ഡോ. മേരി പുന്നന്‍ ലൂക്കോസ് എന്ന ബഹുമുഖ പ്രതിഭ

ചികിത്സാ ചരിത്രത്തില്‍ വഴികാട്ടിയ അപൂര്‍വ പ്രകാശം

ഓപ്പറേഷന്‍ തിയേറ്ററില്‍ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവെയ്ക്കുകയും അത് കണ്ടുപിടിച്ചപ്പോള്‍ ന്യായീകരിക്കുകയും ചെയ്ത കേരളത്തിലെ ഇന്നത്തെ ആരോഗ്യ മേഖലയിലെ വകുപ്പ് മേധാവികള്‍ വാഴുന്ന ഈ കാലത്ത്, ഒരു നൂറ്റാണ്ട് മുന്‍പ് റാന്തല്‍ വിളക്കിന്റെ പ്രകാശത്തില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ ഡോ.മേരി പുന്നന്‍ ലൂക്കോസ് എന്ന സര്‍ജനെ ഈ ലോക വനിതാ ദിനത്തില്‍ അഴിമുഖം ആദരവോടെ സ്മരിക്കുന്നു.

അസാധാരണ കഴിവുകളുണ്ടായിരുന്ന ആ വനിതാ സര്‍ജന്റെ ജീവിതം കേരളത്തിന്റെ ആദ്യകാല ചികിത്സാ പാരമ്പര്യത്തിലെ ഒരു കീറു വെളിച്ചമായി ഈ ലോക വനിതാ ദിനത്തില്‍ അഴിമുഖം വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

കേരളത്തിന്റെ ചികിത്സാ ചരിത്രത്തിലെ ഒരു അപൂര്‍വ്വ വ്യക്തിത്വമാണ് ഡോ.മേരി പുന്നന്‍ ലൂക്കോസ്. തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ബി.എക്കാരി. ആദ്യത്തെ വനിതാ സര്‍ജന്‍ ജനറല്‍. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ നിയമസഭാംഗം. വൈ.ഡബ്ല്യൂ.സി.എ യുടെ ചരിത്രത്തിലാദ്യമായി ഏകദേശം അമ്പതുകൊല്ലം തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷ. കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് നിസ്തുലമായ പല സംഭാവനകളും നല്‍കിയ പ്രഗത്ഭ.

ഡോക്ടർ മേരി പുന്നൻ ലൂക്കോസ്

‘രോഗി മേശപ്പുറത്ത് തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ ഡോക്ടര്‍ ട്വീഡി മേശയുടെ എതിര്‍വശത്തേക്ക് വരാന്‍ എന്നോട് ആംഗ്യം കാണിച്ചു, ഞാന്‍ അവിടെ സ്ഥാനം പിടിച്ചപ്പോള്‍, അദ്ദേഹം സര്‍ജിക്കല്‍ കത്തി എനിക്ക് തന്ന് ‘തുടരാന്‍’ ആവശ്യപ്പെട്ടു. ഒരു പുതിയ അനുഭവമായിരുന്നു, ഞാന്‍ മേശയ്ക്കരികില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്റെ കൈകള്‍ വിറച്ചു. പക്ഷേ, ആദ്യത്തെ മുറിവ് ഉണ്ടാക്കിയപ്പോള്‍ തുടരാന്‍ എനിക്ക് ധൈര്യം തോന്നി. അത് ലളിതമായ ഹിസ്റ്റെരെക്ടമി (ഗര്‍ഭാശയം നീക്കം ചെയ്യല്‍) ആയിരുന്നു, ശസ്ത്രക്രിയ സുഗമമായി നടന്നു.’

111 വര്‍ഷം മുന്‍പ് അയര്‍ലണ്ടിലെ ഡബ്ലിനിലെ പ്രശസ്തമായ റൊട്ടുണ്ട ആശുപത്രിയില്‍ നടന്ന ഈ ശസ്ത്രക്രിയ ചെയ്തത് 29 വയസായ ഒരു മലയാളി വൈദ്യ വിദാര്‍ത്ഥിനിയായിരുന്നു. വിജയകരമായ തന്റെ ആദ്യ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിരവധി ശസ്ത്രക്രിയകള്‍ നടത്താന്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചു, 1915 ഡിസംബറില്‍ ആ വൈദ്യ വിദ്യാര്‍ത്ഥിനിക്ക് ഡിപ്ലോമ ഓഫ് ലൈസന്‍സിയേറ്റ് ഇന്‍ മിഡ്വൈഫറി (എല്‍.എം. റൊട്ടുണ്ട) ലഭിച്ചു.

ഒരു ചരിത്രം ആരംഭിക്കുകയായിരുന്നു. ഇന്ത്യന്‍ വൈദ്യചരിത്രത്തിലെ അസാമാന്യ പ്രതിഭയായി പിന്നീട് അറിയപ്പെട്ട ആ വൈദ്യവിദ്യാര്‍ത്ഥിനി മലയാളിയായ മേരി പുന്നന്‍ ലുക്കോസ് ആയിരുന്നു. പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ ഒരു പ്രവിശ്യയായ കോട്ടയത്തെ അയ്മനമെന്ന ഉള്‍നാടന്‍ പ്രദേശത്ത് ജനിച്ച മേരി പുന്നന്‍ ലൂക്കോസ് ഇന്ത്യന്‍ വൈദ്യശാസ്ത്ര രംഗത്തെ ആദ്യത്തെ വനിതാ സര്‍ജനാണ്.

ഒരു പഴയ കാല ഓപ്പറേഷൻ തിയേറ്റർ

അരുന്ധതി റോയ് എഴുതിയ ‘ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ്’ എന്ന നോവലിലൂടെ ‘അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രദേശമായ അയ്മനത്ത് 1886 ഓഗസ്റ്റ് 2 ന് മേരി പുന്നന്‍ ലൂക്കോസ് ജനിച്ചു. ശക്തമായ ബന്ധങ്ങളുള്ള ഒരു ഉന്നത കുടുംബത്തില്‍ പെട്ട ഡോ. ടി.ഇ. പുന്നനായിരുന്ന അവരുടെ പിതാവ്. തിരുവിതാംകൂറില്‍ നിന്ന് നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് ആദ്യമായി പോയ വ്യക്തിയായിരുന്നു അവരുടെ കുടുംബാംഗവും ജഡ്ജിയുമായ മറ്റൊരു പുന്നന്‍. അദ്ദേഹം ഈ കുടുംബത്തിലെ പ്രശസ്തനായ വ്യക്തിയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി ഡോ. ജോണ്‍ മത്തായി, മദ്രാസിലെ പ്രശസ്തനായ ഇ.എന്‍.ടി സര്‍ജന്‍ ഡോ. പി.വി. ചെറിയാന്‍ (പിന്നിട് മഹാരാഷ്ട്ര ഗവര്‍ണര്‍) തുടങ്ങിയവരൊക്കെ ഈ കുടുംബത്തിലെ പ്രശസ്ത വ്യക്തികളാണ്.

കൊച്ചി സ്റ്റേറ്റ് സര്‍വീസില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച ഡോ. ടി.ഇ. പുന്നനായിരുന്നു മേരി പുന്നന്‍ ലൂക്കോസിന്റെ പിതാവ്. അദ്ദേഹം കുറച്ചുകാലം ആലുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ സ്റ്റാഫായിരുന്നു. ബി.എ., എം.ബി.ബി.എസ്., എം.ഡി., എം.സി.എച്ച്. എന്നീ പ്രൊഫഷണല്‍ യോഗ്യതകളുമുള്ള മേരിയുടെ പിതാവായ പുന്നന്‍ തന്നെയാണ്, മെഡിക്കല്‍ പഠനത്തിനും പരിശീലനത്തിനുമായി ഇംഗ്ലണ്ടിലേക്ക് പോയ തിരുവിതാംകൂറില്‍ നിന്നുള്ള ആദ്യത്തെ വ്യക്തി.
കേരളത്തിലെ ഡച്ചുകാരുടെ അധിനിവേശത്തെ കുറിച്ചുള്ള തന്റെ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നേടിയ പുന്നന്‍ ‘ദി ഹിസ്റ്ററി ഓഫ് ദി ഡച്ച് ഇന്‍ കേരള’ എന്ന പുസ്തകത്തിന്റെ രചയിതാവെന്ന നിലയില്‍ അംഗീകാരം നേടി.

മദ്രാസിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി ജീവിതം ആരംഭിച്ച പുന്നന്‍, മദ്രാസില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ യോഗ്യത നേടുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോയി. തിരികെ വന്ന പുന്നന്റെ ആദ്യത്തെ നിയമനം ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറായിട്ടായിരുന്നു. തിരുവിതാംകൂറില്‍ വിക്ടോറിയ രാജ്ഞിയുടെ വജ്ര ജൂബിലി ആഘോഷിച്ചപ്പോള്‍, ഈ സംഭവത്തിന്റെ സ്മരണയ്ക്കായി കൊല്ലത്ത് മിഡ്വൈഫുമാരെ (വയറ്റാട്ടി) പരിശീലിപ്പിക്കുന്നതിനായ ഒരു സ്ഥാപനം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അക്കാലത്ത് തിരുവിതാംകൂറില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ച വയറ്റാട്ടിമാര്‍ ഇല്ലായിരുന്നു. ഇതിനായി മലയാളത്തില്‍ മിഡ്വൈഫറി പഠിപ്പിക്കാന്‍ ഏറ്റവും അര്‍ഹതയുള്ള ചികിത്സകനായി കണക്കാക്കപ്പെട്ടിരുന്ന ഡോ. പുന്നനെ സര്‍ക്കാര്‍ കൊല്ലത്തേക്ക് കൊണ്ടുവന്നു നിയമിച്ചു.

ഡോ. പുന്നന്‍ പ്രായപൂര്‍ത്തിയായവരും മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരുമായ സ്ത്രീകളെ വിവിധ സമുദായങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത് പരിശീലനത്തിന് പ്രോത്സാഹനം നല്‍കി. തുടക്കത്തില്‍ ക്ലാസുകള്‍ ഒരു സ്വകാര്യ വാടക വീട്ടിലായിരുന്നു. പുന്നനെ സഹായിക്കുന്നതിനായി മദ്രാസില്‍ നിന്നുള്ള ഒരു ആഗ്ലോ-ഇന്ത്യക്കാരിയായ മേട്രനെ നിയമിച്ചു. രോഗികള്‍ക്കായി കെട്ടിടത്തില്‍ കുറച്ച് കിടക്കകള്‍ നല്‍കിയിരുന്നു. ഈ സ്ഥാപനമാണ് പിന്നീട് കൊല്ലത്തെ ഇന്നത്തെ വിക്ടോറിയ ജൂബിലി ആശുപത്രിയായത്. ആദ്യകാലത്ത് ഡോ.പുന്നന്‍ അതിന്റെ ചുമതല വഹിച്ചിരുന്നു.

പിന്നീട് നേത്രചികിത്സയില്‍ ഉപരിപഠനത്തിനായി ഡോ. പുന്നന്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയി. സ്‌പെഷ്യലൈസേഷനും അഡ്വാന്‍സ്ഡ് പരിശീലനത്തിനും ശേഷം ഇംഗ്ലണ്ടില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, അദ്ദേഹത്തെ ജനറല്‍ ആശുപത്രിയുടെ സൂപ്രണ്ടായി തിരുവനന്തപുരത്ത് നിയമിച്ചു.

തിരുവനന്തപുരത്തും തിരുവിതാംകൂറിന്റെ മറ്റ് ഭാഗങ്ങളിലും അന്ന് നിലനിന്നിരുന്ന ചികിത്സാ പരിമിതികള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ ഡോ.പുന്നന്‍ അതിവേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. കൊല്ലം രൂപതയുടെ ബിഷപ്പ് ബെന്‍സിഗറിന്റെ സഹായത്തോടെ, അഞ്ച് നഴ്സിംഗ് സിസ്റ്റേഴ്സിനെ (സിസ്റ്റേഴ്സ് ഓഫ് ദി ഹോളി ക്രോസ്) അദ്ദേഹം പശ്ചിമ യൂറോപ്പിലെ രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്നു. ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങളില്‍ അക്കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെയും ദിവാന്റെയും പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. കൂടാതെ വകുപ്പില്‍ പ്രത്യേക പദവിയും ഡോ. പുന്നന് ലഭിച്ചു. അദ്ദേഹം ഹുസൂര്‍ മെഡിക്കല്‍ ഓഫീസറും ദിവാന്റെ ഫിസിഷ്യനും കൂടിയായിരുന്നു.

ഏകദേശം ഏഴ് വയസ്സുള്ളപ്പോള്‍ മേരി പുന്നന്‍ പിതാവിനോടൊപ്പം തിരുവനന്തപുരത്ത് എത്തി. ഡോ.പുന്നന്‍ അപ്പോഴേക്കും തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ഡര്‍ബാര്‍ ഫിസിഷ്യനായി നിയമിതനായിരുന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം ഒരു വലിയ മാളികയിലാണ് ഡോ. പുന്നന്‍ താമസിച്ചിരുന്നത്. ആ കെട്ടിടം ഇപ്പോള്‍ ഇല്ലെങ്കിലും അതിനടുത്തുള്ള വഴി ‘പുന്നന്‍ റോഡ്’ എന്നാണ് ഇന്നും അറിയപ്പെടുന്നത്.

ഡോക്ടർ മേരി പുന്നൻ ലൂക്കോസ് തിരുവിതാംകൂറിലെ സർജൻ ജനറലായപ്പോൾ (1938)

ബ്രിട്ടീഷ് ആയമാരാണ് മേരിയെ വളര്‍ത്തിയത്. കളിക്കാന്‍ കൂട്ടുകാര്‍ ആരുമില്ലാത്ത ഏകാന്തമായ ഒരു ബാല്യമായിരുന്നു അവരുടേത്. ഡോ. പുന്നന്‍ താമസിച്ചിരുന്നത് രാജകൊട്ടാരത്തിന് സമീപമായിരുന്നതിനാല്‍ അദ്ദേഹം കൊട്ടാരത്തിലേക്ക് പോകുമ്പോള്‍ പുത്രിയെ കൂടെ കൊണ്ടുപോയിരുന്നു. മഹാരാജാവ് ശ്രീ. മൂലം തിരുനാള്‍ മേരിയോട് പിതൃതുല്യമായ വാത്സല്യം പ്രകടിപ്പിച്ചു. ആയമാരുടെ മേല്‍നോട്ടത്തില്‍ വളര്‍ന്നതിനാല്‍ മേരിക്ക് കളിക്കൂട്ടുകാരായി നാട്ടിലെ പിള്ളേര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. കൊട്ടാരമായുള്ള സമ്പര്‍ക്കമുള്ളതിനാല്‍ രാജകുടുംബത്തിലെ ശ്രീചിത്തിര തിരുനാളും ശ്രീ ഉത്രാടം തിരുനാളുമൊക്കെയായിരുന്നു മേരിയുടെ കളിക്കൂട്ടുകാര്‍. അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ രക്ഷകര്‍തൃത്വം മേരിയുടെ കുടുംബത്തിന് എല്ലായ്‌പ്പോഴും ലഭിച്ചു.

തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നിന്ന് അവള്‍ മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയിച്ചു. ഇംഗ്ലീഷില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ അവര്‍ക്ക് അന്ന് നല്‍കിയിരുന്ന ‘സത്യനാഥന്‍ മെമ്മോറിയല്‍ മെഡല്‍’ ലഭിച്ചു. പരീക്ഷാഫലത്തില്‍ അവള്‍ ഒന്നാമതെത്തിയെങ്കിലും, അന്ന് അവള്‍ക്ക് മഹാരാജാസ് കോളേജില്‍ പ്രവേശനം ലഭിച്ചില്ല (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്). അങ്ങനെ അവള്‍ കോണ്‍വെന്റില്‍ തന്നെ തുടര്‍ന്നു, അവിടെ നിന്ന് എഫ്.എ പരീക്ഷ (ആര്‍ട്‌സിലെ ഒന്നാം പരീക്ഷ) പാസായി. പിതാവിന്റെ സ്വാധീനവും തിരുവിതാംകൂര്‍ മഹാരാജാവിന്റെ പ്രത്യേക താല്‍പ്പര്യവും കാരണം ഇത്തവണ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജില്‍ ബി.എ. കോഴ്‌സിന് പ്രവേശനം ലഭിച്ചു. ആ കോളേജില്‍ പ്രവേശനം നേടിയ ആദ്യ വനിതയായിരുന്നു മേരി പുന്നന്‍.

കോഴ്സിന് സയന്‍സ് വിഷയങ്ങള്‍ എടുക്കാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ (ഡോ. മിച്ചല്‍) സ്ത്രീ വിദ്യാര്‍ത്ഥികള്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ചേരുന്നതിനെ അനുകൂലിക്കാത്തതിനാല്‍ മേരിക്ക് ചരിത്രവും സാമ്പത്തിക ശാസ്ത്രവും പ്രധാന വിഷയങ്ങളായി എടുക്കേണ്ടി വന്നു. അവര്‍ അന്ന് മഹാരാജാസ് കോളേജിലെ ആദ്യത്തെയും, ഏക വനിതാ വിദ്യാര്‍ത്ഥിനിയുമായിരുന്നു.

പഠനം കഴിഞ്ഞപ്പോള്‍ മേരി പുന്നന്റെ ജീവിതത്തിലെ ആദ്യത്തെ അംഗീകാരം അവരെ തേടിയെത്തി. തിരുവിതാംകൂറിലെ ആദ്യ ബിരുദദാരിണിക്ക് അഭിനന്ദന സൂചകമായി നല്‍കുന്ന ചടങ്ങ്, തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗണ്‍ ഹാളില്‍ നടന്നു. ആംഗ്ലിക്കന്‍, യാക്കോബായ, മാര്‍ത്തോമ്മാ എന്നീ മൂന്ന് സഭകളിലെയും മെത്രാപ്പോലീത്തമാര്‍ മേരി പുന്നന് ചടങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു.

കേരളത്തിൻ്റെ മെഡിക്കൽ കൗൺസിൽ ലോഗോ

ആ കാലഘട്ടത്തില്‍ പുരുഷന്മാര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ ഒരു പെണ്‍കുട്ടിയുടെ കഷ്ടപ്പാടുകള്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമാണ്. മേരിക്ക് അത് സഹിഷ്ണുതയുടെ ഒരു പരീക്ഷണമായിരുന്നു. തുടര്‍ന്ന് ബിഎ പരീക്ഷ പാസായി (1909) മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ആദ്യ വനിതാ ബിരുദധാരിയായി. അച്ഛനെപ്പോലെ ഒരു ഡോക്ടറാകാനാണ് മേരി ആഗ്രഹിച്ചത്, പക്ഷേ, ഒരു സ്ത്രീക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ അക്കാലത്ത് പ്രവേശനം അസാധ്യമായിരുന്നു. ഡോക്ടര്‍ പുന്നന് ആലോചിക്കാനൊന്നുമില്ലായിരുന്നു. മകളെ ബ്രിട്ടീഷ് ശീമയിലേക്ക് വിട്ട് വൈദ്യം പഠിപ്പിക്കുക.

1909 ഓഗസ്റ്റില്‍ കൊളംബോ തുറമുഖത്ത് നിന്ന് മേരി പുന്നന്‍ ഇംഗ്ലണ്ടില്‍ വൈദ്യം പഠിക്കാന്‍ കപ്പല്‍ കയറി. മേരി ഏറെ ആഗ്രഹിച്ച കാര്യം പ്രിയപ്പെട്ട വിഷയമായ വൈദ്യം പഠിക്കുക. അവിടെയും ഏറ്റവും വലിയ ദുര്‍ഘടമുണ്ടായിരുന്നു. ചരിത്രവും ഇക്കണോമിക്സും പഠിച്ച വിദ്യാര്‍ത്ഥിനിക്ക് എങ്ങനെ മെഡിസിന് പ്രവേശനം കിട്ടും? പക്ഷേ, അതിന്റെ മത്സരപരീക്ഷകളൊക്കെ കടക്കാന്‍ അതിസമര്‍ത്ഥയായിരുന്ന മേരി അതും, സാധിച്ചെടുത്തു. ഒക്ടോബറില്‍ ലണ്ടനിലെ ‘റോയല്‍ ഫ്രീ ഹോസ്പിറ്റല്‍ സ്‌ക്കൂള്‍ ഓഫ് മെഡിസിന്‍’ ല്‍ മേരി പുന്നന്‍ വൈദ്യശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നു. കൂട്ടത്തില്‍ മെഡിസിനു പുറമേ, നാട്ടിലെ തന്റെ ആയ തുടങ്ങിവച്ച പാശ്ചാത്യ സംഗീതപഠനവും.

അന്യരാജ്യത്തെ പഠനക്കാലത്തെ രസകരമായ അനുഭവങ്ങള്‍ ഒരിക്കല്‍ മേരി അനുസ്മരിച്ചു. ‘ലണ്ടനിലെ എന്റെ ജീവിതം താരതമ്യേന ആയാസരഹിതമായ ഒന്നായിരുന്നു. ‘ഏന്‍സലി ഗാര്‍ഡന്‍സ് എന്ന ഒരു സ്വകാര്യ ഹോസ്റ്റലില്‍ സമവയസ്‌കരായവരോടൊപ്പം ഞാന്‍ താമസിച്ചു. ‘ദിവസവും വാസസ്ഥലത്തുനിന്നു കോളേജിലേക്കു കാല്‍നടയായി പൊയ്‌ക്കൊണ്ടിരുന്ന എന്നെ കാണുവാന്‍ അവിടുത്തെ തെരുവുകുട്ടികള്‍ ഓടിക്കൂടുമായിരുന്നു. കറുത്ത നിറക്കാരിയായ ഞാന്‍ അവര്‍ക്കൊരു അത്ഭുത വസ്തുവായിരുന്നു. ‘ബ്ലാക്കീ ബ്ലാക്കീ’ എന്ന് അവര്‍ ആര്‍ത്ത് വിളിച്ച് എന്നെ അവര്‍ സ്വീകരിച്ചിരുന്നു. ഒരുദിവസം ‘സമയമെന്തായി?’ എന്നവര്‍ എന്നോടു ചോദിച്ചു ഞാന്‍ ഇംഗ്‌ളീഷില്‍ മറുപടി പറഞ്ഞു. അദ്ഭുതം കൊണ്ടവര്‍ പൊട്ടിത്തെറിച്ചു. അവരിലൊരാള്‍ വിളിച്ചുകൂവി:
”Oh she knows English, wonderful!’.

ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലെ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് മേരി പുന്നന്‍ പറഞ്ഞു: ”ഞാനവിടെ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭ്യമായിരുന്നില്ല. സമ്മതിദാനാവകാശത്തിനു വേണ്ടി സ്ത്രീകള്‍ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്ന കാലമായിരുന്നു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ തുലോം വിരളമായിരുന്നു. യുദ്ധം പെട്ടെന്നൊരു മാറ്റത്തിനു വഴിതെളിച്ചു. യുദ്ധകാല സേവനത്തിനായി പുരുഷന്മാര്‍ വിളിക്കപ്പെട്ടു. സൈനിക സേവനത്തിലേര്‍പ്പെടുവാന്‍ തെരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരുടെ ജോലികള്‍ ഏറ്റെടുക്കേണ്ട ചുമതല സ്വാഭാവികമായും സ്ത്രീകള്‍ക്കായിരുന്നു. ഓഫീസുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളിലേക്കു സ്ത്രീകള്‍ ധാരാളമായി പ്രവേശിച്ചു. സമൂഹജീവിതത്തില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതു വ്യക്തമായി കാണാമായിരുന്നു.” യൂറോപ്പിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ശ്രദ്ധേയമായ വികാസമായിരുന്നു മേരി പുന്നന്റെ നിരീക്ഷണം.

അഞ്ചുകൊല്ലത്തെ എംബിബിഎസ് കോഴ്സ് കഴിഞ്ഞപ്പോള്‍ ഡോ.പുന്നന്‍ മകള്‍ക്കെഴുതി. വെറുമൊരു മെഡിക്കല്‍ ഡിഗ്രി മാത്രം പോരാ ഒന്നു രണ്ടു പിജി ഡിഗ്രികളും നേടണം. അതിനാല്‍ മേരി Gynecology ആദ്യം പഠിച്ച്, എംആര്‍സിഒജി (Member of Royal College of Obstetrics and Gynecology) നേടി. അത് കഴിഞ്ഞ് ശിശുരോഗചികിത്സയില്‍ ലോകപ്രസിദ്ധമായ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റിലെ ആശുപത്രിയില്‍ പരിശീലനം നേടി പീഡിയാട്രിക്സില്‍ ഒരു ഡിപ്ലോമ കൂടി എടുത്തു. അവര്‍ കലയിലുള്ള തന്റെ താല്‍പര്യം ഒരിക്കലും ഉപേക്ഷിച്ചില്ല. 18 വയസ്സുള്ളപ്പോള്‍, വൈദ്യശാസ്ത്ര ബിരുദം നേടും മുന്‍പേ, മേരി ലണ്ടന്‍ മ്യൂസിക് ഡിപ്ലോമ നേടിയിരുന്നു.

1914 ല്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു, അതിനാല്‍ മേരിക്ക് ഇംഗ്ലണ്ടില്‍ തന്നെ തുടരേണ്ടിവന്നു. 1916 വരെ അവര്‍ വിവിധ സൈനിക ആശുപത്രികളില്‍ ജോലി ചെയ്തു. യുദ്ധാനന്തരം ബ്രിട്ടനില്‍ തുടരാന്‍ വിവിധ ആശുപത്രികളില്‍ നിന്ന് മികച്ച ഓഫറുകള്‍ അവര്‍ക്ക് ലഭിച്ചു.

പക്ഷേ അപ്പോഴേക്കും നാട്ടില്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ഇംഗ്ലണ്ടില്‍ മേരി എത്തിയതിന്റെ പിറകെ, ഡോ. പുന്നന്‍ അന്തരിച്ചു(1916). ഡോ. ടി.ഇ. പുന്നന്‍ തന്റെ ജീവിതകാലത്ത് വളരെയധികം ആദരവ് നേടിയ ഒരു ഡോക്ടറായിരുന്നു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിന്റെ വടക്കുകിഴക്കന്‍ ഗേറ്റിന് എതിര്‍വശത്തായി അദ്ദേഹം ഒരു ‘മേവില്ല’ എന്നൊരു ബംഗ്ലാവ് പണിതു. യുദ്ധം തീര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്ന് മേരി നാട്ടില്‍ തിരികെയെത്തിയപ്പോള്‍ കണ്ടത്, ‘അവളുടെ പിതാവിന്റെ വലിയ ബംഗ്ലാവിലെ മിക്കവാറും എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലാണ്’, അവളുടെ പഴയ വീട് ജീര്‍ണിച്ച നിലയിലും. ‘ഞാന്‍ ഒരു രാജ്ഞിയെപ്പോലെയാണ് യുകെയിലേക്ക് പോയത്, പക്ഷേ തിരിച്ചെത്തിയപ്പോള്‍ അനാഥയായി’ അവര്‍ ദുഃഖത്തോടെ പറഞ്ഞു.

എന്നാല്‍ ആശ്രിതവത്സലനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് അവരെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു. മഹാരാജാവിന്റെ പിതൃതുല്യമായ വാത്സല്യമായിരുന്നു ദുഃഖം മറികടക്കാന്‍ മേരി പുന്നനെ വലിയ അളവില്‍ സഹായിച്ചത്. വാസ്തവത്തില്‍, മേരിയുടെ പിതാവായ ഡോ. പുന്നന് അവരുടെ പ്രാദേശിക ബന്ധുക്കളുമായോ ആളുകളുമായോ വളരെ കുറച്ച് ബന്ധമേ ഉണ്ടായിരുന്നുള്ളൂ. മേരി പുന്നന് അവരുടെ പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തേക്കാള്‍ രാജ കൊട്ടാരവുമായും ഉയര്‍ന്ന ജാതിയിലെ ഹിന്ദുക്കളുമായും കൂടുതല്‍ അടുപ്പമുണ്ടായിരുന്നു.

സംസ്ഥാനത്തെ ആദ്യത്തെ വനിതാ ബിരുദധാരിയായ മേരിക്ക് 1909 ജൂലൈ 3 ന് സഭാ മേധാവികൾ സംയുക്തമായി എഴുതിയ അഭിനന്ദന കത്ത്. ഫോട്ടോ: കടപ്പാട് മനോരമ ബുക്സ്

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെന്നറിയപ്പെട്ട തൈക്കാട് ആശുപത്രിയില്‍ പ്രസവചികിത്സാ വിദഗ്ദ്ധന്റെ ഒഴിവ് ഉണ്ടെന്നറിഞ്ഞ മേരി പുന്നന്‍ ആ പദവിക്കായി ശ്രമിച്ചു. ആ തസ്തിക വെള്ളക്കാര്‍ക്ക് മാത്രമുള്ളതായിരുന്നു, മഹാരാജാവിന്റെ ശക്തമായ ശുപാര്‍ശയുണ്ടായിട്ടും ആദ്യം മേരിക്ക് ആ ജോലി ലഭിച്ചില്ല.

ആ ആശുപത്രിയിലെ സൂപ്രണ്ടായിരുന്ന ഓസ്റ്റിന്‍ എന്ന മദാമ്മയേക്കാള്‍ അധിക യോഗ്യത ഉണ്ടായിട്ടും പ്രദേശിക പ്രജ എന്ന വിവേചനം കാരണം മേരി പുന്നന് ജോലി നിഷേധിക്കപ്പെട്ടു. എന്നാല്‍ വിവാഹ സംബന്ധമായി ആ വെള്ളക്കാരി ആശുപത്രി വിട്ട് യൂറോപ്പിലേക്ക് പോയപ്പോഴാണ് മേരി പുന്നന് ആ സ്ഥാനം ലഭിച്ചത്. ഈ കേസ് സ്റ്റേറ്റ് സെക്രട്ടറി മിസ്റ്റര്‍ എഡ്വിന്‍ മോണ്ടേഗിന് റഫര്‍ ചെയ്തു. മേരി പുന്നന്റെ മികച്ച യോഗ്യതകള്‍ കണ്ടപ്പോള്‍, അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല, അതിനാല്‍ ഒടുവില്‍ 1916 ല്‍ തൈക്കാട് ആശുപത്രിയില്‍ മേരി പുന്നന്‍ സൂപ്രണ്ടായി സ്ഥാനമേറ്റു.

തൈക്കാട് ചാര്‍ജ് എടുക്കുന്നതിന് മുന്‍പ് മേരി പുന്നന്‍ ആശുപത്രിക്ക് പുറത്ത് തന്റെ ആദ്യ ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നതായിരുന്നു അവരുടെ ദീര്‍ഘമായ, സഫലമായ ചികിത്സാ ചരിത്രത്തിലെ ശുഭകരമായ തുടക്കം.

മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പും ആശുപത്രിക്ക് പുറത്തുള്ള ഒരു പ്രൊഫഷണല്‍ ജോലിക്കും ഞാന്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നില്ല. പെട്ടെന്ന് അടിയന്തര ചികിത്സ ആവശ്യമുള്ള ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ മേരി പുന്നന് ഒരു സന്ദേശം കിട്ടി. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ജോണ്‍ ഡിക്കിന്‍സണ്‍ & കമ്പനി സ്റ്റേഷനറീസിന്റെ തിരുവനന്തപുരത്തെ റസിഡന്റ് ഏജന്റായിരുന്ന ബംഗാളിയായ ഘോഷ് എന്നയാളുടെ ഗര്‍ഭിണിയായ ഭാര്യയായിരുന്നു പേഷ്യന്റ്. ഉറച്ച വിശ്വാസത്തോടെ മേരി പുന്നന്‍ ഘോഷ് താമസിച്ചിരുന്ന നന്തന്‍കോട് ജംഗ്ഷന് സമീപമുള്ള വീട്ടിലേക്ക് എത്തി.


ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ കുടുംബം – വലത്ത് ഭർത്താവ് കെ. ലൂക്കോസ്, മേരി പുന്നൻ ലൂക്കോസ് മകൾ ഗ്രേസി, മകൻ ലൂക്കോസ

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ എല്ലാ ആശുപത്രി ഉപകരണങ്ങളും അടങ്ങിയ, അവര്‍ ലണ്ടനില്‍ സൂക്ഷിച്ചിരുന്ന ആശുപത്രി ബാഗ് മേരി പുന്നന്റെ പക്കലുണ്ടായിരുന്നു.

”വീട്ടിലെത്തിയപ്പോള്‍, വെറും തറയില്‍ കമിഴ്ന്ന് കിടക്കുന്ന സ്ത്രീയെ ഞാന്‍ കണ്ടു. എനിക്ക് തറയില്‍ കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ മുന്‍ പരിചയമില്ലായിരുന്നു, കാരണം എന്റെ മുന്‍കാല അനുഭവങ്ങളെല്ലാം ഇംഗ്ലണ്ടിലെ രോഗികളോടായിരുന്നു. രോഗിയുടെ നാഡിമിടിപ്പ് എനിക്ക് അനുഭവപ്പെട്ടു, നാഡിമിടിപ്പ് വളരെ ദുര്‍ബലമാണെന്ന് ഞാന്‍ കണ്ടെത്തി. ഞാന്‍ എന്റെ ബാഗില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുത്തു, ആദ്യം അവള്‍ക്ക് ഒരു കുത്തിവയ്പ്പ് നല്‍കി. ഞാന്‍ കുറച്ച് ചൂടുവെള്ളം ചോദിച്ചു, വീട്ടിലെ ഏക ജോലിക്കാരന്‍ എനിക്ക് ഒരു വലിയ പിച്ചള പാത്രത്തില്‍ അത് കൊണ്ടുവന്നു.

സഹായിക്കാന്‍ ആരും ഇല്ലായിരുന്നു, ഞാന്‍ തന്നെ വെള്ളത്തിന്റെ ചരുവം അകത്തു കൊണ്ടുപോകേണ്ടിവന്നു. അല്പം ആലോചിച്ചപ്പോള്‍, ആരുടെയെങ്കിലും സഹായം ഇതിന് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി, പുറത്ത് കാത്തുനിന്ന എന്റെ ഡ്രൈവറെ വിളിച്ച് സഹായത്തിനായി ഏതെങ്കിലും സ്ത്രീയെ കിട്ടുമോ എന്നതിനെക്കുറിച്ച് ആലോചിച്ചു. പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ മിസിസ് മാര്‍ഷലിനൊപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയെ എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു (അവര്‍ എനിക്ക് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു). ഡ്രൈവര്‍ ആ സ്ത്രീയെ വേഗത്തില്‍ കൊണ്ടുവന്നു. അവളുടെ സഹായത്തോടെ ഞാന്‍ ആവശ്യമായതെല്ലാം ചെയ്തു, ആ സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിച്ചു, ഭാഗ്യവശാല്‍ കുടുംബത്തിലെ ആദ്യത്തെ ആണ്‍കുട്ടിയായിരുന്നു അത്.’

മേരി പുന്നൻ ലൂക്കോസ് പഠിച്ച അയർലണ്ടിലെ ഡബ്ലിനിലെ പ്രശസ്തമായ റൊട്ടുണ്ട മെഡിക്കൽ കോളേജ്

”പക്ഷേ എന്നെ നിരാശപ്പെടുത്തിയ ഒരു കാര്യം സംഭവിച്ചു. നവജാതശിശു ശ്വസിക്കുന്നില്ല. വിദേശത്ത് നിന്ന് കൊണ്ടുവന്ന ഏറ്റവും പുതിയ ഉപകരണങ്ങള്‍ എന്റെ പക്കലുണ്ടായിരുന്നു. അവയുടെ സഹായത്തോടെ കുട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ അടിയന്തര നടപടികള്‍ തുടങ്ങി. കുഞ്ഞിന്റെ തൊണ്ടയില്‍ നിന്ന് കഫം ഞാന്‍ പുറത്തെടുത്തു. ഒരു കഷണം നെയ്ത തുണികൊണ്ട് മുഖം മൂടി. തല്‍ക്ഷണം കുട്ടിക്ക് ഒരു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. അത് എനിക്ക് കുറച്ച് പ്രതീക്ഷ നല്‍കി. കുറച്ചുകൂടി പരിശ്രമിച്ചതിന് ശേഷം കുട്ടി സാധാരണ ശ്വാസോച്ഛ്വാസം ആരംഭിച്ചു. ചില അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ വിഷമത്തിലായിരുന്നു. വൃത്തിയുള്ള ഒരു നല്ല തുണി കിട്ടാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. കുട്ടിയുടെ അച്ഛന് അടിയന്തര ആവശ്യത്തിനായി വൃത്തിയുള്ള കോട്ടണ്‍ തുണികള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, ഞാന്‍ ആ മുറിയിലെ അലമാരയുടെ ഗ്ലാസ് പാളി തുറന്ന്, ഒന്നോ രണ്ടോ പഴയ മുണ്ടുകള്‍ പുറത്തെടുത്ത്, ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ആ സ്ത്രീക്ക് കൊടുത്തു. ചൂടുവെള്ളത്തിന്റെ ബാഗ് ലഭ്യമല്ലായിരുന്നു. പക്ഷേ കൈയെത്തും ദൂരത്ത് ധാരാളം ജിന്‍ കുപ്പികള്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ സഹായത്തോടെ എനിക്ക് രണ്ട് ജിന്‍ കുപ്പികളില്‍ ചൂടുവെള്ളം നിറച്ചു, കുപ്പി തുണികൊണ്ട് മൂടി, കുട്ടിയെ ചൂടാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞു. പിന്നെ അമ്മയെ വൃത്തിയാക്കി തറയില്‍ നിന്ന് കട്ടിലിലേക്ക് എന്റെ കൂടെയുള്ള സ്ത്രീയുടെ സഹായത്തോടെ ഞാന്‍ തന്നെ മാറ്റി. കുഞ്ഞ് ജനിച്ചതിനുശേഷം ഏകദേശം രണ്ട് മണിക്കൂര്‍ ഞാന്‍ അവിടെ തന്നെ തങ്ങി. ആ ശിശു ഒരു സുന്ദരനായിരുന്നു. അവനെ ലോകത്തിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതിന്റെ സംതൃപ്തി എനിക്കനുഭവപ്പെട്ടു. പിന്നീട് ആ ശിശു വളര്‍ന്നു സുന്ദരനായ ഒരു ആണ്‍കുട്ടിയായി, തക്ക സമയത്തെ ഇടപെടല്‍ കാരണം അവന്റെ അച്ഛനും അമ്മയും പിന്നീടുള്ള കാലം മുഴുവനും എന്നോട് വളരെ നന്ദിയുള്ളവരായിരുന്നു. അവര്‍ എല്ലായ്‌പ്പോഴും എന്നോടുള്ള ബന്ധം നിലനിറുത്തി”( My 80 years from 1886- Mary Punnen Lukose).

മേരി പുന്നൻ ലൂക്കോസിൻ്റെ പിതാവ് ഡോ ടി.ഇ. പുന്നൻ

നൂറ്റിപ്പത്തു വര്‍ഷം മുന്‍പ് കേരളത്തില്‍ താന്‍ ആദ്യമായി നടത്തിയ ഒരു ശസ്ത്രക്രിയാ വിവരണമാണ് മേരി പുന്നന്‍ തന്റെ വാക്കുകളിലൂടെ വരച്ചിട്ടത്. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും അസാമാന്യമായി പ്രതിസന്ധിയെ നേരിട്ട് അപകടകരമായ ദൗത്യത്തില്‍ വിജയിച്ചത് കേരളത്തിന്റെ വൈദ്യചികിത്സാ ചരിത്രത്തില്‍ ഒരു നാഴിക കല്ലാണ്. കേരളത്തില്‍ ഒരു വനിത നടത്തിയ ആദ്യത്തെ പ്രസവ ശസ്ത്രക്രിയയാണ് ഇത്. ഇന്ത്യയിലെ തന്നെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തിലെ ഈ നിശബ്ദ വിപ്ലവം മേരി പുന്നന്‍ നടത്തിയപ്പോള്‍ അവരുടെ പ്രായം 29 വയസ് മാത്രമായിരുന്നു.

1916 ജൂണ്‍ 4 ന് മേരി പുന്നന്‍ മെഡിക്കല്‍ വകുപ്പില്‍ സൂപ്രണ്ടായി ജോലിയില്‍ ചേര്‍ന്നു. തന്റെ രക്ഷകര്‍ത്താവായ മഹാരാജാവ് ശ്രീമൂലം തിരുന്നാള്‍ അവരോട് പറഞ്ഞു:
‘ജനങ്ങളെ പിണക്കരുത്. അവരെ ആകാവുന്നതിലധികവും കൂടെ നിറുത്തണം, അതു ധനികരെ മാത്രമല്ല, സാധാരണക്കാരെയും. കൂട്ടത്തിലുള്ളവരെ മേയ്ക്കുന്നത് അധികാരം കൊണ്ടാവണ്ട. സ്‌നേഹവും നയവും കൊണ്ടാവണം.”

ഇംഗ്ലണ്ടിലെ ചികിത്സാ രംഗത്ത് നിന്നെത്തിയ ഡോ. മേരി പുന്നന് ഇത്തരം കാര്യങ്ങള്‍ അജ്ഞാതമായിരുന്നെങ്കിലും തന്റെ നിലനില്‍പ്പിന് വേണ്ടതെല്ലാം ചെയ്യാന്‍ അവര്‍ പ്രഗത്ഭയായിരുന്നു. തങ്ങളുടെ പ്രജകളുടെ ആരോഗ്യത്തില്‍ ഭരണാധികാരികളായ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ അന്നൊക്ക കാണിച്ചിരുന്ന ശുഷ്‌കാന്തിയുടെ അളവും ഈ കാര്യത്തിലൂടെ നമ്മള്‍ അറിയുന്നു.

1917-ല്‍, കെ.കെ.ലൂക്കോസ് എന്ന അഭിഭാഷകനുമായി മേരി പുന്നന്റെ വിവാഹം നടന്നു. മിസ്റ്റര്‍ കെ. ‘സര്‍ക്കാര്‍ വക്കീല്‍ തലവന്‍’ എന്ന പദവിയിലായിരുന്നു. ലൂക്കോസ് ഇംഗ്ലണ്ടില്‍ ബാരിസ്റ്റര്‍ ഇന്‍ ലോ പരീക്ഷയ്ക്ക് പഠിച്ചിരുന്നു. പിന്നീട് അദ്ദേഹം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി. അവര്‍ക്ക് ആണും പെണ്ണുമായി രണ്ട് മക്കള്‍ ഉണ്ടായി.

ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലണ്ടൻ. (1915)- ഫോട്ടോ : കടപ്പാട് മനോരമ ബുക്സ്

100 കിടക്കകളുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായിരുന്നു തൈക്കാടേത്. എന്നാല്‍ ആശുപത്രിയില്‍ ഒരു സമയത്ത് 10 അല്ലെങ്കില്‍ 15 രോഗികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ ഒരു ഡസനോളം ബെല്‍ജിയന്‍, ഇറ്റാലിയന്‍ നഴ്സുമാരുണ്ടായിരുന്നു, പക്ഷേ മറ്റ് ജീവനക്കാര്‍ അപര്യാപ്തരും കാര്യക്ഷമതയില്ലാത്തവരുമായിരുന്നു. ഡോ. പുന്നന്‍ ലൂക്കോസിനെ ഇത് അത്ഭുതപ്പെടുത്തി.

ഏറ്റവും വലിയ പ്രശ്‌നം അവിടത്തെ ജീവനക്കാര്‍ പ്രചരിപ്പിച്ച തദ്ദേശവാസികളുടെ അന്ധവിശ്വാസമായിരുന്നു. ആശുപത്രിയില്‍ കിടന്ന് കീറിമുറിച്ചാല്‍ പഴുത്ത് ചത്തു പോകും എന്ന ആശയം നാട്ടില്‍ പ്രചരിച്ചതിനാല്‍ രോഗികള്‍ ആശുപ്രതിയില്‍ വരാന്‍ മടിച്ചു. രോഗികള്‍ അവസാന ആശ്രയമായി മാത്രം ഈ ആശുപത്രിയില്‍ ചികിത്സ തേടി. കൂടാതെ മരണനിരക്ക് ഉയര്‍ന്നതായിരുന്നു, ഇത് പ്രാദേശിക വൈദ്യന്മാര്‍ മുതലെടുത്തു. ആശുപത്രി ഇരിക്കുന്ന സ്ഥലം പണ്ട് ഒരു ശ്മശാനം ആയിരുന്നു എന്നും കഥകള്‍ പ്രചരിച്ചതും ആശുപത്രിയില്‍ രോഗികള്‍ കുറയാന്‍ കാരണമായി.

അതിന് പുറമേ പ്രാദേശിക മിഡ്വൈഫുമാരുടെ ഇടപെടലും ആശുപത്രിയെ ബാധിച്ചു. ബുദ്ധിമതിയായ മേരി പുന്നന്‍, അവരെ തന്റെ വരുതിയില്‍ കൊണ്ടുവന്നു. ചില മിഡ്വൈഫുമാരെ പ്രസവത്തിലും നവജാത ശിശു പരിചരണത്തിലും ശരിയായ പരിശീലനത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകുന്ന ഒരു സംവിധാനം അവര്‍ ക്രമേണ വികസിപ്പിച്ചെടുത്തു. മാത്രമല്ല ഈ മിഡ്‌വൈഫുമാരുടെ മക്കള്‍ക്ക് ട്രെയിനികളായി ജോലി കൊടുത്തു. ഒരു സര്‍ക്കാര്‍ ജോലി മക്കള്‍ക്ക് കിട്ടുക എന്ന ഭാഗ്യം വയറ്റാട്ടിമാരെ ആകര്‍ഷിച്ചു. അതോടെ പ്രസവ കേസുകള്‍ നിറഞ്ഞ് ആശുപത്രി സജീവമായി.

ആദ്യകാലത്ത് ശസ്ത്രക്രിയകൾക്ക് വെളിച്ചം കാണിക്കാൻ ഉപയോഗിച്ചിരുന്ന ഹരിക്കെയിൻ വിളക്ക്

പ്രതിബന്ധങ്ങള്‍ പിന്നെയും ഉണ്ടായിരുന്നു. ആവശ്യത്തിന് മരുന്നോ ഉപകരണങ്ങളോ ആശുപത്രിയില്‍ ഇല്ല. സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റ് തുച്ഛവും. മേരി പുന്നന്‍ പതറിയില്ല. സംഭാവനക്കായി പൊതുജനങ്ങളെ സമീപിച്ചു. രാജകൊട്ടാരത്തില്‍ നിന്ന് നല്ല സംഭാവന വന്നു. അന്ന് മദ്രാസ് പ്രസിഡന്‍സിയുടെ അഡ്വക്കേറ്റ് ജനറലായ സര്‍ സി. പി. രാമസ്വാമി അയ്യര്‍ ഇതിനായി ഉദാരമായ സംഭാവന നല്‍കി. കട്ടിലും അലമാരകളും രോഗികളുടെ രേഖകള്‍ക്കുള്ള കാര്‍ഡുകളും ഇതോടെ ആശുപത്രിയില്‍ തയ്യാറായി.

പക്ഷേ, മേരി പുന്നന്‍ കടന്നുപോയ വഴികളിലെ ദുരിതവും, ബുദ്ധിമുട്ടുകളും ആരുമറിഞ്ഞില്ല. പ്രസവം നടക്കുന്നത് മിക്കവാറും രാത്രിയിലാകും. അടിയന്തര ശസ്ത്രക്രിയ പലപ്പോഴും വേണ്ടി വരും. അന്ന് വെള്ളമില്ല, വെളിച്ചമില്ല. തിരുവനന്തപുരത്ത് പൈപ്പ് വെള്ളം എത്തിയത് 1933 ലാണ്. വൈദ്യുതി വന്നത് 1927 ലും. വിദേശ നഴ്‌സുമാര്‍ സ്ഥലം വിട്ടതോടെ ശുശ്രൂഷയ്ക്ക് പരിചയ സമ്പന്നരില്ലാതായി. പുതിയ രീതികള്‍ പഠിക്കാന്‍ പ്രാദേശിക വയറ്റാട്ടിമാര്‍ക്ക് കഴിവും താല്‍പ്പര്യവും ഇല്ലായിരുന്നു.

രാത്രിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ശസ്ത്രക്രിയകള്‍ ചെയ്യേണ്ടി വന്നാല്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ സെഷനുകളില്‍ സഹായിക്കാന്‍ യോഗ്യതയില്ലാത്ത, പാരാമെഡിക്കല്‍ ജീവനക്കാര്‍ മാത്രമുള്ള ആശുപത്രിയില്‍ ഒരു യോഗ്യതയുള്ള ഡോക്ടറായി മേരി പുന്നന്‍ ഒറ്റയ്ക്കായിരുന്നു. വൈദ്യുത വിളക്കുകള്‍ ഉണ്ടായിരുന്നില്ല. സീലിംഗില്‍ തൂക്കിയിട്ടിരുന്ന മണ്ണെണ്ണ ഹരിക്കേന്‍ വിളക്കായിരുന്നു വെളിച്ചത്തിന് ഏക ആശ്രയം. (ശക്തമായ കാറ്റിലോ കൊടുങ്കാറ്റിലോ ജ്വാല കത്തിച്ചു നിര്‍ത്താനുള്ള കഴിവ് കാരണമാണ് ഹരിക്കേന്‍ ലാമ്പിന് ആ പേര് ലഭിച്ചത്).

പക്ഷേ, വിളക്ക് ശസ്ത്രക്രിയാ സ്ഥലത്തിന് മുകളില്‍ കാഴ്ചയെ ‘മറക്കുന്ന വൃത്താകൃതിയിലുള്ള ഒരു നിഴല്‍ നല്‍കി. ഇത് പരിഹരിക്കാന്‍ ഓപ്പറേഷന്‍ ടേബിളിന്റെ അരികില്‍ ഹരിക്കേന്‍ വിളക്കുകള്‍ പിടിക്കാന്‍ അവര്‍ രണ്ടോ മൂന്നോ സ്ത്രീകളെ നിയമിച്ചു. എങ്കിലും ഇത് തിയേറ്റര്‍ നഴ്സുമാര്‍ക്ക് നീങ്ങാന്‍ തടസ്സം സൃഷ്ടിച്ചു.
ആന്റിബയോട്ടിക്കുകള്‍ ലഭ്യമല്ലായിരുന്നു, അനസ്‌തേഷ്യ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ആശുപത്രിക്കായ് സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ കുറെ പുതിയ പെണ്‍കുട്ടികളെ ഇതിനായി മേരി പുന്നന്‍ പരിശീലിപ്പിച്ചെടുത്തു. സര്‍ജറി സമയത്ത് പൊക്കമുള്ള മരസ്റ്റൂളുകളില്‍ കയറിനിന്നു ഹരിക്കേന്‍ വിളക്കുകള്‍ കാണിക്കാനും സര്‍ജറിക്ക് സഹായിക്കാനും അവര്‍ തയ്യാറായി.

എന്നിട്ടു പോലും ആളുകളുടെ മനോഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നില്ല. അവര്‍ ആശുപത്രിയില്‍ വരാന്‍ മടിച്ചു. പ്രസവങ്ങള്‍ അഴുക്കും വൃത്തികെട്ടതുമായ രീതിയില്‍ നടന്നതിനാല്‍ അന്ന് മാതൃ-നവജാത ശിശു മരണനിരക്ക് വളരെ കൂടുതലായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മേരി പുന്നന്റെ അഭ്യര്‍ത്ഥനയില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ ആരോഗ്യരംഗത്തെ സഹായിക്കാന്‍ രംഗത്തെത്തി. ആദ്യം ഒരു ‘വിദ്യാര്‍ത്ഥി-മിഡ്വൈഫ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു. അത് വന്‍ വിജയമായിരുന്നു. തൈക്കാട് ആശുപത്രിയില്‍ സ്വന്തം പ്രസവം നടത്തി മേരി പുന്നന്‍ (1918, അന്ന് ജനിച്ച മകന്‍ ഗ്രേസ്) ഒരു മാതൃക സൃഷ്ടിച്ചു. തുടര്‍ന്ന് അവര്‍ നഗരത്തിലെ പ്രമുഖരുടെ വീടുകളില്‍ പോയി ശരിയായതും ശാസ്ത്രീയവുമായ പ്രസവ രീതികളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിച്ചു.

ശ്രീമൂലം തിരുനാൾ മഹാരാജാവ്

ശസ്ത്രക്രിയയ്ക്ക് തലേദിവസം രാത്രി രോഗികള്‍ ഭയന്ന് അപ്രത്യക്ഷരാകാറുണ്ടായിരുന്നു. കാരണം ആശുപത്രി ജീവനക്കാര്‍ തന്നെ ‘ശസ്ത്രക്രിയ’കളില്‍ നിന്ന് അവരെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ മേരി പുന്നന്റെ ബോധവല്‍ക്കരണം പതിയെ ജനങ്ങളെ മാറ്റത്തിന് പ്രേരിപ്പിച്ചു. കാര്യങ്ങള്‍ നേരെയായി. ശസ്ത്രക്രിയയ്ക്ക് വിധേയരായ മിക്കവാറും എല്ലാ രോഗികളും മെച്ചപ്പെട്ടു. മേരി പുന്നന്‍ എന്ന ‘മിസിയമ്മ’ ജനപ്രീതി നേടി. ചുരുങ്ങിയ സമയത്തിനുള്ളില്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പോലും ഉടനടി സുഖം പ്രാപിക്കുന്നതിനായി ശസ്ത്രക്രിയ ആവശ്യപ്പെട്ട് രോഗികള്‍ അവരുടെ അടുത്തേക്ക് ഒഴുകിയെത്തി. താമസിയാതെ, പ്രതിവര്‍ഷം നടത്തിയ ശസ്ത്രക്രിയ 1000-ത്തിലധികം കവിഞ്ഞു, ശസ്ത്രക്രിയകള്‍ എല്ലാം തന്നെ വിജയിച്ചു. ”മിസിയമ്മ കൈ വെച്ചാല്‍ ഏത് കുഞ്ഞും ശടേന്ന് ഇറങ്ങി വരും’ എന്ന വിശ്വാസം ജനങ്ങളുടെ മനസ്സില്‍ ദൃഢമായി ഉറച്ചു.

1916-ല്‍ 30-ാം വയസ്സില്‍ ആദ്യ നിയമനം മുതല്‍ തിരുവിതാംകൂറില്‍ മെഡിക്കല്‍ സര്‍വീസസ് മേധാവിയായി അവര്‍ പ്രവര്‍ത്തിച്ച മേരി 1924-ല്‍ തിരുവിതാംകൂറിന്റെ ‘ആക്ടിംഗ് സര്‍ജന്‍ ജനറല്‍’ ആയി നിയമിതയായി. ലോകത്തിലാദ്യമായാണ് ഒരു സ്ത്രീയെ സര്‍ജന്‍ ജനറലായി നിയമിക്കുന്നത്!

തിരുവിതാംകൂറില്‍ ആ തസ്തികയ്ക്ക് തുല്യ യോഗ്യതയുള്ള മറ്റ് ഡോക്ടര്‍മാര്‍ ലഭ്യമായിരുന്നതിനാല്‍ ഈ നിയമനതിനെതിരെ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ‘അത് വിവാദമായപ്പോള്‍ തല്‍ക്കാലം നിയമനം നീട്ടി വെച്ചു. പിന്നീട് അതിന് അര്‍ഹതയുള്ള ഡോ. രാമന്‍ തമ്പി സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോഴാണ് 1938-ല്‍ മേരി പുന്നന്‍ ഒടുവില്‍ സര്‍ജന്‍ ജനറല്‍ ആയി നിയമിതയായത്. അവരുടെ അക്ഷീണമായ പ്രവര്‍ത്തനമാണ് നാഗര്‍കോവില്‍ ടിബി സാനിറ്റോറിയം, തിരുവനന്തപുരത്ത് എക്‌സ്-റേ, റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. വിവിധ ആശുപത്രികള്‍ പരിശോധിക്കുന്നതിനും പൊതുജനാരോഗ്യ കാര്യങ്ങളില്‍ സ്‌കൂള്‍ കുട്ടികളെയും പൊതുജനങ്ങളെയും അഭിസംബോധന ചെയ്യുന്നതിനുമായി ഡോ. മേരി പുന്നന്‍ തിരുവിതാംകൂറില്‍ ഉടനീളം വ്യാപകമായി സഞ്ചരിച്ച് ആരോഗ്യ രംഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തി.

മേരി പുന്നൻ ലൂക്കോസിൻ്റെ തിരുവിതാംകൂറിലെ നിയമനം അറിയിക്കുന്ന സർക്കാർ വിജ്ഞാപനം

അവര്‍ ഒരു നവജാത ശിശു പരിചരണ പരിപാടിയും കുട്ടികള്‍ക്കായി ഒരു ‘കളിമുറിയും’ ആരംഭിച്ചു. പെണ്‍കുട്ടികളെ യോഗ്യതയുള്ള നഴ്സുമാരായി പരിശീലിപ്പിക്കുന്നതിന് ഒരു നഴ്സിംഗ് സ്‌കൂള്‍ അത്യാവശ്യമാണെന്ന് അവര്‍ കണ്ടെത്തി. അതിനായി അവര്‍ തൈക്കാട് ആശുപത്രിയില്‍ രണ്ട് വര്‍ഷത്തെ നഴ്സിംഗ് കോഴ്സ് ആരംഭിച്ചു. കര്‍ശനമായ അച്ചടക്കം അവരുടെ ‘മുഖമുദ്രയാണെങ്കിലും, അവരുടെ അപാരമായ സഹിഷ്ണുത, കടമയോടുള്ള സമര്‍പ്പണം, ജനങ്ങളോടും സര്‍ക്കാരിനോടുമുള്ള തീവ്രമായ വിശ്വസ്തത എന്നിവയാല്‍ അവര്‍ എല്ലാവരാലും പ്രശംസിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ രാജ്ഞിമാരുടെ പ്രസവമെടുക്കലടക്കമുള്ള എല്ലാ ചികിത്സകളും ഏറ്റെടുതത്തത് ഡോ. മേരി പുന്നനായിരുന്നു. അതിനു ഫീസ് കിട്ടുന്നതു തന്നെ അന്ന് വലിയ ബഹുമതിയാണ്. (1938 ല്‍, ഒരു രാജകുടുംബാംഗത്തിന്റെ പ്രസവത്തിന് സേവനങ്ങള്‍ നല്‍കിയതിന് ഡോ. മേരിക്ക് അന്നത്ത ഭീമമായ തുക 1000 രൂപ ഫീസായി നല്‍കിയതായി രേഖകളില്‍ പറയുന്നു.) തിരുവിതാംകൂര്‍ മഹാരാജാവിന്റെ ജന്മദിനാ ഘോഷവേളയില്‍ അതിഥിയായി കൊട്ടാരത്തില്‍ നിന്ന് ക്ഷണംകിട്ടും. രാജപ്രീതിയനുസരിച്ചു പൊന്നാടയും നല്‍കും. മഹാരാജാവ് ശ്രീ. ചിത്തിര തിരുനാളിന്റെ ജന്മദിനാഘോഷങ്ങളിലൊന്നില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന് ‘വൈദ്യശാസ്ത്രകുശാല’ എന്ന ഓണററി പദവിയും മഹാരാജാവ് നല്‍കി.

മലയാള മനോരമ പ്രസിദ്ധീകരിച്ച ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ ജീവചരിത്രം (2019) ഡോ. രാജശേഖരൻ നായർ പ്രകാശനം ചെയ്യുന്നു

മേരി പുന്നന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യരംഗത്ത് മാത്രം ഒതുങ്ങുന്നതല്ലായിരുന്നു. അക്കാലത്ത് രൂപീകരിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലും ഇന്ത്യന്‍ പ്രസവചികിത്സ അസോസിയേഷനിലും അവര്‍ അംഗമായിരുന്നു. അവര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജസ്വലമായി പങ്കെടുത്തു. യുകെയില്‍ വൈഡബ്ല്യുസിഎ ഹോസ്റ്റലിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. അങ്ങനെ, സമാന ചിന്താഗതിക്കാരായ മറ്റ് ചില സ്ത്രീകളോടൊപ്പം അവര്‍ തിരുവനന്തപുരം വൈഡബ്ല്യുസിഎ രൂപീകരിച്ചു. 50 വര്‍ഷക്കാലം അവര്‍ ആ സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു – തുടര്‍ച്ചയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പ്രോഗ്രാമിലുള്ള അവരുടെ താല്‍പ്പര്യം ഒരുപോലെ പ്രശംസനീയമായിരുന്നു. ഇന്ത്യയിലെ ഗൈഡ് പ്രസ്ഥാനത്തിന്റെ ചീഫ് കമ്മീഷണര്‍ തലത്തിലേക്ക് വരെ അവര്‍ ഉയര്‍ന്നു.

അറുപതു വര്‍ഷം മുന്‍പ്, 1966 ഓഗസ്റ്റ് 2 ന് തിരുവനന്തപുരത്തെ വി.ജെ.ടി ഹാളില്‍ ഒരു ആദരണ ചടങ്ങ് നടന്നു. നടപ്പു രീതിയനുസരിച്ച് തിരുവനന്തപുരം പൗരാവലി ആ ചടങ്ങില്‍ ആദരിച്ചത് ഒരു രാഷ്ട്രീയ നേതാവിനേയോ, സിനിമാ താരത്തിനേയോ കലാകാരനേയോ, സംഗീതജ്ഞനെയോ ആയിരുന്നില്ല. 80 വയസു തികഞ്ഞ, തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറല്‍ ഡോ. മേരി പുന്നനെയായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ മികച്ച ഭിഷഗ്വരന്മാരായ ഡോക്ടര്‍ സി.ഒ. കരുണാകരന്‍, ഡോക്ടര്‍ ആര്‍. കേശവന്‍ നായര്‍, മുന്‍ റഷ്യന്‍ നയതന്ത്രജ്ഞനായ കെ.പി.എസ് മേനോന്‍ എന്നിവര്‍ അവിടെ
ഡോ.മേരി പുന്നന്റെ സംഭാവനകളെ മുന്‍നിര്‍ത്തി സംസാരിച്ചു.

ലോകത്തിലെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറല്‍, ലോകത്തിലെ ആദ്യത്തെ വനിതാ നിയമസഭാംഗം, മദ്രാസ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ബിഎക്കാരി. ലണ്ടന്‍ സംഗീത ബിരുദധാരി, ആദ്യത്തെ മലയാളി വനിതാ പ്രസവ ശുശ്രൂഷാ ഡോക്ടര്‍, വൈഡബ്യുസിഎയില്‍ അരനൂറ്റാണ്ടിലേറെ അധ്യക്ഷയായിരുന്ന ലോകത്തെ ആദ്യത്തെ വനിത, ഇന്ത്യന്‍ സ്‌കൗട്ട് ഗൈഡ് സംഘടനയുടെ ചീഫ് കമ്മീഷണര്‍… എന്നു വേണ്ട കുറച്ച് പേര്‍ക്ക് മാത്രം അറിയാവുന്ന അവരുടെ പ്രതിഭാ സമ്പന്നമായ ദീര്‍ഘകാലത്തെ തിരുവനന്തപുരത്തെ സാധാരണക്കാര്‍ അന്ന് കേട്ടറിഞ്ഞു.

മലയാള മനോരമ പ്രസിദ്ധീകരിച്ച ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ ജീവചരിത്രം (2019)

ഡോ. മേരി പുന്നന്‍ ലൂക്കോസ് നിസംഗതയോടെയാണ് മറുപടി പ്രസംഗം നടത്തിയത്. ”ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് പ്രധാനമായും എന്റെ ആദ്യകാലങ്ങളില്‍ എനിക്കുണ്ടായിരുന്ന നേട്ടങ്ങളും അവസരങ്ങളുമാണ്. തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ പിതാവിന്റേതാണെന്ന് ഞാന്‍ സത്യസന്ധമായി പറയുന്നു. അദ്ദേഹം എനിക്ക് പകര്‍ന്ന രണ്ട് കാര്യങ്ങള്‍ എനിക്ക് വ്യക്തമായി ഓര്‍മ്മിക്കാന്‍ കഴിയും. ഒന്ന്, നമ്മുടെ ഗുണങ്ങളും അവസരങ്ങളും വലുതാകുന്തോറും സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. നമുക്ക് എത്രത്തോളം ലഭിക്കുന്നുവോ അത്ര തന്നെ നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. രണ്ടാമതായി, എനിക്ക് വേണ്ടിയുള്ള ഈ വാക്ക് മനുഷ്യരാശിക്കും പ്രത്യേകിച്ച് നിങ്ങള്‍ സഹോദരിമാര്‍ക്കും വേണ്ടിയുള്ള സേവനമായിരുന്നു. ഈ കര്‍ശനമായ അച്ചടക്ക നിയമത്തിലായിരുന്നു ഞാന്‍ വളര്‍ന്നത്, ഏക കുട്ടി എന്ന നിലയില്‍ ലാളിക്കപ്പെടാനോ ചീത്തയാക്കപ്പെടാനോ ഒരിക്കലും അവസരം ലഭിച്ചില്ല”. തുടര്‍ന്ന് തന്റെ രക്ഷാധികാരിയായിരുന്ന മഹാരാജാവ് ശ്രീമൂലം തിരുനാളിനോട് നന്ദി പറഞ്ഞു. തിരുവിതാംകൂറിലെ ജനങ്ങളുടെ ആരോഗ്യ ക്ഷേമത്തിനോട് ഭരണാധികാരികള്‍ കാണിച്ച താല്‍പ്പര്യം എടുത്ത് പറഞ്ഞു.

‘ആശുപത്രിയിലെ എല്ലാ ഗ്രേഡുകളിലുമുള്ള എന്റെ സഹപ്രവര്‍ത്തകരുടെ സഹകരണത്തിനും വാത്സല്യത്തിനും ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്. ഞങ്ങള്‍ എല്ലാവരും ഒരു സന്തുഷ്ട കുടുംബമായി ഒരുമിച്ച് പ്രവര്‍ത്തിച്ചു. പിന്നീട് അന്നത്തെ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയായി ഞാന്‍ നിയമിതയായപ്പോള്‍, ഒരു സ്ത്രീക്ക് തന്റെ ഉത്തരവാദിത്തപ്പെട്ട കര്‍ത്തവ്യങ്ങള്‍ പരമാവധി നിര്‍വഹിക്കാന്‍ സാധിച്ചത്, അന്ന് ആ വകുപ്പിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെയും, വനിതാ ഡോക്ടര്‍മാരുടെയും സഹകരണവും വിശ്വസ്തതയും കൊണ്ടാണ്.’ അവര്‍ പറഞ്ഞു. അന്ന് അവിടെ ചടങ്ങില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ ഛായാചിത്രം കെ.പി.എസ്. മേനോന്‍ അനാഛാദനം ചെയ്തു.

കെ. പി. എസ്. മേനോൻ ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ ഛായാചിത്രം അനാഛാദനം ചെയ്യുന്നു

ആ ചടങ്ങില്‍ ഒരു യുവഡോക്ടര്‍, താന്‍ ഏറെ കേട്ടിരുന്ന ഡോ. മേരി പുന്നനെ നേരില്‍ കാണാന്‍ വി.ജെ.ടി ഹാളില്‍ വന്നിരുന്നു. ഹാളിലെ വേദിയിക്ക് പോകുമ്പോള്‍ വിശിഷ്ടാതിഥിയായ ഡോ. മേരി പുന്നന്‍ ലൂക്കോസ് വഴിയില്‍ നിന്ന ഈ യുവഡോക്ടറെ സ്പര്‍ശിച്ചാണ് കടന്നുപോയത്. ആ ചെറുപ്പക്കാരന് അതൊരു ദിവ്യ സ്പര്‍ശമായിരുന്നു.

ആ യുവഡോക്ടര്‍ അവിടെ വരാന്‍ കാരണം അതിന്റെ പിന്നിലൊരു കഥയുണ്ടായിരുന്നു എന്നതാണ്. ആ ദിവസത്തിന് 25 വര്‍ഷം മുന്‍പ്, 1940 ഡിസംബറില്‍ ഒരു പ്രസവകേസില്‍ അന്നത്തെ പ്രഗല്‍ഭ സര്‍ജനായ ഡോ.സായര്‍ കുറച്ച് വിഷമിച്ചു. അമ്മയോ കുഞ്ഞോ ഒരാളെ കിട്ടൂ എന്ന അവസ്ഥ വന്നു. ക്രേനിയോട്ടമി ചെയ്യണം (ഗര്‍ഭസ്ഥശിശുവിന്റെ തല തുരന്ന് തലച്ചോര്‍ മുഴുവന്‍ കശക്കിക്കലക്കി ഊറ്റി കളഞ്ഞു പ്രസവം പൂര്‍ത്തിയാക്കുന്ന പ്രക്രിയ)

പ്രസവിക്കുന്ന യുവതിയുടെ സഹോദരന്‍ ഒരു ഡോക്ടറായതിനാല്‍ തീരുമാനം എടുക്കും മുന്‍പ് ഒരു സെക്കന്റ് ഒപ്പീനിയന്‍ തേടി. അതിന് ഏറ്റവും യോഗത്യയുള്ള ആളിനെ തന്നെ പാതിരാത്രി വീട്ടില്‍ ചെന്ന് കണ്ട് കാര്യം പറഞ്ഞു. അത് ഡോ. മേരി പുന്നനായിരുന്നു. ‘വിവരങ്ങള്‍ കേട്ട അവര്‍ പറഞ്ഞു. ‘ക്രേനിയോട്ടമി നിശ്ചയമായും വേണ്ട, സായര്‍ ഡോക്ടര്‍ക്കു ഫോഴ്‌സെപ്സ് (forceps) ഉപയോഗിക്കാനറിയാം. അത് ഒന്നുകൂടി ശ്രമിക്കാന്‍ പറയണം. അതു പറ്റിയില്ലെങ്കില്‍ തൈക്കാട് ആശുപത്രിയില്‍ കൊണ്ടുവരിക, സിസേറിയന്‍ ഞാന്‍ ചെയ്യാം. അറിയിച്ചാല്‍ മതി. നിങ്ങള്‍ അവിടെയെത്തുമ്പോള്‍ ഞാനും അവിടെ ഉണ്ടാവും.’

അന്ന് മേരി പുന്നന്‍ പറഞ്ഞ രീതിയില്‍ ഡോ. സായര്‍ ശസ്ത്രക്രിയ നടത്തി. അത് വിജയിച്ചു. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. ആ ശിശു വലുതായി പഠിച്ച് മിടുക്കനായി. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രക്ഷകയായ മേരി പുന്നനെ വി. ജെ. ടി. ഹാളില്‍ നേരില്‍ കാണാനെത്തി. ആ യുവ ഡോക്ടറുടെ പേര് ഡോ. കെ. രാജശേഖരന്‍ നായര്‍, ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രഗല്‍ഭരായ അഞ്ച് ന്യൂറോളജിസ്റ്റുകളില്‍ ഒരാള്‍ – കഴിഞ്ഞ തലമുറയിലെ ഭാഷാ പണ്ഡിതനായ ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ മകന്‍, നിരവധി വൈദ്യ പുസ്തകങ്ങളുടെ രചയിതാവ്.

ഡോക്ടർ കെ. രാജശേഖരൻ നായർ

ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസിന്റെ സംഭവബഹുലമായ ആദ്യകാല വൈദ്യജീവിതം തികച്ചും അജ്ഞാതമായിരുന്നു. അവര്‍ നടത്തിയ പരിഷ്‌കാരങ്ങളും മറ്റും അധികം അറിയപ്പെടാതെ കിടന്നു. അവരുടെ 80-ാം പിറന്നാളില്‍ YMCA ഒരു സുവനീര്‍ പ്രസിദ്ധീകരിച്ചെങ്കിലും അതിലെ വിവരങ്ങള്‍ പരിമിതമായിരുന്നു.
2001 മെയ് മാസത്തില്‍ ഡോ. രാജശേഖരന്‍ നായര്‍ എഴുതിയ ‘Evolution of Modern Medicine in Kerala’ എന്ന പുസ്തകം പുറത്ത് വന്നു. അതിലെ 4-ാം അദ്ധ്യായം ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസിനെ കുറിച്ചാണ്. സാമാന്യം ദീര്‍ഘമായ ആ ലേഖനത്തില്‍ ഇനിയുമാരുമറിയാത്ത മേരി പുന്നന്റെ അസാമാന്യ കഴിവുകളും സംഭാവനകളെ കുറിച്ചും ഡോക്ടര്‍ രാജശേഖരന്‍ നായര്‍ മനോഹരമായി എഴുതി. ഒരു പുസ്തകത്തിലും പ്രതൃക്ഷപ്പെടാത്ത മേരി പുന്നന്‍ ലൂക്കോസ് എന്ന ബഹുമുഖ പ്രതിഭയെ ആദ്യമായി ഒരു നിയോഗം പോലെ അവതരിപ്പിച്ചത് ഡോ. കെ. രാജശേഖരന്‍ നായരാണ്.

80ാം വയസ്സിൽ തന്നെ ആദരിക്കുന്ന തിരുവനന്തപുരത്തെ ചടങ്ങിൽ
ഡോ. മേരി പുന്നൻ ലൂക്കോസ്(വലത്)

പിന്നീട് My 80 years from 1886- Mary Punnen Lukose എന്ന അവരുടെ അപൂര്‍ണ്ണമായി എഴുതിവെച്ച ആത്മകഥയും അവരുടെ കുടുംബാംഗങ്ങളുടെ ഓര്‍മ്മകളും ചേര്‍ത്ത TRAILBLAZER- The Legendary Life and Times of Dr Mary Poonen Lukose Surgeon General of Travancore. എന്ന പുസ്തകം. മലയാള മനോരമയിലെ പത്രപ്രവര്‍ത്തക ലീനാ ചന്ദ്രന്‍ എഡിറ്റ് ചെയ്ത്, മനോരമ ബുക്‌സ് 2019 ല്‍ പ്രസിദ്ധീകരിച്ചു.

ഏറെ കഴിയും മുമ്പേ നേട്ടങ്ങള്‍ക്ക് പിറകെ, വ്യക്തിപരമായ ദുരന്തങ്ങള്‍ അവരെ തേടി വരാന്‍ തുടങ്ങി. സങ്കീര്‍ണ്ണമായ ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ സൂക്ഷ്മമായി ചെയ്ത് വിജയിപ്പിച്ച മേരി പുന്നന്റെ കണ്ണുകള്‍ക്ക് തന്റെ ഭര്‍ത്താവിന്റെയും രണ്ട് കുട്ടികളുടെയും മരണം കാണേണ്ടി വന്നതായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്ന വിധിയുടെ ക്രൂരത. ഭര്‍ത്താവ് പി.കെ. ലൂക്കോസ് 1947 ല്‍ മരിച്ചു.

മകള്‍ ഗ്രേസി, അസാധാരണ ബുദ്ധിശക്തിയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. തിരുവനന്തപുരത്തെ പ്രാഥമിക പഠനത്തിനുശേഷം ഗ്രേസി മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. പിന്നീട് മെഡിക്കല്‍ പഠനത്തിനായി അവര്‍ ഇംഗ്ലണ്ടിലേക്ക് പോയി. യുകെയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി, സര്‍ജറിയില്‍ ബിരുദാനന്തര ബിരുദം (FRCS) നേടി. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ഗ്രേസി ന്യൂഡല്‍ഹിയിലെ ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജില്‍ സര്‍ജറിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു.

1964 ഡിസംബറില്‍ ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാന്‍ അവര്‍ തിരുവനന്തപുരത്ത് വീട്ടില്‍ എത്തി. അവരുടെ സഹോദരന്റെ ഭാര്യ ടേബിള്‍ ഫാന്‍ വച്ചുകൊണ്ട് നീണ്ട മുടി ഉണക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അവളുടെ മുടി ഫാനില്‍ കുടുങ്ങി. നിലവിളി കേട്ട് ഡോ. ഗ്രേസി അവളെ രക്ഷിക്കാന്‍ ആ മുറിയിലേക്ക് ഓടി വന്നു. അവര്‍ ഫാനിന്റെ പ്ലഗ് ഊരി മാറ്റിയപ്പോള്‍ വൈദ്യുതാഘാതമേറ്റ് ഗ്രേസി തല്‍ക്ഷണം മരിച്ചു. ‘ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഗ്രേസി അമ്മയെക്കാള്‍ പ്രഗത്ഭയാകുമായിരുന്നു’ ഡോ. രാജശേഖരന്‍ നായര്‍ എഴുതുന്നു.

മേരി പുന്നന്‍ ലുക്കോസിന്റെ മകന്‍ കെ.പി. ലൂക്കോസ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. അദ്ദേഹം ജനീവയിലെ ഐക്യരാഷ്ട്രസഭയില്‍ കോണ്‍സല്‍ ജനറലും ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുമായി. ഒടുവില്‍ അദ്ദേഹം ബള്‍ഗേറിയയിലെ ഇന്ത്യന്‍ അംബാസഡറായി. 1975 മെയ് 16 ന് അദ്ദേഹം പെട്ടെന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

ഡോ. കെ രാജശേഖരൻ നായരുടെ പുസ്തകം

തിരുവനന്തപുരത്തെ തന്റെ തറവാട്ടുവീട്ടില്‍ ‘മേവില്ല’യില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ‘അമ്മ’യെ ഈ വാര്‍ത്ത അറിയിക്കാന്‍ അടുത്ത ബന്ധുവായ ടി. എന്‍. കുര്യാക്കോസിനോട് (പിന്നീട് കേരള അക്കൗണ്ട് ജനറല്‍) അധികൃതര്‍ ആവശ്യപ്പെട്ടു. വളരെ ദുഃഖകരമായ ആ വാര്‍ത്തയുടെ സന്ദേശവാഹകനാകാന്‍ കുര്യാക്കോസിന് ആഗ്രഹമില്ലായിരുന്നു, അതിനാല്‍ കോട്ടയത്തുള്ള അവരുടെ സഭയിലെ രണ്ട് ബിഷപ്പുമാരെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഏകദേശം 7.30 ഓടെ അവരില്‍ മൂന്നുപേര്‍ വീട്ടിലെത്തി. അസാധാരണമായ സമയത്ത് അവരുടെ സന്ദര്‍ശനത്തിന്റെ കാരണം അന്വേഷിച്ചപ്പോള്‍, ബിഷപ്പുമാര്‍ പരിഭ്രാന്തരായി. എന്ത് പറയണം എന്നറിയാതെ വിഷമിച്ച് നിന്ന അവരോട് രണ്ടു നിമിഷം കഴിഞ്ഞ് മേരി ചോദിച്ചു, ‘ബാബുവിന് എന്ത് പറ്റി? അവന്‍ പോയോ? (ലൂക്കോസിന്റെ വിളിപ്പേര്)
മരണവാര്‍ത്തയും, മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്നും അറിയിച്ചപ്പോള്‍, അവര്‍ നിശബ്ദയായി അവിടെ ഇരുന്നു. ബിഷപ്പുമാര്‍ അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സ്ഥലം വിട്ടു.

ബള്‍ഗേറിയയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ലൂക്കോസിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍, പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെച്ചു. അവരുടെ ബന്ധുക്കള്‍ മാത്രമല്ല, പൊതുജനങ്ങളും, എഴുത്തുകാരും, പത്രപ്രവര്‍ത്തകരും, സാധാരണക്കാരും തിരുവിതാംകൂറിന്റെ പ്രിയപ്പെട്ട അമ്മയുടെ മകന്റെ ഓര്‍മ്മയ്ക്കായി പുഷ്പചക്രം അര്‍പ്പിക്കാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും വന്നു. മേരി പുന്നന്‍ കുര്യാക്കോസിനെ വിളിച്ച് പറഞ്ഞു: ‘എന്റെ ബാബുവിനൊപ്പം കുറച്ചുനേരം ശല്യമില്ലാതെ സമാധാനത്തോടെ ഇരിക്കാന്‍ എന്നെ അനുവദിക്കൂ. ദയവായി ഈ ആളുകളെ പറഞ്ഞയയ്ക്കുക’ അവര്‍ കരയാതെ വളരെ നേരം അവിടെ ഇരുന്നു, മകന്റെ മരണശേഷം അവള്‍ ഒന്നരവര്‍ഷം മാത്രമേ ജീവിച്ചുള്ളൂ. 1975 ല്‍ രാഷ്ട്രം അവരെ പത്മശ്രീ നല്‍കി ആദരിച്ചു.

ജീവിതത്തിന്റെ അവസാന കാലത്ത് അവര്‍ ഒറ്റയ്ക്കായിരുന്നു, പക്ഷേ ഒരിക്കലും ആരുടേയും സഹതാപം തേടിയില്ല. 90 വയസ്സ് തികയുന്നതുവരെ അവര്‍ YWCA പ്രസ്ഥാനത്തിലും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നു. 1976 ഒക്ടോബര്‍ 2-ന് മേരി പുന്നന്‍ ലൂക്കോസ് അന്തരിച്ചു. ഏറെ നാള്‍ പറഞ്ഞും മറന്നും കിടന്ന കേരളത്തിന്റെ ആരോഗ്യരംഗത്തെ ഒരു പ്രഗല്‍ഭയായ വൈദ്യചികിത്സകയുടെ ജീവിതവും സംഭാവനകളും ആദ്യമായി വെളിച്ചത്തു കൊണ്ടുവന്ന ഡോക്ടര്‍ കെ. രാജശേഖരന്‍ നായര്‍ എഴുതുന്നു. ( അപൂര്‍വ്വ വൈദ്യന്മാര്‍ – 2025 )

‘പക്ഷേ, എനിക്കു പലരില്‍നിന്നു കിട്ടിയ വിവരങ്ങള്‍ ഏറക്കുറെ സമ്പൂര്‍ണമായിരുന്നു. അതാണ് ഞാന്‍ എന്റെ പുസ്തകത്തില്‍ ചേര്‍ത്തതും (Evolution of Modern Medicine in Kerala. 2001). അത്രയെങ്കിലും എട്ടു പതിറ്റാണ്ടു മുന്‍പ് അവര്‍ മരണത്തിനു വിട്ടുകൊടുക്കാതിരുന്ന ‘ഒരു കുഞ്ഞ്’ ചെയ്തില്ലെങ്കില്‍ അതൊരു തീരാത്ത കൃതഘ്‌നതയാവും.

ഡോ. മേരി പുന്നൻ ലൂക്കോസിൻ്റെ കൈപ്പട

ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ ജീവചരിത്രമായി ഒരു പുസ്തകം ഇല്ലായിരുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നില്ല. എന്റെ പുസ്തകത്തിലുള്ളവയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റ് സോഴ്സുകളില്‍ ഇന്നും ലഭ്യമാകുന്നത്. ഇതുവരെ അതിനൊരു അംഗീകാരം അവരാരും തന്നിട്ടുമില്ല. അപ്പോഴാണ് മനോരമ ബുക്സ് ഡോ. മേരി പുന്നന്‍ ലൂക്കോസിനെക്കുറിച്ച് ഒരു പുസ്തകം ഇറക്കുന്നത് ‘Trailblazer’. അതിന്റെ പ്രകാശ നവേളയിലാണ് (5 ജൂണ്‍ 2019) ആദ്യമായി അങ്ങനെയൊരു അനുമോദനം കിട്ടുന്നത്. കേരളത്തിന്റെ ആരോഗ്യചരിത്രത്തില്‍ സര്‍ജന്‍ ജനറല്‍ ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസ് ആ പേര് അതോടെ അനശ്വരമായി.

Content Summary: Dr. Mary Poonen Lukose is a personality who deserves to be remembered this International Women’s Day

This post was last modified on March 8, 2026 9:45 am

അമർനാഥ്‌:
Leave a Comment