പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 17 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) ജില്ലാ ഭരണകൂടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, സര്‍സലി, ജസ്ബിര്‍ഗാവ്, മിരിക് ബസ്തി, ധര്‍ഗാവ് (മെചി), നാഗ്രകാട്ട, മിരിക് തടാക പ്രദേശം എന്നിവിടങ്ങളില്‍ നിന്നാണ് ആളപായം റിപ്പോര്‍ട്ട് ചെയ്തത്.
ധര്‍ഗാവോണില്‍ മണ്ണിടിച്ചിലില്‍ തകര്‍ന്ന നിരവധി വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കുറഞ്ഞത് നാലുപേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മിരിക്കിനെയും കുര്‍സിയോങ്ങിനെയും ബന്ധിപ്പിച്ചിരുന്ന ദുദിയ ഇരുമ്പ് പാലം തകര്‍ന്നത് പ്രധാന ടൗണുകളിലേക്കുള്ള ഗതാഗതത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തി. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുകയും ചെയ്തു. കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി നിരവധി വീടുകള്‍ നിലംപൊത്തി, റോഡുകള്‍ തകര്‍ന്നടിഞ്ഞു, നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സ്ഥിതി ഗുരുതരം
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും തകര്‍ന്നടിഞ്ഞ വീടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും വടക്കന്‍ ബംഗാള്‍ വികസന മന്ത്രി ഉദയന്‍ ഗുഹ പറഞ്ഞു. ദുരന്തത്തെ ‘അതീവ ഗുരുതരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച്, മരണസംഖ്യ പതിനേഴ് ആണെന്ന് അദ്ദേഹം അറിയിച്ചു. മിരിക്കില്‍ 11 പേരും ഡാര്‍ജിലിങ്ങില്‍ 6 പേരും മരിച്ചു. എന്നാല്‍ ഈ കണക്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല,’ ഗുഹ പി.ടി.ഐയോട് പറഞ്ഞു.
വടക്കന്‍ ബംഗാളിലെ പ്രളയ സാഹചര്യം ‘ഗുരുതരമാണ്’ എന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിലയിരുത്തി. നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി അവര്‍ തിങ്കളാഴ്ച മേഖല സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.
‘ഭൂട്ടാനിലെ തുടര്‍ച്ചയായ മഴയാണ് വടക്കന്‍ ബംഗാളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ കാരണം. ഈ ദുരന്തം ദൗര്‍ഭാഗ്യകരമാണ്; പ്രകൃതി ദുരന്തങ്ങള്‍ നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. 12 മണിക്കൂറിനുള്ളില്‍ 300 മില്ലിമീറ്ററിലധികം മഴയാണ് ഏഴ് സ്ഥലങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചത്. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ കണ്ട കനത്ത വെള്ളപ്പൊക്കത്തിന് സമാനമാണ് നിലവിലെ സാഹചര്യം’ മമത ബാനര്‍ജി വ്യക്തമാക്കി.
പ്രളയത്തില്‍ പെട്ട് വിനോദസഞ്ചാരികളും
മണ്ണിടിച്ചിലിനെയും റോഡ് തടസ്സങ്ങളെയും തുടര്‍ന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിതമായി മടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ‘ഹോട്ടലുകള്‍ സഞ്ചാരികളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കരുത്. അവരുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമാണ്.’ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നഷ്ടപരിഹാരത്തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ദുരിതത്തിലായവരെ സഹായിക്കുന്നതിനായി വടക്കന്‍ ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും സ്ഥലത്ത് സജീവമായിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഡാര്‍ജിലിങിലെ പ്രളയത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘ഡാര്‍ജിലിങ്ങില്‍ പാലം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ നിന്നും ഡാര്‍ജിലിങ് ജില്ലാ ഭരണകൂടത്തില്‍ നിന്നുമുള്ള സംഘങ്ങളെയും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ദുരിതബാധിത കുടുംബങ്ങള്‍ക്ക് എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്നുണ്ടായ ജീവഹാനി ദുഃഖകരമാണ്’ രാഷ്ട്രപതി കുറിച്ചു.
Content Summary: Darjeeling death rises heavy rains and landslides
This post was last modified on October 5, 2025 3:40 pm
Leave a Comment