ബാരമുള്ള: കശ്മീര്‍ സിനിമകളുടെ ക്ലീഷേ ഇല്ലാത്ത സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍, എളുപ്പത്തില്‍ പൊളിയുന്ന പ്രൊപ്പഗാണ്ട

ആര്‍ട്ടിക്കിള്‍ 370 ന്റെ സംവിധായകന്‍ ഈ ചിത്രത്തില്‍ ഒളിപ്പിച്ചു കടത്തുന്ന രാഷ്ട്രീയം എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും

Baramulla movie review

സ്‌പോയ്‌ലര്‍ അലര്‍ട്ട്‌

ബാരമുള്ള; കശ്മീര്‍ പശ്ചാത്തലത്തില്‍ ഒരു സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍. ആദിത്യ സുഹാസ് ജംഭാലെ ആണ് സംവിധായകന്‍. ആര്‍ട്ടിക്കിള്‍ 370 ചെയ്ത അതേ ജംഭാലെ.

ഇതൊരു പട്ടാള സിനിമയല്ല. പകരം പൊലീസാണ്. ഇന്ത്യന്‍ പട്ടാളത്തെ മാറ്റി നിര്‍ത്തിയിട്ട്, ജമ്മു കശ്മീര്‍ പൊലീസിനെയാണ് ജംഭാലെ കഥ പറയാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത, കശ്മീര്‍ സിനിമകളില്‍ പ്രകൃതിസൗന്ദര്യം അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്ഥിരം ടെപ്ലേറ്റുകള്‍ സംവിധായകന്‍ മാറ്റിവച്ചു എന്നതാണ്. ബാരമുള്ളയുടെ ഗ്രാമീണതയാണ് ഉപയോഗിച്ചിരിക്കുന്നത്. പട്ടാള നായകന്റെ വീരപരാക്രമങ്ങള്‍ ഇതിലില്ല എന്നതും ആശ്വാസകരമാണ്.

ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പി റിദ്വാന്‍ സയീദാണ് കേന്ദ്ര കഥാപാത്രം. മാനവ് കൗള്‍ നല്ല വൃത്തിക്ക് ആ വേഷം ചെയ്തിട്ടുണ്ട്. മാനവ് ഉള്‍പ്പെടെ എല്ലാ അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.

പ്രബലനായൊരു രാഷ്ട്രീയ നേതാവിന്റെ കുട്ടിയെ കാണാതാകുന്നതും, ഡിഎസ്പി റിദ്വാന്‍ ആ കേസ് ഏറ്റെടുക്കാനായി ബാരമുള്ളയില്‍ എത്തുന്നതില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. റിദ്വാന്റെ കുടുംബം ബാരാമുള്ളയിലെ ഒരു ഒറ്റപ്പെട്ട വീട്ടിലാണ് താമസമാക്കുന്നത്. ഭാര്യയും രണ്ടും മക്കളും അടങ്ങുന്നതാണ് റിദ്വാന്റെ കുടുംബം. മൂത്തമകള്‍ നൂറിയും റിദ്വാനും ഇടയില്‍ നല്ല ബന്ധമല്ല. മകളുടെ മുന്നില്‍ അച്ഛന്‍ ഒരു ‘ചതിയന്‍’ ആണ്.

കുട്ടികളെ വീണ്ടും വീണ്ടും കാണാതാകുന്നു. ആരാണ് ഇതിന് പിന്നില്‍? റിദ്വാന്‍ കരുതുന്നതുപോലെ കശ്മീരിന്റെ സ്വാതന്ത്ര്യം എന്നു പറഞ്ഞു തീവ്രവാദം നടത്തുന്നവരാണോ? അതോ തീവ്രവാദികള്‍ കരുതുന്നതുപോലെ പൊലീസ് കളിക്കുന്ന നാടകമാണോ നടക്കുന്നത്? റിദ്വാന്റെ വീട്ടില്‍ അമാനുഷികമായി സംഭവിക്കുന്നവയ്ക്ക് കുട്ടികളുടെ തിരോധാനത്തില്‍ പങ്കുണ്ടോ?

ഒറ്റയിരുപ്പില്‍, എന്‍ഗേജിംഗ് ആയിരുന്നു കാണാവുന്ന ഒരു ത്രില്ലര്‍ തന്നെയാണ് ബാരമുള്ള. ജംപ് സ്‌കെയര്‍ സീനുകള്‍ ഉപയോഗിച്ചിട്ടുള്ള ഹൊറര്‍ മൂഡ് കൊണ്ടുവരാന്‍ ശ്രമിച്ച് ഒരു സാമ്പ്രദായിക പ്രേതപ്പടമാക്കി ‘അയ്യേ’ പറയിപ്പിക്കാതിരുന്നതിന് ജംഭാലെയ്ക്ക് നന്ദി. ഭയപ്പെടുത്തുന്നതിനെക്കാള്‍ വൈകാരികമായ അനുഭവമായാണ് സൂപ്പര്‍ നാച്വറല്‍ എലമെന്റുകളെ വ്യക്തിപരമായി സ്വീകരിച്ചത്.

പക്ഷേ, ഈ സിനിമയ്‌ക്കൊരു പ്രൊപ്പഗാണ്ട സ്വഭാവമുണ്ട്. പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ സിനിമ ചെയ്ത സംവിധായകനാണ് ആദിത്യ സുഹാസ് ജംഭാലെ എന്നതുകൊണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സിനിമ എന്നത് കൊണ്ടല്ല, ഇതില്‍ കുട്ടികളെ, കശ്മീരിലെ മുസ്ലിം കുട്ടികളെ അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു ശരികേടുണ്ട്. കശ്മീരില്‍ അസ്ഥിരത നിലനിര്‍ത്താന്‍ കുട്ടികളാണ് നല്ല ആയുധമെന്നും, അവിടുത്തെ കുട്ടികള്‍ വളരുന്നത് തെറ്റായ ചിന്തകളും പേറിയാണെന്നുമൊക്കെ പറയുന്നത് തന്നെയാണ് ശരികേടായി തോന്നിയത്. കശ്മീരിലെ കുട്ടികളെ അരക്ഷിതരാക്കുമ്പോള്‍, അവരുടെ മാതാപിതാക്കളെയും പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് സംവിധായകന്‍. ഒന്നുകില്‍ മാതാപിതാക്കളുടെ അനുമതിയോടെ, അല്ലെങ്കില്‍ അവരെ അപ്രസക്തരാക്കി കൊണ്ട് കുട്ടികളെ കൈവശപ്പെടുത്താന്‍ കഴിയുന്നു എന്നു പറയുകയാണ് സിനിമ.

baramulla

കുട്ടികളെ തീവ്രവാദത്തിന് വിട്ടുകൊടുക്കാതെ രക്ഷിക്കുന്ന ശക്തിയൊക്കെ, ഏതുതരം രാഷ്ട്രീയത്തിന്റെ നിര്‍മിതിയാണെന്ന് മനസിലാക്കാവുന്നതേയുള്ളൂ. എടുത്ത് പറയേണ്ട ഒന്നുണ്ട്, സുദീപ്‌തോ സെന്നും ദി താജ് റിയല്‍ സ്‌റ്റോറിയെടുത്ത് നാണംകെട്ടിരിക്കുന്ന തുഷാര്‍ അമ്‌രീഷ് ഗോയലുമൊക്കെ, എങ്ങനെ വേണം കാര്യങ്ങള്‍ പൊതിഞ്ഞു പറയാന്‍ എന്ന് ജംഭാലെയില്‍ നിന്നും പഠിക്കണം. സാമാന്യ ലോക വിവരമുള്ള പ്രേക്ഷകന് മുന്നില്‍ പെട്ടെന്ന് പൊളിയുന്നതാണ് ജംഭാലെ ഒളിപ്പിച്ചിരിക്കുന്ന രാഷ്ട്രീയമെങ്കിലും, അത് അവതരിപ്പിച്ചിരിക്കുന്നതില്‍ ഒരു വൈദഗ്ധ്യമുണ്ട്.

നീതി എല്ലാവര്‍ക്കും കിട്ടണം, അത് ഒരുപോലെ ലഭിക്കുന്നിടത്താണ് ജനാധിപത്യമുള്ളത്. കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് നീതി കിട്ടണം, ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും. പക്ഷേ, അതേ നീതി കിട്ടേണ്ടവര്‍ തന്നെയാണ് ആ നാട്ടിലെ മുസ്ലിം വിഭാഗത്തിലെ മനുഷ്യരും.

ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെന്നുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ബാരമുള്ള ഒരു ഡീസന്റ് ത്രില്ലര്‍ തന്നെയാണ്.

ടെയ്ല്‍ എന്‍ഡ്: ബാരമുള്ളയിലെ പണ്ഡിറ്റ് കുടുംബത്തിലായിരുന്നു മാനവ് കൗളിന്റെ ജനനം.

Content Summary; Baramulla, hindi movie review. Directed by Aditya Suhas Jambhale. starring Manav kaul

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

This post was last modified on November 8, 2025 8:43 pm

രാകേഷ് സനല്‍: ന്യൂസ് എഡിറ്റര്‍, അഴിമുഖം
Leave a Comment