കാനഡയില്‍ വരും വര്‍ഷങ്ങളില്‍ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ കാലാവധി കഴിയുന്നതാണ് ഇതിന് പ്രധാന കാരണം. ഇതില്‍ പകുതിയോളം പേര്‍ ഇന്ത്യക്കാരാണെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് കന്‍വര്‍ സെയ്റ, ഐആര്‍സിസിയില്‍ (IRCC) നിന്ന് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2025 അവസാനം ഏകദേശം 1,053,000 വര്‍ക്ക് പെര്‍മിറ്റുകളുടെ കാലാവധി തീര്‍ന്നു. ഈ വര്‍ഷം ഏകദേശം 9,27,000 പെര്‍മിറ്റുകള്‍ കൂടി കാലഹരണപ്പെടും.
കാലാവധി കഴിയുന്ന വര്‍ക് പെര്‍മിറ്റുകളില്‍ പകുതിയോളം ഇന്ത്യക്കാരുടേതാണ് എന്നത് നിലവിലെ സാഹചര്യത്തെ സങ്കീര്‍ണമാക്കുന്നു. പെര്‍മിറ്റുകള്‍ പുതുക്കാനോ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാനോ സാധിക്കാതെ വന്നാല്‍, വലിയൊരു വിഭാഗം ആളുകള്‍ രേഖകളില്ലാതെ കാനഡയില്‍ തുടരേണ്ട സാഹചര്യത്തിന് ഇടയാക്കും.
കാനഡയുടെ പുതിയ കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍, പെര്‍മിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാന്‍ തയ്യാറാകാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കും. ഇത് കാനഡയിലെ കുടിയേറ്റ സംവിധാനത്തിന് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. മിസിസാഗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റ് ആയ കന്‍വര്‍ സെയ്‌റയാണ് നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
വര്‍ക്ക് പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതോടെ മറ്റൊരു വിസയിലേക്കോ സ്ഥിരതാമസത്തിലേക്കോ മാറാന്‍ സാധിക്കാത്തവര്‍ക്ക് കാനഡയിലെ നിയമപരമായ താമസത്തിനുള്ള അവകാശം നഷ്ടമാകും. താല്‍ക്കാലിക തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കുടിയേറ്റ നിയമങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ വന്‍തോതില്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനുപുറമെ, അഭയാര്‍ത്ഥി അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മറ്റ് വിസകളിലേക്ക് മാറാനുള്ള സാധ്യതകളെ സങ്കീര്‍ണ്ണമാക്കുന്നു.
ഇത്രയധികം ആളുകള്‍ക്ക് ഒരേസമയം രാജ്യത്ത് തുടരാനുള്ള നിയമപരമായ അനുമതി നഷ്ടപ്പെടുന്ന സാഹചര്യം കാനഡ ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടില്ലെന്ന് കന്‍വര്‍ സെയ്റ മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ഏകദേശം 3,15,000 പേര്‍ക്ക് അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്നാണ് സൂചന. 2025ന്റെ അവസാന പാദത്തില്‍ 2,91,000-ലധികം ആളുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചിരുന്നു. ഇതിനേക്കാള്‍ വലിയൊരു വര്‍ധനവാണ് 2026-ന്റെ തുടക്കത്തില്‍ കാത്തിരിക്കുന്നത്.
2026 പകുതിയോടെ കാനഡയില്‍ നിയമപരമായ താമസരേഖകളില്ലാത്തവരുടെ എണ്ണം 20 ലക്ഷം കടന്നേക്കുമെന്ന് കന്‍വര്‍ സെയ്റ മുന്നറിയിപ്പ് നല്‍കുന്നു. ഇതില്‍ പകുതിയോളം പേരും ഇന്ത്യക്കാരായിരിക്കും.
Content Summary: Canada tightens immigration rules; over one million Indians face looming crisis
This post was last modified on January 3, 2026 3:34 pm
Leave a Comment