‘സുജിത്തിനെ മർദിച്ച കേസിൽ രണ്ടരക്കൊല്ലമായിട്ടും മുഖ്യനെന്ത് ചെയ്തു ? ; ഈ ചോദ്യം മറയ്ക്കാനാണ് പുതിയ ആരോപണവുമായി വന്നത്’

സുജിത്തിന്റെ പേരിൽ 11 കേസുകളാണുള്ളത്

കുന്നംകുളത്ത് കസ്റ്റഡി മർദനത്തിന് ഇരയായ കോൺ​ഗ്രസ് നേതാവ് സുജിത്തിനെതിരെ വിവിധ കേസുകളുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത് വന്നിരുന്നു. അതിക്രൂരമായ പീഡനമേൽക്കേണ്ടി വന്നിട്ടും ഈ സംഭവത്തെ വെളുപ്പിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ വിമർശനങ്ങളും ശക്തമാകുന്നുണ്ട്.

എന്നാൽ, ആരോപണത്തിന് പിന്നാലെ തന്നെ സുജിത്തിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രി പറഞ്ഞതുപ്രകാരം രണ്ടു സ്റ്റേഷനുകളിലായി സുജിത്തിന്റെ പേരിൽ 11 കേസുകളാണുള്ളത്. 2018നും 2024നും ഇടയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളാണവയെന്ന് വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.

സുജിത്തിന് മർദനമേറ്റ സംഭവത്തിൽ രണ്ടരക്കൊല്ലമായിട്ടും മുഖ്യമന്ത്രി എന്ത് ചെയ്തു. പല തവണ പരാതിയുമായി ചെന്നിട്ടും പരിഗണിച്ചില്ല. മുഖ്യമന്ത്രി എന്ത് ചെയ്തൂ എന്ന ചോദ്യമുയർന്നു വരുന്നത് കൊണ്ട് അതിനെ മറയ്ക്കാനാണ് പുതിയ ആരോപണങ്ങളുമായി വരുന്നതെന്ന് ബ്ലോക്ക് കോൺ​ഗ്രസ് വൈസ് പ്രസിഡന്റായ വർ​ഗീസ് ചൊവ്വന്നൂർ അഴിമുഖത്തോട് പറഞ്ഞു. ആ സഭയിൽ ഇരിക്കുന്നതിൽ എത്ര എംഎൽഎമാരുണ്ട് കേസില്ലാത്തവ‍ർ. കുടുംബത്തിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് കേസ് കാണില്ല. പൊലീസ് റിപ്പോർട്ടടക്കം സമർപ്പിച്ചിട്ടും കുറ്റരോപിതർക്ക് മേലെ നടപടിയെടുക്കാൻ മുഖ്യന് കഴിഞ്ഞിട്ടില്ല. അഞ്ച് പേരിൽ മൂന്ന് പേർക്കെതിരെ മാത്രമാണ് നടപടി പോലും സ്വീകരിച്ചത്. ഇവർ കൈയൊഴി‍ഞ്ഞാൽ ഞാനും നിങ്ങളുമൊക്കെ അനുഭവിക്കുന്ന പൊലീസ് ക്രൂരതയ്ക്ക് ആര് മറുപടി പറയുകയെന്ന് വർ​ഗീസ് ചൊവ്വന്നൂർ ചോദിക്കുന്നു.

കേസുണ്ടെന്ന് തന്നെയിരിക്കട്ടെ ഇവർക്ക് മർദിക്കാനുള്ള എന്ത് അവകാശമാണുള്ളത്. കേസെടുത്ത് പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായാൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാം. അല്ലാതെ മർദിക്കാൻ ആരാണ് അവകാശം നൽകിയത്. സുജിത്ത് എസ്ഐയെ തല്ലിയെന്ന് പറയുന്ന ആരോപണവും കഴമ്പില്ലാത്തതാണ്. ഇതെല്ലാം രാഷ്ട്രീയ പ്രേരിതമായി ചെയ്യുന്നതാണെന്ന് വ്യക്തമാണെന്ന് വർ​ഗീസ് ചൊവ്വന്നൂർ വ്യക്തമാക്കുന്നു.

മൂന്ന്, നാല് ദിവസമായി ഇക്കാര്യങ്ങൾ സിപിഎം സൈബറിടങ്ങൾ പ്രചരിപ്പിക്കുന്നു. ആരും ഏറ്റുപിടിക്കില്ലെന്ന് കണ്ടപ്പോൾ പുതിയ തന്ത്രവുമായിറങ്ങി അത്ര മാത്രം. അബ്ദുൾ ഖാദർ ഇതേറ്റു പിടിച്ചത് കണ്ണന്റെയും മൊയ്തീന്റെയും കള്ളത്തരം മറയ്ക്കാനാണ്. ഇതിന്റെ തുടർച്ചയാണ് മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. സൈബറിടങ്ങളിൽ പോലും ഈ ആരോപണങ്ങൾക്ക് പിന്തുണ ലഭിച്ചില്ല. അത് സുജിത്തിന്റെ ഭാ​ഗത്ത് ശരിയുള്ളത് കൊണ്ടാണ്. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് വരെ കേസിൽ നിന്ന് പിന്മാറില്ല. അങ്ങനെ മാറാനാണെങ്കിൽ അപ്പോഴേ ആവാമായിരുന്നു. ഞങ്ങൾക്കൊരു നിലപാടുണ്ട് അതിൽ നിന്ന് പിന്മാറില്ല.
സുജിത്തിന്റെ പേരിൽ രാഷ്ട്രീയ കേസുകൾ മാത്രമേയുള്ളൂ. എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും കേസുകളുണ്ട്. ഈ പറയുന്ന എന്റെ പേരിലുമുണ്ട് ഇരുപതിന് മുകളിൽ കേസുകൾ. മുഖ്യമന്ത്രി പിണറായി വിജയന് മേലെയും കേസുകളുണ്ട്. അതല്ലല്ലോ ഇവിടെ വിഷയമെന്ന് വർ​ഗീസ് ചൊവ്വന്നൂർ ചോദിക്കുന്നു.

2018നും 2024നും ഇടയിൽ റജിസ്റ്റർ ചെയ്ത കേസുകളാണ് സുജിത്തിനെതിരെ ഉള്ളത്. ചില കേസ് വിവരങ്ങളിൽ സുജിത്തിന്റെ പേര് പോലും ഇല്ല. പകരം ‘തിരിച്ചറിയാവുന്ന വ്യക്തികളിൽ ഒരാൾ’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസുകളിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി സംഘം ചേർന്നതിനാണ്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതിരിക്കൽ, പൊതുവഴി തടയൽ, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ തുടങ്ങിയവയും മുഖ്യമന്ത്രി പറഞ്ഞ ‘വിവിധ’ കേസുകളിൽ ഉൾപ്പെടുന്നു. നിയമവിരുദ്ധമായി സംഘം ചേർന്നതിന് രണ്ടു കേസുണ്ട്. ഈ കേസുകളിൽ 13 ഉം 11 ഉം വീതം പ്രതികളുടെ ഒരു പട്ടിക എഫ്‌ഐആറിൽ കാണിച്ചിട്ടുണ്ട്. എന്നാൽ ഈ പട്ടികകളിൽ സുജിത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2024 ൽ കുന്നംകുളം സ്റ്റേഷനിൽ മറ്റൊരു കേസും റജിസ്റ്റർ ചെയ്തിരുന്നു. 2019 ൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ, സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തിയതിനും സുജിത്തിനെതിരെ കേസെടുത്തു.

കോവിഡ്-19 ലോക്ഡൗൺ കാലയളവിൽ, വിലക്കയറ്റത്തിനെതിരെ സുജിത്തും മറ്റും ചേർന്നു പ്രതിഷേധപ്രകടനം നടത്തിയതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് കേസ് എടുത്തത്. 2022 ൽ റജിസ്റ്റർ ചെയ്ത ഒരു എഫ്ഐആറിൽ സുജിത്തിനെതിരെ ആക്രമണക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ ലാത്തി തകർത്തതിനും സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 2023 ൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിലാണ് കുന്നംകുളം പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തതും സ്റ്റേഷനിലെത്തിച്ചു മർദിച്ചതും. തുടർന്ന് വിവരാവകാശ നിയമപ്രകാരം സുജിത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ നേടിയെടുക്കുകയായിരുന്നു.

content summary: Vargheese Chowanur says the Chief Minister is trying to dodge questions about his actions in the Sujith case

This post was last modified on September 17, 2025 6:12 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment