എന്നെ ജയിലില്‍ അടച്ചേക്കാം, പക്ഷേ ഭയമില്ല; ജന്തര്‍ മന്തര്‍ ധര്‍ണയ്ക്കായി അഭിജീത് ദിപ്‌കെ ഇന്ത്യയിലെത്തുന്നു

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ധര്‍ണയില്‍ സോനം വാങ്ചൂക്കും പങ്കെടുക്കും

Cockroach Janata Party abhijeet dipke jantar mantar protest

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള വിദ്യാഭ്യാസരംഗത്തെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ജൂണ്‍ 6-ന് ഡല്‍ഹി ജന്തര്‍ മന്തറില്‍ ധര്‍ണ നടത്താന്‍ ഒരുങ്ങുന്നു. ബോസ്റ്റണില്‍ നിന്ന് ഫോണ്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് 30-കാരനായ അഭിജീത് ദിപ്‌കെ താന്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. ഈയാഴ്ച്ച അവസാനം ന്യൂഡല്‍ഹിയില്‍ എത്തുന്ന തനിക്ക് ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി ബോസ്റ്റണില്‍ പബ്ലിക് റിലേഷന്‍സ് കോഴ്‌സ് പഠിക്കുകയാണ് അഭിജീത്.

ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ഇനി എന്ത് സംഭവിച്ചാലും നേരിടാന്‍ തയ്യാറാണെന്നും അഭിജീത് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പിന്തുണയിലാണ് തന്റെ പ്രതീക്ഷ. ഈ പോരാട്ടം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഒരു മാസം മുമ്പ് രൂപീകരിച്ച ഈ ‘യൂത്ത് പ്രഷര്‍ ഗ്രൂപ്പിന്’ നിലവില്‍ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയാണ് കിട്ടുന്നത്. തങ്ങളെ പിന്തുണയ്ക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ഇതിനായി അണിനിരത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ തന്നെ പ്രതിഷേധത്തിനുള്ള അനുമതിക്കായി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനെ സമീപിക്കും. ഒരുപക്ഷേ പോലീസ് തന്നെ ആറ് മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ തടങ്കലില്‍ വെച്ചേക്കാം, എങ്കിലും വരാനിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാന്‍ താന്‍ മാനസികമായി തയ്യാറാണെന്നും അഭിജീത് വ്യക്തമാക്കി.

അതേസമയം, പ്രശസ്ത കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം വാങ്ചുക്കും ജൂണ്‍ 6-ന് ജന്തര്‍ മന്തറില്‍ നടക്കുന്ന ഈ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാര്‍ട്ടിയിലെ യുവാക്കള്‍ക്ക് രാജ്യത്തോട് അങ്ങേയറ്റം ഭക്തിയുണ്ടെന്നും രാജ്യത്തിന്റെ പുരോഗതിക്കായി വലിയൊരു ത്യാഗത്തിനാണ് അവര്‍ മുതിരുന്നതെന്നും തനിക്ക് ബോധ്യപ്പെട്ടതിനാലാണ് ഈ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വാങ്ചുക്ക് ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. മുന്‍പൊരു സന്ദേശത്തില്‍, ഈ സംഘടന വിദേശശക്തികളുടെ ഗൂഢാലോചനയല്ല മറിച്ച് ഇന്ത്യന്‍ യുവാക്കളുടെ കൂട്ടായ്മയാണെന്ന് തെളിയിക്കാന്‍ താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിപ്‌കെ താനുമായി ബന്ധപ്പെടുകയും അവരുടെ പിന്തുണക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അവരുമായി സംസാരിച്ചപ്പോള്‍ മറ്റെന്തെങ്കിലും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഇവര്‍ക്കില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 5-നകം വിദ്യാഭ്യാസ മന്ത്രി രാജി വെച്ചില്ലെങ്കില്‍ രാജ്യമെമ്പാടുമുള്ള യുവാക്കള്‍ക്കൊപ്പം താനും ജന്തര്‍ മന്തറിലെ ധര്‍ണ്ണയില്‍ പങ്കുചേരുമെന്ന് സോനം വാങ്ചുക്ക് പ്രഖ്യാപിച്ചു. നീറ്റ് പേപ്പര്‍ ചോര്‍ച്ച, സിയുഇടി, സിബിഎസ്ഇ പരീക്ഷകളിലെ പ്രശ്‌നങ്ങള്‍ എന്നിവയായിരിക്കാം അഭിജീതിനെയും മറ്റുള്ളവരെയും ഇതിലേക്ക് നയിച്ചത്, എന്നാല്‍ തന്നെ സംബന്ധിച്ച് ഇത് അതിനേക്കാള്‍ വലിയൊരു ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് പതിറ്റാണ്ടായി രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൊണ്ടുവരുന്നതിനായി താന്‍ പോരാടുകയാണ്. എന്നാല്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാത്തതില്‍ നിരാശ തോന്നിയിട്ടാണ് ഇപ്പോള്‍ ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നത്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിഷയത്തില്‍ അനുകൂലമായ ഒരു മാറ്റമോ അല്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് സംഭവിച്ചില്ലെങ്കില്‍, ജൂണ്‍ 6-ന് ഡല്‍ഹിയില്‍ എത്തി ദിപ്‌കെയ്ക്കും മറ്റ് യുവാക്കള്‍ക്കുമൊപ്പം സമരത്തില്‍ പങ്കുചേരുമെന്നും, മാറ്റത്തിനായി ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണെന്നും നമ്മളല്ലെങ്കില്‍ പിന്നെ ആരാണെന്നും അദ്ദേഹം ചോദിച്ചു.

Content Summary: Cockroach Janata Party founder Abhijeet Dipke and education reformer Sonam Wangchuk to stage a peaceful protest at Jantar Mantar demanding the resignation of Education Minister Dharmendra Pradhan over the NEET paper leak row

This post was last modified on June 3, 2026 9:40 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment