***‘ദേശാഭിമാനി’യുടെ ആലുവ പ്രാദേശിക ലേഖകനായി വാർത്തകൾ എഴുതിത്തുടങ്ങി ‘ലണ്ടന്‍ ഡെയ്ലി’ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററും ഉടമയുമായി മാറി ആഗോള പത്രശൃംഖലയുടെ രാജവീഥിയായ ലണ്ടനിലെ ഫ്‌ളീറ്റ് സ്ട്രീറ്റില്‍ മലയാളത്തിന്റെ കൈയൊപ്പ് പതിപ്പിച്ച അനസുദ്ദീന്‍ അസീസിന്റെ കരിയറിലെ 35 വര്‍ഷങ്ങള്‍ ഏറെ സംഭവബഹുലമാണ്.
ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് അള്ളാപ്പിച്ച മൊല്ലാക്ക റാവുത്തന്മാരുടെ കുട്ടികള്‍ക്ക് ആ കഥ പറഞ്ഞുകൊടുത്തു: പണ്ടുപണ്ട്…
വളരെ പണ്ട്, ഒരു പൗര്‍ണമിരാത്രിയില്‍ ആയിരത്തൊന്ന് കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നു. റബ്ബുല്‍ആലമീനായ തമ്പുരാന്റേയും മുത്തുനബിയുടേയും ബദരീങ്ങളുടേയും ഉടയവനായ സയ്യിദ്മിയാന്‍ ഷെയ്ഖും തങ്ങന്മാരുമായിരുന്നു അത്. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാല്‍ ഷെയ്ഖ് തങ്ങളാകട്ടെ, ചടച്ചുകിഴവനായ ഒരു പാണ്ടന്‍ കുതിരപ്പുറത്താണ് സവാരി ചെയ്തത്.
ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്. അതേത്ക്ക് മൊല്ലാക്കാ?
‘അന്ത കുതിരയ്ക്കി ആര് തൊണ?
മൊല്ലാക്ക പറഞ്ഞു. അത്ക്ക് തൊണ പടച്ചവന്‍, ശെയ്ക്ക് തങ്ങള്…’
ഒ.വി വിജയന്റെ ബാല്യകുതൂഹലങ്ങളെ കുളിര്‍ചൂടിച്ച പാലക്കാട്ടെ പ്രശസ്തമായ റാവുത്തര്‍ കുടുംബത്തില്‍ നിന്നാണ് അനസുദ്ദീന്‍ വരുന്നത്. വിജയനുമായി
നല്ല അടുപ്പമുണ്ടായിരുന്ന ആട്ടുക്കാര വീട്ടിലെ അബ്ദുല്‍ അസീസിന്റെയും സഹോദരന്മാരുടെയും കളിക്കൂട്ടുകാരനായിരുന്നു വിജയന്‍. പാലക്കാട്ട്
ഇംഗ്ലീഷ് അധ്യാപകനായിരുന്ന മുഹമ്മദ് റാവുത്തര്‍ അനസിന്റെ വല്യുപ്പയാണ്. മുഹമ്മദ് റാവുത്തരും മക്കളും ചൊല്ലിയ കഥകള്‍ വിജയന്റെ എഴുത്തിലും കടന്നു വന്നു. കണക്കില്‍ മോശക്കാരനായ വിജയനെ കണക്ക് പഠിപ്പിക്കുക എന്ന ദൗത്യം അനസുദ്ദീന്റെ പിതൃസഹോദരന്‍ അബ്ദുല്‍കരീം ഏറ്റെടുത്തു. ചിലന്തികളെ ഭയമുള്ള വിജയന്റെ മറ്റൊരു പേടിസ്വപ്നമായിരുന്നു ആള്‍ജിബ്രയുടെ വേരിയബ്‌ളുകളും കോണ്‍സ്റ്റന്റുകളും. മാത്തമാറ്റിക്‌സ് ഇതിഹാസകാരനെ ഭയപ്പെടുത്തിയിരുന്നതായി എളാപ്പ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടെന്ന് അനസുദ്ദീന്‍ ഓര്‍ക്കുന്നു.
ഖസാക്കിലെ ഓത്തുപള്ളിയും ചുക്രു റാവുത്തരുള്‍പ്പെടെയുള്ളവരുടെ ജീവിതവുമെഴുതുമ്പോള്‍ ആട്ടുക്കാര വീട്ടിലെ റാവുത്തന്മാരാണ് വിജയന്റെ സര്‍ഗസന്ദേഹങ്ങള്‍ക്ക് ശമനം നല്‍കിയത്.
കല്‍പാത്തിയും യാക്കരയും തസറാക്ക് നില്‍ക്കുന്ന കിണാശ്ശേരിയും ചെതലിമലയുമെല്ലാം ആട്ടുക്കാര റാവുത്തന്മാരുടെയും മനസ്സില്‍ കാറ്റ് പിടിച്ച ആതുരതകളായി. വിജയന്‍ തന്നെ ഇക്കാര്യം എഴുതിയിട്ടുണ്ട്. ഈ കേള്‍വികള്‍ അനസുദ്ദീന്റെ കൗമാരവിസ്മയങ്ങളെ വിരുന്നൂട്ടി. ഖസാക്കിലെ രൂപലാവണ്യം നിറഞ്ഞ രൂപകങ്ങളായി പരിണമിച്ച കഥാപരിസരങ്ങളുടെ ഉത്ഭവം അങ്ങനെയാണ്- പണ്ട് പണ്ട്, പള്ളി മേട്ടില്‍ പാനീസും തൂക്കിപ്പിടിച്ച് മൊല്ലാക്ക വന്നത്. സ്മൃതിധാരകളുടെ ഉള്ളുണര്‍ത്തി ബാങ്ക് വിളിച്ചത്. പഥികന്റെ കാല്‍വിരലുകള്‍ നൊന്തത്.. വിജയന്‍, അസീസ് റാവുത്തര്‍ തുടങ്ങി പാലക്കാട് വിക്ടോറിയയിലെ പഠനം കഴിഞ്ഞ സതീര്‍ഥ്യരെല്ലാം പലവഴി പിരിഞ്ഞു.
രവി കുറ്റിക്കാടിനൊപ്പം അനസുദ്ദീൻ
വര്‍ഷങ്ങള്‍ കഴിഞ്ഞ് അസീസ് റാവുത്തര്‍, ജേര്‍ണലിസം ബിരുദമെടുത്ത് നില്‍ക്കുന്ന അനസുദ്ദീന്‍ എന്ന മകനേയും കൊണ്ട് വിജയനെ കാണാന്‍ ഡല്‍ഹി ചാണക്യപുരിയിലെ വീട്ടിലെത്തി. പത്രപ്രവര്‍ത്തനത്തില്‍ മകനെ എങ്ങനെയെങ്കിലും സഹായിക്കാമോ എന്ന കൂട്ടുകാരന്റെ ആവശ്യത്തിനു മുന്നില്‍ നിസ്സഹായത നിഴലിച്ച, സഹജമായ ആ ചിരിയായിരുന്നു പ്രതികരണമെന്ന് അനസുദ്ദീന്‍ ഇപ്പോഴോര്‍ക്കുന്നു.
വിജയനും ഭാര്യ തെരേസയും അനസിന്റെ ബാപ്പ അസീസിനോട് പറഞ്ഞു: ചെക്കന്റെ പേര് മാറ്റൂ- ‘കാലിഫ് അനസ് ‘ … അതാകും നല്ലത്. പേരില്ലാ പേരാകുമ്പോള്‍ പണിയില്‍ ശ്രദ്ധിക്കും! ഇല്ലെങ്കില്‍ പേരിനു പിറകെ പായും!
ടിപ്പുവിന്റെ കുതിരപ്പടയാളികളുടെ പിന്‍മുറക്കാരാണ് പാലക്കാട്ടെ റാവുത്തന്മാരെന്ന് ചരിത്രം. സെയ്ദ് മിയാന്‍ ശെയ്ഖും അള്ളാപ്പിച്ച മൊല്ലാക്കയുമെല്ലാം ഈ ഗണത്തില്‍പെടുന്നു.
ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ അനസുദ്ദീന്‍ ഇന്ത്യയുടെ വാണിജ്യനഗരത്തിന്റെ ഹൃദയമിടിപ്പുകള്‍ സ്റ്റോറികളാക്കി. വിക്ടോറിയാ ടെര്‍മിനസിലേയും ജൂഹു കടപ്പുറത്തെയും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ യുവാവായ ആ ജേണലിസ്റ്റിന്റെ എഴുത്തിനെ സ്വാധീനിച്ചു.
കൊളാബയിലേയും കഫ് പരേഡിലേയും ആഡംബരജീവിതവും ധാരാവിയിലെ ദരിദ്രരുടെ വിശപ്പും ഉള്ളുതൊടുംവിധം അനസുദ്ദീന്‍ പകര്‍ത്തിയെഴുതി. 1992 ലെ മുംബൈ കലാപം, കാമാട്ടിപുരയിലെ കെട്ടിടദുരന്തം, 257 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണ പരമ്പര (തലനാരിഴ്ക്കാണ് അനസുദ്ദീന്‍ ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കേവലം പത്ത് മിനുട്ട് മുമ്പാണ് സ്‌ഫോടനം നടന്ന നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യ ബില്‍ഡിംഗില്‍ നിന്ന് പുറത്ത് കടന്നത്. ഇല്ലാ യിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആലോചിക്കുമ്പോള്‍ ഇപ്പോഴും നടുക്കം തോന്നുന്നുവെന്ന് അനസുദ്ദീന്‍), മഹാരാഷ്ട്ര മന്ത്രാലയ അഴിമതി, കാന്തഹാര്‍ വിമാനറാഞ്ചല്‍, ബോഫോഴ്സ് അഴിമതിയുടെ സൂത്രധാരന്‍ വിന്‍ഛദ്ദയുടെ ഒളിത്താവളത്തിലെ താമസം. പ്രസിദ്ധമായ ഫ്രീ പ്രസ് ജേര്‍ണല്‍ ഉള്‍പ്പെടെയുള്ള പല പത്രങ്ങളിലായി വന്ന ഈ അന്വേഷണാത്മക സ്റ്റോറികളുടെയെല്ലാം താഴെ അനസുദ്ദീന്റെ ബൈലൈന്‍ പ്രത്യക്ഷപ്പെട്ടു.
1996 ല്‍ അനസുദ്ദീന്‍ ദുബായിയിലെത്തി. ദുബായ് മുനിസിപ്പാലിറ്റിയുടെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലും, ഷാര്‍ജയില്‍ നിന്ന് ഇറങ്ങുന്ന ഗള്‍ഫ് ടുഡേ യിലും ജോലി ചെയ്തു. തുടര്‍ന്ന് ഖലീജ് ടൈംസില്‍.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം തട്ടിക്കൊണ്ടുപോയി ദുബായില്‍ ഇറക്കിയ വാര്‍ത്ത, അനസുദ്ദീന്‍ ലണ്ടനിലെ ദ സണ്‍ഡേ ടൈംസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ റഷ്യന്‍ യുവതികളെ കേന്ദ്രീകരിച്ച് നടന്നു വന്ന ലൈംഗിക തൊഴില്‍ മാഫിയയെ കുറിച്ചുള്ള ‘ദ സിന്‍ സിറ്റി’ എന്ന അന്വേഷണാത്മക വാര്‍ത്ത സണ്‍ഡേ ടൈംസ് പ്രസീദ്ധീകരിച്ചു.
ഇന്റര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരുന്ന വിന്‍ഛദ്ദ ദുബായിയില്‍ ബെലീസിയന്‍ പാസ്പോര്‍ട്ടുമായി കഴിയുന്നുവെന്ന സ്‌കൂപ്പ് അനസുദ്ദീന്റേതായിരുന്നു.
ഇറാഖ് യുദ്ധകാലത്ത് ദുരന്തദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ച അനസുദ്ദീന്‍, ജോര്‍ദാന്‍ -ഇറാഖ് അതിര്‍ത്തിയിലെ റുവൈശിദ് അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് കെടുതികളുടേയും പട്ടിണിയുടേയും പലായനങ്ങളുടേയും ഹൃദയസ്പൃക്കായ വാര്‍ത്തകളെഴുതി.
മിഡില്‍ ഈസ്റ്റ് രാഷ്ട്രീയത്തിന്റേയും പശ്ചിമേഷ്യന്‍ ചലനങ്ങളുടേയും ചക്രവാളങ്ങളില്‍ ഉദിച്ചമസ്തമിക്കുന്ന സംഭവവികാസങ്ങളെ അതിസൂക്ഷ്മം നിരീക്ഷിച്ചെഴുതിയ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത സ്റ്റോറികളും ഏറെ ശ്രദ്ധേയമായിരുന്നു, 2003 ല്‍ ഖലീജ് ടൈംസിന്റെ യൂറോപ്യന്‍ കറസ്‌പോണ്ടന്റായി ലണ്ടനിലെത്തിയ അനസുദ്ദീന്റെ ആദ്യസ്റ്റോറി ലണ്ടന്‍ട്യൂബ് ദുരന്തമായിരുന്നു.
ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ഗതിവിഗതികളെ ആഴത്തില്‍ പഠിച്ച അനസുദ്ദീന്‍, പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഇറാഖ് നയത്തിലെ നിഷേധാത്മകനിലപാടിനെതിരെ റിപ്പോര്‍ട്ടെഴുതി. ലണ്ടന്‍ ടൈംസ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയ്ക്ക് പുറമെ ലേബര്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ ഗോര്‍ഡന്‍ ബ്രൗണിന്റെ കുടിയേറ്റനയത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഉല്‍കണ്ഠ പങ്ക് വെച്ച അനസുദ്ദീന്റെ സ്റ്റോറികള്‍ വിവിധ നാടുകളില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ വായനക്കാരെ ആകര്‍ഷിച്ചു.
2006 ല്‍ അനസുദ്ദീന്‍ മാഞ്ചസ്റ്ററിലെത്തി. അവിടെ നിന്നാരംഭിച്ച ഏഷ്യന്‍ലൈറ്റ് പത്രത്തില്‍ ബ്രിട്ടനിലെ ഐ.ടി മേഖലയിലെയും മെഡിക്കല്‍ രംഗത്തെയും പ്രൊഫഷണലുകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും വാര്‍ത്തയാക്കി.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഏഷ്യന്‍ ലൈറ്റിന്റെ ന്യൂസ് റൂും സന്ദര്‍ശിച്ചത് അനസുദ്ദീന്‍ എന്ന എഡിറ്ററുടെ ജീവിതത്തില്‍ പുതിയ അധ്യായമായി. 2008 ല്‍ ബ്രിട്ടനില്‍ സംഭവിച്ച ബാങ്കിംഗ് പ്രതിസന്ധി, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം (ബ്രെക്സിറ്റ്), ഇന്ത്യന്‍ ഡോക്ടര്‍മാരോടുള്ള വിവേചനം തുടങ്ങിയവയെക്കുറിച്ചും ആധികാരികമായ റിപ്പോര്‍ട്ടുകളായിരുന്നു ഏഷ്യന്‍ ലൈറ്റില്‍ അനസുദ്ദീനെഴുതിയത്. ഇത് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വ്യാപകമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.
പ്രതാപത്തിന്റെ അശ്വരഥമേറിയിരുന്ന ബ്രിട്ടീഷ് മേധാവിത്തം കോവിഡ് കാലത്ത് രാഷ്ട്രീയവും സാമ്പത്തികവും ഭരണപരവുമായ രംഗങ്ങളില്‍ അപ്രതിഹതമായ തിരിച്ചടികള്‍ക്ക് വിധേയമായി. ലേബര്‍ – കണ്‍സര്‍വേറ്റീവ് ദ്വികക്ഷി സമ്പ്രദായത്തിന്റെ വരുംവരായ്കകളെക്കുറിച്ചെഴുതിയ വാര്‍ത്തകളും ബ്രിട്ടന്റെ നട്ടെല്ലൊടിച്ച സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും കുടിയേറ്റ പ്രശ്നങ്ങളുമെല്ലാം സമഗ്രമായി അവതരിപ്പിക്കുന്നതില്‍ അനസുദ്ദീന്‍ വിജയം കണ്ടു. അത് പത്രത്തിന്റെ സ്വീകാര്യതയേയും അനുകൂലമായി സ്വാധീനിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കെയിര്‍സ്റ്റാര്‍മര്‍ വിജയം കൊയ്തു.
ന്യൂസ്റൂമിലെ വിരസതയകറ്റാന്‍ സി.പി സ്‌കോട്ടും ഹാരോള്‍ഡ് ഇവാന്‍സുമൊക്കെയായിരുന്നു അനസുദ്ദീന് അവലംബം. 2024 ല്‍ മാഞ്ചെസ്റ്ററില്‍ നിന്ന് വീണ്ടും ലണ്ടനിലെത്തിയ അനസുദ്ദീന്‍, അതിജീവനത്തിനായി പൊരുതുന്ന മുഖ്യധാരാമാധ്യമങ്ങളെയാണ് അവിടെ കണ്ടത്.
ന്യൂസ് പ്രിന്റിന്റെ ക്രമാതീതമായ വിലക്കയറ്റവും ഉല്‍പാദനച്ചെലവിലെ വര്‍ധനയുമാണ് ലണ്ടനിലെ പത്രങ്ങളെ ശ്വാസം മുട്ടിച്ചത്. ഒരു പക്ഷേ കോവിഡാനന്തര അച്ചടി മാധ്യമ ലോകത്തിന്റെ ആഗോളപ്രതിസന്ധിയുടെ പ്രതിഫലനമാകാം ലണ്ടനിലും കണ്ടത്. ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കൊണ്ട് അനസുദ്ദീന്‍ ലണ്ടന്‍ ഡെയ്ലി എന്ന പത്രവുമായി സഹകരിച്ചു. ലണ്ടന്‍ നഗരത്തിന്റെ തുടിപ്പുകളേറ്റുവാങ്ങിയ ആ പത്രത്തിന്റെ ഉടമാസ്ഥവകാശവും ഏറെക്കുറെ അനസുദ്ദീനായിരുന്നു. കുടിയേറ്റ സമൂഹങ്ങളുടെ സമ്മിശ്രവികാരങ്ങളുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടാണ് ലണ്ടന്‍ ഡെയ്ലിയുടെ സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടത്. ആര്‍ജവവും സത്യസന്ധതയും ആ വാര്‍ത്തകളുടെ അടിസ്ഥാനരേഖകളായിദ ഗാര്‍ഡിയന്‍, ദ ടൈംസ് പോലുള്ള ഭീമന്‍പത്രങ്ങളുടെ പ്രതാപൈശ്വര്യങ്ങളുടെ ചൂടും ചൂരും കുറയുന്ന കാലം കൂടിയായിരുന്നു അത്. കാലികമായ പരിഷ്‌കരണങ്ങള്‍ക്ക് വിഘാതമായി പുതിയ ന്യായീകരണങ്ങള്‍ ചമച്ച ലേഡി താച്ചറുടെ വികല നയങ്ങള്‍, ഒപ്പം പൂര്‍വ ലണ്ടനിലെ മാധ്യമലോകത്തേക്കുള്ള റൂപര്‍ട്ട് മര്‍ഡോക്കിന്റെ കടന്നുകയറ്റം എന്നിവയെല്ലാം ഫ്ളീറ്റ് സ്ട്രീറ്റിലെ സാമ്പ്രദായിക മീഡിയകളുടെ കടപുഴക്കാന്‍ തുടങ്ങി.
ഈ പ്രതിസന്ധികളുടെ മധ്യത്തില്‍ നിന്നുകൊണ്ടാണ് നഗരമിടിപ്പുകളെ ഒപ്പിയെടുത്ത് ലണ്ടന്‍ ഡെയ്ലി വായനക്കാര്‍ക്കിടയിലേക്കിറങ്ങിയത്. ബ്രിട്ടീഷ് മാധ്യമപൈതൃകത്തിന്റെ ആറു നൂറ്റാണ്ട് നീണ്ടുനില്‍ക്കുന്ന യശസ്സ് തിരിച്ചുപിടിക്കുകയെന്നതാണ് ലണ്ടന്‍ ഡെയ്ലിയുടെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അനസുദ്ദീന്‍ പറയുന്നു. പ്രകൃതി ദുരന്തങ്ങളുടേയും മനുഷ്യനിര്‍മിത പ്രതിസന്ധികളുടേയും മുമ്പില്‍ പ്രതിരോധത്തിന്റെ മതില്‍ പണിതുയര്‍ത്തിയാണ് ലണ്ടന്‍ നഗരം സ്വയം രക്ഷാകവചമായി മാറിയതെന്നത് ചരിത്രം. പല രൂപങ്ങളിലുള്ള അധിനിവേശങ്ങളേയും അത് അതിജീവിച്ചു. ബോംബുകളേയും മഹാമാരികളേയും മറി കടന്നു. സീസറുടേയും ഷെയ്ക്‌സ്പിയറിന്റേയും ഡിക്കന്‍സിന്റേയും മഹിതമായ സര്‍ഗപാരമ്പര്യമാണ് ലണ്ടന്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നത്. വിവിധ ലോകനേതാക്കളുമായി അഭിമുഖം നടത്താന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള അനസുദ്ദീന്‍, കഴിഞ്ഞ മാസമാണ് മംഗോളിയന്‍ പ്രധാനമന്ത്രി ഗോംബോജാവിന്‍ സാന്റാന്‍ഷാറ്ററുമായി വിശദമായ ഇന്റര്‍വ്യൂ നടത്തിയത്. ലണ്ടന്‍ ഡെയ്ലിയുടെ മാനേജിംഗ് ഡയറക്ടറും എക്സിക്യൂട്ടീവ് എഡിറ്ററുമാണിപ്പോള്‍ അനസുദ്ദീന്‍ അസീസ്. ന്യൂസ്റൂമുകളിലെ വിരസതയകറ്റാന്‍ തെംസ് നദീമുഖങ്ങളുടെ ചാരുതയും സെന്റ് പോള്‍സ് കത്തീഡ്രല്‍, ടവര്‍ ബ്രിഡ്ജ്, ഷേയ്ക്സ്പിയറുടെ ഗ്ലോബ് തിയേറ്റര്‍ എന്നിവയുടെ മനോഹാരിതയും ആസ്വദിച്ച് ഏകാന്തനായി അലയുന്ന അനസുദ്ദീന്‍, ആര്‍ദ്രമായൊരു കവിമനസ്സ് സ്വന്തമായുള്ള പത്രാധിപരാണ്. പാലക്കാട് നൂറണി അഗ്രഹാരത്തിലെ പ്രൈമറി സ്‌കൂള്‍ നാളുകള്‍, കണ്ണൂരിലെ താണയിലേയും ചൊവ്വയിലെയും രസകരമായ സ്‌കൂള്‍ ദിനങ്ങള്‍, മലപ്പുറം, തിരൂരങ്ങാടി കോളേജുകളിലെ പഠനകാലം, പ്രസ് അക്കാദമി ജീവിതം… ഇവയൊക്കെ സദാ തനിക്കൊരു നൊസ്റ്റാള്‍ജിയ തന്നെയെന്ന് അനസുദ്ദീന്‍ കരുതുന്നു.
ഇന്ത്യന്‍ പത്രലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ മഹാരഥന്മാരുടെ ചരിത്രമാണ് കേരളത്തിനുളളത്. നിരവധി മിടുക്കരായ മലയാളി ജേര്‍ണലിസ്റ്റുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഒരു പക്ഷേ ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യത്തെ വിദേശപത്രപ്രവര്‍ത്തകരിലൊരാള്‍ വി.കെ കൃഷ്ണമേനോനായിരിക്കണം. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ആദ്യത്തെ ലണ്ടന്‍ ലേഖകനായിരുന്നു പിന്നീട് കേന്ദ്ര പ്രതിരോധമന്ത്രിയായ വി.കെ. കൃഷ്ണമേനോന്‍.
ഫ്‌ളീറ്റ് സ്ട്രീറ്റില്‍ മലയാളത്തിന്റെ മഹാപൈതൃകമുയര്‍ത്തിയ കൃഷ്ണമേനോനില്‍ നിന്ന് തുടങ്ങിയ ഇന്ത്യന്‍ പത്രാധിപ പാരമ്പര്യം അനസുദ്ദീന്‍ അസീസ് എന്ന പാലക്കാട്ടുകാരനിലൂടെ, അച്ചടിമാധ്യമങ്ങളുടെ അതിശക്തമായ അതിജീവനപോരാട്ടത്തിനിടെ, കൂടുതല്‍ കാലിക പ്രസക്തി കൈ വരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ബ്രിട്ടീഷ് രാഷ്ട്രീയത്തെയും ബ്രിട്ടീഷ് ജനഹിതത്തെയും നിര്‍ണായകമായി സ്വാധീനിച്ച വന്‍കിട പത്രങ്ങളുടെയും പത്രാധിപന്മാരുടെയും പടയോട്ടത്തിന്റെ രഥ തുരഗങ്ങള്‍ കടന്നു പോയ ഫ്‌ളീറ്റ് സ്ട്രീറ്റ്. ലണ്ടന്‍ ഡെയ്ലി എന്ന മലയാളിയുടെ ഇംഗ്ലീഷ് പത്രത്തിന്റെ മാസ്റ്റ്‌ഹെഡിന് മീതെ പറക്കുന്ന യൂണിയന്‍ ജാക്കിന് നേരെ ഉയരുന്ന വായനക്കാരുടെ തൊഴുകൈ.
Content Summary: Anasudheen Azeez, a prominent UK-based Malayali journalist, executive editor of the London Daily and the owner of the Asian Lite newspaper group
This post was last modified on November 28, 2025 1:17 pm
Leave a Comment