ജെൻ സി മുന്നേറ്റവും ധർമേന്ദ്ര പ്രധാന്റെ രാജിയും

സർക്കാർ മുട്ടുമടക്കാൻ കാരണം യുവതയുടെ ദൃഢനിശ്ചയം

Dharmendra Pradhan Resign

ജനഹിതം മാനിക്കാത്ത ഒരു ഗവൺമെന്റ് ആത്യന്തികമായി തകർച്ചയിലേക്കാണ് നീങ്ങുക. പ്രതിപക്ഷത്തെ അത്രയധികം വിലകല്പിക്കാതെ മുന്നോട്ട് പോയ, ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാരിന്റെ ഇത്രയും വർഷങ്ങളായുള്ള ഭരണം വിശകലനം ചെയ്താൽ, ഇപ്പോൾ സർക്കാർ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണെന്ന് മനസ്സിലാക്കാം. സിജെപി പ്രക്ഷോഭത്തിനെ തുടർന്നുള്ള വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ ചോദ്യ പേപ്പർ ചോർച്ച കാരണം വിദ്യാഭ്യാസ വകുപ്പ് നേരിട്ട ഒരു പ്രതിസന്ധിയായി മാത്രം കാണാനാകില്ല.

ഭൂരിഭാഗം പൗരരും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഔപചാരിക വിദ്യാഭ്യാസം നേടി പ്രൊഫഷണലുകളാകാൻ ഇന്ത്യയിലെ വിദ്യാർത്ഥികളുടെ മുന്നിലുള്ള മികച്ച മാർഗം പ്രവേശന പരീക്ഷകളാണ്. തുടർച്ചയായുള്ള ചോദ്യ പേപ്പർ ചോർച്ചകളും ക്രമക്കേടുകളും കാരണം വിദ്യാർത്ഥികളുടെ മികവിനനുസരിച്ച് മെറിറ്റ് നിർണയിക്കേണ്ട ഒരു സംവിധാനത്തിന്റെ വിശ്വാസ്യത വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. 20 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്കാണ് നീറ്റ് പുനഃപരീക്ഷ എഴുതേണ്ടി വന്നത്. ബോർഡ് പരീക്ഷകൾക്കൊപ്പം കഠിനമായ തയ്യാറെടുപ്പുകൾ നടത്തിയാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. അവരുടെ മാസങ്ങളോളം നീണ്ട കഠിന പ്രയത്നമാണ് പരീക്ഷ റദ്ദ് ചെയ്യുന്നതിനോടൊപ്പം വിഫലമായത്. ആ മാനസിക സംഘർഷം സഹിക്കാനാകാതെ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി. ഈ സംഘർഷങ്ങളാണ് പിന്നീട് ജാതി-മത-സാമ്പത്തിക ഭേദമില്ലാതെ സംഘടിക്കാനും പോരാടാനും വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്. ഭരണകൂടത്തോട് അനുഭാവമുള്ള ദേശീയമാധ്യമങ്ങളൊന്നും തന്നെ കാര്യമായി റിപ്പോർട്ട് ചെയ്തില്ലെങ്കിലും ദിവസങ്ങൾക്കുള്ളിൽ വിദ്യാർത്ഥികൾ അവരുടെ പ്രതിഷേധ സ്വരങ്ങൾ സാമൂഹിക മാധ്യങ്ങളിലൂടെ രാജ്യമൊട്ടാകെ പടർത്തി. ഡൽഹി പോലീസിന്റെ അടിച്ചമർത്തലുകളും ഇന്റർനെറ്റ് സൗകര്യം നിർത്തലാക്കിയതും മെട്രോ ഗതാഗതത്തിൽ കൊണ്ടുവന്ന നിയന്ത്രണങ്ങളും ഒന്നും തന്നെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ സമരാവേശം കെടുത്തിയില്ല. മറിച്ച്, സമരാവേശം ഇരട്ടിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിൽ ചെയ്ത പോലെ അടിച്ചമർത്തിയോ ശ്രദ്ധ തിരിച്ചുവിട്ടോ ഭിന്നിപ്പിച്ചോ അവഗണിച്ചോ ഒന്നും തന്നെ സിജെപി നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് എൻ.ഡി.എ സർക്കാർ മനസ്സിലാക്കി. സമര നേതൃത്വവുമായി അനുനയനത്തിന് ശ്രമിച്ചെങ്കിലും സിജെപി യുടെ ഒട്ടുമേ അയയാത്ത കടുത്ത നിലപാടിനെ തുടർന്ന് ധർമേന്ദ്ര പ്രാധാന് വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. ഒന്നും തന്നെ നഷ്ടപ്പെടാൻ ഇല്ല എന്ന ബോധത്തോടെ, രണ്ടും കൽപിച്ച്, ഒറ്റ ലക്ഷ്യത്തോടെ മുന്നേറിയ പ്രക്ഷോഭമാണ് ഡൽഹിയിൽ നടന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേരിട്ടുള്ള പിന്തുണയിലല്ലാതെ വികസിച്ചു വന്ന ഈ പ്രതിഷേധത്തെ ഒരുതരത്തിലും അട്ടിമറിക്കാനോ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ ഇല്ലാതാക്കാനോ സർക്കാരിന് സാധിച്ചില്ല.

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന യുവാക്കൾ

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഒരിക്കലും സർക്കാരിന്റെ ഖേദപ്രകടനമായോ ഉത്തരവാദിത്വമേറ്റെടുക്കലായോ കാണാൻ കഴിയില്ല. കാരണം, വ്യവസ്ഥയിലുണ്ടായ സമ്പൂർണ്ണ പരാജയം സമ്മതിക്കുന്നതിന് പകരം ധർമേന്ദ്ര പ്രധാൻ അദ്ദേഹത്തിന്റെ രാജിയെ ദേശ വിരുദ്ധ ശക്തികൾ സമരത്തെ ഉപയോഗിക്കുന്നത് തടയാനുള്ള ഒരു പോംവഴി എന്ന നിലക്കാണ് അവതരിപ്പിക്കുകയുണ്ടായത്. അദ്ദേഹത്തിന്റെ രാജിക്കത്തിൽ നിന്ന് വ്യക്തമാകുന്നത് ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ത്യൻ ഗവൺമെന്റിനെതിരെ ഗൂഢ ലക്ഷ്യത്തോടെ പടയൊരുക്കം നടത്തി എന്ന സർക്കാരിന്റെ മനോഭാവമാണ്. ഷോക്ക് ബാറ്റണുകളും പെല്ലറ്റ് ഗണ്ണുകളും ആണിതറച്ച ലാത്തികളും കൊണ്ട് വിദ്യാർത്ഥികളെ അടിച്ചമർത്തിയ ഡൽഹി പോലീസിന്റെ അതേ നിലപാടാണ് കേന്ദ്രസർക്കാരിന്റേത് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ജന്തർ മന്തറിലെ പോലീസ് നടപടികൾ, ആൾക്കൂട്ട നിയന്ത്രണത്തിന്റെ എല്ലാ പ്രോട്ടോകോളുകളും കാറ്റിൽ പരത്തിയിട്ടുള്ള കരുതിക്കൂട്ടിയ അക്രമം എന്നതിലുപരി മറ്റൊന്നുമല്ല. രാഷ്ട്രീയ അട്ടിമറിക്കുവേണ്ടിയുള്ള വിദേശ ഏജൻസികളുടെ ഇടപെടലാണ് വിദ്യാർത്ഥി പ്രക്ഷോഭം എന്നൊക്കെയുള്ള വ്യഖ്യാനങ്ങൾ കൊണ്ട് പ്രത്യേകിച്ച് ഫലമൊന്നുമില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ എടുത്ത ഏറ്റവും അവസാനത്തെ പോംവഴിയാണ് ധർമേന്ദ്ര പ്രധാന്റെ രാജി വെച്ചൊഴിയൽ. അല്ലാതെ തെറ്റുകൾ ബോധ്യപ്പെട്ടത് കൊണ്ടുള്ള ധാർമികപരമായ രാജിയല്ല അത്. സാമൂഹിക മാധ്യമങ്ങളിലെ യുവാക്കളുടെ കൂട്ടായ്മയെയും പ്രതിഷേധ സ്വരങ്ങളെയും തുടക്കത്തിൽ കേന്ദ്ര സർക്കാർ കേവലമൊരു ഓൺലൈൻ മൂവ്മെന്റ് എന്ന നിലക്കാണ് കണ്ടത്. പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് തെരുവുകളിലേക്കും അവസാനം പാർലമെന്റിലേക്കും പടരും എന്നവർ കരുതിയില്ല. ആവശ്യങ്ങളെല്ലാം പൊരുതിനേടിയപ്പോൾ യുവാക്കൾ സമരം അവസാനിപ്പിച്ചിരിക്കുകയാണ്.

അഭിജിത് ദീപക്കെ സമരം നയിക്കുന്നു

ഈ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഓർമ്മകളെ എങ്ങനെയൊക്കെ മായ്ച്ചുകളയാൻ ശ്രമിച്ചാലും ഇന്ത്യയിലുടനീളം അതുണ്ടാക്കിയ പ്രഭാവത്തെ ഇനിയെന്നും നിലനിൽക്കും. കഴിഞ്ഞ മൂന്ന് തവണയായി ഒറ്റക്കും കൂട്ടുകക്ഷിയായും ഭരണത്തിലേറിയ മോദി നയിക്കുന്ന ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ ഫെഡറലിസം, സെക്കുലറിസം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളിൽ വരുത്തുന്ന വെല്ലുവിളികൾ ചെറുതല്ല. സമൂഹത്തിൽ വർഗീയമായി വിഭാഗീയതയുണ്ടാക്കുന്നതിലൂടെ നേടുന്ന വോട്ട് ബാങ്ക് കാരണം ബിജെപി ക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിക്കാനും നിയമ സഭാ ആൾബലം കൂട്ടാനും സാധിച്ചിട്ടുണ്ട്. പ്രതിഷേധ സ്വരങ്ങളെ ദേശദ്രോഹപരമായി ചിത്രീകരിക്കുകയും പ്രതിപക്ഷത്തെ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയുടെ റെയ്‌ഡുകൾ ഉപയോഗിച്ച് ഭയപ്പെടുത്തുകയും അവരുടെ ആൾബലം കുതിരക്കച്ചവടത്തിലൂടെ ദുർബലമാക്കുകയുമൊക്കെയാണ് എൻ.ഡി.എ സർക്കാർ ഭരണം നിലനിർത്താനും ചോദ്യങ്ങളെ നേരിടാനും പിന്തുടർന്നു വരുന്ന മാർഗങ്ങൾ. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ പാർലമെന്റുകളെയും നിയമവ്യവസ്ഥയെയും മാധ്യമങ്ങളെയും തളർത്തുന്നത് വഴി ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ വർഷങ്ങളായി നിലനിർത്തിവരുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

അഹിംസയിലൂന്നിയ സമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ സ്ഥാപനങ്ങൾ അതിന്റെ അടിസ്ഥാനമൂല്യങ്ങൾ നഷ്ടപ്പെടാതെ തുടരണമെങ്കിൽ ഇത്തരത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങൾ എല്ലാ കാലത്തും ആവശ്യമായി വന്നിട്ടുണ്ട്. ഈ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന് വന്ന സി.ജെ.പി നയിച്ച വിദ്യാർത്ഥി പ്രക്ഷോഭവും വാങ്‌ചുക്ക് നടത്തിയ സത്യാഗ്രഹ സമരവും കാണിച്ചുതരുന്നത് അടിച്ചമർത്തലുകളിലൂടെ എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്ന, കടുംപിടിത്തമുള്ള ഏത് സർക്കാരിനെയും ദൃഢനിശ്ചയമുണ്ടെങ്കിൽ മുട്ടുകുത്തിക്കാൻ സാധിക്കും എന്നതാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യേണ്ടതായ, തിരുത്തൽ ശക്തികളായി പ്രവർത്തിക്കേണ്ടതായ, എന്നാൽ അതിലൊക്കെ സമ്പൂർണ്ണമായും പരാജയപ്പെട്ട മുഖ്യധാരാമാധ്യമങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കുമുള്ള ഒരു പാഠമാണ് സിജെപി നയിച്ച പ്രക്ഷോഭത്തിന്റെ വിജയം. ഭരണഘടന നൽകുന്ന അവകാശങ്ങൾ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു. ഇനി പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റെടുത്താൽ പരീക്ഷാസംവിധാനങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാനായി പ്രതിപക്ഷവും മാധ്യമങ്ങളും എത്രത്തോളം ഇടപെടലുകൾ നടത്തും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തൊക്കെയായാലും മാറ്റത്തിനും ജനാധിപത്യത്തിന്റെ തിരിച്ചുപിടിക്കലിനുമുള്ള ഇന്ത്യൻ പൗരരുടെ അടങ്ങാത്ത ദാഹം വളരെ വ്യക്തമാണ്.

കടപ്പാട്: ദി ഹിന്ദു

Content summary: The article argues that the student-led protests over examination paper leaks exposed deep flaws in India’s education system and forced the government’s hand. It presents the movement as evidence that sustained, peaceful public resistance can hold even a powerful government accountable and strengthen democratic values.

This post was last modified on July 27, 2026 5:04 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment