വിവാഹ മോചിതയായ മകൾ രാത്രിയിൽ വൈകി വരുന്നു, പലപ്പോഴായി ചോദ്യം ചെയ്തിട്ടും മകൾ ആ ശീലത്തിൽ നിന്ന് മാറുന്നില്ല. ഇങ്ങനെ പല പല കാരണങ്ങളാണ് മകളെ കഴുത്തു ഞെരിച്ച് കൊന്നതിന്റേതായി പിതാവ് ജോസ്മോൻ നിരത്തിയത്. മകൾ ഏയ്ഞ്ചൽ വീട്ടിൽ എത്താൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ്മോൻ കഴുത്തിൽ തോർത്ത് മുറുക്കിയാണ് ഏയ്ഞ്ചലിനെ കൊലപ്പെടുത്തിയത്. ജാസ്മിൻ കുറച്ചുകാലങ്ങളായി വീട്ടിൽ വൈകിയെത്തുന്നതിൽ ജോസ്മോന് കടുത്ത അമർഷമുണ്ടായിരുന്നു.
28 വയസുകാരിയായ ഏയ്ഞ്ചൽ ഭർത്താവുമായുണ്ടായ അസ്വാരസ്യത്തെ തുടർന്ന് കുറച്ചു മാസങ്ങളായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വീട്ടിൽ നിന്ന് കുറച്ചുമാറിയുള്ള സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായാണ് ജോലി ചെയ്യുന്നത്. ജോലിയുടെ സ്വാഭാവം അനുസരിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടി വരാറുണ്ട്. അതിനെയാണ് ഇവിടെ രാത്രി യാത്രകളായി വ്യാഖ്യാനിച്ചിരിക്കുന്നത്. ജോലിയുടെ ആവശ്യത്തിന് അല്ലെങ്കിൽ പോലും അതിനെ ചോദ്യം ചെയ്യേണ്ടുന്ന, ശിക്ഷയായി ജീവനെടുക്കേണ്ടുന്ന ഒരു കുറ്റമാണോ അത് ? ആണധികാര വിചാരണകളെ പലപ്പോഴും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതും. അവയെ പ്രീതിപ്പെടുത്താൻ കുടുംബങ്ങൾക്ക് പ്രവർത്തിക്കേണ്ടിയും വരുന്നുണ്ട്.
വിക്ടോറിയൻ സദാചാരബോധവും സദാചാരവും മിക്സ് ചെയ്ത് അതിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളൊക്കെ ഇവിടെ നടക്കുന്നതെന്നാണ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ മൃദുല ദേവിയുടെ അഭിപ്രായം.
നിലവിലെ സിസ്റ്റത്തെ മാറ്റാൻ ആരും തയ്യാറാവുന്നില്ല. അപ്പനും അമ്മയ്ക്കും വൈകി വരുന്ന മകളെ ഉൾക്കൊള്ളാൻ പേടിയുണ്ടാവുന്നത് ഈ സിസ്റ്റത്തിന് അകത്ത് ഇത് മോശമായത് കൊണ്ടാണ്. രാത്രി ജോലിയ്ക്ക് പോകാൻ പാടില്ല, സിനിമയ്ക്ക് പോകാൻ പാടില്ല അങ്ങനെ സ്ത്രീകൾക്ക് മാത്രമായി കുറേ അലിഖിത നിയമങ്ങളുണ്ട് സിസ്റ്റത്തിന്റെ നിയമാവലിയിലുണ്ടെന്ന് മൃദുല ദേവി വ്യക്തമാക്കി.
ഭർത്താവുള്ള സ്ത്രീയ്ക്ക് മറ്റൊരു പുരുഷനുമായുണ്ടാവുന്ന സൗഹൃദം പോലും ഈ സമൂഹത്തിന് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല. ആ സൗഹൃദം രണ്ട് കുടുംബങ്ങൾക്കും പ്രശ്നമാണ്. എതിർ ലിംഗത്തിൽ ഒരു സുഹൃത്തുണ്ടായാൽ നമുക്ക് കുടുംബം ഇല്ലാതാവുന്ന അവസ്ഥ. അത്തരം വൾനറബിളായ പല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും കൊലപാതകമാണ് കാരണമെന്ന് നമ്മൾ പഠിച്ചു വച്ചിരിക്കയാണെന്ന് മൃദുല ദേവി പറഞ്ഞു. വിചാരണയ്ക്ക് ശേഷം കൃത്യമായ തെളിവുകൾ ഇല്ലാത്ത സാഹചര്യമാണെങ്കിൽ നിഷ്പ്രയാസം ഊരിപോരാൻ സാധിക്കും. നിഷ്പക്ഷമായി നീതി ലഭിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളും ഇല്ലാതെയാവുന്നു. അരീക്കോട് ആതിരയെന്ന പെൺകുട്ടിയുടെ മരണം ദുരഭിമാനകൊലയായിരുന്നു. എസ് ഇ വിഭാഗത്തിലെ ഒരാളെ വിവാഹം കഴിച്ചതിനാണ് പിതാവ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. ആ പിതാവ് ഇപ്പോഴും വെറുതെ ഇറങ്ങി നടക്കുകയാണ്. ഇത് കണ്ടു വളരുന്ന തലമുറയ്ക്ക് ധൈര്യമായി എന്തും ചെയ്യാൻ തോന്നുമെന്നും മൃദുല ദേവി കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ചെറിയ ചലനങ്ങളെ പോലും നിയന്ത്രിക്കാൻ വൃഗ്രത കാണിക്കുന്ന സമൂഹത്തോടുള്ള അമർഷം എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ എം സുൽഫത്ത് മറച്ചു വയ്ക്കുന്നില്ല.
സത്രീകളുടെ ചലനങ്ങളെ ചെയ്തികളെ എല്ലാം നിയന്ത്രിക്കേണ്ടത് ഞങ്ങളാണെന്ന ഒരു ബോധം പുരുഷനായ അച്ഛനും ഭർത്താവിനും പൊതുസമൂഹത്തിനുമുണ്ട്. അച്ഛൻ മകളെ കൊന്നു, ഭർത്താവ് ഭാര്യയെ കൊന്നു എന്നെല്ലാമുള്ള വാർത്തകൾ അവരുടെ ജീവനിൽ പോലും ഞങ്ങൾക്ക് അധികാരമുണ്ടെന്ന പുരുഷൻമാരുടെ ബോധത്തെയാണ് സൂചിപ്പിക്കുന്നത്. ആ ബോധത്തിന് ഈ ആധുനിക സമൂഹത്തിൽ പോലും ഒരു മാറ്റം വരുന്നില്ലെന്ന് എം സുൽഫത്ത് പറഞ്ഞു.
സദാചാര വിചാരണ ഭയന്നിട്ടാണെന്ന് പറയുമ്പോഴും അത് ചെയ്യാനുള്ള അധികാരം ഞങ്ങൾക്കുണ്ടെന്ന പൊതുബോധം അവിടെ പ്രവർത്തിക്കുന്നു. ഇത്തരം വാർത്തകളുടെ അടിയിൽ വരുന്ന കമന്റുകൾ കൊലയേക്കാൾ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇത്തരം കൊല നടത്തുന്നത് പൊതുസമൂഹത്തിൽ നിന്നുള്ള സദാചാര ബോധം ഉൾക്കൊണ്ട് അവയെ തൃപ്തിപ്പെടുത്താനാണ്. 30 വയസിന് താഴെയുള്ള പെൺകുട്ടിയെ കൊല ചെയ്തതിന് വൈകി വന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കാരണം എന്ത് തന്നെയായാലും അവരെ ശിക്ഷിക്കാൻ എനിക്ക് അധികാരമുണ്ടെന്ന് കരുതുന്ന ഈ സാമൂഹ്യ വ്യവസ്ഥിതിയെ എങ്ങനെയാണ് മറികടക്കേണ്ടത്. പെൺകുട്ടികളുടെ കാര്യത്തിൽ അവരുടെ ഭാവിയ്ക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നതെന്ന ന്യായവും പറയുന്നതായി സുൽഫത്ത് വ്യക്തമാക്കി.
രാത്രിയിൽ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകളുള്ള ഒരു സമൂഹമാണിത്. സ്ത്രീകൾ വൈകി വരുന്നത് പ്രശ്നമായി തോന്നുന്നത് അതിനെ ലൈംഗിക കണ്ണു കൊണ്ട് കാണുന്നത് കൊണ്ടാണ്. ഇനി ലൈംഗികതയുമായി ബന്ധപ്പെട്ടാണെങ്കിൽ പോലും അത് കൊന്നു കളയത്തക്ക ഒരു കുറ്റമായി തോന്നുന്നില്ല. വൈകി വരുന്ന പെൺകുട്ടിയെ മോശക്കാരിയായി കാണുന്നത് ചികിത്സിക്കേണ്ടുന്ന ഒരു രോഗം തന്നെയാണെന്ന് സുൽഫത്ത് പറയുന്നു. പരിശ്രമത്തിലൂടെ മാത്രമേ അതിനെ മറികടക്കാൻ സാധിക്കൂ. അപ്പോഴും അവിടെ സ്ത്രീകൾ കുറ്റക്കാരാവും. കഠിനമായ ശിക്ഷ മാത്രമാണ് പരിഹാരം. കുറ്റവാളികളെ ന്യായീകരിക്കാനും ഈ ആണധികാരം സമൂഹം കാരണങ്ങൾ നിരത്തും. ഇവരൊന്നും യാതൊരു തരത്തിലുള്ള ന്യായീകരണവും അംഗീകരിക്കുന്നില്ല. പ്രശ്നക്കാരനായിരുന്നില്ല എന്നു പറയുന്നതൊക്കെ അംഗീകരിക്കാൻ കഴിയാത്ത കാരണങ്ങളാണ്. സാഹചര്യങ്ങൾ വരുമ്പോഴാണല്ലോ ഒരാളിലെ പ്രശ്നക്കാരൻ വെളിയിൽ വരുന്നതെന്ന് സുൽഫത്ത് കൂട്ടിച്ചേർത്തു.
content summary: Activists said the Alappuzha murder case shows a family’s fear-driven inability to accept a late-returning daughter