രാമക്ഷേത്രത്തിലെ പണം കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് ബിസിനസും?

അറസ്റ്റിലായ എട്ട് പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ഭൂമിയിടപാട് അന്വേഷണം

Ayodhya Ram Temple donation theft

അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച സംഭവത്തില്‍, അറസ്റ്റിലായ എട്ട് പ്രതികളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 20 പേരുടെ ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ഇക്കാര്യം അയോധ്യ പോലീസ് ജില്ലാ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതികള്‍ക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുകയോ ചെയ്തവരാണ് ഈ 20 പേരെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാം ശങ്കര്‍ യാദവ് എന്ന ടിന്നു യാദവ്, രാംശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകല്‍പ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസില്‍ അറസ്റ്റിലായ എട്ട് പ്രതികള്‍. ഇതില്‍ ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരൊഴികെയുള്ള ആറുപേരും ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജോലിയില്‍ നേരിട്ട് പങ്കെടുത്തവരാണ്. കാണിക്ക എണ്ണുന്ന മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പണം ഒളിപ്പിച്ചു കടത്തുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

മോഷണം പോയ പണം പ്രതികള്‍ എവിടെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതുവരെ നടത്തിയ തിരച്ചിലില്‍ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയതെന്ന് കരുതുന്ന പണം, സ്വര്‍ണം, വാഹനങ്ങള്‍ എന്നിവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ഈ പണം ഉപയോഗിച്ച് പ്രതികള്‍ അനധികൃതമായി വല്ല വസ്തുവകകളും വാങ്ങിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ സഹായത്തോടെ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സമീപകാലത്ത് നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ച് പ്രദേശത്തെ പ്രോപ്പര്‍ട്ടി ഡീലര്‍മാരെയും പോലീസ് ചോദ്യം ചെയ്തു. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.

പ്രതികളുടെ വീടുകളില്‍ നിന്ന് ചില ആധാരങ്ങളും സ്വത്തുവിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും, ഇവ മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് ഇതുവരെ പൂര്‍ണ്ണമായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതികളായ സുഭാഷ് ശ്രീവാസ്തവയെയും ടിന്നു യാദവിനെയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് പ്രാദേശിക കോടതിയോട് അനുമതി തേടിയിട്ടുണ്ട്.

ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് നിയമിച്ച കാണിക്ക എണ്ണല്‍ മുറിയുടെ സൂപ്പര്‍വൈസറായിരുന്നു പ്രതിയായ സുഭാഷ് ശ്രീവാസ്തവ. മറ്റൊരു പ്രതിയായ ടിന്നു യാദവ്, മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ ഡ്രൈവറായിരുന്നു. കാണിക്ക മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ചമ്പത് റായ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. ഇവരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Content Summary; Ayodhya Police has sought revenue department details on land purchases by relatives of the 8 accused arrested in the Ram Temple donation theft case to trace the money trail

This post was last modified on July 13, 2026 7:20 am

അഴിമുഖം ഡെസ്‌ക്:
Leave a Comment