കേപ് വെര്‍ദെ ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡിസിനെതിരെ ബലാത്സംഗ അന്വേഷണം

ലോകകപ്പ് ആവേശത്തിനിടെ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും വിവാദം

Ryan Mendes rape allegation

ലോകകപ്പില്‍ മിന്നും പ്രകടനവുമായി മുന്നേറുന്ന കേപ് വെര്‍ദെ ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡിസിനെതിരെയുള്ള ബലാത്സംഗ അന്വേഷണം. കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഫിഫ സീരീസ് സൗഹൃദ മത്സരങ്ങള്‍ക്കിടെ ബ്രസീലിയന്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് ന്യൂസിലാന്‍ഡ് പോലീസ് മെന്‍ഡിസിനെതിരെ അന്വേഷണം നടത്തുന്നത്. ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് നിരവധി രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ താരത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഫിഫ സീരീസ് ടൂര്‍ണമെന്റിന്റെ ഭാഗമായി ടീമിനൊപ്പം ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ട ബ്രസീലിയന്‍ യുവതിയാണ് മെന്‍ഡിസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. താരം തന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നിലവില്‍ കേസില്‍ അന്വേഷണം തുടരുകയാണെന്നും താരത്തിനെതിരെ ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. മുന്‍പ് മെയ് മാസത്തില്‍ ഒരു കേപ് വെര്‍ദെ താരത്തിനെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ഇപ്പോഴാണ് അത് ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡിസ് തന്നെയെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ പ്രതികരിക്കാന്‍ കേപ് വെര്‍ദെ ഫുട്‌ബോള്‍ ഫെഡറേഷനോ താരത്തിന്റെ പ്രതിനിധികളോ തയ്യാറായിട്ടില്ല.

കേപ് വെര്‍ദെയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതുമായ താരമാണ് 36-കാരനായ റയാന്‍ മെന്‍ഡിസ്. നിലവില്‍ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെ ടീമിലെ പ്രധാനിയായ അദ്ദേഹം ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനെ സമനിലയില്‍ തളച്ച് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിക്ക് തുടക്കമിട്ട കേപ് വെര്‍ദെ, പിന്നീട് യുറുഗ്വായ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടും സമനില പാലിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ലോകകപ്പ് നോക്കൗട്ടിലെത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതിയുമായി നില്‍ക്കുന്ന കേപ് വെര്‍ദെയ്ക്ക്, ജൂലൈ 3-ന് മിയാമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ (റൗണ്ട് ഓഫ് 32) മത്സരത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വലിയ തിരിച്ചടിയായിരിക്കുന്നത്.

ഫുട്‌ബോള്‍ ലോകത്ത് കളിക്കാര്‍ക്കെതിരെ ഉയരുന്ന ലൈംഗിക അതിക്രമ ആരോപണങ്ങളെ കായികരംഗം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന ചോദ്യം ഈ സംഭവത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. മെന്‍ഡിസിനെ കൂടാതെ നിലവില്‍ ലോകകപ്പില്‍ കളിക്കുന്ന മറ്റ് രണ്ട് പ്രമുഖ താരങ്ങളും സമാനമായ കടുത്ത നിയമനടപടികള്‍ നേരിടുന്നുണ്ട്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് ഒന്നിലധികം ബലാത്സംഗ കേസുകള്‍ ചുമത്തിയ ഘാന താരം തോമസ് പാര്‍ട്ടിക്ക് കാനഡയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത് കഴിഞ്ഞ മാസം വാര്‍ത്തയായിരുന്നു. കൂടാതെ, മൊറോക്കോ ക്യാപ്റ്റനും പി.എസ്.ജി താരവുമായ അഷ്‌റഫ് ഹക്കീമി ഫ്രാന്‍സില്‍ ബലാത്സംഗക്കേസില്‍ വിചാരണ നേരിടാന്‍ പോവുകയാണെന്ന വാര്‍ത്തയും അടുത്തിടെയാണ് പുറത്തുവന്നത്. താന്‍ നിരപരാധിയാണെന്നും വിചാരണയിലൂടെ സത്യം പുറത്തുവരുമെന്നും ഹക്കീമി വ്യക്തമാക്കിയിട്ടുണ്ട്.

ലൈംഗിക അതിക്രമ ആരോപണങ്ങളെ ഫിഫ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫിഫ വക്താവ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃത്യമായ സംവിധാനങ്ങളുണ്ടെന്നും ന്യൂസിലാന്‍ഡ് അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വ്യക്തമാക്കിയ ഫിഫ, എന്നാല്‍ സ്വതന്ത്ര ജുഡീഷ്യല്‍ നടപടികള്‍ നടക്കുന്നതിനാല്‍ നിലവില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

Content Summary; Cape Verde football captain Ryan Mendes is under police investigation in New Zealand over allegations of raping a woman during a FIFA Series event

This post was last modified on July 1, 2026 8:38 am

അഴിമുഖം ഡെസ്‌ക്:
Leave a Comment