പെണ്ണുങ്ങള്‍ക്കായി ആണായവള്‍

ആഥന്‍സിലെ സ്ത്രീകളുടെ വിജയനിമിഷമായിരുന്നു അത്. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് അവര്‍ ആഗ്‌നൊതീക്കിയെ പൊക്കിപ്പിടിച്ചുകൊണ്ടു നൃത്തമാടി

പുരാതന ഗ്രീസില്‍ ആഗ്‌നൊതീക്കി എന്നൊരു വനിതയുണ്ടായിരുന്നു. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന വനിതാ ഭിഷഗ്വര. ആഥന്‍സിലെ, ഒരു പക്ഷെ, യുറോപ്പിലെത്തന്നെ ആദ്യ വനിതാചികിത്സക, അല്ലെങ്കില്‍ ആദ്യത്തെ സ്ത്രീ ഗൈനക്കോളജിസ്റ്റ് എന്നും പറയാം. അവരുടെ പേരിന്റെ ഇംഗ്ലീഷ് ഉച്ചാരണം ആഗ്‌നഡിസ് എന്നാണ്. ഗ്രീക്കുവനിത എന്ന നിലയ്ക്ക് ഞാന്‍ ഗ്രീക്കുഭാഷയിലെ ഉച്ചാരണമാണ് പിന്തുടരുന്നത്. ആഗ്‌നൊതീക്കിയുടെ കഥ നമ്മളറിയുന്നത് റോമന്‍ എഴുത്തുകാരനും ചരിത്രകാരനുമായ ഗായസ് യൂലിയസ് ഹിഗീനസ് എഴുതിയ ഫാബുലെ എന്ന ഗ്രന്ഥത്തില്‍ നിന്നാണ്.

ലോകമെമ്പാടുമുള്ള പണ്ഡിതന്മാരേയും ചരിത്രകാരന്മാരേയും സ്ത്രീപക്ഷക്കാരേയും ഒരുപോലെ ആകര്‍ഷിച്ചിട്ടുള്ള കഥയാണിത്. ഇന്നിത് സ്ത്രീശാക്തീകരണത്തിന്റെ ഉദാത്തമാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ലിംഗനീതിയുടേയും ജെന്‍ഡര്‍ താരതമ്യങ്ങളുടേയും ചര്‍ച്ചകളിലെല്ലാം ആഗ്‌നൊതീക്കിയുടെ കഥ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാണിക്കപ്പെടാതെയും വയ്യ. പ്രത്യേകിച്ചും വൈദ്യവൃത്തിയില്‍. ഞാനിനി കഥയിലേക്കു വരട്ടെ.

അഗ്‌നൊതീക്കി ആഥന്‍സില്‍ ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ വൈദ്യശാസ്ത്രം പഠിക്കുന്നതോ, ചികിത്സിക്കുന്നതോ നിയമപരമായിത്തന്നെ വിലക്കപ്പെട്ടതായിരുന്നു. എന്തിന്, പ്രസവമെടുക്കുന്നതിലെ വൈദഗ്ദ്ധ്യം പോലും നേടാന്‍ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. വയറ്റാട്ടികള്‍ അക്കാലത്ത് ഉണ്ടായിരുന്നു. പക്ഷെ അവരാരും പഠിച്ചവരായിരുന്നില്ല. പാരമ്പര്യമായി പ്രസവമെടുക്കുന്ന കൂട്ടര്‍ മാത്രം. പക്ഷെ, ഇക്കാര്യത്തിലെ ശാസ്ത്രീയവിദ്യാഭ്യാസം സ്ത്രീകള്‍ക്ക് തീര്‍ത്തും അപ്രാപ്യം. നിഷിദ്ധം. ഒന്നാലോചിച്ചുനോക്കൂ, പ്രസവമെടുപ്പുപോലും പുരുഷന്റെ കുത്തകയായിരുന്ന കാലം.

സ്വാഭാവികമായും അന്ന് പല സ്ത്രീകള്‍ക്കും ഇതുള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. പ്രസവചികിത്സയ്ക്കായി പുരുഷന്മാരുടെയടുത്തു പോകാനുള്ള വിമുഖത തന്നെ കാരണം. പലര്‍ക്കും അതിനാല്‍ അന്നു നിലവിലുണ്ടായിരുന്ന നല്ല ചികിത്സ കിട്ടാതായി. പലരും പ്രാകൃതരീതികള്‍ പിന്തുടര്‍ന്നു. മാതൃ/ശിശു മരണനിരക്ക് വര്‍ദ്ധിച്ചുനില്ക്കുകയും ചെയ്തു. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കണമെന്നും പരിഹരിക്കണമെന്നും ആഗ്‌നൊതീക്കി ആഗ്രഹിച്ചതില്‍ തെറ്റുപറയാനൊക്കില്ലല്ലോ. ധീരമായ ചില നടപടികളിലേക്കാണതു നയിച്ചത്. ആഥന്‍സ് അതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍. എങ്ങനെയെങ്കിലും വൈദ്യശാസ്ത്രം പഠിച്ചെടുക്കണം എന്നായിരുന്നു ആഗ്‌നൊതീക്കിയുടെ തീരുമാനം. ആഥന്‍സിലെ ഗര്‍ഭിണികളായ സ്ത്രീകളെ സഹായിച്ചേ തീരൂ. ആഗ്‌നൊതീക്കിയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായില്ല. എങ്ങനെ എന്നതു മാത്രമായിരുന്നു പ്രശ്‌നം.

ആഗ്‌നൊതീക്കിയുടെ മുന്നിലുണ്ടായിരുന്നത് രണ്ടു മാര്‍ഗ്ഗങ്ങള്‍. ആദ്യമായി വൈദ്യവിദ്യാഭ്യാസവും പരിശീലനവും നേടുക. രണ്ടാമതായി, അതിനുവേണ്ടി ആണാവുക. പ്രഛന്നവേഷം തന്നെ മാര്‍ഗ്ഗം. ആഗ്‌നൊതീക്കി തലമുടി പറ്റെ വെട്ടി. ആണിനെപ്പോലെ വസ്ത്രം ധരിച്ചു. എന്നിട്ട് അലക്‌സാണ്ട്രിയയിലേക്കു കപ്പല്‍ കയറി. നാലാം നൂറ്റാണ്ടില്‍ മാത്രമാണ് നിലവില്‍ വന്നതെങ്കിലും അക്കാലത്തെ ഏറ്റവും മികച്ച വിജ്ഞാനകേന്ദ്രങ്ങളും വിദഗ്ദ്ധരും അലക്‌സാണ്ട്രിയയിലായിരുന്നുവത്രെ. അക്കൂട്ടത്തില്‍ സ്ത്രീരോഗചികിത്സയിലെ അഗ്രഗണ്യനായിരുന്നു ചാല്‍സിഡോണിലെ ഹിരോഫിലസ്. ശരീരശാസ്ത്രത്തിലെ പാണ്ഡിത്യത്തിനു പേരു കേട്ട ഭിഷഗ്വരന്‍. അണ്ഡാശയത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കിയ ആള്‍ എന്ന ഖ്യാതിയുമുണ്ട്. മറ്റാരും ചെയ്യാത്തവണ്ണം ശവശരീരങ്ങള്‍ കീറിമുറിച്ചു പഠിക്കുന്നയാളെന്ന അഭ്യൂഹങ്ങളും വേണ്ടുവോളം. പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റിയ സംഗതിയായിരുന്നില്ല ആ രീതി. എങ്കിലും വൈദഗ്ദ്ധ്യത്തിന്റെ കാര്യത്തില്‍ ഹിരോഫിലസിനോളം പോന്ന മറ്റൊരാളില്ലതാനും.

ഹിരോഫിലസിന്റെ കീഴില്‍ താന്‍ പെണ്ണാണെന്നു ആരേയുമറിയിക്കാതെ ആഗ്‌നൊതീക്കി പഠിച്ചു. കഠിനപരിശ്രമത്തിലൂടെ മികച്ചൊരു സ്ത്രീരോഗവിദഗ്ദ്ധയായി മാറുകയും ചെയ്തു. ആഥന്‍സില്‍ തിരിച്ചെത്തിയ ആഗ്‌നൊതീക്കി പെട്ടെന്നാണ് സ്ത്രീകളുടെ ജനപ്രിയ ഭിഷഗ്വരയായി മാറിയത്. അവള്‍ വൈദ്യവൃത്തി തുടര്‍ന്നതും ആണായിത്തന്നെ. അതുകൊണ്ട് ചില സ്ത്രീകള്‍ മറ്റുള്ളവരോടെന്നപോലെ ആഗ്‌നൊതീക്കിയുടെ ചികിത്സ തേടാന്‍ ആദ്യമൊക്കെ മടിച്ചു. അത്തരമൊരു സന്ദര്‍ഭത്തില്‍ ഒരു സ്ത്രീയോടു തന്റെ രഹസ്യം തുറന്നുപറഞ്ഞു. വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി അനാസിര്‍മ എന്നൊരു പ്രവൃത്തിയും ചെയ്യേണ്ടിവന്നു. തന്റെ ജെന്‍ഡര്‍ വെളിവാക്കുന്നതിന്റെ ഭാഗമായി രഹസ്യമായി ഉടുവസ്ത്രമുയര്‍ത്തി കാണിക്കുന്ന ആ പ്രവൃത്തിയേയാണ് അനാസിര്‍മ എന്നു പറയുക. താമസിയാതെ ആഗ്‌നൊതീക്കിയുടെ രഹസ്യം സ്ത്രീജനങ്ങള്‍ക്കിടയില്‍ പടര്‍ന്നു. തങ്ങള്‍ക്കുവേണ്ടിയാണ് ആഗ്‌നൊതീക്കി ഇതു ചെയ്യുന്നതെന്നു മനസ്സിലാക്കിയ അവര്‍ അക്കാര്യം പരമരഹസ്യമായിത്തന്നെ സൂക്ഷിച്ചു. അതോടെ ആഥന്‍സിലെ വനിതകള്‍ ആഗ്‌നൊതീക്കിയല്ലാതെ മറ്റൊരാളെ ചികിത്സകനായി കാണാന്‍പോലും തയ്യാറാല്ലാതായി. അത്രയ്ക്കും വിശ്വാസമായിരുന്നു അഥീനിയന്‍ സ്ത്രീകള്‍ക്ക് ആഗ്‌നൊതീക്കിയെ.

പക്ഷെ, ഇതൊരു വലിയ കുഴപ്പത്തിലേക്കാണ് നയിച്ചത്. ആഥന്‍സിലെ മറ്റു ഭിഷഗ്വരരെ സ്ത്രീകള്‍ പാടെ അവഗണിച്ചത് അവരെ അസൂയാലുക്കളാക്കി. ആഗ്‌നൊതീക്കി സദാചാരം വിട്ട് എന്തോ സ്ത്രീകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നവര്‍ പറഞ്ഞുപരത്തി. സ്ത്രീകളുമായി സുതാര്യവും ആശാസ്യവുമായ ബന്ധമല്ല ആഗ്‌നൊതീക്കി സൂക്ഷിക്കുന്നത് എന്ന ആരോപണം ഉയരാന്‍ താമസമുണ്ടായില്ല. സ്ത്രീകളെ വശീകരിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ആഗ്‌നൊതീക്കിയുടെ പക്കല്‍ എന്നും ആരോപിക്കപ്പെട്ടു. ഒരു ഭിഷഗ്വരനു നിരക്കാത്ത ഈ തോന്നിവാസം തടയണമെന്നു അവര്‍ ഒരുമിച്ച് ആവശ്യപ്പെടുകയായിരുന്നു. ആഗ്‌നൊതീക്കിയുടെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം ഈ പുതു ‘ഭിഷഗ്വരന്‍’ നൈതികത തൊട്ടുതീണ്ടാത്തയാളായി. എന്തൊരു പരിതാപകരമായ അവസ്ഥ!

ഒടുവില്‍ സംഗതി ന്യായാധിപന്റെ മുന്നിലെത്തി. കുറ്റവിചാരണയുടെ സമയത്ത് കടുത്ത ആരോപണങ്ങള്‍ സഹിക്കാനാവാതെ ആഗ്‌നൊതീക്കി പൊട്ടിത്തെറിച്ചു. അതിന്റെ മൂര്‍ദ്ധന്യത്തില്‍ അവള്‍ താനാരാണെന്നു വിളിച്ചുപറയുകയും ചെയ്തു. പക്ഷെ, അതു വിശ്വസിക്കാന്‍ ആരും കൂട്ടാക്കിയില്ല. ഒടുവില്‍ വികാരവിക്ഷുബ്ധതയുടെ മൂര്‍ദ്ധന്യത്തില്‍, എനിക്കൊരു പെണ്ണിനേയും വശീകരിക്കേണ്ട ആവശ്യമില്ല എന്ന അലര്‍ച്ചയോടെ ആഗ്‌നൊതീക്കി സ്വയം വിവസ്ത്രയായി. ആഥന്‍സിലെ ജനങ്ങള്‍ ഞെട്ടിത്തരിച്ചുനിന്നു.

ഒരു നിമിഷം കൊണ്ട്, എല്ലാ ബഹളവും കെട്ടടങ്ങി. ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. സ്തബ്ധനിമിഷങ്ങളുടെ നിശ്ശബ്ദത പക്ഷെ, അധികം നീണ്ടുനിന്നില്ല. ആരോ ഒരാള്‍ വിളിച്ചുകൂവി. ‘അതെങ്ങനെ ശരിയാവും. ഒരു പെണ്ണ് വൈദ്യയാവുകകയോ? ലജ്ജാവഹം. നിയമം അതനുവദിക്കുന്നില്ല. അവളെ പിടിച്ചുകെട്ടുക. ശിക്ഷിക്കുക’.

ഭിഷഗ്വരന്മാര്‍ ഉള്‍പ്പെട്ട പുരുഷന്മാരെല്ലാവരും അതേറ്റു വിളിച്ചു. പക്ഷെ, അവിടെ അസംഖ്യം സ്ത്രീകളും സന്നിഹിതരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ആഗ്‌നൊതീക്കിയെ ഏതുവിധേനയും രക്ഷിക്കാനായി സംഘടിച്ചു വന്നവര്‍. ലിസിസ്റ്രാറ്റയ്ക്കു ശേഷം അത്തരമൊരു ഒത്തൊരുമ ആഥന്‍സിലെ സ്ത്രീകള്‍ പ്രകടിപ്പിച്ചിട്ടില്ല. അവര്‍ ഒന്നടങ്കം ആഗ്‌നൊതീക്കിയ്ക്കുചുറ്റും വട്ടമിട്ടുനിന്നു. ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. പുരുഷന്മാരോടവര്‍ ഗര്‍ജ്ജിക്കുകയായിരുന്നു, ‘നിങ്ങള്‍ ഞങ്ങളുടെ ഭര്‍ത്താക്കന്മാരല്ല. ശത്രുക്കളാണ്. ഞങ്ങള്‍ക്ക് ആരോഗ്യം നേടിത്തന്ന ആഗ്‌നൊതീക്കിയുടെ തലമുടിനാരുപോലും സ്പര്‍ശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കുകയില്ല. ഞങ്ങളൊരുമിച്ചാല്‍ അഹങ്കാരികളും നീചപ്രവൃത്തിയ്ക്കു കൂട്ടുനില്‍ക്കുന്നവരുമായ നിങ്ങള്‍ നിഷ്പ്രഭരാവും. ഈ ആഥന്‍സില്‍ നിങ്ങള്‍ക്ക് നില്‍ക്കക്കള്ളിയുണ്ടാവില്ല’.

പുരുഷാരം ഒന്നു നടുങ്ങി എന്നുതന്നെ പറയണം. സ്ത്രീത്വത്തെ ആ പ്രാചീനകാലത്ത് ഇതിലും ഉയരത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു നിമിഷം മുമ്പുണ്ടായിട്ടുണ്ടാവില്ല-പുരുഷന്മാര്‍ പാടെ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കേണ്ടിവന്നതും.

അപ്പോഴാണ് ന്യായാധിപര്‍ അവസരത്തിനൊത്തുയര്‍ന്നത്. പെട്ടെന്നായിരുന്നു വിധിപ്രഖ്യാപനം. ‘ആഗ്‌നൊതീക്കി തെറ്റുകാരിയല്ല. അവര്‍ക്കു ചികിത്സിക്കാം. പക്ഷെ, സ്ത്രീകളെ മാത്രം. സ്ത്രീകള്‍ സ്ത്രീകളെ ചികിത്സിക്കരുത് എന്ന നിയമം തെറ്റുതന്നെയാണ്. അവര്‍ക്കു സ്ത്രീകളെ ചികിത്സിക്കാനും അതിനു വേണ്ടി പഠിക്കാനുമുള്ള അനുവാദം ഇന്നു മുതല്‍ നടപ്പിലാക്കുന്നു’.

ആഥന്‍സിലെ സ്ത്രീകളുടെ വിജയനിമിഷമായിരുന്നു അത്. ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട് അവര്‍ ആഗ്‌നൊതീക്കിയെ പൊക്കിപ്പിടിച്ചുകൊണ്ടു നൃത്തമാടി. വൈദ്യവിദ്യാഭ്യാസ ചരിത്രത്തിലെ ഒരു വഴിത്തിരിവായതു മാറുകയും ചെയ്തു.

ആഗ്‌നൊതീക്കിയ്ക്കു ഒരു നൂറ്റാണ്ടുമുമ്പ് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ എഴുത്തുകളില്‍ സ്ത്രീരോഗങ്ങളെ കുറിച്ചും അവര്‍ ചികിത്സകരോടു കാര്യങ്ങള്‍ തുറന്നു പറയാതിരിക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും വിവരിക്കുന്നുണ്ട്. ഔപചാരികവിദ്യാഭ്യാസമില്ലാത്ത പെണ്ണുകള്‍ മായിയ അഥവാ വയറ്റാട്ടി, ഇയട്രീനി അഥവാ സ്ത്രീചികിത്സകര്‍ അക്കാലത്തുണ്ടായിരുന്നെങ്കിലും, അതു അന്ധവിശ്വാസങ്ങളിലാഴ്ന്ന ഏര്‍പ്പാടായിരുന്നുവത്രെ. പലപ്പോഴും അപകടകരവും.

എങ്കിലും ആഗ്‌നൊതീക്കിയുടെ വിപ്ലവകഥ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ല എന്നു കരുതുന്നവരുമുണ്ട്. അതൊരു നാടോടിക്കഥ മാത്രമാണ് എന്നു ഉറപ്പിച്ചവര്‍. പക്ഷെ, ഒന്നുണ്ട്. ആഗ്‌നൊതീക്കിയുടെ ഗുരു ഹിരോഫിലസ് ജീവിച്ചിരുന്നയാളാണെന്നതിനു തെളിവുണ്ട്. അദ്ദേഹത്തിന്റേതായ ഗ്രന്ഥങ്ങളുമുണ്ട്. അദ്ദേഹം സ്ത്രീചികിത്സയുടെ തലതൊട്ടപ്പനുമായിരുന്നു. ആഥന്‍സിലെ ഉയര്‍ന്ന മാതൃശിശു മരണങ്ങളെക്കുറിച്ച് ഹിപ്പൊക്രാറ്റസ് വ്യാകുലപ്പെട്ടിരുന്നു എന്നതും സത്യമാണ്. പുരുഷന്മാര്‍ക്ക് അതു പരിഹരിക്കാനാവുന്നില്ല എന്ന കുറ്റസമ്മതവും കാണാം.

മറ്റൊന്ന്, ഇറ്റലിയിലെ ഓസ്റ്റിയയില്‍ നിന്നു കിട്ടിയ ഒരു ശിലാഫലകമാണ്. ആ പ്രാചീന രേഖയില്‍ ആഗ്‌നൊതീക്കിയെക്കുറിച്ചൊരു പരാമര്‍ശം കാണാം. അതിനാല്‍, ഈ കഥയ്ക്കു കാരണമായ ചെറിയൊരു സത്യമെങ്കിലും കാണാതിരിക്കാന്‍ വഴിയില്ലെന്നു കരുതുക തന്നെ. ആണുങ്ങളെഴുതിയ ചരിത്രത്തില്‍ ആഗ്‌നൊതീക്കിയെന്ന നാമം അപ്രത്യക്ഷമായതാവാനും മതി. എന്തായാലും ഒരു കാര്യം സുനിശ്ചിതമായി പറയാം. സ്ത്രീകള്‍ എന്നും ഉയര്‍ത്തിപ്പിടിക്കേണ്ട കഥാപാത്രം തന്നെ ആഗ്‌നൊതീക്കി.  Agnodice of Athens is often credited as the first female gynecologist and midwife in ancient Greece

Content Summary; Agnodice of Athens is often credited as the first female gynecologist and midwife in ancient Greece

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

ഡോ ഹരികൃഷ്ണൻ കെ.ബി: ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.
Leave a Comment