വീറുറ്റ യോദ്ധാക്കൾക്കു പുകൾപെറ്റ പുരാതന ത്രേസിലാണ് മലമ്പ്രദേശങ്ങളിലൂടെ ഒഴുകിയിറങ്ങുന്ന സ്ട്രുമാനദി. ഇന്നത് ബൾഗേറിയയുടെ ഭാഗം. ആ ജലപഥത്തിലൊരിടത്ത് നിഗൂഢമാമൊരു രഹസ്യം രണ്ടര സഹസ്രാബ്ദക്കാലം മൺചതുപ്പുകളിൽ ആണ്ടുകിടന്നു. ആരോരുമറിയാത്ത ഒരു ശവക്കല്ലറയ്ക്കകത്ത് ഭൂമിയുടെ തണുത്തുറഞ്ഞ ആലിംഗനത്തിലതു കാത്തുകിടന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ ബഹളത്തെയായിരുന്നിരിക്കില്ല. പക്ഷെ, ഏതാനും സൈനികരുടെ കൈക്കോട്ടും, യന്ത്രപ്രയോഗങ്ങളും, മനുഷ്യൻ്റെ ചരിത്രത്തോടുള്ള അടങ്ങാത്ത തൃഷ്ണയും ചേർന്ന് ആ രഹസ്യത്തെ പുറത്തെടുക്കുകയായിരുന്നു. എന്നാലതിനു വഴിതെളിച്ചത് പണ്ഡിതരുടെ അന്വേഷണമൊന്നുമായിരുന്നില്ല, മറിച്ച് ഒരു യുദ്ധകാലനിർമ്മിതിയ്ക്കു വേണ്ടിയുള്ള ചിലരുടെ മടുപ്പേറിയ കഠിനപ്രവൃത്തികൾ. അനന്തമായൊഴുകുന്ന കാലമാം നദിയിൽ നിന്നുയർന്ന സ്വർണ്ണത്താളുകളായി ആ കണ്ടുപിടുത്തത്തെ നാമിന്നു കാണുന്നു. ഒട്ടും അതിശയോക്തിയേയില്ല ഇപ്പറഞ്ഞതിൽ.
ശരിക്കും സ്വർണ്ണത്തകിടുകളിൽ തന്നെ എഴുതപ്പെട്ടൊരു പുരാതനഗ്രന്ഥമായിരുന്നു അവിടെ നിന്ന് വീണ്ടെടുത്തത്. നിഗൂഢതകളുടെ ദേവനായ ഓർഫിയസിനു സമർപ്പിച്ചുകൊണ്ടുള്ള കൈയ്യെഴുത്തുപ്രതി. എഴുതിയതാകട്ടെ സ്വർണ്ണത്താളുകളിലും. സമാന്തരങ്ങളില്ലാത്ത പുരാവിജ്ഞാനീയമാണതു പകരുന്നത്. അതിൽ നമ്മൾ കാണുന്നതാകട്ടെ, ദൈവങ്ങൾ മനുഷ്യർക്കിടയിലൂടെ ഈ ഭൂമിയിലൂടെ നടന്നിരുന്നതായ ഒരു കാലത്തെ അനുസ്മരിക്കുന്ന പ്രാർത്ഥനാമന്ത്രങ്ങളും. ആ വരികളിൽ മരണവും ജീവിതവും തമ്മിലുള്ള വേർതിരിവുകൾ നേർത്തുനേർത്ത് ഈ ഓർഫിയൻ പുസ്തകത്തിലെ സ്വർണ്ണത്തകിടുകളോളം കനം കുറഞ്ഞു കിടക്കുന്നു.
പുരാവസ്തുവിൻ്റെ കാലഗണനാപരിശോധനകൾ തെളിയിച്ചതു പ്രകാരം 660 ബി.സി.ഇ. ആണിതിൻ്റെ എഴുത്തുകാലം. അതിലെഴുതിയിരിക്കുന്ന ലിപികൾ ഇന്നും പൂർണ്ണമായും നമുക്കു വരുതിയിൽ വരാത്ത എട്രൂസ്കൻ ലിപിയിലാണ്. അതുകൊണ്ടുതന്നെ ഇതിന് എട്രൂസ്കൻ സ്വർണപുസ്തകം എന്നും വിളിപ്പേരുണ്ട്. മനുഷ്യരാശി ഇതുവരെ കണ്ടെടുത്ത ഏറ്റവും പഴക്കമേറിയ പൂർണ്ണഗ്രന്ഥം ഇതാണെന്നാണ് ചില പണ്ഡിതർ പറയുന്നത്. പുസ്തകമെന്നാൽ ‘രണ്ട് പുറംചട്ടകൾക്കിടയിൽ താളുകൾ തുന്നിയുണ്ടാക്കുന്ന ഒന്നാകുന്നു’ എന്ന നിർവചനത്തെ അടിസ്ഥാനമാക്കിയാണ് അത്തരമൊരു അവകാശവാദം ഉന്നയിക്കപ്പെടുന്നത്.
അത്ര വലിയ പുസ്തകമൊന്നുമല്ലിത്. 5 സെ.മീ. നീളം, നാലര സെ.മീ. വീതി. തൂക്കി നോക്കിയാലോ, നൂറു ഗ്രാമിൻ്റെ തൂവൽഭാരം. പക്ഷെ, ഇതിലെ ഓരോ താളും 23.82 കാരറ്റ് സ്വർണ്ണത്തിൽ തീർത്തതാണ് എന്നറിയുമ്പോഴാണ് അന്തംവിട്ടുപോകുക. സ്വർഗ്ഗഗായകരുടെ നാദതന്ത്രികളെ ഓർമ്മിപ്പിക്കുന്ന മൂന്നു സ്വർണ്ണവളയങ്ങൾ ഈ പുസ്തകത്തെ ഒതുക്കിനിർത്തുന്നു. തീർച്ചയായും ഇതു വെറുമൊരു പുരാവസ്തുവല്ല; വെങ്കലയുഗത്തിൻ്റെ അവസാനകാലത്തേയും നമ്മുടെ തന്നെ ഡിജിറ്റൽ ക്ഷണികതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മാസ്മരികത അതിലുണ്ട്. ആ മാന്ത്രികഗ്രന്ഥം കൈയ്യിലെടുക്കുന്നത്, അല്ലെങ്കിൽ എടുക്കുന്നതായി സങ്കല്പിക്കുന്നത് പുരായുഗത്തിലെ ഓർഫിസത്തിൻ്റെ സ്പന്ദനങ്ങളെ സ്പർശിക്കലാണ്. ഗ്രീക്കുകാരുടെ മൃത്യുലോകമായ ഹേഡ്സിൻ്റെ വാതിലുകളെപ്പോലും ആകർഷിച്ച കവിയും സംഗീതകാരനുമായ ഓർഫിയസിൻ്റെ ഓർമ്മകളെ തൊട്ടുണർത്തലുമാണത്. ഒപ്പം, ആ ഓർമ്മകളെ താലോലിച്ചുകൊണ്ട്, ത്രേസിൻ്റെ പുരാവന്യതയിൽ പിറന്ന നിഗൂഢസിദ്ധാന്തങ്ങളും നമ്മുടെ മുന്നിലേക്കു കടന്നുവരും.
ഇരുപതാം നൂറ്റാണ്ടിൻ്റെ ഏതാണ്ട് മധ്യത്തിലായിരുന്നു ഈ സ്വർണ്ണപുസ്തകത്തിൻ്റെ കണ്ടുപിടുത്തം. ബൾഗേറിയക്കാരനായ ഒരു യുവസൈനികൻ രണ്ടാം ലോകയുദ്ധകാലത്ത് സ്ട്രുമാനദിയിലേക്കു അന്നൊരു കനാൽ വെട്ടുകയായിരുന്നു. ബാൾക്കൻ ദേശത്തെ വിതോഷ മലഞ്ചെരിവുകളിൽ നിന്ന് ഈജിയൻ കടലിലേക്കൊഴുകുന്ന നദിയാണ് സ്ട്രൂമ. പല പുരാതനസംസ്കാരങ്ങൾക്കും വേദിയായിട്ടുള്ള നദീതടം. അന്നിതിനു പേര് സ്ട്രിമോനാസ്. ശവസംസ്കാരത്തിനായി പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ടുമുലസ് എന്ന മൺകൂനകൾ നിറയെയുണ്ട് ഇതിൻ്റെ തീരങ്ങളിൽ. ദൈവങ്ങളെപ്പോലും വെല്ലുവിളിക്കാനുതകുന്ന ഒരു സ്വർണ്ണപ്പണിരഹസ്യം അതിനുള്ളിൽ ഏറെക്കാലം മറഞ്ഞുകിടന്നു. അത്തരമൊരു മൺകൂനയ്ക്കുള്ളിലായിരുന്നു നമ്മുടെ വിശിഷ്ടഗ്രന്ഥം.
പിക്കാസിനും കൈക്കോട്ടിനും ഈ മൺകൂനകൾ വഴങ്ങിയപ്പോൾ, അതു വഴികാട്ടിയത് അമൂല്യശിലകളിലേക്കായിരുന്നില്ല. പക്ഷെ, അധോലോകജ്ഞാനത്തിൻ്റെ തിളക്കത്തിലേക്കായിരുന്നു. ഒരു പക്ഷെ, ഒരു ത്രേസ്യൻ പ്രഭുവിൻ്റെയോ ഓർഫിയൻ യോഗിയുടേയോ, കാഴ്ചയിൽ രാജകീയമെന്നു തോന്നിച്ച ഒരു കല്ലറയുടെ ആഴങ്ങളിൽ നിന്ന് ആ രഹസ്യം തുറന്നിടപ്പെട്ടു-എന്നോ പിരിഞ്ഞുപോയ ഉടമസ്ഥൻ്റെ അസ്ഥികൾക്കിടയിൽ. അന്നു മുതൽ അരനൂറ്റാണ്ടിലധികം കാലം അതൊരു അജ്ഞാതൻ്റെ സ്വകാര്യശേഖരത്തിലിരുന്നു. ഒടുവിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ മാസിഡോണിയയിൽ നിന്നുള്ള ബൾഗേറിയക്കാരനായ ആ സ്വകാര്യവ്യക്തി 87-ാം വയസ്സിൽ ആ അമൂല്യസ്വത്ത് തൻ്റെ ശേഖരത്തിൽ നിന്നു പുറത്തെടുത്തു. അന്നയാൾ ഒരു വീണ്ടുവിചാരമെന്നോണം ചെയ്ത കാര്യം ഏവരേയും കൗതുകത്തിലാഴ്ത്തി. ലോകം മുഴുവൻ അത്ഭുതപ്പെടാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിലെ ദേശീയ ചരിത്രമ്യൂസിയത്തിലേക്കു ആ സ്വർണ്ണപുസ്തകം അയാൾ സംഭാവന നല്കി. താൻ അജ്ഞാതനായി തന്നെ ഇരിക്കണമെന്ന നിബന്ധനയോടെ.
ഇന്ന് സോഫിയ മ്യൂസിയത്തിലെ ഒരു നിലവറയ്ക്കുള്ളിൽ വെളിച്ചത്തിൽ നിന്നകറ്റിനിർത്തി ആ പുസ്തകം ഭദ്രമായി സൂക്ഷിക്കപ്പെടുന്നു. അതായത്, ഒരുകാലത്ത് ഏതൊക്കെയോ അനുഷ്ഠാനാഗ്നിയുടെ ജ്വാലയിൽ പ്രകാശിച്ചിരുന്ന ആ തങ്കത്താളുകൾ ഇന്ന് അന്ധകാരത്തിലാണ് കഴിയുന്നത് എന്ന്.
ലണ്ടനിലേയും സോഫിയയിലേയും ചരിത്രപണ്ഡിതന്മാർ ഈ സ്വർണ്ണഗ്രന്ഥത്തെ കൂലങ്കഷമായി പരിശോധിച്ചു, പഠിച്ചു. എക്സ്റേ ഫ്ലൂറസൻസ് പഠനങ്ങളും, സൂക്ഷ്മദർശിനി കൊണ്ടുള്ള വിശകലനങ്ങളും നടത്തി. തുടർന്നായിരുന്നു വെങ്കലയുഗത്തിലേതാണതെന്ന നിർണയം. എന്നാൽ, ഏറ്റവും അത്ഭുതപ്പെടുത്തിയത് അതിലെ എട്രൂസ്കൻ ലിപിയാണെന്നു പറയാം. എങ്ങനെയായിരിക്കണം പുരാതന ഇറ്റാലിയൻ ദേശത്തെ ജനതയുടെ ഭാഷ ഈ ത്രേസ്യൻ മണ്ണിലേക്കെത്തിയത്? കച്ചവടപാതകളാവുമോ? മധ്യ ഇറ്റലിയിലെ ആർനോ, ടൈബർ നദികൾക്കിടയിലുള്ള പുരാദേശമാണ് എർട്രൂരിയ. ബി.സി.ഇ. ആറാം നൂറ്റാണ്ടിനു മുമ്പ് അവിടെ താമസമുറപ്പിച്ചവർ എർട്രൂസ്കരും. ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ റോമിനു കീഴ്പ്പെടുന്നതുവരെ അവർ വേറിട്ട കൂട്ടരായി നിലനിന്നു. അക്കാലങ്ങളിൽ, ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഗ്രീസുമായൊരു ബന്ധം അവർ നിലനിർത്തിയിരിക്കണം. ജനങ്ങൾ അവിടേക്കും തിരിച്ചും സഞ്ചരിച്ചിരിക്കണം. അവരിലൂടെ ആ വിശിഷ്ടഗ്രന്ഥം നിഗൂഢതകൾ പേറുന്ന ഓർഫിയസിൻ്റെ നാടായ ത്രേസിൽ വന്നെത്തിയതായിരിക്കാനിടയുണ്ട്. പല യാത്രകൾക്കൊടുവിലെ വിശ്രമയിടം. പുരാതനമധ്യധരണ്യാഴീലോകത്തിൻ്റെ വിവിധഭാഗങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന അജ്ഞാതചരടുകളുടെ ഏറ്റവും അപൂർവ്വമായ ദൃഷ്ടാന്തം.
ഇനി നിങ്ങളൊരു കാര്യം സങ്കല്പിക്കണം. സോഫിയ മൂസിയത്തിലെ അരണ്ട വെളിച്ചത്തിൽ ഈ അപൂർവ്വതയുടെ താളുകൾ വിടരുന്നത്. അടിച്ചുപരത്തപ്പെട്ട സ്വർണ്ണത്തകിടുകൾ ചരിത്രത്തിൻ്റെ നിത്യസാക്ഷിയായി വെളിച്ചം പരത്തുന്നത്. നിലാവെളിച്ചം മാറിമറിയുന്നതുപോലെ ആ സ്വർണ്ണവളയങ്ങളിലൂടെ ആ നേർത്ത തകിടുകൾ നീങ്ങി വശം തിരിയുന്നത്. പാപ്പിറസ് ചുരുളുകളിലും, മെസപ്പൊട്ടേമിയൻ കളിമൺ ഫലകങ്ങളിലും, ഇനിയും വായിക്കാനാവാത്ത സിന്ധുമുദ്രകളിലും മാത്രമേ ഇതിനു മുമ്പ് ഇത്രയും ലേഖനചാതുര്യം കണ്ടിട്ടുള്ളൂ. പക്ഷെ, അതുപോലെയല്ല ഇത്. ഇതൊരു പുസ്തകമാണ്. അങ്ങനെയൊന്ന് ഇതിനു മുമ്പുണ്ടായിട്ടില്ല. എവിടെയും കൊണ്ടു പോകാവുന്ന, എന്നാൽ അതിഗോപ്യമായി സൂക്ഷിക്കാനുമാവുന്ന ഒന്ന്, ഒരു ഓർഫിയസ് അനുയായിയാൽ രൂപകല്പന ചെയ്യപ്പെട്ട മന്ത്രഗ്രന്ഥം.
ഇതിലെ താളുകളിൽ മുദ്രണം ചെയ്യപ്പെട്ട അക്ഷരങ്ങൾ രേഖീയമായ ഗ്രീക്ക് അക്ഷരമാലയിൽ നിന്ന് ഉറവെടുത്തതാവണം. എങ്കിലും ഈ എട്രൂസ്കൻ ലിപിയുടെ പ്രത്യേകമാം ചെരിവും ഗാംഭീര്യവും എടുത്തുപറയാതെ വയ്യ. ചില പണ്ഡിതന്മാർ പറയുന്നത് ഇതിൽ കാണുന്നത് എട്രൂസ്കൻ ഭാഷയുടെ ഒരു ത്രേസ്യൻ വകഭേദമാണ് എന്നാണ്. ഏതോ കാലത്ത് മറഞ്ഞുപോയ എട്രൂസ്കൻ ദാർശനികരുടെ പുരാഭാഷ ഇന്നും പൂർണമായും വ്യാഖ്യാനിക്കപ്പെട്ടിട്ടില്ല. അതേസമയം, മരണാനന്തരജീവിതത്തിൻ്റെ ചില രഹസ്യങ്ങളാണ് ഈ സ്വർണ്ണലിഖിതം കാത്തുസൂക്ഷിക്കുന്നത് എന്നോർക്കുമ്പോൾ കൂടുതലറിയാനുള്ള വ്യഗ്രത എറുകയും ചെയ്യും.
ബൾഗേറിയൻ ഭാഷാശാസ്ത്രജ്ഞനായ വ്ലദിമീർ ഗ്യോർഗിയേവ് ഇതിൻ്റെ പരിഭാഷയുടെ ഭാഗമായി അനേകനാളുകൾ രാത്രികൾ പകലാക്കിയിട്ടുള്ളതായി അറിയാം. അദ്ദേഹം പറയുന്നത് ആത്മാവിൻ്റെ യാത്രയേയാണ് ഇതിലെ ചില ശകലങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ്. പരലോകത്തിലേക്കു വഴിതെളിക്കുന്ന മന്ത്രങ്ങൾ ഇതിലുണ്ടത്രെ. പുനർജന്മവും, മൃത്യുലോകത്തെ വലംവെയ്ക്കുന്ന നദിയിലെ വഞ്ചിക്കാരനുമെല്ലാം ഇതിൽ പരാമർശിക്കപ്പെടുന്നു.
ജ്വരബാധയിൽ കാണുന്ന സ്വപ്നങ്ങളെന്നോണം ചില ചിത്രങ്ങളും കാണാം ഈ താളുകളിൽ. കുതിരപ്പുറത്തു പായുന്ന ആഭിജാതൻ, പകുതി പരുന്തും പകുതി സിംഹവുമായ അത്ഭുതജീവി, കവചധാരികളായ യോദ്ധാക്കൾ, ചുരുൾമുടിക്കാരിയായ സുന്ദരി, മരണത്തിലേക്കു മാടി വിളിക്കുന്ന മറ്റൊരു യുവതി, പിന്നെ ചില സൗരചിഹ്നങ്ങൾ തുടങ്ങി പലയിടത്തായി ആലേഖനം ചെയ്തുകിടക്കുന്ന ചിത്രങ്ങൾ. ഒരു പക്ഷെ, ഇതൊരു രാശിചക്രത്തിൻ്റെ വിവരണമാവാം എന്ന് പറയുന്നവരുണ്ട്. ജ്യോതിശാസ്ത്രസൂചനകൾ കാണുന്നതുകൊണ്ടുള്ള ചിന്തയാണത്.
ശവക്കല്ലറയിലായിരുന്നു കണ്ടുപിടുത്തം എന്നതിനാൽ ഒരു പക്ഷെ, ഇതിൻ്റെ ഉടമസ്ഥനെ പരലോകത്തിലൂടെ നയിക്കാനുള്ള വഴികാട്ടിയാവണം എന്നും ചിന്തിച്ചിരിക്കാം. മൃത്യുലോകത്തിൻ്റെ കാവൽനായ സെർബറസിനെ മറികടക്കാനും, മൃത്യുദേവതയായ പെർസിഫോണിൻ്റെ സിംഹാസനത്തിനു മുന്നിൽ മാപ്പപേക്ഷിക്കാനും ഈ പുസ്തകം ആവശ്യമാണെന്നും അവർ കരുതിട്ടുണ്ടാവണം. മൃത്യോപാസനയായി ചിലർ കരുതുന്ന ഓർഫിസം അക്കാലത്തെ ഒരു വിശ്വാസവും രീതിയുമായിരുന്നു. സംഗീതത്താൽ നദികളെ തടഞ്ഞുനിർത്തുകയും, ക്രൂരജന്തുക്കളെ ശാന്തരാക്കുകയും ചെയ്തിരുന്ന ഓർഫിയസ് എന്ന ദേവൻ്റെ അത്ഭുതപ്രവൃത്തികളിൽ ആകൃഷ്ടരായവരുടെ കൂട്ടം. എന്നാൽ, ഓർഫിസം മരണത്തെ അതിജീവിക്കൽ മാത്രമായിരുന്നില്ല, വിശുദ്ധിയിലേക്കുള്ള രൂപാന്തരം കൂടിയായിരുന്നു. അതിൽ പൈതഗോറസിൻ്റെ ഗണിതവും, എല്യൂസിസിലെ മാന്ത്രികവഴികളും ഉൾച്ചേർന്നു. സസ്യാഹാരവും, ബ്രഹ്മചര്യവും, ഉന്മാദാനുഷ്ഠാനങ്ങളും ഓർഫിസത്തിൻ്റെ ഭാഗമായി. ആദിരാക്ഷസരായ ടൈറ്റനുകളുടെ പാപത്താൽ ബന്ധിതമാക്കപ്പെട്ട കാരാഗൃഹമാണ് ഓരോ മനുഷ്യരുടേയും ശരീരമെന്നും അവർ വിശ്വസിച്ചു.
അപ്പോഴും ഒരു സംശയം ഇവിടെ ബാക്കിനില്ക്കുന്നു. ഇതു യഥാർത്ഥമായും എട്രൂസ്കനാണോ? അതോ ത്രേസ്യൻ പകർപ്പാണോ? ഒരു പൂർണ്ണപരിഭാഷ ലഭ്യമാകാതെ അക്കാര്യം നമുക്കതറിയാനാവില്ല.
ഇതിൽ കുറിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള നിഗൂഢതകളിലേക്കു കണ്ണുനടുമ്പോൾ, ഓർഫീയസിൻ്റെ സംഗീതം വീണ്ടും നമുക്കു ചുറ്റും അലയടിക്കും. നമ്മുടേതായ അന്തർലോകങ്ങളിലേക്കതു നമ്മെ വലിച്ചിഴയ്ക്കും. നിഴലുകളെ വെല്ലുവിളിച്ച് നമ്മെ ജ്ഞാനത്തിൻ്റെ പ്രകാശവഴിയിലേക്കു നടത്തുന്ന ഒന്നാണത്. ഇവിടെ മരണമാണ് അറിവ്. എന്നും അവശേഷിക്കുന്ന, നിത്യതയാണതു പകർന്നുതരുന്നത്. ബൾഗേറിയയിൽ സ്ട്രൂമ ഇപ്പോഴും ഒഴുകുന്നുണ്ട്. ശവക്കൂനകൾ മന്ത്രിക്കുന്നുമുണ്ട്. രഹസ്യങ്ങൾ ഇപ്പോഴുമവിടെ ബാക്കിനില്ക്കുന്നു. ഇന്നും മുഴുവനായും പിടികിട്ടാത്ത ഈ സ്വർണ്ണത്താളുകൾ ഒരു പിഞ്ചുകുഞ്ഞിൻ്റെ കൈത്തലമെന്നോണം അനശ്വരതയുടെ ഭാരം വഹിക്കുന്നു എന്നു തോന്നും. അതിൻ്റെ തെളിച്ചത്തിൽ പുരാതന ത്രേസിലെ ഒരിരുൾമൂലയിൽ നമ്മളും ഒരു ഓർഫിയൻ അനുയായിയായി മാറിയെന്നു വരും. നക്ഷത്രങ്ങളുടെ രഹസ്യങ്ങൾ തുറന്നിടുന്ന ആ മാന്ത്രികഗീതത്തിൻ്റെ വശ്യതയിൽ നാം വലയുകയും ചെയ്യും.
content summary: the remarkable discovery of the Etruscan Gold Book, an extremely rare, small manuscript made of 23.82-carat gold leaves and dating back to 660 BCE
This post was last modified on November 25, 2025 3:44 pm
Leave a Comment