‘നിശബ്ദ കൊലയാളി’യുടെ പിടിയിൽ യൂറോപ്പ്; 1300ലെറെ മരണം; വരാനിരിക്കുന്നത് കടുത്ത കാലം

കൊടുംചൂടിൽ വെന്തുരുകുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു.

കൊടുംചൂടിൽ വെന്തുരുകുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. തണുത്ത, പ്രസന്നമായ കാലാവസ്ഥ വളരെ പെട്ടെന്നാണ് അസഹനീയമായ ചൂടിലേക്ക് മാറിയത്. മാറിയ കാലാവസ്ഥയിൽ പൊറുതിമുട്ടുകയാണ് ജനങ്ങൾ. ആഗോളതാപനത്തിന്റെ ഫലമായുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷഫലങ്ങളാണ് ഇപ്പോൾ യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്.
‘നിശബ്ദ കൊലയാളി’ എന്നാണ് ഉഷ്ണതരംഗത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്.
ജൂൺ 21നു ശേഷം 1300ലേറെ ആളുകളാണ് കടുത്ത ചൂടിൽ മരിച്ചത്. ഇതിൽ ആയിരത്തോളം മരണങ്ങൾ ഫ്രാൻസിലാണ്. മരിച്ചവരിൽ 85 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണ്. കെയർ ഹോമുകളിലും വീടുകളിലും കഴിയുന്ന പ്രായമായവരാണ് മരിച്ചവരിലേറെയും.


താപനില 42 ഡിഗ്രിയോടടുത്ത ജർമനിയിലും ചെക് റിപബ്ലിക്കിലും ജാഗ്രതാ നിർദേശമുണ്ട്. യു.കെയിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. സ്പെയിൻ, ഇറ്റലി, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. റോം, വെനീസ്, മിലാൻ ഉൾപ്പെടെയുള്ള 18 ഇറ്റാലിയൻ നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലാകെ 854 നഗരങ്ങളിലാണ് അസാധാരണമായ ചൂട് രേഖപ്പെടുത്തിയത്. യൂറോപ്പിലെ ആകെ ജനസംഖ്യയിൽ 30 ശതമാനവും ഈ നഗരങ്ങളിലാണ് വസിക്കുന്നത്. അടുത്ത ദിവസങ്ങളിൽ നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

ജനജീവിതം പ്രതിസന്ധിയിൽ

കടുത്ത ചൂട് യൂറോപ്പിലെ ജനങ്ങളുടെ ജീവിതത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റെയിൽവേ, റോഡ് സംവിധാനങ്ങളും വൈദ്യുതി വിതരണവും മിക്കയിടങ്ങളിലും തടസ്സപ്പെട്ടു. ഫ്രാൻസിൽ 68000ത്തോളം വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. റോഡുകളിൽ ടാർ ഉരുകി ഒലിക്കുന്ന സ്ഥിതിയാണ്. ട്രാം ട്രാക്കുകൾ വളഞ്ഞതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ജർമനിയിലെ ഓട്ടോബാൻ ഹൈവേയിലെ കോൺക്രീറ്റ് പാളികൾ ചൂടിൽ വിണ്ടുകീറിയതിനെ തുടർന്ന് റോഡുകൾ അടച്ചു.
യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബും പോ നദിയും വറ്റിവരണ്ടു. ഹംഗറിയിലെയും ഫ്രാൻസിലെയും ആണവനിലയങ്ങളിൽ ഉത്പാദനം കുറയ്ക്കേണ്ടിവന്നു. റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന നദിയിലെ വെള്ളത്തിന് താപനില കൂടിയതാണ് കാരണം.

നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ

ചൂട് കൂടിയതോടെ ആരോഗ്യരംഗവും കടുത്ത പ്രതിസന്ധിയിലായി. ആശുപത്രികളിൽ രോഗികൾ നിറഞ്ഞു. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ മൂന്നിലൊന്ന് വർധനവാണ് ഉണ്ടായത്.
ജർമനിയിൽ ചൂടിൽ നിന്ന് ആശ്വാസം തേടി നദികളിലും തടാകങ്ങളിലും ഇറങ്ങിയ നിരവധി പേർ മുങ്ങിമരിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്താണ് ഈ ചൂടിന് കാരണം?

മുമ്പും യൂറോപ്പിലും ഉഷ്ണവും ഉഷ്ണതരംഗവുമുണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ റെക്കോർഡുകളെല്ലാം ഭേദിക്കുന്ന തീവ്രതയിലേക്കാണ് താപനില എത്തിയിരിക്കുന്നത്. ഭൂമധ്യരേഖയിൽ നിന്ന് ഉത്തര ധ്രുവത്തിലേക്ക് ചൂടിനെ എത്തിക്കുന്ന വായുസഞ്ചാരത്തിന്റെ ഘടനയിൽ വന്ന മാറ്റമാണ് മുൻകാലങ്ങളിലെപ്പോലെ ഈ വർഷവും ഉഷ്ണതരംഗത്തിന് കാരണമായതെന്ന് ജർമനിയിലെ ഹാംബർഗിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥാ വിദഗ്ധ ലാറ വെൽബെർഗ് പറയുന്നു. ഈ വായുസഞ്ചാരത്തിന്റെ പാറ്റേൺ പൂർണമായി മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല. ഉത്തര അത്‌ലാറ്റിക് സമുദ്രോപരിതലത്തിലെ താപനില ഉയരുമ്പോൾ വടക്കൻ ആഫ്രിക്കയിൽ നിന്നും സഹാറ മരുഭൂമിയിൽ നിന്നുമുള്ള ചൂടുള്ള വായു യൂറോപ്പിലേക്കെത്തുന്നതാണ് കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്.

വരാനിരിക്കുന്നത് കടുത്ത കാലം

ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് യൂറോപ്പിൽ താപനില ഉയരുന്നത്. 1980കൾ മുതലാണ് യൂറോപ്പിലെ കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയത്. 1980 വരെ ചൂട് ഒരു പരിധിക്കപ്പുറം വർധിച്ചിരുന്നില്ല. എന്നാൽ 1980നുശേഷം ക്രമാതീതമായി താപനില ഉയരാൻ തുടങ്ങി. പിന്നീട് ഓരോ വർഷവും താപനില പുതിയ റെക്കോർഡുകളിലേക്കെത്തി. ഇതേ വിധത്തിൽ ആഗോളതാപനം തുടർന്നാണ് ഭാവിയിലും കടുത്ത കാലാവസ്ഥാ മാറ്റങ്ങളായിരിക്കും യൂറോപ്പിനെ കാത്തിരിക്കുന്നത്. ആഗോള കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം ലോകത്തെ കീഴടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
വരുംദിവസങ്ങളിൽ യൂറോപ്പിൽ പരക്കെ ശക്തമായ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നും ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Summary: Europe is experiencing one of its most severe heatwaves on record, with temperatures exceeding 40°C across several countries. More than 1,300 people have died.

This post was last modified on June 29, 2026 3:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment