നരവനേയും ഫണ്ടുകളും: ഒന്നും മിണ്ടേണ്ടെന്ന് കേന്ദ്രം

ഇത്ര ഭയക്കാന്‍ മാത്രം എന്താണ് ആ ബുക്കില്‍ ഉള്ളത്?

തൊട്ടാല്‍ പൊട്ടിപ്പോവുന്ന കുമിളയാണോ നമ്മുടെ ഇന്ത്യന്‍ ഭരണകൂടം? ഇപ്പോള്‍ പാര്‍ലമെന്റിലും പുറത്തും നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ അങ്ങനെ തോന്നും. ഒന്ന് നരവനേ എഴുതിയ പുസ്തകത്തെ ചുറ്റിപ്പറ്റിയാണ്. രണ്ടാമത്തേത് പ്രധാനമന്ത്രിയുടെ ഫണ്ട് സംബന്ധിച്ചാണ്. ഇക്കാര്യത്തില്‍ മിണ്ടിപ്പോവരുതെന്നാണ് സര്‍ക്കാരിന്റെ തിട്ടൂരം… നമ്മുടെ ഭരണകൂടം, ആരെയാണ് ഭയക്കുന്നത്? എന്തിനാണ് ഭയക്കുന്നത്?

‘ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി’ ജനറല്‍ മനോജ് മുകുന്ദ് നരവനേ എഴുതിയ, രാഹുല്‍ ഗാന്ധി എല്ലാവര്‍ക്കും മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ പുസ്തകത്തിന്റെ പേരില്‍ ഇപ്പോള്‍ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണല്ലോ? ആ ബുക്ക് ശരിക്കും പബ്ലിഷ് ചെയ്തോ? ചെയ്തു എന്നും നരവനേ ട്വീറ്റ് ചെയ്ത പ്രീപബ്ലിക്കേഷന്‍ ഓര്‍ഡറിലൂടെയാണ് ബുക്ക് വാങ്ങിയതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകമാണെന്ന് പെന്‍ഗ്വിന്‍ പബ്ലിക്കേഷന്‍സ് വിശദീകരിക്കുന്നു. പബ്ലിഷ് ചെയ്യാത്ത പുസ്തകത്തിന്റെ കോപ്പികള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണന്നും പെന്‍ഗ്വിന്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പോള്‍ രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യമിതായിരുന്നു- നിങ്ങള്‍ക്ക് പെന്‍ഗ്വിനെയാണോ രാജ്യത്തിന്റെ കരസേനാ മേധാവിയായിരുന്ന നരവനേ പറയുന്നതാണോ വിശ്വാസം? പ്രതിരോധവകുപ്പ് മന്ത്രി രാജ്നാഥ് സിങ്ങും ഇന്ത്യന്‍ ഭരണകൂടവും എന്തിനാണ് ഒരു പുസ്തകത്തെ ഭയക്കുന്നത്? പുസ്തകത്തിന്റെ പ്രൂഫ് കോപ്പിയുടെ പിഡിഎഫ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും അത് വായിക്കുന്നവര്‍ക്കെതിരെ പോലും പോലീസ് കേസ് എടുക്കുകയും ചെയ്യുന്നു. ഇത്ര ഭയക്കാന്‍ മാത്രം എന്താണ് ആ ബുക്കില്‍ ഉള്ളത്?

കാരവന്‍ മാഗസിന്‍ ആണ് കരസേനാ മേധാവി എഴുതിയ പുസ്തകത്തെക്കുറിച്ച് ആദ്യം വാര്‍ത്ത പുറത്ത് കൊണ്ടുവരുന്നത്. അതിന് പിന്നാലെ രാഹുല്‍ ഗാന്ധി ആ വിഷയം ഏറ്റെടുക്കുന്നു. 2023 ല്‍ പബ്ലിഷ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ പിന്നീട് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പ്രീപബ്ലിക്കേഷന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആ പുസ്തകം പല പ്ലാറ്റ്ഫോമുകളിലും ലഭ്യമായിരുന്നു എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. അദ്ദേഹത്തിന്റെ കയ്യിലും പുസ്തകത്തിന്റെ ഒരു കോപ്പി ഉണ്ട് എന്നതാണ് പെന്‍ഗ്വിന്റെയും ഭരണകൂടത്തിന്റേയും വാദങ്ങളെ പൊളിക്കുന്നത്.

2020ല്‍ ഗാല്‍വന്‍ വാലിയില്‍ ചൈന അതിര്‍ത്തി ഭേദിച്ച് കടന്ന് വരുമ്പോള്‍ ആ സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന കാര്യം പ്രതിരോധ മന്ത്രാലയവുമായും സുരക്ഷാ ഉദ്യോഗസ്ഥനുമായും കൂടിയാലോചിച്ചു എന്നും ‘ജോ ഉചിത് ഹേ വോ കരോ…’ എന്ന് അവര്‍ തീരുമാനം അറിയിച്ചു എന്നും നരവനേ എഴുതുന്നു. എന്നാല്‍ അങ്ങനെയൊരു സാഹചര്യം വന്നാല്‍ രാജ്യത്തെ പലതരത്തില്‍ ബാധിക്കുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാന്‍ പറ്റുമോ? ആ സാഹചര്യത്തെ നേരിട്ട അനുഭവമാണ് നരവനേ എഴുതിയത്. യഥാര്‍ത്ഥത്തില്‍ അന്ന് ഗാല്‍വന്‍ വാലിയില്‍ വീഴ്ച സംഭവിച്ചതായി 2020 മുതല്‍ രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ആരോപിച്ചിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ക്കുള്ള തെളിവ് ആയേക്കാവുന്നതാണ് യഥാര്‍ത്ഥത്തില്‍ നരവനേയുടെ ബുക്ക്. അതുകൊണ്ടാവാം ഒരുപക്ഷേ പ്രതിരോധ മന്ത്രാലയം ആ പുസ്തകം പബ്ലിഷ് ചെയ്യുന്നത് വിലക്കുന്നതും. പുസ്തകത്തില്‍ എഴുതിയിരിക്കുന്ന, ഇപ്പോള്‍ വിവാദമായിരിക്കുന്ന കാര്യം ഇതേവരെ സര്‍ക്കാര്‍ തള്ളിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പകരം എതിര്‍ ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാനാണ് ശ്രമം…

ഇനി പാര്‍ലമെന്റിലേക്ക് വന്നാല്‍, പാര്‍ലമെന്റില്‍ അംഗങ്ങളായവര്‍ പല കാര്യങ്ങളിലും ചോദ്യം ഉന്നയിക്കും. അത് ചട്ടപ്രകാരം അനുവദനീയമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. എന്ത് ചോദിക്കണം, എന്ത് ചോദിക്കരുത് എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. എന്നാല്‍ മൂന്ന് കാര്യങ്ങളില്‍ ഇനി മിണ്ടിപ്പോവരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്ന് കേന്ദ്രഫണ്ടുകളെപ്പറ്റി പാര്‍ലമെന്റില്‍ ഇനി ചോദ്യം വേണ്ട എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഒന്ന് പി എം കെയേഴ്സ് ഫണ്ട്. കോവിഡ് 19 മഹാമാരിയുടെ സമയത്ത് 2020 മാര്‍ച്ച് 27നാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കുന്നത്. കോവിഡ് പോലുള്ള അടിയന്തിര ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ഫണ്ടാണിത്. പൊതുചാരിറ്റബിള്‍ ട്രസ്റ്റായാണ് ഇത് രൂപീകരിച്ചത്. 2023ലെ കണക്കനുസരിച്ച് ഈ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 6,283.7 കോടി രൂപയായിരുന്നു. ഇപ്പോള്‍ എത്ര ഫണ്ടുണ്ട്? അതിലേക്ക് ആരെല്ലാം സംഭാവന ചെയ്തു? ആര്‍ക്കെല്ലാം കൊടുത്തു? ഇക്കാര്യത്തില്‍ ഒരു കണക്ക് വേണ്ടേ? അതിനെക്കുറിച്ച് ചോദിക്കരുത് എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

രണ്ട്, പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ട്… ഇത് പറയുമ്പോള്‍ നമുക്ക് കേരളത്തിന്റെ കാര്യം തന്നെ എടുത്ത് പരിശോധിക്കാം. മുഖ്യമന്ത്രി ദുരിതാശ്വാസ നിധി, അതിന്റെ കണക്കുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. വരവും ചെലവും എല്ലാം ജനത്തിന് മുന്നില്‍ കിട്ടും. എന്നാല്‍ പ്രധാനമന്ത്രിയുടെ പേരിലുള്ള ഈ ഫണ്ട്, അതിനെക്കുറിച്ച് ചോദിക്കരുത്, പറയാന്‍ കഴിയില്ല എന്നാണ് പറയുന്നത്? പറയാന്‍ പറ്റാത്ത എന്ത് രഹസ്യമാണ് ആ ഫണ്ടില്‍ ഉള്ളത്? 1948ലാണ് പ്രധാനമന്ത്രി ദുരിതാശ്വാസഫണ്ട് രൂപീകരിക്കുന്നത്. പ്രകൃതിദുരന്തങ്ങളില്‍ മരിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനും അപകടങ്ങള്‍, കലാപങ്ങള്‍ എന്നിവയ്ക്ക് ഇരയായവരെ സഹായിക്കുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നത്.

മൂന്നാമത്തേത്, ദേശീയ പ്രതിരോധ ഫണ്ടാണ്. സൈന്യത്തിലെയും അര്‍ധ സൈനിക വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളേയും സഹായിക്കുന്നതാണ് ഈ ഫണ്ട്. ഈ മൂന്ന് ഫണ്ടുകളുടേയും നിയന്ത്രണം പ്രധാനമന്ത്രിയുടെ ഓഫീസിനാണ്. ജനങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഫണ്ടുകളുടെ നടത്തിപ്പിനെക്കുറിച്ച് അറിയാന്‍ അവകാശമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പോള്‍ നേരത്തെ ചോദിച്ച അതേ ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു. ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? എന്തിനെയാണ് ഭയക്കുന്നത്?

Content Summary: A bubble of secrecy: Why is the Indian Government afraid of a Book and a balance sheet?

This post was last modified on February 12, 2026 7:18 am

അഴിമുഖം പ്രതിനിധി:
Leave a Comment