സാമുവല്‍ ജെറോം ഇന്ത്യയിലെത്തിയാലുടന്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് അഡ്വ. സുഭാഷ് ചന്ദ്രന്‍

യെമനിലെ പരിമിതികൾ ഉപയോഗപ്പെടുത്തി ആക്ഷൻ കൗണ്‍സിലിനെ കബളിപ്പിച്ചു

നിമിഷപ്രിയ കേസില്‍, സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയിരുന്ന സാമുവല്‍ ജെറോമിന്റെ ഇടപെടലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. അതിന് പിന്നാലെയാണ് നിലവില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ തുറന്നുപറച്ചില്‍. സാമുവല്‍ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ബന്ധപ്പെടുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്.

സാമുവല്‍ ജെറോമിന്റെ നുണകള്‍ ആക്ഷന്‍ കൗണ്‍സിലിന് നേരത്തെ തന്നെ ബോധ്യപ്പെട്ടതാണെന്നും കേസില്‍ തടസങ്ങളുണ്ടാകാതിരിക്കാനാണ് പ്രതികരിക്കാന്‍ വൈകിയതെന്നും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗവും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. നിലവില്‍ സാമുവല്‍ ഇന്ത്യയിലില്ലെന്നും രാജ്യത്തെത്തിയാല്‍ ഉടന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാനടക്കമുള്ള ആക്ഷന്‍ കൗണ്‍സിലിലെ ഒരു വിഭാഗം വളരെ കാലങ്ങളായി സാമുവല്‍ ജെറോമിന്റെ കള്ളത്തരത്തെ തുറന്നുകാട്ടാന്‍ ശ്രമിക്കുകയാണ്. തുടരെ കള്ളങ്ങള്‍ പറഞ്ഞുകൊണ്ട് ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും പണം കൈക്കലാക്കുകയാണ് അയാള്‍ ചെയ്തത്. ഇപ്പോള്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ തന്നെ അയാളെ തുറന്നുകാട്ടിയിരിക്കുകയാണ്.

സാമുവല്‍ ജെറോം ഒരു തമിഴ്‌നാട് സ്വദേശിയാണ്. യെമന്‍ എന്ന രാജ്യത്തിന്റെ പരിമിതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് രാജ്യത്തെ കബളിപ്പിക്കുകയായിരുന്നു എന്ന് തന്നെ പറയാം. 2024 ഡിസംബര്‍ തൊട്ട് സാമുവല്‍ ജെറോം നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമല്ല. യെമനില്‍ നടത്തിയെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ തിരക്കിയതിനെ തുടര്‍ന്ന് ഡിസംബര്‍ 28 ന് രണ്ടാംഘട്ടത്തില്‍ ആവശ്യപ്പെട്ട 20000 ഡോളര്‍ ആക്ഷന്‍ കൗണ്‍സില്‍ എംബസി മുഖേന ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയ ഉടനെ തന്നെ സ്വമേധയാ കൗണ്‍സിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിരുന്നു.

യെമനിലെ എംബസിയിലെ പ്രാദേശിക ഉദ്യോഗസ്ഥരുടെയൊപ്പം ചേര്‍ന്നാണ് സാമുവല്‍ ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്. സാമുവലിൻ്റെ കള്ളത്തരം മനസിലാക്കിയത് കൊണ്ടാണ് പുതിയ വഴികള്‍ ആലോചിക്കേണ്ടി വന്നതും കാന്തപുരത്തെ സമീപിക്കേണ്ടി വന്നതും. അതാണ് സാമുവലിനെ പ്രകോപിതനാക്കിയതെന്ന് തോന്നുന്നു. തുടര്‍ന്ന് കാന്തപുരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയത് കൊണ്ടാണ് നമുക്ക് പ്രതികരിക്കേണ്ടി വന്നത്. എന്നിട്ടും മാധ്യമങ്ങള്‍ക്ക് സാമുവലിന്റെ കാര്യത്തില്‍ ചെറിയ സംശയം മാത്രമാണുണ്ടായിരുന്നത്. തലാലിന്റെ സഹോദരൻ്റെ വെളിപ്പെടുത്തലോട് കൂടി കാര്യങ്ങള്‍ എല്ലാവര്‍ക്കും വ്യക്തമായി. നിമിഷപ്രിയ കേസില്‍ നിന്നും പണം തട്ടാനുള്ള വഴിയാണ് അയാള്‍ നോക്കിയത്. സാമുവലിന്റെ പ്രശ്‌നം കൊണ്ട് കേസിന് യാതൊരു തടസവും ഉണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതാണ് ഇത് പുറത്തുപറയാന്‍ വൈകിയതിന്റെ കാരണവും.

സാമുവല്‍ മാത്രമല്ല, ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോണ്‍ എന്നിവരും ഈ തട്ടിപ്പിലുള്‍പ്പെട്ടിട്ടുള്ളവരാണ്. നിമിഷപ്രിയയുടെ മോചനത്തിലാണ്് നിലവില്‍ ആക്ഷന്‍ കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമുവല്‍ ഇന്ത്യയിലല്ലാത്തതിനാല്‍ ഇപ്പോള്‍ നിയമനടപടികളുടന്‍ ഉണ്ടാകില്ല. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യയിലെത്തിയാലുടന്‍ നിയമനടപടികള്‍ നേരിടേണ്ടി വരും’, അഡ്വ. സുഭാഷ് ചന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു.

ദയാദനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നൽകുന്ന കാര്യത്തിൽ തലാലിൻ്റെ കുടുംബവുമായുള്ള ചർച്ചകൾ തുടരുകയാണ്.

Content Summary: Adv. Subhash Chandran says Samuel Jerome will face legal action upon arrival in India over NimishaPriya’s death sentence

This post was last modified on July 21, 2025 4:28 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment