അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയ താലിബാന്‍ മുന്‍ കമാന്‍ഡര്‍ക്ക് 42 വര്‍ഷം തടവ്

17 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ മുഖാമുഖം കണ്ട് ഇരയും വേട്ടക്കാരനും; സംഭവബഹുലമായൊരു തട്ടിക്കൊണ്ടു പോകലിന്റെ കഥ

Haji Najibullah David Rohde kidnapping

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയ കേസില്‍ താലിബാന്‍ മുന്‍ കമാന്‍ഡര്‍ ഹാജി നജീബുള്ളയ്ക്ക് 42 വര്‍ഷത്തെ തടവുശിക്ഷ. 2008-ല്‍ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസി’ന്റെ റിപ്പോര്‍ട്ടറായിരുന്ന ഡേവിഡ് റോഡി, രണ്ട് അഫ്ഗാന്‍ സഹായികള്‍ എന്നിവരെ തട്ടിക്കൊണ്ടുപോയ കേസില്‍ ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഉദ്വേഗഭരിതമായ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേസിലാണ് ഒടുവില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.

കോടതിമുറിയില്‍ അതീവ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. കറുത്ത തൊപ്പിയും തടവുകാരുടെ കാക്കി വസ്ത്രവുമണിഞ്ഞ്, വിലങ്ങണിഞ്ഞ കൈകളുമായി കോടതിയിലെത്തിയ നജീബുള്ളയുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കോടതി മുറിക്കുള്ളില്‍ നില്‍ക്കുമ്പോഴും അയാളുടെ മുഖത്ത് പരിഹാസ ചിരിയായിരുന്നു. എന്നാല്‍, കുറച്ചുസമയത്തിന് ശേഷം ഡേവിഡ് റോഡി കോടതിമുറിയിലേക്ക് പ്രവേശിച്ചപ്പോഴും നജീബുള്ളയുടെ ഭാവം മാറിയില്ല. ശിക്ഷാ വിധി കാത്തുനില്‍ക്കുന്ന ആ തടവുകാരന്റെ ചിരി കണ്ട് ഡേവിഡ് റോഡിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ അമര്‍ഷത്തോടെ പറഞ്ഞത്, ‘അയാള്‍ ചിരിക്കുന്നു, എത്ര ധൈര്യമുണ്ടെങ്കില്‍ അയാള്‍ക്കിതിന് സാധിക്കും’ എന്നായിരുന്നു. ശിക്ഷാവിധിക്ക് മുന്നോടിയായി കോടതിയെ അഭിസംബോധന ചെയ്ത ഡേവിഡ് റോഡി, നജീബുള്ള ഇപ്പോഴും താന്‍ ചെയ്ത ക്രൂരതകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതെ കള്ളം പറയുകയാണെന്ന് ചൂണ്ടിക്കാട്ടി.

ഒരു അഭിമുഖത്തിനായി എത്തിയ മാധ്യമപ്രവര്‍ത്തകനെ ചതിയിലൂടെ തട്ടിക്കൊണ്ടുപോയിടത്താണ് സംഭവബഹുലമായ ഈ കേസിന്റെ തുടക്കം. 2008 നവംബര്‍ 10-ന് രാവിലെ ഏഴുമണിയോടെയാണ് ഡേവിഡ് റോഡിയും വിവര്‍ത്തകനും ഡ്രൈവറും അടങ്ങുന്ന സംഘം അഭിമുഖത്തിനായി കാബൂളില്‍ നിന്ന് പുറപ്പെടുന്നത്. മാധ്യമ സംഘത്തെ, അവര്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നജീബുള്ള ഫോണില്‍ വിളിച്ച് പ്രദേശത്ത് അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂര്‍വ്വം മറ്റൊരു സ്ഥലത്ത് എത്താന്‍ പറഞ്ഞു. ഇവര്‍ പുതിയ സ്ഥലത്തെത്തിയപ്പോള്‍ ആയുധധാരികളായ താലിബാന്‍ ഭീകരര്‍ ഇവരെ തടഞ്ഞുവെക്കുകയും കണ്ണുകള്‍ മൂടിക്കെട്ടി അഫ്ഗാനിസ്ഥാനിലെയും പിന്നീട് പാകിസ്താനിലെയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

ഏഴര മാസത്തോളമാണ് ഡേവിഡ് റോഡിയും കൂട്ടരും താലിബാന്റെ തടവില്‍ കഴിഞ്ഞത്. മോചനദ്രവ്യത്തിനും താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നതിനുമായി ഇവരെ ആയുധമുനയില്‍ നിര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോകള്‍ ചെയ്യാന്‍ റോഡിയെ ഇവര്‍ നിര്‍ബന്ധിച്ചു. ‘നിങ്ങള്‍ എന്നെ സഹായിച്ചില്ലെങ്കില്‍ ഞാന്‍ കൊല്ലപ്പെടും’ എന്ന തരത്തിലുള്ള വാചകങ്ങള്‍ ഭയത്തോടെ ക്യാമറയ്ക്ക് മുന്നില്‍ പറയേണ്ടി വന്ന നാളുകള്‍ കടുത്ത മാനസിക പീഡനത്തിന്റേതായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വിവരിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പ്, താന്‍ തട്ടിക്കൊണ്ടുപോകപ്പെടുകയാണെങ്കില്‍ വാര്‍ത്തയാക്കരുതെന്നും തന്റെ പുസ്തകത്തില്‍ നിന്നുള്ള അഡ്വാന്‍സ് തുക മോചനദ്രവ്യമായി നല്‍കണമെന്നും കാണിച്ച് ഭാര്യക്കായി റോഡി എഴുതിവെച്ച കത്തുകള്‍ കോടതിയില്‍ വായിച്ചപ്പോള്‍ അദ്ദേഹം വിതുമ്പിപ്പോയി. ആ അഭിമുഖത്തിന് പോയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും അതില്‍ എപ്പോഴും ഖേദിക്കുന്നുവെന്നും അദ്ദേഹം കണ്ണീരോടെ കോടതിയില്‍ പറഞ്ഞു.

തടവിലായിരുന്ന കാലത്ത് മോചനത്തിനായി റോഡി ആഹാരം ഉപേക്ഷിച്ചും, രോഗിയായി അഭിനയിച്ചും, ആത്മഹത്യാശ്രമം നടത്തിയും നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 2009 ജൂണില്‍ കപ്പല്‍ കെട്ടിവലിക്കുന്ന ഒരു കയര്‍ യാദൃശ്ചികമായി റോഡിയുടെ ശ്രദ്ധയില്‍പ്പെട്ടു. കാവല്‍ക്കാര്‍ ഉറങ്ങിക്കിടന്ന ജൂണ്‍ 9-ാം തീയതി രാത്രിയില്‍ റോഡിയും വിവര്‍ത്തകനും ചേര്‍ന്ന് ഈ കയറിന്റെ സഹായത്തോടെ തടവറയുടെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അടുത്തുള്ള പാകിസ്താന്‍ സൈനിക ഔട്ട്പോസ്റ്റില്‍ അഭയം തേടിയ ഇവരെ പിന്നീട് യു.എസ് അധികൃതര്‍ക്ക് കൈമാറി. ഈ ഭീകരമായ അനുഭവങ്ങളെക്കുറിച്ച് റോഡിയും ഭാര്യയും ചേര്‍ന്ന് പില്‍ക്കാലത്ത് ‘എ റോപ്പ് ആന്‍ഡ് എ പ്രേയര്‍’ എന്ന പേരില്‍ ഒരു പുസ്തകവും എഴുതിയിരുന്നു.

അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയ നജീബുള്ള, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലിനും കൂട്ടുനിന്നു എന്ന് 2025 ഏപ്രിലില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍, യുദ്ധസാഹചര്യങ്ങള്‍ കാരണം താലിബാനില്‍ ചേരാന്‍ നിര്‍ബന്ധിതനായതാണെന്നും നിലവില്‍ താലിബാന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയതിനാല്‍ താന്‍ അവരുടെ ശത്രുവാണെന്നും കാണിച്ച് പ്രതിഭാഗം അഭിഭാഷകന്‍ 18 വര്‍ഷത്തെ ശിക്ഷയ്ക്കായി വാദിച്ചു. തുടര്‍ന്ന് പഷ്തു ഭാഷാ പരിഭാഷകന്റെ സഹായത്തോടെ സംസാരിച്ച നജീബുള്ള റോഡിയെ തട്ടിക്കൊണ്ടുപോയതില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും, അമേരിക്കയുടെ തെറ്റായ നയങ്ങളാണ് അഫ്ഗാനിസ്ഥാനിലെ ദുരന്തങ്ങള്‍ക്ക് കാരണമെന്നും കുറ്റപ്പെടുത്തി.

എന്നാല്‍, നജീബുള്ള ഇരകള്‍ക്ക് സമ്മാനിച്ച അതിശക്തമായ മാനസിക-ശാരീരിക പീഡനങ്ങളെ മുന്‍നിര്‍ത്തി ജഡ്ജി കാതറിന്‍ പോക്ക് ഫൈല്ല പ്രതിക്ക് 42 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിക്കുകയായിരുന്നു. വിധി കേള്‍ക്കുമ്പോഴും ഭാവവ്യത്യാസമില്ലാതെ നിന്ന നജീബുള്ള ശിക്ഷ മനസ്സിലായെന്ന് കോടതിയെ അറിയിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട ഈ അധ്യായത്തിന് നിയമപരമായ അന്ത്യമായി.

Content Summary; Former Taliban commander Haji Najibullah sentenced to 42 years in prison by a New York court for the 2008 kidnapping and psychological torture of US journalist David Rohde.

This post was last modified on June 14, 2026 1:05 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment