‘ക്ലോസറ്റില്‍ മുഖം പൂഴ്ത്തിവച്ച് ഫ്‌ളഷ് ചെയ്തു, ടോയ്‌ലെറ്റ് നക്കിച്ചു, മകന്‍ നേരിട്ടത് ക്രൂരമായ റാഗിംഗ്’

തൃപ്പൂണിത്തുറയിലെ 15 കാരന്റെ ആത്മഹത്യയില്‍ ഗുരുതരാരോപണങ്ങളുമായി മാതാപിതാക്കള്‍

എറണാകുളം തിരുവാണിയൂരിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന 15 കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. താമസസ്ഥലമായ തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസിലെ 26 ആം നിലയില്‍ നിന്നും ചാടിയാണ് 15 കാരന്‍ ജീവനൊടുക്കിയത്. മകനെ ആത്മഹത്യയിലേക്കു നയിച്ചത് സ്‌കൂളില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ റാഗിംഗ് ആണെന്നാണ് അമ്മ റജ്‌ന ഉയര്‍ത്തുന്ന പരാതി.

മരിക്കുന്നതിന്‌ മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് 15 കാരന്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ചേരുന്നത്. ഇവിടെ ചില വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേകമായൊരു ഗ്യാങ്ങാണ് തന്റെ മകനെ ഉപദ്രവിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് അമ്മയുടെ പരാതി. ഈ ഗ്യാങ്ങ് മകനെ അതിക്രൂരമായി റാഗ് ചെയ്തിരുന്നുവെന്ന് റജ്‌ന ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക-ശാരീരക പീഢനങ്ങളാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അമ്മ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റജ്‌ന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

സ്‌കൂളില്‍ വച്ചും, സ്‌കൂള്‍ ബസില്‍ വച്ചും മകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ശാരീരികമായും ഉപദ്രവിക്കപ്പെട്ടു. നിറത്തിന്റെ പേരിലും മറ്റുമുള്ള പരിഹാസങ്ങളും കുത്തുവാക്കുകളും തന്റെ മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അമ്മ പറയുന്നു. വാഷ് റൂമില്‍ കൊണ്ടു പോയി അതികഠിനമായി ഉപദ്രവിക്കുകയും, ക്ലോസറ്റില്‍ കൊണ്ടു പോയി മുഖം പൂഴ്ത്തിച്ച് ഫ്‌ളഷ് ചെയ്യുകയും ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ബോധ്യമായ കാര്യമാണെന്നാണ് 15 കാരന്റെ മാതാപിതാക്കള്‍ പറയുന്നത്.

മകന്റെ മരണം പോലും അവനെ ഉപദ്രവിച്ച വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കുകയാണ് ചെയ്തതെന്നും അമ്മയുടെ പരാതിയിലുണ്ട്. ചില വാട്‌സ്ആപ്പ് മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ തെളിവായി അവര്‍ പങ്കുവച്ചിട്ടുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഈ മെസേജുകളില്‍ മരണപ്പെട്ട 15 കാരനെ പരിഹരിക്കുന്നതും കുറ്റപ്പെടുത്തുന്നതും.

ജീവനൊടുക്കിയ ദിവസവും തന്റെ മകന്‍ ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിരുന്നുവെന്നും റജ്‌നയുടെ പരാതിയിലുണ്ട്. അത് വ്യക്തമാക്കുന്ന ചില സ്‌ക്രീന്‍ ഷോട്ടുകള്‍ മുന്നില്‍ വച്ചാണ് റജ്‌ന ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

മകന്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരേയും റജ്‌ന പരാതി ഉയര്‍ത്തുന്നുണ്ട്. സ്‌കൂള്‍ അധികൃതരോട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞാല്‍ തങ്ങളുടെ സത്‌പേര് നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു സ്‌കൂള്‍ അധികൃതരെന്നാണ് തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പൊലീസില്‍ അറിയിക്കുക എന്നതിനപ്പുറം യാതൊരു ഉത്തരവാദിത്തവും തങ്ങള്‍ക്കില്ല എന്നായിരുന്നു സ്‌കൂളുകാരുടെ സമീപനം എന്നും അമ്മ പറയുന്നു.

ഈ മരണത്തിന് പിന്നിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആഗ്രഹിച്ച് തന്റെ മകന്റെ സഹപാഠികള്‍ ചേര്‍ന്ന് ആരംഭിച്ച ഇന്‍സ്റ്റഗ്രാം പേജ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുകയാണെന്നും റജ്‌ന പറയുന്നുണ്ട്. സമ്മര്‍ദ്ധത്തിന്റെ പുറത്തായിരിക്കാം ഇത് ഡിലീറ്റ് ചെയ്തിരിക്കുന്നതെന്നാണ് അവര്‍ കരുതുന്നത്.

അതേസമയം റാഗിംഗ് പരാതി ഇല്ലെന്നാണ്  ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍  അധികൃതര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയുടെ പരാതി സ്‌കൂള്‍ തള്ളുകയാണ് ചെയ്തത്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുകയാണെന്നും, റാഗിംഗിനെക്കുറിച്ച് കുട്ടി പരാതിപ്പെട്ടിട്ടില്ലെന്നും സ്‌കൂളിന്റെ ഭാഗത്ത് നിന്നും പ്രതികരണം വരുന്നുണ്ട്.

Family with serious allegations of ragging behind  15 year old’s suicide in Tripunithura

വാര്‍ത്തയില്‍ ചേര്‍ത്തിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്‌

Content Summary; Family with serious allegations of ragging behind  15 year old’s suicide in Tripunithura

This post was last modified on January 31, 2025 12:47 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment