‘പെണ്‍മക്കള്‍ക്ക് സ്വത്ത് ലഭിക്കുക മാത്രമല്ല,തുല്യതയാണ് ലക്ഷ്യം’

ഭാര്യയെ പുനര്‍വിവാഹം ചെയ്ത് ശരീഅത്ത് നിയമം തിരുത്തിയ ഷുക്കൂര്‍ വക്കീല്‍

പാരമ്പര്യമായി നിലനിന്നിരുന്ന മുസ്ലിം വ്യക്തിനിയമത്തിലെ ലിംഗ അസമത്വത്തെ ചോദ്യം ചെയ്തുകൊണ്ട്, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികളുടെ എണ്ണം വർദ്ധിക്കുകയാണ്. പാലക്കാട് സ്വദേശികളായ 76 വയസുകാരൻ ബഷീറും 72 വയസുകാരി ഹസ്നത്തും വിവാഹിതരായത് ഈയടുത്താണ്. തങ്ങളുടെ മകൾക്ക് സ്വത്തിൽ തുല്യ ഓഹരി ലഭിക്കുന്നതിനായിരുന്നു അടുത്തിടെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. ഈ വിവാഹങ്ങൾ ചർച്ചയാവുമ്പോൾ 2023 ഒരു മാറ്റത്തിന് വഴിത്തെളിച്ചത് താനാണെന്ന സന്തോഷം അഡ്വ സി. ഷുക്കൂറിനുണ്ട്.

സിനിമ താരമായ സി ഷുക്കൂർ 2023ലാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നത്. സാധാരണഗതിയിൽ ഒരു കൗതുകവാർത്ത എന്നു തോന്നാവുന്ന ഈ വിവാഹം വാസ്തവത്തിൽ വലിയൊരു സാമൂഹിക പ്രശ്‌നമാണ് കൈകാര്യം ചെയ്യുന്നത്. 1994 ഒക്‌ടോബർ 6-ാം തീയതിയായിരുന്നു അഡ്വ. സി. ഷുക്കൂറും ഡോ. ഷീനയും വിവാഹിതരായത്. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ് അഡ്വ. സി. ഷുക്കൂർ. ഭാര്യ ഡോ. ഷീന പാലക്കാട് സ്വദേശിനി. സത്യത്തിൽ ഇതൊരു രണ്ടാം വിവാഹമല്ല. മതാചാരപ്രകാരമാണ് 1994ൽ വിവാഹിതരായത്. അതിനും നിയമസാധുത ഉണ്ട്. പക്ഷേ മതാചാരപ്രകാരമുള്ള വിവാഹമായതുകൊണ്ട് അവരുടെ ജീവിതത്തിലും മതനിയമങ്ങൾ ബാധകമാകും.

2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം രജിസ്റ്റർ ചെയ്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആയിരുന്നു ഈ വ്യത്യസ്തമായ വിവാഹരജിസ്‌ട്രേഷൻ. സ്‌പെഷ്യൽ മാര്യേജ് ആക്ട് 15 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതോടെ മുസ്ലീം വ്യക്തിനിയമം ഇവർക്കു ബാധകമല്ലാതായിരിക്കുന്നു. ഈ വിവാഹം കൊണ്ട് അഡ്വ. സി. ഷുക്കൂറും ഡോ. ഡോ. ഷീനാഷുക്കൂറും ആഗ്രഹിച്ചതും അതുതന്നെയാണ്.

പാലക്കാട് നിന്നുള്ള പ്രായം ചെന്ന ദമ്പതികളുടെ വിവാഹത്തിനും എത്രയോ വർഷം മുമ്പ് തന്നെ ഇക്കാര്യത്തിൽ നിയമോപദേശം തേടി ആളുകൾ വിളിയ്ക്കുമായിരുന്നു. 2023 മാർച്ച് എട്ടിനായിരുന്നു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഞങ്ങൾ വിവാഹിതരാവുന്നത്. അതിന് ശേഷം തുടരെ കോളുകൾ വരാറുണ്ട്.

ഇന്നലെ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ നിന്നൊരു കേസിലാണ് സുപ്രീം കോടതി വിധിന്യായം പറഞ്ഞിരിക്കുന്നത്. മക്കളില്ലാത്ത ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചാൽ, പങ്കാളിയുടെ സ്വത്തിന്റെ നാലിലൊരു ഭാ​ഗമേ അവർക്ക് ലഭിക്കൂ. പ്രിൻസിപ്പൾസ് ഓഫ് മുഹമ്മദൻ ലോ എന്ന പുസ്തകത്തെ അധികരിച്ച് കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി പ്രസ്താവം. ഭർത്താവിന്റെ സ്വത്തിൽ നാലിലൊരു അവകാശമേ ഭാര്യയ്ക്കുള്ളൂ എന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ത്യൻ ആചാരപ്രകാരം ഒട്ടുമിക്ക വീടുകളിലേയും ഭാര്യമാർ ഹോംമേക്കേഴ്സ് ആണ്. പതിനഞ്ച് കൊല്ലത്തിന് ഇപ്പുറത്തേക്ക് ആവണം സ്ത്രീകൾ ജോലിയ്ക്ക് പോകാൻ തുടങ്ങിയത്. എന്നാൽ, ഭർത്താവിന്റെ സ്വത്തിൽ ഒരു ഭാര്യയുടെ കൂടി സംഭാവനയുണ്ട്.

ആധുനിക സമൂഹത്തിൽ ഭർത്താവിന്റെ എല്ലാ നേട്ടങ്ങളിലും ഭാര്യയ്ക്കുള്ള പങ്ക് വലുതാണ്. ഭർത്താവ് ഒരു സെന്റ് ഭൂമി വാങ്ങിയാലും അതിൽ 50 ശതമാനം സംഭാവന ഭാര്യയുടേതാണ്. ഭാവിയിൽ ഭർത്താവിന്റെ സ്വത്ത് ഓഹരി വയ്ക്കുമ്പോൾ അക്കാര്യം കൂടി പരി​ഗണിയ്ക്കണം. 1400 കൊല്ലം മുമ്പ് പ്രവാചകൻ ഉണ്ടാക്കിയെന്ന് ഒരു കൂട്ടം മുസ്ലീം പണ്ഡിതന്മാർ വ്യാഖാനിക്കുന്നത് ഭാര്യയ്ക്ക് ഭർത്താവിന്റെ സ്വത്തിന്റെ നാലിലൊരു അംശത്തിൽ മാത്രമേ അവകാശമുള്ളൂവെന്നാണ്. മക്കളുണ്ടെങ്കിൽ എട്ടിൽ ഒരോഹരി മാത്രമാണ് ലഭിക്കുക. ബാക്കി ഓഹരി മക്കൾക്കും അമ്മയ്ക്കുമാണ്. സ്ത്രീകളെ മുഴുവനായി തള്ളിക്കളയുന്ന ഒരു നിയമമാണ് ഒരു വിഭാ​ഗം മുസ്ലീം ഖുർആനെ വ്യാഖാനിച്ച് ഉണ്ടാക്കിയിരിക്കുന്നത്. ആ നിയമങ്ങൾ തന്നെയാണ് കോടതികൾ പിന്തുടരുന്നത്. അവ തികച്ചും സ്ത്രീവിരുദ്ധമാണ്. ഒരു പുരുഷന് ഒരു പെൺകുട്ടിയാണുള്ളതെങ്കിൽ അയാളുടെ മരണശേഷം സ്വത്തിന്റെ 50 ശതമാനം ഭാ​ഗം മാത്രമാണ് മകൾക്ക് ബാക്കി 50 ശതമാനം അയാളുടെ കുടുംബത്തിന് ലഭിക്കും.

ഇതിനെല്ലാം പരിഹാരമെന്ന നിലയിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാം. പിന്നീട് ബാധകമാവുന്നത് ഇന്ത്യൻ സക്സഷൻ ആക്ടാണ്. 2025ലെ ആദം വേഴ്സസ് മഹ്മൂദ് എന്ന കേസിൽ ബഹമാനപ്പെട്ട് കേരള ഹൈക്കോടതി. എസ്എംഎ പ്കാരം വിവാഹം കഴിക്കുന്നവർക്ക് ഇന്ത്യൻ സക്സഷൻ ആക്ടാണ് ബാധകമാവുകയെന്ന് വിധിച്ചിട്ടുണ്ട് ഇതിനും പ്രതിവിധി കോടതി നൽകുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിയ്ക്കുന്നവർക്ക് ഇന്ത്യൻ സക്സഷൻ ആക്ട് പ്രകാരം പങ്കാളിയുടെ സ്വത്തിന്റെ മൂന്നിൽ ഒരോഹരി ലഭിക്കും.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് മൂന്ന് തരത്തിലാണ് നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്നത്. തലാഖ് കൊണ്ടോ കുലാ പ്രകാരമോ വിവാഹമോചനം നേടാൻ സാധിയ്ക്കില്ല. ജീവിതക്കാലത്ത് വേറെ വിവാഹം കഴിയ്ക്കാൻ ഭർത്താവിന് സാധിയ്ക്കില്ല. പെൺമക്കൾക്ക് തങ്ങളുടെ പിന്തുടർച്ചാവകാശം പൂർണ്ണമായി ലഭിക്കും.

35 വർഷത്തിന് മുകളിലത്തെ വക്കീൽ ജീവിതത്തിൽ നിന്നാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാമെന്ന് തീരുമാനത്തിൽ ഞങ്ങളെത്തുന്നത്. ഞങ്ങളുടെ പെൺമക്കൾക്ക് വേണ്ടി മാത്രമായിരുന്നില്ല ഇങ്ങനൊരു തീരുമാനം. തീർച്ചയായും ശ്രദ്ധിക്കപ്പടണമെന്ന് കരുതിയിരുന്നു. അതിലൂടെ മാത്രമേ ആളുകളെ ഈ നിയമത്തെക്കുറിച്ച് ബോധവാൻമാരാകൂ. ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റെന്ന തരത്തിലാണ് ഞങ്ങൾ ഇങ്ങനൊരു തീരുമാനത്തിലെത്തുന്നത്.

വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ മുസ്ലീം സമുദായത്തിന്റെ അപരവൽക്കരണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അങ്ങനെയാണ് ഏകീകൃത സിവിൽ കോഡ് നിയമമെന്ന ആവശ്യത്തിലേക്ക് അവരെത്തുന്നത്. എന്നാൽ, അതൊന്നുമല്ല പരിഹാ​രം. ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്ലീം സമുദായത്തിൽ കൂടി നടപ്പിലാക്കണം വേണ്ടത്. മറ്റു സമുദായങ്ങളിലൊന്നും നിയമപരമായി അനുവദിക്കാത്ത ബഹുഭാര്യത്വം മുസ്ലീം സമുദായത്തിൽ അനുവദിക്കുന്നുണ്ട്. ബഹുഭാര്യത്വം നിയമം വഴി നിരോധിക്കണമെന്ന അഭിപ്രായമുണ്ട് എനിക്ക്. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും നേതൃത്വവും ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരാണ്. അവരാരും ഇത് പരിഹരിക്കാൻ മുൻകൈ എടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യത നേടിയെടുക്കാൻ മുസ്ലീം സമുദായത്തിലെ ആളുകൾ ആ​ഗ്രഹിക്കുന്നു എന്നതിനുള്ള തെളിവാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്.

സ്വത്ത് വീതം വയ്ക്കുന്നതിൽ വിവേചനം പാടില്ല. മാതാവിന്റെ മരണശേഷം സ്വത്തുക്കൾ ആൺപെൺ വ്യത്യാസമില്ലാതെ തുല്യമായി ഭാഗിച്ച് എടുത്ത കുടുംബത്തിലെ അം​ഗമാണ് ഞാൻ. ഞങ്ങൾ അ‍ഞ്ച് മക്കളാണ് കുടുംബത്തിൽ. മാതാവിന്റെ സ്വത്തിന്റെ നാലിലൊരു ഓഹരി പിതാവിന് ലഭിക്കും. എന്നാൽ ഞങ്ങളുടെ പിതാവ് അത് സ്വീകരിച്ചില്ല ഞങ്ങൾക്ക് അഞ്ച് പേർക്കുമായി പകുത്തു നല്കുകയാണ് ചെയ്തത്. തുല്യത ആദ്യം നടപ്പിലാക്കിയത് ഞങ്ങളുടെ കുടുംബത്തിലാണ്. അതിന് ശേഷമാണ് ഇതിനെക്കുറിച്ച് പരസ്യമായി പറയാൻ തീരുമാനിച്ചത്.
സമൂഹത്തിലെ മറ്റുള്ളവരെ പോലെ തുല്യ അവകാശമുള്ളവരാണ് ഞങ്ങളുടെ മക്കളെന്ന് അവരെയും സമൂഹത്തെയും ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾക്ക് വേണ്ടത്. മുസ്ലീം സ്ത്രീപുരുഷ സമത്വം നടപ്പിലാക്കുന്നതിൽ സുന്നി വിഭാഗത്തിന് വലിയ എതിർപ്പില്ല , എന്നാൽ, പ്യൂരിറ്റൈൻ ഇസ്ലാംവാദികളായ സലഫികളും രാഷ്ട്രീയ വാദികളായ ജമാഅത്ത് ഇസ്ലാമിയും ഇത്തരം നീക്കങ്ങളെ കഠിനമായി തന്നെ എതിർക്കുന്നു. അവരുടെ എതിർപ്പുകൾ ഞങ്ങൾ അവഗണിക്കാറാണ് പതിവ് . കാരണം മുസ്ലീം സമുദായത്തിലെ ബഹുഭൂരിപക്ഷവും തുല്യതാ ബോധങ്ങളോട് ഐക്യപ്പെടുന്നവരാണ്.

content summary: Advocate Shukoor not only remarried his wife but also challenged and changed Sharia law, not merely to secure property rights for daughters, but to push for true equality

This post was last modified on October 20, 2025 12:50 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment