June 14, 2026 |

”ഒരടഞ്ഞ വാതിലാണ് ഞാൻ തുറന്നത്”

ജ. ഫാത്തിമ ബീവി എന്ന പെണ്‍ ചരിത്രം

‘ഞാന്‍ ഒരു അടഞ്ഞ വാതില്‍ തുറന്നു.’ ഒരു വനിത സുപ്രീം കോടതി ജഡ്ജിയായി നിയമിതയായ ചരിത്ര നിമിഷത്തെക്കുറിച്ച് ഫാത്തിമ ബീവി പറഞ്ഞ വാക്കുകളാണിത്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ രൂപരേഖകള്‍ പുനര്‍നിര്‍വചിക്കുക മാത്രമല്ല, സമൂഹത്തിലെ ലിംഗ അസമത്വത്തെയും പുരുഷ മേല്‍കോയ്മയെയും എതിരിട്ടു തോല്‍പ്പിച്ച വനിത പോരാളി കൂടിയായിരുന്നു ഫാത്തിമ ബീവി. നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ടാല്‍ ഒരു വ്യക്തിക്ക് മുഴുവന്‍ നിയമവ്യവസ്ഥയിലും ചെലുത്താന്‍ കഴിയുന്ന പരിവര്‍ത്തനപരമായ സ്വാധീനത്തിന്റെയും തെളിവായിരുന്നു ഫാത്തിമ ബീവിയുടെ ജീവിതം. സമാനതകളില്ലാത്ത, സംഭവബഹുലമായ ആ ജീവിതത്തിനാണ് തിരശീല വീണത്.

ഗ്ലാസ് സീലിംഗ് എന്ന പദം പ്രയോഗത്തില്‍ വരുന്നതിനൊക്കെ മുന്നേ തന്നെ അത്തരത്തിലുള്ള സ്റ്റീരിയോടൈപ്പുകളെ തകര്‍ത്ത വ്യക്തിയായിരുന്നു ജസ്റ്റിസ് എം. ഫാത്തിമ ബീവി. 1989 ഒക്ടോബര്‍ 6-ന് തികഞ്ഞ ശാന്തതയോടെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് അവര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് കസേരയില്‍ ഇരുന്നു. 1992 ഏപ്രില്‍ 29-ന് വിരമിക്കുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. ഏഷ്യയില്‍ തന്നെ ആദ്യത്തെ വനിത ജഡ്ജ് എന്ന നിലയില്‍ ലോക ശ്രദ്ധപിടിച്ചു പറ്റിയ മലയാളി വനിത കൂടിയായിരുന്നു ഫാത്തിമ ബീവി. പത്തനംതിട്ട ജില്ലയിലെ മീരാ സാഹിബിന്റെയും ഖദീജാ ബീവിയുടെയും എട്ടു മക്കളില്‍ ഒരാളായാണ് ജനനം. ഒരു യാഥാസ്ഥിതിക പുരുഷനാകാതെ കെമിസ്ട്രിയില്‍ എംഎസ്സി ചെയ്യാന്‍ ആഗ്രഹിച്ച ഫാത്തിമയെ നിയമ പഠനത്തിലേക്ക് വഴിതിരിച്ചു വിടുന്നത് പിതാവാണ്. ഒരു കോളേജ് അധ്യാപികയിലേക്ക് ചുരുങ്ങി പോകാതെ ഫാത്തിമയെ മറ്റൊരു പടവിലേക്ക് കയറ്റിവിട്ടത് ആ പിതാവിന്റെ ദീര്‍ഘവീക്ഷണമാണ്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു സ്ത്രീ സുപ്രീം കോടതി ജഡ്ജിയാകുന്നത്. ഇന്നും ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം പുരുഷന്മാര്‍ക്ക് തുല്യമല്ല.

1992-ല്‍ അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച അവര്‍ കരുണാനിധിയുടെ ശുപാര്‍ശ പ്രകാരമാണ്തമിഴ്നാട് ഗവര്‍ണറായി നിയമിതയാകുന്നത്. തമിഴകത്തിന്റെ ഗവര്‍ണ്ണര്‍ കസേര ഫാത്തിമ ബീവിയെ തേടിയെത്തിയത് വളരെ അപ്രതീക്ഷിതമായായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ വിവാദങ്ങളുടെ ആരംഭവും അതേ കസേരയില്‍ നിന്നായിരുന്നു. തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് ഫാത്തിമാ ബീവിയെ ആദ്യമായി വിവാദത്തില്‍ അകപ്പെടുത്തി. നിയമമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ഫാത്തിമാ ബീവിയോട് രാജി ആവശ്യപെടുക കൂടി ചെയ്തതോടെ കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വലിയ വിവാദമാണ് അവരുടെ തമിഴ്നാട് ഗവര്‍ണര്‍ പദവിയെ പിടിച്ചുലച്ചത്. ഗവര്‍ണര്‍ എന്ന നിലയില്‍, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജയലളിതയുടെ ഭൂരിപക്ഷ വാദം അവര്‍ അംഗീകരിച്ചിരുന്നു, എന്നിരുന്നാലും അഴിമതി ആരോപണത്തില്‍ ജയലളിത ശിക്ഷിക്കപ്പെട്ട് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരുന്നു.

2001 മെയ് 14 ന്, ജയലളിതയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന വസ്തുത നിലനില്‍ക്കെ തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിതയെ നിയമിച്ചതിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ ചില പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കൂടി ഫയല്‍ ചെയ്യപ്പെട്ടതോടെ ഫാത്തിമ ബീവി കൂടുതല്‍ വിവാദത്തിന്റെ കയത്തില്‍ വീണു. സംസ്ഥാന നിയമസഭയിലെ ഭൂരിപക്ഷ പാര്‍ട്ടി ജയലളിതയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തത് കൊണ്ടാണ് താന്‍ തീരുമാനം എന്നാണ് അവര്‍ തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ വാക്കാല്‍ ചൂണ്ടിക്കാണിച്ചെന്ന് കേന്ദ്രം ആരോപിക്കുകയും ഒപ്പം ജയലളിതയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തതോടെ ഫാത്തിമാ ബീവിയുടെ നിഗമനവും തീരുമാനങ്ങളും തെറ്റാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഭരണഘടനാപരമായ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഫാത്തിമ ബീവി രാജി സമര്‍പ്പിക്കുന്നത്.

പത്തനംതിട്ടയിലെ കാതോലിക്കേറ്റ് ഹൈസ്‌കൂളിലാണ് ഫാത്തിമ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടിയെന്ന നിലയില്‍ അക്കാലത്ത് കോളജ് പഠനം അപ്രാപ്യമായിരുന്നുവെങ്കിലും അവര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ബിരുദവും ലോ കോളേജില്‍ നിന്നും നിയമത്തിലും ബിരുദം നേടി. സമൂഹത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സ്വപ്നം കാണാന്‍ പോലും പറ്റാത്തൊരു കാലത്തായിരുന്നു ഫാത്തിമ ബീവി തന്റെ പാത സ്വയം കെട്ടി പടുത്തത്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരീക്ഷയില്‍ ഒന്നാമതെത്തുന്ന ആദ്യ വനിതയായ ഫാത്തിമ സ്വര്‍ണ മെഡലിനും അര്‍ഹയായി. കൊല്ലം ലോവര്‍ ജുഡീഷ്യറിയില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നതോടെയാണ് ഫാത്തിമയുടെ ഔദ്യോഗിക നിയമ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. 1958-ല്‍, കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും, 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയും ആയി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതിയിലും അവര്‍ നിയമിതയായി. ഹയര്‍ ജുഡീഷ്യറിയിലേക്ക് നിയമിതയായ ആദ്യ മുസ്ലീം വനിതയാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *

×