അടിയോടടി, 23 റെഡ് കാര്‍ഡുകള്‍; യുദ്ധക്കളമായി മാറിയ ഫുട്‌ബോള്‍ മൈതാനം

കളിയുടെ അവസാന നിമിഷങ്ങളില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്

Cruzeiro and Atlético Mineiro match

കളി കയ്യാങ്കളിയായി മാറിയൊരു വാര്‍ത്തയാണ് ഫുടിബോള്‍ ലോകത്ത് നിന്നും വരുന്നത്. ബ്രസീലിലെ കാമ്പിയോനാറ്റോ മിനീറോ ഫൈനലില്‍ ക്രുസീറോയും ചിരവൈരികളായ അത്ലറ്റിക്കോ മിനീറോയും തമ്മില്‍ നടന്ന മത്സരമാണ് ശരിക്കും ‘ ഏറ്റുമുട്ടല്‍’ ആയി മാറിയത്. ഇരു ടീമുകളിലുമായി 23 കളിക്കാര്‍ക്കാണ് റെഡ് കാര്‍ഡുകള്‍ ലഭിച്ചത്. ബെലോ ഹൊറിസോണ്ടെയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ക്രുസീറോ 1-0 ന് വിജയിച്ചെങ്കിലും, കളിയുടെ അവസാന നിമിഷങ്ങളില്‍ അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

ക്രുസീറോ താരം ക്രിസ്റ്റ്യനെ അത്ലറ്റിക്കോ ഗോള്‍കീപ്പര്‍ എവര്‍സണ്‍ റഗ്ബി സ്‌റ്റൈലില്‍ നിലത്തിട്ടതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഗോള്‍കീപ്പര്‍ക്കു കൈയിലൊതുക്കാന്‍ പറ്റാതിരുന്ന പന്ത് തന്റെ കാല്‍ വരുതിയിലാക്കാന്‍ ക്രിസ്റ്റ്യന്‍ ശ്രമിക്കവെ അദ്ദേഹം എവര്‍സണുമായി കൂട്ടിയിടിച്ചു. ഇതില്‍ പ്രകോപിതനായ എവര്‍സണ്‍ ക്രിസ്റ്റ്യനെ ബലമായി നിലത്ത് അമര്‍ത്തിപ്പിടിക്കുകയും മുഖത്ത് തട്ടുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രുസീറോ താരങ്ങള്‍ എവര്‍സണെതിരേ പാഞ്ഞടുക്കുകയും അയാളെ ഗോള്‍ പോസ്റ്റിലേക്ക് തള്ളിയിടുകയും ചെയ്തതോടെ കളം ഒരു യുദ്ധക്കളമായി മാറി.

ഗോള്‍ പോസ്റ്റിന് അടുത്തുനിന്ന് തുടങ്ങിയ കൂട്ടത്തല്ല് മൈതാനത്തിന്റെ മറുപകുതിയിലേക്ക് വരെ വ്യാപിച്ചു. കളിക്കാരും പകരക്കാരായി ഇരുന്നവരും പരിശീലക സംഘവും പരസ്പരം തല്ലുകയും തൊഴിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സുരക്ഷാ ജീവനക്കാരും മറ്റും ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം അക്രമം തുടര്‍ന്നു. മത്സരം അവസാനിച്ചതിന് ശേഷം റഫറി ഫെലിക്‌സ് ബിക്കല്‍ നടത്തിയ പുനഃപരിശോധനയിലാണ് 23 പേര്‍ക്ക് റെഡ് കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 12 പേര്‍ ക്രുസീറോ താരങ്ങളും 11 പേര്‍ അത്ലറ്റിക്കോ താരങ്ങളുമാണ്.

സംഭവത്തില്‍ അത്ലറ്റിക്കോയുടെ മുന്‍ ബ്രസീല്‍ താരം ഹള്‍ക്ക് കടുത്ത ഖേദം പ്രകടിപ്പിച്ചു. തന്റെ കരിയറില്‍ ഇത്രയും വലിയൊരു അക്രമം കണ്ടിട്ടില്ലെന്നും, ലോകത്തിന് മുന്നില്‍ മോശം മാതൃക കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ക്രുസീറോ പരിശീലകനും മുന്‍ ബ്രസീല്‍ പരിശീലകനുമായ ടിറ്റെ വിജയത്തിന് ശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞു. തന്റെ ജോലിയിലെ സത്യസന്ധതയ്ക്കും ആരാധകരോടുള്ള ബഹുമാനത്തിനുമാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

Content Summary; Cruzeiro and Atletico Mineiro football match clashes red cards for 23 players.

This post was last modified on March 10, 2026 8:51 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment