ജനസംഖ്യാ വര്‍ദ്ധനവിനായി ചൈനീസ് സര്‍ക്കാര്‍ നടപ്പിലാക്കിയ വിചിത്രമായ പദ്ധതികളെല്ലാം പരാജയപ്പെട്ടതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ നാലാം വര്‍ഷവും ജനനനിരക്ക് കുത്തനെ ഇടിഞ്ഞതോടെ 2025-ല്‍ ചൈനയില്‍ ജനനനിരക്കിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ചൈനീസ് സര്‍ക്കാര്‍ തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2024ല്‍ 9.54 ദശലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ച സ്ഥാനത്ത്, 2025-ല്‍ അത് 7.92 ദശലക്ഷമായി കുറഞ്ഞു. അതേസമയം, 2025-ലെ മരണസംഖ്യ 11.31 ദശലക്ഷമായി ഉയരുകയും ചെയ്തു. ജനനത്തേക്കാള്‍ മരണങ്ങള്‍ കൂടുന്നത് ജനസംഖ്യ കുറയുന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഈ ജനസംഖ്യാ കണക്കുകള്‍ക്കൊപ്പം തന്നെ, 2025-ല്‍ ചൈനീസ് സമ്പദ്വ്യവസ്ഥ 5 ശതമാനം വളര്‍ച്ച കൈവരിച്ചതായും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയിലെ ജനനനിരക്ക് ഓരോ 1,000 പേര്‍ക്കും 5.63 എന്ന നിലയിലേക്ക് താഴ്ന്നു. 1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. മരണനിരക്ക് ജനനനിരക്കിനേക്കാള്‍ കൂടുന്ന സാഹചര്യം തുടരുന്നത് ചൈനയുടെ ആകെ ജനസംഖ്യ വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയാന്‍ കാരണമാകും.
കരകയറാനാകാത്ത പ്രതിസന്ധി
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ജനനനിരക്ക് കുറയുന്ന പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ചൈനയെ സംബന്ധിച്ചിടത്തോളം ഇത് അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. രാജ്യത്തെ ജനനനിരക്ക് കുത്തനെ താഴുന്നത് തടയാന്‍ ചൈനീസ് ഭരണകൂടം ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. എന്നാല്‍, രാജ്യം ഇപ്പോള്‍ അപകടകരമായ ഒരു ജനസംഖ്യാ പരിധി കടന്നിരിക്കുകയാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത്, ജനസംഖ്യ സ്വാഭാവികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്ന ഘട്ടം ചൈന പിന്നിട്ടുകഴിഞ്ഞു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ജനസംഖ്യാ നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയ ‘ഒറ്റക്കുട്ടി നയം’ ചൈന പിന്‍വലിച്ചെങ്കിലും, രാജ്യം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജനസംഖ്യാ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 2016-ല്‍ രണ്ട് കുട്ടികള്‍ക്കും, 2021-ല്‍ മൂന്ന് കുട്ടികള്‍ക്കും അനുമതി നല്‍കിക്കൊണ്ട് നയങ്ങള്‍ പരിഷ്‌കരിച്ചുവെങ്കിലും ഇവയൊന്നും ജനനനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ വിജയിച്ചില്ല.
വിവാദമായ സര്‍ക്കാര്‍ ഇടപെടലുകള്‍
ജനനനിരക്ക് കൂട്ടാനായി ചൈനീസ് ഭരണകൂടം തീവ്രമായ ശ്രമങ്ങളാണ് നടത്തിവന്നത്. ഇതിനായി പ്രസവം ഒരു ദേശസ്‌നേഹപരമായ പ്രവൃത്തിയായി പ്രഖ്യാപിച്ചു. കുടുംബാസൂത്രണ കാര്യങ്ങളില്‍ നവദമ്പതികളുടെ മേല്‍ കര്‍ശന ഇടപെടലുകള്‍ നടത്തുകയും, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്തു.
ചൈനയിലെ ജനസംഖ്യാ ഇടിവ് തടയാന്‍ യുവാക്കളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് രംഗത്ത് വന്നത്. പ്രണയം, വിവാഹം, കുടുംബം, ഫെര്‍ട്ടിലിറ്റി എന്നിവയെക്കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകള്‍ പരിഷ്‌കരിക്കണമെന്നും, രാജ്യത്ത് ഒരു ‘പുതിയ വിവാഹ-പ്രസവ സംസ്‌കാരം’ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഈ ആഹ്വാനത്തെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ സ്വീകരിച്ച ചില നടപടികള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ചൈനയിലെ ചില പ്രവിശ്യകളില്‍ സ്ത്രീകളുടെ ആര്‍ത്തവചക്രം പോലും അധികൃതര്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്; ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയം കണക്കാക്കി അവരെ പ്രസവത്തിന് പ്രേരിപ്പിക്കാനാണ് ഇത്തരം നടപടികളിലൂടെ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിട്ടത്. കൂടാതെ അനാവശ്യ ഗര്‍ഭച്ഛിദ്രത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍, വിവാഹത്തിനും പ്രസവത്തിനുമായി പൗരന്മാരെ സജ്ജരാക്കുന്നതിനായി ചൈനീസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ബോധവത്ക്കരണം നല്‍കുന്നതുള്‍പ്പെടെ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും മരുന്നുകള്‍ക്കും ജനുവരി ഒന്ന് മുതല്‍ 13 ശതമാനം മൂല്യവര്‍ധിത നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുണ്ടാകാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായാണ് ഈ നികുതി വര്‍ദ്ധനയെന്ന് വ്യാപകമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലും മറ്റും പരിഹാസത്തോടും നിസ്സംഗതയോടുമാണ് യുവാക്കള്‍ ഈ നീക്കത്തെ നേരിട്ടത്.
തിരിച്ചടിയാകുന്ന സാമ്പത്തിക സാഹചര്യങ്ങള്‍
2035 ആകുമ്പോഴേക്കും ചൈനയിലെ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം 40 കോടി (400 ദശലക്ഷം) കടക്കുമെന്നാണ് പ്രവചനം. ഇവര്‍ക്ക് ആവശ്യമായ ആരോഗ്യപരിരക്ഷയും പെന്‍ഷനും നല്‍കുക ഭാവിയില്‍ ഭരണകൂടത്തിന് വലിയ ബാധ്യതയായി മാറും.
ജനനനിരക്ക് ഇടിയുന്നത് ഭാവിയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാക്കുമെന്നതാണ് പ്രധാന വെല്ലുവിളി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രായമായവരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, അവരെ സംരക്ഷിക്കാനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും ആവശ്യമായ യുവ തൊഴിലാളികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞുവരികയാണ്. നിലവിലെ സാമ്പത്തിക മാന്ദ്യം കൂടി കണക്കിലെടുക്കുമ്പോള്‍, പ്രായമാകുന്ന ഈ വലിയ ജനവിഭാഗത്തെ പരിപാലിക്കുക എന്നത് ചൈനീസ് ഭരണകൂടത്തിന് മുന്നില്‍ മറികടക്കാന്‍ പ്രയാസമുള്ള ഒരു വലിയ കടമ്പയായി മാറിയിരിക്കുകയാണ്.
മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയും കാരണം കുട്ടികളെ വളര്‍ത്തുന്നതിനുണ്ടാകുന്ന അമിത ചെലവ് ചൈനയിലെ ഭൂരിഭാഗം യുവാക്കളെയും കുടുംബം തുടങ്ങുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ചൈനീസ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. കോളേജ് ബിരുദധാരികളായ ലക്ഷക്കണക്കിന് യുവാക്കള്‍ സ്ഥിരവരുമാനമുള്ള ജോലി കണ്ടെത്താനാകാതെ വലയുന്നു. സ്ഥിരമായ ശമ്പളത്തിന്റെ അഭാവവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് തങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് യുവാക്കളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത്.
Content Summary: China’s population crisis: death rate surpasses birth rate despite desperate measures
This post was last modified on January 20, 2026 12:33 pm
Leave a Comment