സെന്‍ട്രല്‍ വിസ്ത നവീകരണം; കൃഷിഭവന്‍ വളപ്പിലെ ഖദീമി മസ്ജിദിന്റെ കാര്യത്തില്‍ ആശങ്ക

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയെ നിര്‍മാണ പ്രവര്‍ത്തികള്‍ ബാധിക്കില്ലെന്നായിരുന്നു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്‌

Central vista-krishi bhavan masjid

സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയിലെ കൃഷി ഭവന്‍ വളപ്പിലുള്ള നൂറ്റാണ്ടിലധികം പഴക്കമുള്ള ഖദീമി മസ്ജിദ് പൊളിച്ചേക്കുമെന്ന് ആശങ്ക. ഡല്‍ഹി ഹൈക്കോടതിയില്‍ 2024-ല്‍ ഡല്‍ഹി വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ആശങ്ക ശക്തമായിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടേതായി സര്‍ക്കാര്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ടെന്‍ഡര്‍ രേഖകളിലെ മാപ്പില്‍ ഈ പള്ളി നിലനില്‍ക്കുന്ന ഭാഗം ഒഴിവാക്കപ്പെട്ടത് വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്.

2021-ല്‍ ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍, മസ്ജിദിനെ ബാധിക്കുന്ന തരത്തിലുള്ള പ്ലാനുകള്‍ നിലവില്‍ സര്‍ക്കാരിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2024 ജൂലൈയില്‍ ഹൈക്കോടതി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി തള്ളിയത്. എന്നാല്‍, കഴിഞ്ഞ മാസം സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കൃഷി ഭവന്റെയും ശാസ്ത്രി ഭവന്റെയും പുനര്‍വികസനത്തിനായി പുറത്തിറക്കിയ ടെന്‍ഡറിലെ വിശദമായ രേഖകള്‍ പരിശോധിക്കുമ്പോള്‍ പള്ളി ഇരിക്കുന്ന ഭാഗം നിര്‍ദ്ദിഷ്ട പുതിയ കെട്ടിടത്തിന്റെ മാപ്പില്‍ കാണാനില്ല. നീക്കം ചെയ്യപ്പെടേണ്ട കെട്ടിടങ്ങളുടെ പട്ടികയില്‍ പള്ളിയുടെ പേര് ഔദ്യോഗികമായി ചേര്‍ത്തിട്ടില്ലെങ്കിലും, നിര്‍മ്മാണ മാപ്പില്‍ നിന്നുള്ള ഈ ഒഴിവാക്കല്‍ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൃഷി ഭവന് ഉള്ളിലെ ഈ പള്ളിക്ക് നൂറു വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും, ചുറ്റുമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളേക്കാള്‍ പഴക്കം ഇതിനുണ്ടെന്നുമാണ് വഖഫ് ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ് ഇവിടെ പ്രധാനമായും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമല്ലെങ്കിലും, 1970-ലെ ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച വഖഫ് സ്വത്തുക്കളുടെ പട്ടികയില്‍ ഈ പള്ളി ഇടംപിടിച്ചിട്ടുണ്ട്. പള്ളിയുടെ ബേസ്മെന്റില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള പ്രത്യേക സൗകര്യവും നിലവിലുണ്ട്.

സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി 10 കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതിനായി നിലവിലുള്ള പല സര്‍ക്കാര്‍ ഓഫീസുകളും പൊളിച്ചുനീക്കും. ശാസ്ത്രി ഭവനും കൃഷി ഭവനും നില്‍ക്കുന്ന പ്ലോട്ട് നമ്പര്‍ 120-ല്‍ സിസിഎസ് 4, സിസിഎസ് 5 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി 3,006 കോടി രൂപയുടെ ടെന്‍ഡറാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 24 മാസം കൊണ്ട് ഈ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ ശേഷമായിരിക്കും പുതിയവ നിര്‍മ്മിക്കുക എന്ന് ബിഡ് രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

മുന്‍പും സമാനമായ രീതിയില്‍ പുനര്‍വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി നിന്നിരുന്ന മൗലാനാ ആസാദ് റോഡിലെ ഒരു പള്ളിയും ക്ഷേത്രവും ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു. മാന്‍സിങ് റോഡിലെ മസ്ജിദ് സബ്ത ഗഞ്ച്, റെഡ്‌ക്രോസ് റോഡിലെ ജമാ മസ്ജിദ്, സുനേഹരി ബാഗ് റോഡിലെ പള്ളിയും മസാറും, കൃഷി ഭവനിലെ പള്ളി, മൗലാനാ ആസാദ് റോഡിലെ പള്ളി എന്നിങ്ങനെ ആറ് വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വഖഫ് ബോര്‍ഡ് 2021-ല്‍ കോടതിയെ സമീപിച്ചത്. ഇതില്‍ കൃഷി ഭവനിലെ പള്ളിയൊഴികെ മറ്റുള്ളവ പുതിയ കെട്ടിടങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പ്ലോട്ടുകള്‍ക്ക് പുറത്താണ്.

പള്ളികള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നതായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അമാനത്തുള്ള ഖാന്‍ ചൂണ്ടിക്കാട്ടിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2023-ല്‍ ബോര്‍ഡിന്റെ കാലാവധി അവസാനിച്ചതിനാല്‍ നിലവില്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിട്ടില്ല. പള്ളികള്‍ക്ക് ഭീഷണി നേരിടുന്ന പക്ഷം വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പുതിയ ടെന്‍ഡര്‍ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും നല്‍കിയിട്ടില്ല എന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Summary; Central Vista upgrade Krishi Bhawan Qadeemi Masjid mosque not in new building plan

This post was last modified on February 12, 2026 8:29 am

അഴിമുഖം ഡെസ്‌ക്:
Leave a Comment