കേരളത്തിലെ പ്രമാദമായ കേസുകളില്‍ ഒന്നാണ് ബിന്ദു പത്മനാഭന്‍ തിരോധനം. 2017 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതക കേസായി മാറി. ബിന്ദു തിരോധാനത്തില്‍ മുഖ്യമായും സംശയിക്കപ്പെട്ട സിഎം സെബാസ്റ്റ്യന്‍ തന്നെയാണ് കൊലപാതക കുറ്റം സമ്മതിച്ചിരിക്കുന്നത്. (ഒന്നര ലക്ഷത്തിനായി ഒരു അരുംകൊല!, ബിന്ദുവിനെ ചാരമാക്കിയ ‘അമ്മാവന്‍’) ഏകദേശം 19 വര്‍ഷം മുമ്പ് ബിന്ദു കൊല്ലപ്പെട്ടിരുന്നു. ഇക്കാലമത്രയും സെബാസ്റ്റ്യന്‍ മൂടിവച്ചിരുന്ന സത്യം പുറത്തു വരുമ്പോള്‍, ഇതിനു പിന്നില്‍ നടന്നിരുന്ന പല കാര്യങ്ങളും ഒരു ക്രൈം ത്രില്ലര്‍ സിനിമയെ ഓര്‍മിപ്പിക്കുന്നതാണ്. പൊലീസ് റിപ്പോര്‍ട്ടുകളെയും നേരിട്ട് സംസാരിച്ചവര്‍ നല്‍കിയ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഈ പരമ്പരയില്‍ ആ കാര്യങ്ങളാണ് പറയുന്നത്.
വളയം പിടിക്കാനറിയാത്ത ഡ്രൈംവിംഗ് സ്‌കൂള്‍ ഉടമ
മേട്ടുപാളയത്തെ ടിടിസി വര്‍ക് ഷോപ്പിന് എതിര്‍വശത്തായിരുന്നു ‘സത്യ’ ഡ്രൈവിംഗ് സ്‌കൂള്‍. 1989 ല്‍ തുടങ്ങി, 1994 ല്‍ അവസാനിപ്പിച്ച ആ സ്ഥാപനം ഷണ്‍മുഖത്തിന്റെതായിരുന്നു. മേട്ടുപാളയം മഹാദേവിപുരത്തെ, ചിന്നസ്വാമി മകന്‍ ഷണ്‍മുഖം.
വണ്ടിയോടിക്കാന്‍ അറിയാത്ത ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായിരുന്നു ഷണ്‍മുഖം!
ഡ്രൈവിംഗ് സ്‌കൂളിന് പൂട്ടിട്ടശേഷം ഷണ്‍മുഖത്തിന് പ്രത്യേകിച്ചൊരു പണി ഇല്ലായിരുന്നു. പല പണിക്കും പോകും. ആ കൂട്ടത്തില്‍ ഒന്നായിരുന്നു ലോറിയിലെ ക്ലീനര്‍ വേഷം.
മേട്ടുപാളയം-ചേര്‍ത്തല റൂട്ട്
കോയമ്പത്തൂരില്‍ നിന്നും ചേര്‍ത്തല, പള്ളിപ്പുറത്തുള്ള സിമന്റ് ഫാക്ടറിയിലേക്കു പോയിരുന്ന ലോറിയിലും ക്ലീനറായി ഷണ്‍മുഖം ഉണ്ടായിരുന്നു. ട്രിപ്പ്. കോയമ്പത്തൂരില്‍ നിന്നും വരുന്ന ലോറിക്കാരുടെ ഇടത്താവളമായിരുന്നു ചേര്‍ത്തലയിലെ നാഷണല്‍ ലോറി ബ്രോക്കര്‍ ഓഫിസ്. ഷണ്‍മുഖവും അവിടുത്തെ സന്ദര്‍ശകനായി.
തമിഴ്‌നാട്ടില്‍ നിന്നും അക്കാലത്ത് വണ്ടിയോടിച്ചു കാണിക്കാതെയും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുമായിരുന്നു. ഈ രഹസ്യം ലോറി ഡ്രൈവര്‍മാര്‍ നാഷണല്‍ ലോറി ബ്രോക്കര്‍ ഓഫിസിലെ ‘മീശക്കാരനോട്’ പങ്കുവച്ചിരുന്നു. മീശക്കാരന്‍ അതിലൊരു ലാഭം കണ്ടു. കേരളത്തിലുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്നും ലൈസന്‍സ് എടുത്തു കൊടുക്കുക! അയാള്‍ പലരെയും ലൈന്‍സന്‍ എടുക്കാന്‍ വേണ്ടി തമിഴ്‌നാട്ടിലേക്കു പറഞ്ഞയച്ചു.
വണ്ടിയോടിക്കാന്‍ അറിയാത്ത ഷണ്‍മുഖം എന്തിന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തി എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്; ഷണ്‍മുഖത്തിന് ആര്‍ടിഒ ഓഫിസുകളില്‍ നല്ല പിടിയായിരുന്നു. തിരൂര്‍, കോയമ്പത്തൂര്‍, മേട്ടുപാളയം ആര്‍ടിഒ ഓഫിസുകളിലെ സ്വാധീനമുള്ളൊരു ബ്രോക്കര്‍ ആയിരുന്നു. ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ശരിയാക്കി കൊടുക്കാനും, വണ്ടികള്‍ക്ക് ഫിനാന്‍സ് തരപ്പെടുത്താനുമൊക്കെ ഷണ്‍മുഖം രംഗത്തുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ചിലര്‍ മേട്ടുപ്പാളയത്തുകാരന്‍ ഷണ്‍മുഖവുമായി ബിസിനസ് ഡീല്‍ ഉണ്ടാക്കി. അതിലൊരാളായിരുന്നു തങ്കച്ചന്‍.
ചേര്‍ത്തല മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ ജോലിക്കാരനായിരുന്നു ആ സമയം തങ്കച്ചന്‍. ചേര്‍ത്തല, വരനാട് പ്രവര്‍ത്തിച്ചിരുന്ന മാക്ഡവല്‍ കമ്പനി ജീവനക്കാരനായിരുന്നുവെങ്കിലും തൊഴില്‍ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ അവിടെ നിന്നും ഇറങ്ങി.
പള്ളിപ്പുറത്തെ വ്യാപാരിയായ സുനില്‍ മേട്ടുപാളയത്ത് നിന്നും ലൈസന്‍സ് എടുത്തവരില്‍ ഒരാളായിരുന്നു. അന്ന് സുനിലിനൊപ്പം തങ്കച്ചനും പോയിരുന്നു. ടൂ വീലറിന്റെയും ഫോര്‍ വീലറിന്റെയും ലൈസന്‍സ് സുനില്‍ എടുത്തത് ഷണ്‍മുഖത്തിന്റെ ‘സത്യ’ ഡ്രൈവിംഗ് സ്‌കൂള്‍ വഴിയായിരുന്നു.
2,400 രൂപയ്ക്ക് ലൈസന്‍സ്
പിന്നീട് നാഷണല്‍ ലോറി ബ്രോക്കര്‍ ഓഫിസില്‍ വച്ച് സുനില്‍ തങ്കച്ചനെ ഷണ്‍മുഖത്തിന് പരിചയപ്പെടുത്തി. അവിടെ നിന്നാണ് ഷണ്‍മുഖവും തങ്കച്ചനും തമ്മിലുള്ള ഇടപാടുകള്‍ തുടങ്ങുന്നത്. ഒരു ലൈസന്‍സിന് 2,400 രൂപയാണ് ഫീസ്. രണ്ടായിരം ഷണ്‍മുഖം എടുക്കും, 400 തങ്കച്ചന്. ഏഴോളം പേര്‍ക്ക് തങ്കച്ചന്‍ ‘മേട്ടുപാളയം’ ലൈസന്‍സ് തരപ്പെടുത്തി കൊടുത്തിരുന്നു. അതിലൊരാളായിരുന്നു കണ്ണന്‍.
2015 കാലം. പുതിയൊരു ലൈസന്‍സിനായി ഷണ്‍മുഖത്തെ തേടി തങ്കച്ചന്‍ എത്തുന്നു. ആ ലൈന്‍സിന് ഷണ്‍മുഖത്തെ സംബന്ധിച്ച് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീക്ക് വേണ്ടി ലൈസന്‍സ് എടുത്തുകൊടുക്കാന്‍ ആവശ്യപ്പെടുന്നത്.
വീണ്ടുമൊരു ഡീല്‍
തങ്കച്ചന്‍ നേരിട്ട് ഇടപ്പെട്ട കേസായിരുന്നില്ലത്. കണ്ണന്‍ വഴി വന്ന ഡീല്‍ ആയിരുന്നു. ചേര്‍ത്തല പള്ളിപ്പുറത്ത് വടക്കുംകര എന്നൊരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ വടക്കു വശത്തു കൂടി പോകുന്ന റോഡില്‍ വച്ചായിരുന്നു ഡീല്‍ ഉറപ്പിച്ചത്. അവിടെ കണ്ണനൊപ്പം മറ്റൊരു വ്യക്തി കൂടിയായുണ്ടായിരുന്നു.
തങ്കച്ചന് അപരിചിതനായിരുന്ന ആ വ്യക്തിയായിരുന്നു ലൈസന്‍സിന്റെ ആവശ്യക്കാരന്‍. ആ അപരിചിതനും തങ്കച്ചനുമായുള്ള ഇടപാടിന്റെ ഇടനിലക്കാരനായിരുന്നു കണ്ണന്‍. മേസ്തരി പണിക്കാരനായ കണ്ണന്‍ അയാളുടെ വീട്ടില്‍ പണിക്കു പോയിരുന്നു. ആ പരിചയത്തിലാണ്, തനിക്ക് പണ്ട് ലൈസന്‍സ് ഒപ്പിച്ചു തന്ന തങ്കച്ചന്റെ സഹായം അയാള്‍ക്ക് കണ്ണന്‍ വാഗ്ദാനം ചെയ്യുന്നത്.
അപരിചിതന്‍ നാലു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും, തിരിച്ചറിയല്‍ രേഖയായി എസ്എല്‍എസ് ബുക്കിന്റെ മുന്‍പേജിന്റെ കോപ്പികളും ഒരു കവറില്‍ ഇട്ട് തങ്കച്ചനെ ഏല്‍പ്പിച്ചു, 24,00 രൂപയും. ചേര്‍ത്തല കണ്ടമംഗലം സ്‌കൂളില്‍ നിന്നും 1987 ല്‍ പാസായ ഒരു പെണ്‍കുട്ടിയുടെ എസ്എസ്എല്‍സി ബുക്കിന്റെ കോപ്പിയായിരുന്നു അവ.
തങ്കച്ചന്‍ മേട്ടുപാളയത്തേക്ക് വണ്ടി കയറി.
15 ദിവസത്തെ സമയമാണ് ഷണ്‍മുഖം ചോദിച്ചത്. ലൈസന്‍സ് റെഡിയായാല്‍ പോസ്റ്റല്‍ വഴി അയക്കും. കാര്യങ്ങള്‍ സമ്മതിച്ച്, പണവും ഫോട്ടോയും എസ്എസ്എല്‍സി ബുക്കിന്റെ കോപ്പികളും തങ്കച്ചന്‍ ഷണ്‍മുഖത്തിന് കൈമാറി. ലൈസന്‍സ് കിട്ടാന്‍ തമിഴ്‌നാട്ടിലെ മേല്‍വിലാസം വേണം. ഒരു വ്യാജവിലാസം ഉണ്ടാക്കി ഷണ്‍മുഖം ആ പ്രശ്‌നം നിസാരമായി പരിഹരിച്ചു.
7025/N/2007 നമ്പര്‍ ലൈസന്‍സ്
പറഞ്ഞ പ്രകാരം 15 ദിവസങ്ങള്‍ കഴിഞ്ഞ് 7025/N/2007 എന്ന നമ്പരില്‍ സേലം വെസ്റ്റ് ആര്‍ടിഒ യില്‍ നിന്നും 2007 ഒക്ടോബര്‍ 19 ന് ഇഷ്യു ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് തങ്കച്ചന്റെ വിലാസത്തില്‍ എത്തി. പിറ്റേദിവസം തന്നെ കണ്ണനെ വിളിച്ചു കാര്യം പറഞ്ഞു. ലൈസന്‍സിനായി കാശ് മുടക്കിയ വ്യക്തിയുമായി കണ്ണന്‍ എത്തി. ലൈസന്‍സും വാങ്ങി പോകുന്ന നേരമാണ്, ഇതാര്‍ക്ക് വേണ്ടിയാണെന്ന് തങ്കച്ചന്‍ അയാളോട് ചോദിച്ചത്. മറുപടി ഹ്രസ്വമായിരുന്നു; പെങ്ങള്‍ക്ക് വേണ്ടി.
സ്‌പെഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണി
ഒരു വസ്തു ഇടപാട് നടത്തുന്നതിന് അതിന്റെ ഉടമയ്ക്ക് വസ്തു സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്‌ട്രേഷന്‍ സമയം ഹാജരാകുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ തീറാധാരം മാത്രം നടത്തുന്നതിന് പവര്‍ ഓഫ് അറ്റോര്‍ണി(മുക്ത്യര്‍) മറ്റൊരാള്‍ക്ക് കൊടുക്കാം. ഇതിനെയാണ് സ്‌പെഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണി എന്നു പറയുന്നത്. അത് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല, അറ്റസ്റ്റേഷന്‍ മാത്രം മതിയാകും. ആരാണോ പവര്‍ ഓഫ് അറ്റോര്‍ണി കൊടുക്കുന്നത് അവര്‍ താമസിക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്ന പരിധിയില്‍ ഉള്ള രജിസ്ട്രാര്‍ക്കാണ് അറ്റസ്റ്റേഷന്‍ നടത്തുന്നതിനുള്ള അധികാരം.
രജിസ്‌ട്രേഷന്‍ ആക്ടിലെ ചട്ടം 62 പ്രകാരം അറ്റസ്റ്റേഷന്‍ നടക്കുന്ന സമയം പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കുന്നയാളിന്റെ വിരലടയാളം വിരല്‍ പതിപ്പ് പുസ്തകത്തില്‍ പതിപ്പിക്കണം. ചട്ടം 72 പ്രകാരം പവര്‍ ഓഫ് അറ്റോര്‍ണി എഴുതി കൊടുക്കുന്നയാളിന്റെ ഫോട്ടോ പവര്‍ ഓഫ് അറ്റോര്‍ണിയില്‍ കാണണം. അയാളുടെ തിരിച്ചറിയല്‍ രേഖകള്‍ വേണം. ഏറ്റവും പ്രധാനം, എഴുതി കൊടുക്കുന്നയാള്‍ സബ് രജിസ്ട്രാറിന് മുന്നില്‍ ഹാജരാകണം. ഹാജരായാല്‍ മാത്രം പോരാ, അയാള്‍ തന്നെയാണ് യഥാര്‍ത്ഥ വ്യക്തി എന്ന് തെളിയിക്കുന്നതിന് രണ്ട് സാക്ഷികളും വേണം.
വഞ്ചിക്കപ്പെട്ട ചട്ടവും നിയമവും
2013 ഓഗസ്റ്റ് ഏഴാം തീയതി, പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസിലെ സബ് രജിസ്ട്രാര്‍, രജിസ്‌ട്രേഷന്‍ ആക്ടുകളും റൂളുകളും പറയുന്ന പ്രകാരം ഒരു പവര്‍ ഓഫ് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്തു കൊടുത്തു.
പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കുന്നയാള്‍ നേരിട്ട് തന്നെ ഹാജരായി. പവര്‍ ഓഫ് അറ്റോര്‍ണി മറ്റൊരാളുടേ പേരില്‍ എഴുതി നല്‍കി കൊണ്ട് സബ് രജിസ്ട്രാര്‍ക്ക് മുന്നില്‍ വച്ച് അയാള്‍ ഒപ്പു വച്ചു. കൂടെ സാക്ഷികളും. സബ് രജിസ്ട്രാര്‍ വിരല്‍ പതിപ്പ് പുസ്തകത്തില്‍ അയാളുടെ വിരല്‍ അടയാളം പതിപ്പിച്ചു.
രേഖകള്‍ പരിശോധിച്ചും, ആളെ നേരില്‍ കണ്ടും, സാക്ഷികളാല്‍ തെളിയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ ആക്ടിലെ 85 ആം വകുപ്പ് അനുസരിച്ചുള്ള ഉത്തമവിശ്വാസത്തില്‍ പട്ടണക്കാട് സബ് രജിസ്ട്രാര്‍ ആ പവര്‍ ഓഫ്് അറ്റോര്‍ണി അറ്റസ്റ്റ് ചെയ്ത് കൊടുത്തു.
സെപ്ഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണിയുടെ അറ്റസ്റ്റേഷന്‍ സമയത്ത് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത് ഡ്രൈവിംഗ് ലൈസന്‍സ് ആയിരുന്നു. ലൈസന്‍സിലെ വിലാസം തമിഴ്‌നാട്ടിലേത് ആയിരുന്നു. കേരള രജിസ്‌ട്രേഷന്‍ മാനുവല്‍ 485-ാം ഉത്തരവ് പ്രകാരം, സ്ഥിരമായ വാസസ്ഥലത്ത് അല്ലാതെ മറ്റൊരിടത്തെ താത്കാലിക വാസസ്ഥലത്ത് വച്ച് ഉണ്ടാക്കുന്ന രേഖകള്‍ക്കും നിയമസാധുതയുണ്ട്.
ആ ലൈസന്‍സ് മേട്ടുപാളയത്തുകാരന്‍ ഷണ്‍മുഖം പള്ളിപ്പുറത്തുകാരന്‍ തങ്കച്ചന് കൈമാറിയ അതേ ലൈസന്‍സായിരുന്നു.
പട്ടണക്കാട് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്ന സ്‌പെഷ്യല്‍ പവര്‍ ഓഫ് അറ്റോര്‍ണിയുടെ അറ്റസ്റ്റേഷനില്‍ എങ്ങനെയാണ് സേലം ആര്‍ടിഒ ഓഫിസില്‍ നിന്നും നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ് പ്രധാന രേഖയായത്?
അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍ പറയാം….
Content Summary; Cherthala Bindu Padmanabhan murder case and the culprit Sebastian’s criminal conspiracies. Azhimukham investigation
This post was last modified on October 1, 2025 7:04 am
Leave a Comment