പശ്ചിമ ബംഗാളിലെ ദുര്‍ഗ്ഗാപൂരിലെ കോളേജ് കാമ്പസിന് പുറത്ത് വെച്ച് 23 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സുഹൃത്തിനൊപ്പം രാത്രി 8.30 ന് ഭക്ഷണം കഴിക്കാന്‍ പുറത്തുപോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ അറിയിച്ചു.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ദേശീയ വനിതാ കമ്മീഷന്റെ (NCW) നാലംഗ സംഘം ശനിയാഴ്ച ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിനിയെ സന്ദര്‍ശിച്ചു. ഒഡീഷ സംസ്ഥാന വനിതാ കമ്മീഷനും ഇന്ന് വിദ്യാര്‍ത്ഥിനിയെ സന്ദര്‍ശിച്ച് കൗണ്‍സിലിംഗ് നല്‍കി.
വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍
ആക്രമണത്തിലേക്ക് നയിച്ച ഭീകരമായ സംഭവങ്ങളെക്കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ വിശദീകരിച്ചു. ഒരു സുഹൃത്തിന്റെ നിര്‍ദേശ പ്രകാരമാണ് മകള്‍ കാമ്പസിന് പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയത്.
‘മൂന്ന് പേര്‍ അവരെ പിന്തുടരാന്‍ തുടങ്ങി. ഉടന്‍ തന്നെ സുഹൃത്ത് മകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്റെ മകളും രക്ഷപ്പെടാന്‍ ശ്രമിച്ചു, പക്ഷേ സുഹൃത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല’ അമ്മ പറയുന്നു.
‘ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ എന്റെ മകളെ മൂന്ന് പേര്‍ ചേര്‍ന്ന് അടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ രണ്ട് പേര്‍ കൂടി അവരോടൊപ്പം ചേര്‍ന്നു. അവരിലൊരാള്‍ കുറ്റകൃത്യം ചെയ്യുകയും മകളുടെ മൊബൈല്‍ തട്ടിയെടുക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,’ അമ്മ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി വൈകി മകളുടെ സഹപാഠികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദുര്‍ഗ്ഗാപൂരിലേക്ക് എത്തിയ മാതാപിതാക്കള്‍, മകളെ പുറത്തേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെയും അയാളുടെ ചില കൂട്ടാളികളുടെയും പേരില്‍ പോലീസില്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.
മകളെ ഒഡീഷയിലേക്ക് മാറ്റണമെന്ന് പിതാവ്
തന്റെ മകള്‍ക്ക് നിലവില്‍ നടക്കാന്‍ കഴിയുന്നില്ലെന്നും മകളുടെ സുരക്ഷയില്‍ ആശങ്ക ഉള്ളതിനാല്‍, പശ്ചിമ ബംഗാളില്‍ നിന്ന് ഒഡീഷയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും പിതാവ് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു.
കോളേജിലെ സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകള്‍ക്കെതിരെ പിതാവ് ശക്തമായ രോഷം പ്രകടിപ്പിച്ചു. ”ഈ സംഭവം നടന്നത് രാത്രി 8:00 നും 9:00 നും ഇടയിലാണ്. ഹോസ്റ്റല്‍ വളരെ അകലെയായിരുന്നു, അവള്‍ ഭക്ഷണം കഴിക്കാനാണ് ഇവിടെയെത്തിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒട്ടും മതിയായതല്ല. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഇവിടെ ഒരു സംവിധാനവുമില്ല’ പിതാവ് കുറ്റപ്പെടുത്തി.
Content Summary: Durgapur rape survivor’s mother recounts harrowing ordeal
This post was last modified on October 12, 2025 4:13 pm
Leave a Comment