ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്കരണവും ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒ.പി. ബഹിഷ്കരണം കേരളം കണ്ടു കഴിഞ്ഞു. സമര പശ്ചാത്തലത്തിലും രോഗി പരിചരണത്തിൽ കർമ്മ നിരതരായിരുന്നു ജൂനിയർ, പി.ജി. ഡോക്ടർമാർ. സാക്ഷര കേരളം ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോഴും, നമ്മുടെ ആശുപത്രികളുടെ നട്ടെല്ലായ ജൂനിയർ ഡോക്ടർമാർ അനുഭവിക്കുന്നത് കടുത്ത ദുരിതങ്ങളാണ്.
36 മണിക്കൂർ വരെ നീളുന്ന തുടർച്ചയായ ഡ്യൂട്ടിയിൽ, പ്രാഥമിക ആവശ്യങ്ങൾ പോലും മാറ്റിവെച്ച് ജോലി ചെയ്യേണ്ടിവരുന്ന ഈ വിഭാഗത്തെ അലട്ടുന്ന അമിതമായ തൊഴിൽ സമ്മർദ്ദവും സാമ്പത്തിക അസ്ഥിരതയുടെയും യാഥാർത്ഥ്യങ്ങൾ ഹൗസ് സർജൻസി മുതൽ ക്ലിനിക്കൽ പ്രാക്ടീസ് വരെയുള്ള കഴിഞ്ഞ മൂന്ന് വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ‘അഴിമുഖത്തോട്’ വെളിപ്പെടുത്തുകയാണ് ഡോ. ജിഷ്ണു.
‘ഞാൻ 2022-ലെ എം.ബി.ബി.എസ്. ബാച്ചാണ്. ഹൗസ് സർജൻസി ഉൾപ്പെടെ കഴിഞ്ഞ മൂന്ന് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ, ഹൗസ് സർജൻസി കാലയളവിലും അതിനുശേഷമുള്ള ക്ലിനിക്കൽ പ്രവൃത്തിയിലും ഞങ്ങൾ അതിഭയങ്കരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്’ അദ്ദേഹം പറയുന്നു.
നമ്മൾ ജോലി ചെയ്യുന്ന വിഭാഗം (ഡിപ്പാർട്ട്‌മെൻ്റ്) അനുസരിച്ച് ഈ ബുദ്ധിമുട്ടിന്റെ കാഠിന്യം ഒരു പരിധി വരെ മാറും. സാധാരണയായി, ഹൗസ് സർജൻസി സമയത്ത് ഡോക്ടർമാരുടെ ഔദ്യോഗിക ഷിഫ്റ്റ് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ്. എന്നാൽ ഈ സമയപരിധിക്കുള്ളിൽ ഒരിക്കലും ജോലി തീരാറില്ല. മെഡിസിൻ, സർജറി പോലുള്ള വിഭാഗങ്ങളിലാണ് പോസ്റ്റിംഗ് എങ്കിൽ, രോഗികളെ പ്രവേശിപ്പിക്കുന്ന ദിവസങ്ങൾ ഉണ്ടാകും.
ഈ ദിവസം രാവിലെ 8 മണിക്ക് തുടങ്ങുന്ന ജോലി അടുത്ത ദിവസം രാവിലെ 8 മണി കഴിഞ്ഞും തീരാതെ നീളും. ചിലപ്പോൾ, അടുത്ത ദിവസത്തെ വൈകുന്നേരം 8 മണിയോടെ മാത്രമായിരിക്കും ജോലിഭാരം അവസാനിക്കുക. അതായത്, തുടർച്ചയായി 36 മണിക്കൂർ വരെ നീണ്ടുപോകുന്ന ജോലി ഷിഫ്റ്റുകൾ ഹൗസ് സർജൻസി സമയത്ത് നേരിടേണ്ടി വരും.
ക്ലിനിക്കൽ പ്രാക്ടീസിലേക്ക് വരുമ്പോൾ, ഒരു ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിയും 8 മണി മുതൽ 8 മണി വരെയുള്ള ഷിഫ്റ്റാണ്. ചിലർ അടുത്ത ദിവസം രാവിലെ 8 മണി വരെയുള്ള 24 മണിക്കൂർ ഷിഫ്റ്റും തിരഞ്ഞെടുക്കാറുണ്ട്. “ഒരു ഡോക്ടർ മാത്രമുള്ള അത്യാഹിത വിഭാഗങ്ങളിൽ, ഭക്ഷണം കഴിക്കാനോ പലപ്പോഴും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ പോലും സമയം ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്.
24 മണിക്കൂർ ഷിഫ്റ്റ് എടുക്കുമ്പോൾ ഒരു ഡയറി മിൽക്കും രണ്ട് കാപ്പിയും മാത്രമാണ് എനിക്ക് കഴിക്കാൻ ലഭിച്ചിട്ടുള്ളത്. രോഗികൾ കാത്തിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കാൻ പോകാൻ സാധിക്കാറില്ല,” ഇതൊരു ക്ലിനിക്കിൽ ആണെങ്കിൽ ഡ്യൂട്ടി സമയത്തിൽ കുറച്ചുകൂടി അയവുണ്ടാകുമെങ്കിലും, അവിടെ ലഭിക്കുന്ന വരുമാനം സാമ്പത്തികമായി സ്ഥിരത നൽകുന്ന ഒന്നല്ല.
അത്യാഹിത വിഭാഗത്തിൽ വരുന്ന പല രോഗികളും, അവിടെ എപ്പോഴും ഡോക്ടർ ഉണ്ടാകുമല്ലോ എന്ന മനോഭാവത്തോടെ വരുന്നതാണ് മറ്റൊരു പ്രശ്നം. ചിലപ്പോൾ പനിക്കും ചുമയ്ക്കുമായിരിക്കും അവർ എത്തുന്നത്. എന്നാൽ, അത്യാഹിത വിഭാഗം ജീവൻ അപകടത്തിലായവരെ ചികിത്സിക്കേണ്ട ഇടമാണ്. ശ്വാസംമുട്ടൽ, ഹൃദയാഘാതം (കാർഡിയാക്ക് അറസ്റ്റ്), പക്ഷാഘാതം (സ്ട്രോക്ക്), അടിയന്തിരമായുള്ള സിസേറിയൻ, വലിയ അപകടങ്ങൾ എന്നിവ സംഭവിച്ചു വരുന്നവരെ ചികിത്സിക്കേണ്ട സ്ഥലമാണിത്.
പനിയും ചുമയും അത്യാഹിത വിഭാഗത്തിൽ കാണിക്കാമെന്ന മനോഭാവത്തിൽ വരുന്നവരെയും ഒരു ഡോക്ടർ എന്ന നിലയിൽ നമുക്ക് മടക്കി അയക്കാനാകില്ല. എന്നാൽ ഇത് യഥാർത്ഥ അത്യാഹിതങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമായിരിക്കും ഉണ്ടാകുക. അവിടേക്കാണ് മണിക്കൂറിൽ 20-30 രോഗികൾ എത്തുന്നത്. ഇത് താങ്ങാനുള്ള മനുഷ്യശേഷിയോ ശക്തിയോ ഡോക്ടർമാർക്കില്ല.
രോഗികൾ തിരക്കുകൂട്ടുമ്പോൾ ഒരു ഡോക്ടർക്ക് എല്ലാ രോഗികളെയും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. തിരക്കിൽ ചികിത്സിക്കുന്ന ഡോക്ടർക്ക് രോഗിയുടെ മുഴുവൻ വിവരങ്ങളും ചോദിച്ചറിയാൻ വിട്ടുപോകുന്നത് രോഗീ പരിചരണത്തെ വളരെയധികം ബാധിക്കുന്നു’,ഡോക്ടർ ജിഷ്ണു ചൂണ്ടിക്കാട്ടുന്നു.
കൃത്യസമയത്ത് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്തത് ഡോക്ടർമാരുടെ വ്യക്തിപരമായ ജീവിതത്തെയും ബാധിക്കുന്നു. രോഗി-ഡോക്ടർ അനുപാതം ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ജൂനിയർ ഡോക്ടർമാർ (എം.ബി.ബി.എസ്. കഴിഞ്ഞവർ, പി.ജി. വിദ്യാർത്ഥികൾ, എസ്.ആർ.ഷിപ്പ് ചെയ്യുന്നവർ) എല്ലാവരും ഇതിൻ്റെ പല പതിപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. 45 വയസ്സ് കഴിഞ്ഞ ഒരു സീനിയർ ഡോക്ടർ ആകുമ്പോൾ മാത്രമാണ് ഈ സമ്മർദ്ദം ഒരു പരിധി വരെ കുറയുന്നത്.
മെഡിക്കൽ കോളേജുകളിലെയും ജനറൽ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങളിൽ വൈകുന്നേരം 8 മണി കഴിഞ്ഞാൽ പി.ജി. വിദ്യാർത്ഥികളും ഹൗസ് സർജൻമാരും മാത്രമായിരിക്കും ജോലി ചെയ്യുക. ഇവർക്ക് വലിയ പരിചയം ലഭിച്ചിട്ടുണ്ടാവില്ല. ഇവർ ആദ്യ പ്രതികരണക്കാർ ആകുമ്പോൾ ഒരു അടിയന്തര സാഹചര്യം വന്നാൽ മുതിർന്ന ഡോക്ടർമാരോട് ചോദിക്കേണ്ടി വരും, ഇതിന് സമയം എടുക്കും. ഈ സമയം കാത്തുനിൽക്കാൻ രോഗികളും കൂടെയുള്ളവരും തയ്യാറാകാതെ ക്ഷമയില്ലാതെ പെരുമാറുകയും, അതിൻ്റെ പഴികേൾക്കേണ്ടി വരികയും ചെയ്യുന്നത് പതിവാണ്. ജോലിഭാരത്തിന് പുറമെ, ആക്രമണ ഭീഷണിയും ജൂനിയർ ഡോക്ടർമാരെ അലട്ടുന്നു.
അക്രമത്തിന്റെ ഭീഷണി: ഡോക്ടർ വന്ദനയുടെ ഓർമ്മയിൽ
“ഹൗസ് സർജൻസി കാലഘട്ടത്തിൽ ആക്രമണ സ്വഭാവമുള്ള രോഗികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഡോക്ടർ വന്ദന എൻ്റെ ബാച്ച് മേറ്റ് ആയിരുന്നു. ഒരിക്കൽ സർജറി അത്യാഹിത വിഭാഗത്തിൽ ലഹരിക്ക് അടിമയായ ഒരു രോഗി വളരെ ആക്രമണോത്സുകമായാണ് പെരുമാറിയത്. അയാൾ കൈയിൽ കിട്ടിയ ഒരു മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്താൻ വരികയായിരുന്നു. ചുറ്റും ആളുകളുണ്ടായിരുന്നതുകൊണ്ടും സാഹചര്യം നിയന്ത്രിക്കപ്പെട്ടതുകൊണ്ടും മാത്രമാണ് അന്ന് അപകടം സംഭവിക്കാതിരുന്നത്.” ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാക്കിയിട്ടും അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ല.
ഈ ദുരിതങ്ങൾക്ക് ഡോ. ജിഷ്ണു ചില പരിഹാരങ്ങളും മുന്നോട്ട് വെക്കുന്നു:
ഓരോ 5 കിലോമീറ്ററിനുള്ളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. ഇവിടെ ചികിത്സ നൽകിയ ശേഷം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണെങ്കിൽ, കോളേജുകളിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കും.
മെഡിക്കൽ കോളേജുകളിലെ അസിസ്റ്റൻ്റ് പ്രൊഫസർമാർ, അസ്സോസിയേറ്റ് പ്രൊഫസർമാർ, പ്രൊഫസർമാർ എന്നിവരുടെ തസ്തികയിൽ വലിയ ഒഴിവുകളുണ്ട്, എന്നാൽ അതൊന്നും പലപ്പോഴും നികത്തപ്പെടുന്നില്ല. ‘വർക്കിങ് അറേഞ്ച്മെൻ്റ്’ രീതിയിലാണ് കേരളത്തിലെ പല മെഡിക്കൽ കോളേജുകളും നിലവിൽ പ്രവർത്തിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിലെയും, എറണാകുളം മെഡിക്കൽ കോളേജിലെയും സ്റ്റാഫ് ഒരാളായിരിക്കും. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ അവിടേക്ക് ആവശ്യമായ ഡോക്ടർമാരെ നിയമിക്കുന്നത് ഉറപ്പാക്കിയാൽ തന്നെ ജോലിഭാരം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
മെഡിക്കൽ കോളേജുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെയുള്ളിടത്ത്, രജിസ്‌ട്രേഷൻ ഇല്ലാത്ത ഡോക്ടർമാർ വലിയ തോതിൽ ജോലി ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷനോ മതിയായ പ്രവൃത്തിപരിചയമോ ഇല്ലാത്തതിനാൽ ഇവർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതി. മണിക്കൂറിന് 200 രൂപ മുതൽ 250 രൂപ വരെ നൽകിയാൽ പോലും ഇവർ ജോലി ചെയ്യാൻ തയ്യാറാകുന്നു. പഠനം പൂർത്തിയാക്കിയിട്ടും ജോലിയില്ലാതെ നിൽക്കുന്ന നിരവധി ഡോക്ടർമാർ ഇത്തരം കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആശുപത്രി മാനേജ്മെൻ്റ് ആണ്.
സർക്കാർ ജൂനിയർ ഡോക്ടർമാർക്ക് നൽകുന്ന ശമ്പളം 45,000-50,000 രൂപ മാത്രമാണ്. അതേസമയം, സ്വകാര്യ ആശുപത്രികൾ 65,000-70,000 രൂപയോ അതിൽ കൂടുതലോ വാഗ്ദാനം ചെയ്യുന്നു. സർക്കാർ ആശുപത്രികളിലെ ഈ ശമ്പള സ്കെയിലിൽ മാറ്റം വരുത്തണം. 45,000 രൂപയ്ക്ക് മെഡിക്കൽ കോളേജിൽ ഈ ജോലി ചെയ്യുന്നത് ആത്മഹത്യ ചെയ്യുന്നത് പോലെയാണ്. ഈ കുറഞ്ഞ ശമ്പളമാണ് ജീവനക്കാരുടെ കുറവ് നിലനിൽക്കാൻ ഒരു കാരണം.
content summary: Extreme workload and financial instability plaguing keralas doctors
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.