സി.ബി.എസ്.ഇ ഈ വര്‍ഷം നടപ്പിലാക്കിയ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനമായ ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ്’ (ഒഎസ്എം) ആണ് ഇപ്പോള്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്കും നിയമനടപടികള്‍ക്കും വഴിവെച്ചരിക്കുന്നത്. എന്നാല്‍ ഏറ്റവും ഗൗരവമായ കാര്യം, പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ഡ്രൈ റണ്ണില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ഉന്നയിച്ച ഗുരുതരമായ സാങ്കേതിക മുന്നറിയിപ്പുകളെല്ലാം പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ടാണ് ബോര്‍ഡ് അധികൃതര്‍ ഈ സംവിധാനം ധൃതിപിടിച്ച് നടപ്പിലാക്കിയത് എന്നതാണ്. കുറഞ്ഞത് ഒരു വര്‍ഷത്തെ ട്രയല്‍ റണ്ണും കൃത്യമായ പരിഹാരനടപടികളും ഇല്ലാതെ ഈ സംവിധാനം നടപ്പിലാക്കരുതെന്ന നിര്‍ദ്ദേശം അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പൂര്‍ണ സജ്ജമായ മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളും, കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ പരിശീലനം ലഭിച്ച അധ്യാപകരും ഉണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം വിജയകരമാകൂ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, സുതാര്യവും തെറ്റില്ലാത്തതുമായ മാര്‍ക്കിങ്ങിന് ആവശ്യമായ പരിശീലനം നല്‍കാന്‍ ബോര്‍ഡ് തയ്യാറായില്ല എന്നതാണ് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയത്.
ഫെബ്രുവരി 17-ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ്, ജനുവരി പകുതിയോടെ ഡല്‍ഹിയിലെ അഞ്ച് പ്രമുഖ സ്‌കൂളുകളെ പങ്കെടിപ്പിച്ചാണ് സി.ബി.എസ്.ഇ മൂന്ന് ദിവസത്തെ പൈലറ്റ് പ്രോജക്ട് നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളായ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവയിലെ പ്രിന്‍സിപ്പല്‍മാര്‍, വിഷയ വിദഗ്ധര്‍, മൂല്യനിര്‍ണ്ണയ വിദഗ്ധര്‍ എന്നിവരാണ് ഇതില്‍ പങ്കെടുത്തത്. ഈ മൂന്ന് ദിവസത്തെ പരിശോധനയില്‍ സിസ്റ്റത്തിന്റെ സാങ്കേതികവും പ്രവര്‍ത്തനപരവുമായ 36-ഓളം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഇവര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഒന്നാം ദിവസം കണ്ടെത്തിയ പിഴവുകള്‍ മൂന്നാം ദിവസം പരിശോധന അവസാനിക്കുമ്പോഴും പരിഹരിക്കാന്‍ സോഫ്റ്റ്വെയര്‍ കമ്പനിക്കായില്ല എന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സോഫ്റ്റ്വെയറിലെ പിഴവുകള്‍ കാരണം അഡീഷണല്‍ ഹെഡ് എക്‌സാമിനര്‍ (എഎച്ച്ഇ) ഒരാള്‍ക്ക് 1.5 മാര്‍ക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ സിസ്റ്റത്തില്‍ അത് ‘മൈനസ് 1.5 (മാര്‍ക്ക് കുറയുന്ന രീതിയില്‍) ആയാണ് രേഖപ്പെടുത്തപ്പെട്ടത്. ഈ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. കൂടാതെ സി.ബി.എസ്.ഇ നല്‍കിയ യഥാര്‍ത്ഥ മാര്‍ക്കിങ് സ്‌കീമും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണിച്ച മാര്‍ക്കിങ് ഘടനയും തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. പല ചോദ്യങ്ങളുടെയും ഉപചോദ്യങ്ങളില്‍ ഒന്നിന്റെ മാര്‍ക്ക് മാത്രമാണ് സിസ്റ്റം കാണിച്ചത്. ചിലയിടങ്ങളില്‍ മാര്‍ക്കിങ് സ്‌കീമില്‍ ഇല്ലാതിരുന്നിട്ടും 0.5 മാര്‍ക്ക് ‘പാര്‍ഷ്യല്‍ മാര്‍ക്കിങ്’ ആയി നല്‍കാന്‍ സിസ്റ്റം അധ്യാപകരെ നിര്‍ബന്ധിതരാക്കി. ‘അണ്‍ഡു’ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ കമ്പ്യൂട്ടറുകള്‍ അടിക്കടി ഹാങ്ങ് ആവുകയും, മൂല്യനിര്‍ണ്ണയം നടത്തുന്ന വിവരങ്ങള്‍ സ്വയമേവ സേവ് ആകാതിരിക്കുകയും ചെയ്തു. ഏറ്റവും രസകരവും അപകടകരവുമായ വസ്തുത, കുട്ടി എഴുതാത്ത ചോദ്യങ്ങളുടെ നമ്പരിലോ ശൂന്യമായ പേജുകളിലോ ക്ലിക്ക് ചെയ്താല്‍ പോലും മാര്‍ക്ക് രേഖപ്പെടുത്താന്‍ ഈ സോഫ്റ്റ്വെയര്‍ അനുവദിച്ചിരുന്നു എന്നതാണ്. അധ്യാപകര്‍ക്ക് പരസ്പരം ചര്‍ച്ച ചെയ്ത് അന്തിമ മാര്‍ക്കിലേക്ക് എത്താനുള്ള അവസരം ഈ സിസ്റ്റം ഇല്ലാതാക്കിയെന്നും, ഇത് ക്യത്യമല്ലാത്ത മൂല്യനിര്‍ണ്ണയത്തിന് കാരണമാകുമെന്നും വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു.
മെയ് 13-ന് പരീക്ഷാ ഫലം വന്നതോടെ വിദ്യാര്‍ത്ഥികള്‍ വ്യാപകമായ പരാതികളുമായി രംഗത്തെത്തി. തങ്ങള്‍ക്ക് ലഭിച്ച ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികളില്‍ പല ഉത്തരങ്ങളും നോക്കാതെ വിട്ടതായും, ചിലത് ഭാഗികമായി മാത്രം നോക്കിയതായും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. സ്‌കാന്‍ ചെയ്ത പേജുകള്‍ വ്യക്തതയില്ലാത്തവയും, പേജുകള്‍ പരസ്പരം മാറിപ്പോയ അവസ്ഥയിലുമായിരുന്നു. തങ്ങള്‍ എഴുതാത്ത ഉത്തരങ്ങള്‍ക്ക് തങ്ങളുടെ പേരില്‍ മാര്‍ക്ക് നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചു. സി.ബി.എസ്.ഇ ചെയര്‍മാന്‍ രാഹുല്‍ സിങ്, ബോര്‍ഡ് സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത എന്നിവരെ പദവികളില്‍ നിന്ന് നീക്കുകയും ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയത്തിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു.
നേരത്തെ, 2025 ജൂണില്‍ നടന്ന സി.ബി.എസ്.ഇ ഗവേണിങ് ബോഡി മീറ്റിംഗില്‍ വിവിധ റീജിയണല്‍ ഓഫീസുകളുടെ കീഴില്‍ വിപുലമായ പൈലറ്റ് പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഒഎസ്എം നടപ്പിലാക്കാവൂ എന്ന് അംഗങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായി അവഗണിച്ചാണ് ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളില്‍ മാത്രം ഒതുങ്ങുന്ന രീതിയില്‍ ബോര്‍ഡ് മുന്നോട്ട് പോയത്.
അതേസമയം, ഡ്രൈ റണ്ണിന് ശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തിയിരുന്നതായാണ് സി.ബി.എസ്.ഇ പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ അവകാശപ്പെടുന്നത്. തുടക്കത്തില്‍ ഇല്ലാതിരുന്ന സേവ് ഓപ്ഷന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതായും, മാര്‍ക്കുകള്‍ ഡിലീറ്റ് ചെയ്യാനുള്ള പ്രക്രിയ ലളിതമാക്കിയതായും ബോര്‍ഡ് പറയുന്നു. ഇന്റര്‍നെറ്റ് വേഗതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെര്‍വര്‍ ശേഷി വര്‍ദ്ധിപ്പിക്കുകയും, സ്റ്റാറ്റിക് ഐ.പി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. കുട്ടികള്‍ എഴുതിയ ഉത്തരം മറയ്ക്കുന്ന രീതിയിലുണ്ടായിരുന്ന മാര്‍ക്ക് ഡിസ്പ്ലേയുടെ സ്ഥാനം മാറ്റിയെന്നും, ഹെഡ് എക്‌സാമിനര്‍മാര്‍ക്കും മറ്റ് മൂല്യനിര്‍ണ്ണയകര്‍ക്കും തിരിച്ചറിയാനായി പരമ്പരാഗത രീതിയിലേത് പോലെ വ്യത്യസ്ത കളര്‍ കോഡിങ് ഏര്‍പ്പെടുത്തിയെന്നും സി.ബി.എസ്.ഇ അവകാശപ്പെടുന്നുണ്ടെങ്കിലും ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ ക്രമക്കേടുകള്‍ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്.
കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്
Content Summary; CBSE Class 12 digital evaluation row: Authorities ignored dry run warnings on the glitchy On-Screen Marking (OSM) system, leading to result errors and a high-level inquiry.
This post was last modified on June 3, 2026 12:11 pm
Leave a Comment