പുതിയ മുഖമായി മാണിക്കം ടഗോർ; തമിഴ്‌നാട് കോൺഗ്രസിന് രക്ഷയാകുമോ?

തമിഴ്‌നാട് പി.സി.സി അധ്യക്ഷനായി മാണിക്കം ടഗോർ വരുന്നത് സംസ്ഥാനത്ത് പാർട്ടിക്ക് പുത്തനുണർവാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.

ടി.വി.കെയുമായി സഖ്യമുണ്ടാക്കി തമിഴ്‌നാട് സർക്കാരിൽ കോൺഗ്രസിന് പങ്കാളിത്തം ഉറപ്പാക്കിയ ബി. മാണിക്കം ടഗോർ തമിഴ്‌നാട് കോൺഗ്രസിന്റെ രക്ഷകനാകുമോ? തമിഴ്‌നാട് പി.സി.സി അധ്യക്ഷനായി മാണിക്കം ടഗോർ വരുന്നത് സംസ്ഥാനത്ത് പാർട്ടിക്ക് പുത്തനുണർവാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
ദ്രാവിഡ പാർട്ടികളുടെ നിഴലായിപ്പോയതാണ് കോൺഗ്രസിനെ ദുർബലമാക്കിയതെന്ന പൊതുവെയുള്ള വിലയിരുത്തൽ ശരിവയ്ക്കുന്നതാണ് പുതിയ പ്രസിഡന്റിന്റെ നിയമനം. തമിഴക വെട്രി കഴകവുമായി (ടി.വി.കെ) സഖ്യം ഉണ്ടാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോൺഗ്രസിൽ ഉയർത്തിയത് മാണിക്കം ടഗോറിന്റെ ഗ്രൂപ്പായിരുന്നു. എന്നാൽ സ്ഥാനമൊഴിയുന്ന പി.സി.സി അധ്യക്ഷൻ കെ. സെൽവപെരുന്തകെയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അത് നടക്കാതിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ടി.വി.കെ സർക്കാരിൽ ചേരാൻ കോൺഗ്രസിന് തീരുമാനിക്കേണ്ടി വന്നതിന് പിന്നിൽ മാണിക്കത്തിന്റെ ഗ്രൂപ്പിന്റെ സമ്മർദമായിരുന്നു.
വിവിധ പാർട്ടികളുമായി സഖ്യമുള്ളപ്പോഴും കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാത്ത ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ പാർട്ടികളുടെ നയത്തിനെതിരെ വി.സി.കെ അടക്കമുള്ള പാർട്ടികൾ ഉയർത്തിയ ‘ആച്ചിയിൽ പങ്ക് അധികാരത്തിലും പങ്ക്’ എന്ന മുദ്രാവാക്യം ഏറ്റുപിടിച്ചായിരുന്നു വിരുദുനഗർ എം.പി കൂടിയായ മാണിക്കം ടഗോറിന്റെ നീക്കങ്ങൾ.
ഡി.എം.കെ സഖ്യത്തിൽ കോൺഗ്രസിന് ലഭിച്ച 28 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി നിർണയം സംബന്ധിച്ചും സെർവപെരുന്തകെയ്‌ക്കെതിരെ പരാതികൾ ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പി.സി.സി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് മുൻകൂട്ടി തന്നെ പെരുന്തകെയെക്ക് പറയേണ്ടി വന്ന. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കോൺഗ്രസ് അഞ്ച് സീറ്റിൽ ഒതുങ്ങിയത് സെൽവപെരുന്തകെയെ മാറ്റാനുള്ള നീക്കം വേഗത്തിലാക്കി. മന്ത്രിസഭയിൽ സ്ഥാനം ഉറപ്പായതോടെ ഡി.എം.കെയുമായുള്ള സഖ്യം ഉപേക്ഷിച്ച് സി. ജോസഫ് വിജയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേരാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ആറ് പതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് സർക്കാരിന്റെ ഭാഗമാകുന്നത്.
ഡി.എം.കെയുമായുള്ള സഖ്യം തുടരാനാണ് സെൽവപെരുന്തുകെ താത്പര്യപ്പെട്ടിരുന്നത്. എന്നാൽ ചെറിയൊരു സഖ്യകക്ഷിയായി ഡി.എം.കെയുടെ നിഴലിൽ നിൽക്കുന്നതിന് പകരം കോൺഗ്രസ് സർക്കാരിൽ ചേർന്ന് മുന്നോട്ടുവരണമെന്ന അഭിപ്രായമായിരുന്നു മാണിക്കം ടഗോർ ഉൾപ്പെടെയുള്ളവർക്ക്. സെൽവപെരുന്തുകെയുടെ നേതൃത്വത്തിൽ ദേശീയ നേതൃത്വത്തിൽ ചിലർക്ക് നേരത്തെ അതൃപ്തിയുണ്ടായിരുന്നു. അതിനാൽ പുതിയ പി.സി.സി അധ്യക്ഷനുണ്ടാകുമെന്ന് ആഴ്ചകൾക്കുമുമ്പുതന്നെ ഉറപ്പായിരുന്നു. കരൂർ എം.പി എസ്. ജ്യോതിമണി, ശിവഗംഗ എം.പി കാർത്തി ചിദംബരം എന്നിവരും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

Content Summary: B. Manickam Tagore’s appointment as the new Tamil Nadu Congress president is being viewed as a fresh start for the party after its disappointing Assembly election performance.

This post was last modified on June 28, 2026 3:03 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment