബോധപൂര്‍വ്വം ചെയ്യുന്ന ചതിയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
അന്താരാഷ്ട്ര രാഷ്ട്രീയവും ട്രംപിന്റെ നയതന്ത്ര യുദ്ധവും
സാമ്പത്തി താത്പര്യങ്ങള്‍ക്ക് അപ്പുറം, അന്താരാഷ്ട്ര രാഷ്ട്രീയവും ഈ ലോകകപ്പിനെ നിയന്ത്രിക്കുന്നു എന്ന വാദവും ശക്തമാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഇതൊരു കായിക മേള മാത്രമല്ല, വലിയൊരു രാഷ്ട്രീയ വേദി കൂടിയാണ്. മിഡില്‍ ഈസ്റ്റിലെ (ഗള്‍ഫ് മേഖലയില്‍) പുതിയ സൈനിക-നയതന്ത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കന്‍ വിരുദ്ധ ചേരിയിലുള്ള ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ക്ക് ഫുട്ബോള്‍ മൈതാനത്ത് നേരിടേണ്ടി വരുന്ന തിരിച്ചടികള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടെന്ന വാദവും ഉയരുന്നുണ്ട്. നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് നടത്തിയ പ്രസ്താവനകള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ‘ദി ഗാര്‍ഡിയന്‍’ പോലുള്ള മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നു.
അമേരിക്കന്‍ താരം ഫോളാരിന്‍ ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍, അടുത്ത മത്സരത്തിലെ സസ്പെന്‍ഷന്‍ ഒഴിവാക്കാന്‍ ട്രംപ് നേരിട്ട് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയെ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയതും ഈ ലോകകപ്പിന്റെ നിറം കെടുത്തി. ഫിഫ തങ്ങളുടെ സ്വന്തം നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ബലോഗന്റെ വിലക്ക് അടിയന്തിരമായി റദ്ദാക്കുകയും അടുത്ത മത്സരത്തില്‍ കളിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഫിഫയുടെ ഈ പ്രവര്‍ത്തിയെ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ ‘യുവേഫയും’ബെല്‍ജിയവും കായിക ലോകവും കടുത്ത ഭാഷയിലാണ് എതിര്‍ത്തത്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടു എന്ന കാരണത്താല്‍ നിയമം മാറ്റിയെഴുതുന്നത് ഫുട്ബോളിന്റെ അന്തസ്സിനെ കെടുത്തുന്നതായിരുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തിയത്. മത്സരത്തില്‍ ബെല്‍ജിയം അമേരിക്കയെ തകര്‍ത്തുവിട്ടെങ്കിലും (4-1), ഫിഫയുടെ കസേരകള്‍ക്ക് മേല്‍ രാഷ്ട്രീയാധികാരം പിടിമുറുക്കുന്നതിന്റെ തെളിവായി ഈ സംഭവം അവശേഷിക്കുന്നു.
ബിഗ് ടെക്കും സാങ്കേതികവിദ്യയും സൃഷ്ടിക്കുന്ന സംശയങ്ങള്‍
ഇത്തവണത്തെ ലോകകപ്പില്‍ കൃത്രിമ ബുദ്ധിയും (എ ഐ) അത്യാധുനിക സാങ്കേതികവിദ്യകളും വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. പന്തിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകള്‍, എ.ഐ അവതാറുകള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ തീരുമാനങ്ങള്‍ എന്നിവ കളിയിലെ സുതാര്യത വര്‍ദ്ധിപ്പിക്കാനാണ് കൊണ്ടുവന്നതെങ്കിലും, ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. മനുഷ്യ സഹജമായ തെറ്റുകളേക്കാള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും ബിഗ് ടെക് കമ്പനികളുടെ കോഡിംഗിലും കൃത്രിമത്വം കാണിക്കാന്‍ എളുപ്പമാണെന്ന് ആരാധകര്‍ ഭയപ്പെടുന്നു. ഈ സാങ്കേതിക സംവിധാനങ്ങളെല്ലാം ഫിഫയ്ക്ക് മത്സരഫലങ്ങള്‍ തങ്ങള്‍ക്ക് വേണ്ട രീതിയില്‍ മാറ്റിയെഴുതാനുള്ള ഒരു മറ മാത്രമാണെന്നാണ് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അടിവരയിടുന്നത്.
സാങ്കേതികവിദ്യ ഫുട്ബോളിനെ സഹായിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയാണ് വിവാദങ്ങള്‍ക്ക് കാരണം. കളിയിലെ സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തിക്കൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ‘ദി അത്‌ലറ്റിക്’ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. സ്‌ക്രീന്‍ പരിശോധിക്കാന്‍ റഫറിമാര്‍ക്ക് പരമാവധി 30 സെക്കന്‍ഡ് മാത്രം നല്‍കി സമയപരിധി നിശ്ചയിക്കുക, ക്രിക്കറ്റിലോ റഗ്ബിയിലോ ഉള്ളതുപോലെ റഫറിയും വാര്‍ റൂമും തമ്മിലുള്ള സംഭാഷണം തത്സമയം സ്റ്റേഡിയത്തിലും ടെലിവിഷനിലും കേള്‍പ്പിച്ച് ആശയവിനിമയം പരസ്യമാക്കുക, കളം നിയന്ത്രിക്കുന്ന റഫറിമാരെ തന്നെ വാര്‍ റൂമിലിരുത്താതെ അതിനായി പ്രത്യേക പരിശീലനം ലഭിച്ച സ്വതന്ത്രരായ വിദഗ്ധരെ വാര്‍ സ്പെഷ്യലിസ്റ്റുകളായി നിയമിക്കുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ഫുട്‌ബോള്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങള്‍
ലോകകപ്പിന്റെ ചരിത്രത്തിലേക്ക് നോക്കിയാല്‍ ഇപ്പോഴത്തെ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പല സംഭവങ്ങളും കാണാം. മുന്‍കാലങ്ങളില്‍ അല്‍ജീരിയയെ പുറത്താക്കാന്‍ വേണ്ടി 1982-ലെ സ്പെയിന്‍ ലോകകപ്പില്‍ പശ്ചിമ ജര്‍മ്മനിയും ഓസ്ട്രിയയും തമ്മില്‍ നടത്തിയ ഒത്തുകളി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. ഈ മത്സരത്തിന് ശേഷമാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ ഒരേ സമയത്ത് നടത്തണം എന്ന നിയമം ഫിഫ കൊണ്ടുവന്നത്. ഏതൊക്കെ ടീമുകള്‍ എപ്പോള്‍, ആരുമായി കളിക്കണം എന്ന് നിശ്ചയിക്കുന്ന ഫിക്ചറുകളില്‍ തങ്ങള്‍ക്ക് താല്പര്യമുള്ള വലിയ ടീമുകള്‍ ഫൈനലില്‍ വരാന്‍ പാകത്തിന് കൃത്രിമത്വം കാണിക്കുന്നു എന്ന ‘റിഗ്ഗ്ഡ് ബ്രാക്കറ്റ്’ ആരോപണങ്ങളും ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയതല്ല.
ഇതിലുമപ്പുറം, ശീതയുദ്ധ കാലത്തെ ചാരക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കളിക്കാരുടെ പ്രകടനത്തെ ബാധിക്കാന്‍ സി.ഐ.എ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ഭീതിയും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിന് സമാനമായ ഒരു സംഭവം 1990 ലോകകപ്പില്‍ ബ്രസീല്‍-അര്‍ജന്റീന മത്സരത്തിനിടയില്‍ നടന്നിരുന്നു. അര്‍ജന്റീനയുടെ മെഡിക്കല്‍ സ്റ്റാഫ് നല്‍കിയ വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച ബ്രസീലിയന്‍ താരം ബ്രാങ്കോയ്ക്ക് കളിസ്ഥലത്ത് വെച്ച് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടു. തങ്ങളെ തോല്‍പ്പിക്കാന്‍ അര്‍ജന്റീനക്കാര്‍ വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതാണെന്ന് ബ്രസീല്‍ പിന്നീട് ആരോപിച്ചു. ഇതാണ് ‘ഹോളി വാട്ടര്‍ സ്‌കാന്‍ഡല്‍’ എന്നറിയപ്പെടുന്നത്. ഇത്തരം യഥാര്‍ത്ഥ സംഭവങ്ങളാണ് പില്‍ക്കാലത്ത് വലിയ ഏജന്‍സികള്‍ക്ക് നേരെ വരെ സംശയത്തിന്റെ വിരല്‍ ചൂണ്ടാന്‍ ആരാധകരെ പ്രേരിപ്പിക്കുന്നത്. കളിക്കളത്തിലെ അപ്രതീക്ഷിത പരാജയങ്ങളെ ന്യായീകരിക്കാന്‍ ആരാധകര്‍ കണ്ടെത്തുന്ന ഇത്തരം വഴികള്‍ പലപ്പോഴും കായിക ലോകത്തെ ഞെട്ടിക്കുന്നവയാണ്.
കളിക്കളത്തില്‍ നീതി നഷ്ടപ്പെട്ടുവെന്നും ഇനി ഒരിക്കലും ലോകകപ്പ് കാണില്ലെന്നുമാണ് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സന്‍ പറഞ്ഞിരിക്കുന്നത്. അത് ഫുട്ബോള്‍ പ്രേമികളില്‍ വലിയൊരു വിഭാഗത്തിന്റെ ചിന്ത കൂടിയായി മാറുകയാണ്. കളി കൂടുതല്‍ ശാസ്ത്രീയവും സാങ്കേതിക തികവുള്ളതുമായി മാറുമ്പോഴും, കളിക്ക് പിന്നിലെ അദൃശ്യ ശക്തികളെക്കുറിച്ചുള്ള ഭീതി ഒഴിഞ്ഞുപോകുന്നില്ല. കായികരംഗത്തെ അഴിമതിയെക്കുറിച്ചുള്ള മുന്‍കാല അനുഭവങ്ങളും, വലിയ പണക്കൊഴുപ്പും, രാഷ്ട്രീയ ഇടപെടലുകളും ചേരുമ്പോള്‍ ഇത്തരം വിചിത്രമായ സിദ്ധാന്തങ്ങള്‍ പോലും ആരാധകര്‍ക്കിടയില്‍ വേരൂന്നാന്‍ കാരണമാകുന്നു. മൈതാനത്തെ കളിയേക്കാള്‍ മൈതാനത്തിന് പുറത്തെ കള്ളക്കളികള്‍ ചര്‍ച്ചയാകുന്നത് പന്തുകളിയുടെ ആത്മാവിനെത്തന്നെയാണ് മുറിവേല്‍പ്പിക്കുന്നത്.
കടപ്പാട്; ദി അത്‌ലറ്റിക്, ദി ഗാര്‍ഡിയന്‍ എന്നിവരുടെ വിശകലനങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്
Content Summary; Controversies of the 2026 FIFA World Cup. Argentina-Egypt match, VAR debates, the ‘Messi Factor’, corporate interests, and Donald Trump’s geopolitical influence on the tournament
This post was last modified on July 9, 2026 7:38 pm
Leave a Comment