ആമിയാകാന്‍ സാധിക്കുന്നത് ഭാഗ്യം: മഞ്ജു വാര്യര്‍

മാധവിക്കുട്ടിയായുള്ള മഞ്ജുവിന്റെ വേഷപ്പകര്‍ച്ച അമ്പരപ്പിക്കുന്നത്: കമല്‍

അതുല്യ എഴുത്തുകാരി മാധവിക്കുട്ടിയായി വേഷമിടുകയെന്നത് ഇന്ത്യയിലെ ഏതൊരു അഭിനേത്രിയും ആഗ്രഹിക്കുന്ന ഒന്നാണെന്നും അതിന് താന്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടത് മുജ്ജന്മ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ചിത്രീകരണം ഇന്ന് പുന്നയൂര്‍കുളത്ത് ആരംഭിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ആമിയാകുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും കമലില്‍ വിശ്വാസമര്‍പ്പിച്ചാണ് താന്‍ അതിനൊരുങ്ങുന്നകെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യകാല ഭാഗ്യചിത്രങ്ങളായ ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്നിവയുടെ സംവിധായകനായ കമല്‍ തനിക്ക് മറ്റൊരു ഭാഗ്യവും കൊണ്ടുവന്നു തന്നിരിക്കയാണ്. അതേസമയം മാധവിക്കുട്ടിയായി മഞ്ജുവിന്റെ വേഷപ്പകര്‍ച്ച അതിശയിപ്പിക്കുന്നതാണെന്ന് കമല്‍ പറഞ്ഞു. മാധവിക്കുട്ടിയുടെ മകനും മറ്റ് ബന്ധുക്കളും ഇക്കാര്യം തന്നോട് പറഞ്ഞെന്നും മഞ്ജു ഇപ്പോള്‍ മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെയും സാംസ്‌കാരിക രംഗത്തെയും നിരവധി പ്രമുഖ വ്യക്തികള്‍ പൂജയില്‍ പങ്കെടുത്തു.

നേരത്തെ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും ആമിയാകുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ‘ആമിയാകുന്നു…ഹൃദയത്തില്‍, സ്വപ്നങ്ങളില്‍, ഇന്നും ഭ്രമിപ്പിക്കുന്ന മയൂരത്തിനു മുന്നില്‍.. ഒരു നീര്‍മാതളം നടുന്നു. ഭാവനയ്ക്കും യാഥാര്‍ഥ്യത്തിനുമിടയിലെവിടെയോ ആണ് മാധവിക്കുട്ടി പൂത്തു നിന്നത്. എളുപ്പമല്ല ആ പരകായപ്രവേശം. അതുല്യപ്രതിഭയായ കമല്‍ സാര്‍ എന്ന ഗുരുസ്ഥാനീയന്‍ വഴികാട്ടട്ടെ. ഈ നിമിഷം അറിയാനാകുന്നുണ്ട്, മാധവിക്കുട്ടിയുടെ മാന്ത്രിക ഗന്ധം. അക്ഷരങ്ങളെ നൃത്തം ചെയ്യിച്ച വിരലുകള്‍ വാത്സല്യത്തിന്റെ തണുപ്പോടെ മൂര്‍ദ്ധാവില്‍ തൊടുന്നു. ഞാന്‍ ശിരസ്സു നമിക്കുന്നു, പ്രണമിക്കുന്നു… പ്രാര്‍ഥനകളോടെ ആമിയാകുന്നു..’ എന്നതായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

This post was last modified on March 24, 2017 12:58 pm

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment