ദക്ഷിണ ഡല്‍ഹിയിലെ മാളവ്യ നഗറില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന് പിന്നില്‍ വന്‍ നിയമലംഘനങ്ങളെന്ന് ഡല്‍ഹി പൊലീസിന്റെയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്‍. കേവലം ആറ് മുറികള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ള കെട്ടിടത്തില്‍ 25 മുറികളാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കെട്ടിടത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
‘ഫ്‌ളൊറിഷ് സ്റ്റേയ്‌സ്’, ‘മികാസ ഇന്‍’ എന്നീ രണ്ട് ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ഹോംസ്റ്റേകളാണ് ഒരു ചുവരുകൊണ്ട് മാത്രം വേര്‍തിരിച്ച രീതിയില്‍ ഈ ഒരൊറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളൊറിഷ് ഹോംസ്റ്റേയുടെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്നും, ഇത് തൊട്ടടുത്തുള്ള മികാസ ഇന്‍ എന്ന സ്ഥാപനത്തിലേക്ക് അതിവേഗം വ്യാപിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ടൂറിസം വകുപ്പാണ് സാധാരണയായി ഇത്തരം ഹോംസ്റ്റേകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. ബേസ്മെന്റും ഗ്രൗണ്ട് ഫ്‌ലോറും കൂടാതെ നാല് നിലകളുമുള്ള ഈ കെട്ടിടത്തിന് ആകെ ആറ് മുറികള്‍ക്ക് മാത്രമാണ് ടൂറിസം വകുപ്പ് അനുമതി നല്‍കിയിരുന്നതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപകടം നടന്ന കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അജ്ഞാതരായ വ്യക്തികള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് അടിയന്തര യോഗം വിളിക്കുകയും, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ മുഴുവന്‍ ഹോംസ്റ്റേകളും അടിയന്തരമായി പൂട്ടി മുദ്രവെക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
തലസ്ഥാന നഗരിയിലെ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സൗത്ത് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ്, എം.സി.ഡി (മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍), വൈദ്യുതി വകുപ്പ്, ആരോഗ്യ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി മാളവ്യ നഗറിലെയും ഡല്‍ഹിയിലെ മറ്റ് ഭാഗങ്ങളിലെയും മുഴുവന്‍ ഹോംസ്റ്റേകളിലും പരിശോധന നടത്തും. നിലവില്‍ ഡല്‍ഹിയില്‍ എത്ര ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അവയില്‍ എത്രയെണ്ണം നിയമം ലംഘിച്ചതായി കണ്ടെത്തിയെന്നും, എത്രയെണ്ണം ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പൂട്ടി മുദ്രവെച്ചുവെന്നും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Summary: Delhi Malviya Nagar Fire: The BnB where 21 died was illegally operating 25 rooms instead of the permitted 6 without a Fire NOC. Govt orders massive crackdown
This post was last modified on June 4, 2026 7:18 am
Leave a Comment