ഛത്തീസ്ഗഢില്‍ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകള്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ട നിലയില്‍

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ തിങ്കളാഴ്ച മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാല് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബീജാപ്പൂരിലെ നക്‌സല്‍ ബാധിത പ്രദേശമായ കുത്രു ഗ്രാമത്തിലൂടെ ബസില്‍ പോകവേയാണ് പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അവരെ വധിച്ചതെന്ന് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ സുഖ്‌നന്ദന്‍ റാത്തോഡ് പറഞ്ഞു. ഒരു അര്‍ദ്ധ സൈനിക ക്യാമ്പില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ വനമേഖലയിലെ റോഡിനരികിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ആഭ്യന്തര മന്ത്രിയായ റാം സേവക് പൈക്ര പറഞ്ഞു. ജയ്‌ദേവ് യാദവ്, മംഗള്‍ സോദി, രാജു തേല, രാമ മജ്ജി എന്നിവരാണ് കൊല്ലപ്പെട്ട പൊലീസുകാര്‍ ഇവര്‍ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പൊലീസിനെ സഹായിക്കുന്നവരാണ്. കുത്രുവില്‍ സാധാരണക്കാരുടെ വാഹനങ്ങളില്‍ പരിശോധന നടത്തവേ ബസില്‍ പൊലീസുകാരെ കണ്ട മാവോയിസ്റ്റുകള്‍ അവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊണ്ടുപോകുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയവരെ കണ്ടെത്താനായി വനത്തിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്.

This post was last modified on December 27, 2016 3:13 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment