വ്യാജന് വക്കാലത്തെടുത്ത ജയറാമും നവോദയ അപ്പച്ചന്റെ മാന്യതയും

നവോദയ അപ്പച്ചന്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ജയറാമെന്ന താരം അന്നേ തീര്‍ന്നേനെ

Jayaram- Navodaya Appachan- chanakyan movie issue

നടനും നിര്‍മാതാവും തമ്മില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത രംഗമായിരുന്നു അത്, സിനിമയിലല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ നടന്ന ആ രംഗം. നടന്‍ ജയറാം പ്രധാന വേഷത്തിലഭിനയിച്ച ചാണക്യന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ തിക്താനുഭവം വെളിപ്പെടുത്തിയ നവോദയ അപ്പച്ചന്‍ അതോടെ ചലച്ചിത നിര്‍മാണം തന്നെ അവസാനിപ്പിച്ചു. നടന്‍ ജയറാമിന്റെ നിലപാടുകള്‍ ഇപ്പാള്‍ വിവാദങ്ങളില്‍പ്പെട്ടുഴലുമ്പോള്‍ 37 വര്‍ഷം മുന്‍പ് നടന്ന ആ സംഭവമിങ്ങനെ.

തന്റെ ആവശ്യപ്രകാരം, തന്റെ മകനെ വെച്ച് നിര്‍മ്മിച്ച പടം പൊട്ടിയിട്ടും കോടികള്‍ നഷ്ടപ്പെട്ട വഴിയാധാരമായ നിര്‍മാതാവിനെ ജയറാം തിരിഞ്ഞു നോക്കിയില്ല എന്നാണ് പടത്തിന്റെ നിര്‍മ്മാതാവിന്റെ സഹോദരിയും അഭനേത്രിയുമായ ഉഷ ഹസീന ഉയര്‍ത്തിയിരിക്കുന്ന ആരോപണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നിര്‍മാതാക്കളും സഹനടന്മാരും നടന്റെ കപട മുഖമൂടി വലിച്ച് ചീന്തുന്നു. ആരോപണമുന്നയിച്ച ഉഷ, അയാള്‍ ഒരു ഫേക്ക് ആണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. ചുരുക്കി പറഞ്ഞാല്‍ നടന്‍ ജയറാം ഇപ്പോള്‍ ‘എയറിലാണ്’.

സാമൂഹ്യ മാധ്യമങ്ങളില്‍ ‘അതിവിനയം സ്റ്റാര്‍’ എന്നാണ് ജയറാമിനെ ഇപ്പോള്‍ ട്രോളര്‍മാര്‍ പരിഹസിക്കുന്നത്. അതിന് കാരണം നടന്റെ നടപടി ദൂഷ്യങ്ങളാണ്. ഇതിന് മുന്‍പ് സംവിധായകന്‍ രാജസേനന്‍ സംവിധായകന്‍ വിനയന്‍ എന്നിവരൊക്കെ ജയറാമിന്റെ ചില ചെയ്തികളെ രൂക്ഷമായ വിമര്‍ശിച്ചവരാണ്. നടന്റെ എളിമയും വിനയവുമൊക്കെ ഒറിജിനലല്ല. പണ്ട് കാണിച്ചിരുന്ന മിമിക്രിയാണെന്നാണ് ഇപ്പോള്‍ പലരും ആരോപിക്കുന്നത്.

ജയറാമാകട്ടെ ഞാന്‍ പണ്ടേ അങ്ങനെയാണ്, ഇങ്ങനെയാണ്. എന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നു. വനിതാ മാസികയ്ക്ക് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ഇതൊക്കെ തൊഴിലിന്റെ ഭാഗമാണ് എന്ന് അതിവിനയത്തോടെ പറയുന്നു.

എന്നാല്‍ ഇതൊന്നും ജയറാമെന്ന നടന്റെ പുതിയ നിലപാടുകളല്ല. മലയാള സിനിമാ വേദിയിലെ മാന്യനും ലോകനിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് അവതരിപ്പിച്ച നിര്‍മാതാവുമായ നവോദയ അപ്പച്ചനോട് ജയറാമെന്ന നടന്‍ 37 വര്‍ഷം മുന്‍പ് കാണിച്ച കടുംകൈ ഇതിലൊക്കെ വലുതാണ്.

1989 ല്‍ കമലഹാസന്‍ നായകനായി അഭിനയിച്ച ‘ചാണക്യന്‍’ നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച അവസാന സിനിമകളിലൊന്നായിരുന്നു. കേരളത്തില്‍ വ്യാജ വീഡിയോ വ്യാപകമായി പ്രചരിക്കുന്ന സമയമായിരുന്നു അത്. സൂപ്പര്‍ ഹിറ്റായ ആ സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമായി ഇറങ്ങി. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് അപ്പച്ചന്‍ നേരിട്ട് രേഖാമൂലം പരാതി നല്‍കിയതിനാല്‍ പല സ്ഥലത്തും റെയ്ഡ് നടത്തി പോലീസ് സിനിമയുടെ വീഡിയോ പിടിച്ചെടുത്തു. കൂട്ടത്തില്‍ പെരുമ്പാവൂരിലെ ഒരു കടയുടമയും കേസില്‍ പെട്ടു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കടയുടമ അപ്പച്ചനെ കാണാനെത്തി കൂടെ ശുപാര്‍ശ പറയാനെത്തിയ ആളെ കണ്ട് അപ്പച്ചന്‍ ഞെട്ടി. ചാണക്യനില്‍ മറ്റൊരു പ്രധാന വേഷമിട്ട നടന്‍ ജയറാം. ‘നവോദയം’ എന്ന തന്റെ ആത്മകഥയില്‍ (2013) ഈ സംഭവം അപ്പച്ചന്‍ വിശദമായി എഴുതിയിട്ടുണ്ട്.

”കമലഹാസനെ നായകനാക്കിയ നവോദയ ചിത്രമാണല്ലോ ചാണക്യന്‍. സിനിമ സൂപ്പര്‍ഹിറ്റായി കേരളത്തിലും തമിഴ്നാട്ടിലും ഓടിക്കൊണ്ടിരിക്കുന്ന കാലം. ദുബായില്‍ നിന്നും വിഡിയോ കസെറ്റുകള്‍ മാര്‍ക്കറ്റില്‍ വന്നിറങ്ങുന്നതായറിഞ്ഞു. ഞങ്ങളും അതിന് സാക്ഷികളായി, കൊച്ചിയില്‍ സീ കിംഗ് ഹോട്ടലിന്റെ മുമ്പിലുള്ള കടയില്‍ ഈ കസെറ്റുകള്‍ വില്‍ക്കുന്നതായറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ഇരിങ്ങാലക്കുടയ് ക്കടുത്ത് ചാണക്യന്‍ പ്രദര്‍ശിപ്പിക്കുന്നതായി അറിഞ്ഞു. ഒരു സ്വകാര്യ ക്ലബില്‍ സ്ഥിരം ചാണക്യന്റെ വീഡിയോ പ്രദര്‍ശനമാണ്. രണ്ടു രൂപ ടിക്കറ്റ് മാത്രം. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് ഞാന്‍ പരാതി നല്‍കി. അദ്ദേഹം മധ്യമേഖലാ ഐ.ജി. യെ ഫോണില്‍ വിളിച്ച് നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി. ഞാന്‍ ഐ.ജി. ഓഫിസില്‍ പോയി പരാതി നല്‍കി. അദ്ദേഹം എറണാകുളത്ത് ഡി.ഐ.ജി.ക്ക് ഈ പരാതി കൈമാറി.

അടുത്ത ദിവസം തന്നെ എറണാകുളത്തെ സീ കിംഗ് ഹോട്ടലിനടുത്തുള്ള വീഡിയോ കട പൊലീസ് റെയ്ഡ് ചെയ്തു. പക്ഷേ പൊലീസിന് ഒന്നും കണ്ടുപിടിക്കാനായില്ല. വീണ്ടും പൊലീസ് തിരച്ചില്‍ നടത്തി. മറ്റ് സിനിമകളുടെ കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ചാണക്യന്റെ നൂറിലേറെ കസെറ്റുകള്‍ തൊണ്ടിസഹിതം പിടികൂടി. ചാണക്യന്‍ മാത്രമല്ല അവിടെ ഇറങ്ങിയ മറ്റു പടങ്ങളുടെയും അനധികൃത കസെറ്റുകള്‍ പിടിച്ചെടുത്തു. പ്രതിയെ അറസ്റ്റു ചെയ്തു. പക്ഷേ ശിക്ഷിക്കപ്പെട്ടില്ല.

”കേരളത്തില്‍ ചാണക്യന്റെ കസെറ്റുകള്‍ ഇറങ്ങിയ സ്ഥലങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും റെയ്ഡും നടന്നു. ചാണക്യനിലെ നായകനായ കമലഹാസനൊപ്പം മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണല്ലോ ജയറാം. റെയ്ഡും മറ്റും അവസാനിച്ച് കുറേക്കാലം കഴിഞ്ഞ് ജയറാം പെരുമ്പാവൂര്‍കാരനായ ഒരു വിഡിയോ കസെറ്റ് കടയുടെ ഉടമയേയും കൂട്ടി എന്നെ കാണാനെത്തി. പെരുമ്പാവൂരിലെ റെയ്ഡില്‍ അയാളുടെ കടയില്‍ നിന്നും ഒരു കസെറ്റ് പിടി കൂടിയെന്നും പൊലീസ് അയാള്‍ക്കെതിരേ കേസെടുത്തുവെന്നും പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നും ഞാന്‍ നല്‍കിയ പരാതിയില്‍ തുടര്‍ നടപടി പാടില്ലെന്നും പറഞ്ഞാണ് ചിത്രത്തിലെ നായകരില്‍ ഒരാളായ നടന്‍ എത്തിയിരിക്കുന്നത്”.

”അയാളുമായി എത്തിയ ജയറാമിനോട് വേലി തന്നെ വിളവു തിന്നുന്നല്ലോയെന്ന് ഞാന്‍ പറഞ്ഞു. അധികൃതര്‍ക്ക് രേഖാ മൂലം നല്‍കിയ പരാതിയില്‍ വെള്ളം ചേര്‍ക്കില്ലെന്നു പറഞ്ഞ് അവരെ ഞാന്‍ തിരികെ അയച്ചു’.

തന്റെ പടത്തില്‍ അഭിനയിച്ച നായക നടന്‍ ആ പടത്തെ തകര്‍ക്കുന്ന വ്യാജ വീഡിയോക്കാര്‍ക്ക് ശുപാര്‍ശ പറയാന്‍ എത്തിയിരിക്കുന്നു. ഈ നടന്റെ ഹീനമായ നടപടിയില്‍ മാന്യനായ അപ്പച്ചന്‍ ഇത്രയെ ചെയ്തുള്ളു. ഏഴ് വര്‍ഷം ഫിലിം ചേബറിന്റെ പ്രസിഡന്റായിരുന്ന, എല്ലാവരും ആദരിക്കുന്ന അപ്പച്ചന്‍ ഇത് അന്ന് പരസ്യമാക്കി നടനെതിരെ പരാതി നല്‍കിയിരുന്നെങ്കില്‍ ജയറാമെന്ന നായക നടന്‍ അന്നേ തീര്‍ന്നേനെ.

താന്‍ അഭിനയിച്ച പടത്തിന്റെ വ്യാജ വീഡിയോ പ്രദര്‍ശിപ്പിച്ച വ്യക്തിയെ രക്ഷിക്കാന്‍ അതേ പടത്തില്‍ പ്രധാന വേഷമഭിനയിച്ച ജയറാം ശുപാര്‍ശ പറയാന്‍ എത്തിയിരിക്കുന്നു. അപ്പച്ചന്‍ മാന്യനായതിനാല്‍ സാധ്യമല്ല എന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു. വെറെ വല്ലവരുമായിരുന്നെങ്കില്‍ നടനെ രണ്ടെണ്ണം പൊട്ടിച്ചേ വിടുമായിരുന്നുള്ളൂ. സിനിമയിലെ ഇത്തരം നന്ദികേട് ധാരാളം കണ്ട ആളാണ് അപ്പച്ചന്‍. തന്റെ ജീവിതകാലത്ത് നിരവധി പടങ്ങള്‍ നിര്‍മ്മിച്ച അപ്പച്ചന്റെ നിര്‍മ്മാണാവേശം പൂര്‍ണ്ണമായി ഈ സംഭവത്തോടെ ഇല്ലാതായി. അദ്ദേഹം അതോടെ ചലചിത്ര നിര്‍മാണത്തില്‍ നിന്ന് പിന്‍വാങ്ങി.

നടന്‍ ജയറാം മാമന്‍ എന്ന് വിളിക്കുന്ന എഴുത്തുകാരനായ മലയാറ്റൂര്‍ രാമകൃഷ്ണന്‍ താന്‍ കഥയെഴുതിയ പ്രശ്‌സ്ത ചിത്രമായ ‘ഗായത്രി’ യുടെ നിര്‍മ്മാതാവായ, പെരുമ്പാവൂരുകാരന്‍ ശ്രീധരന്‍ ഇളയിടത്തിന്റെ വിനയം കണ്ട് ‘അമിതവിനയം ശ്രീധരന്‍’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ തന്റെ സ്വന്തം അനന്തരവന്‍ നടന്‍ ജയറാമിനെ ‘അതിവിനയം സ്റ്റാര്‍’ എന്ന് ട്രോളന്മാര്‍ വിളിക്കുന്നത് കേട്ട് പരലോകത്തിരുന്ന് മലയാറ്റൂര്‍ അന്തം വിടുന്നുണ്ടാകും.

Content Summary; Actor Jayaram’s current controversies and the 37-year-old incident with producer Navodaya Appachan over the movie Chanakyan

This post was last modified on July 10, 2026 1:40 pm

അമർനാഥ്‌:
Leave a Comment