‘ദുരന്ത മുഖത്തും പതറാറില്ല, ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്നു’

ജീവൻ കൊടുത്തും നാട് കാക്കുന്ന അഗ്നിശമന സേന

“ഇന്നത്തെ എൻ്റെ പ്രവർത്തനങ്ങൾ ഇങ്ങനെയൊക്കെയാവും എന്ന് പ്രവചിക്കാൻ കഴിയാത്ത ഒരു വിഭാഗമാണ് ഫയർ ഫോഴ്‌സ്. ഭാഗ്യം കൊണ്ട് മാത്രം ഓരോ ദിനവും അതിജീവിക്കുന്ന ജീവിതങ്ങളാണ് ഞങ്ങളുടേത്.” മട്ടാഞ്ചേരി ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ നിതിൻ്റെ ഈ വാക്കുകൾ, മാത്രം മതിയാവും കേരളത്തിലെ അഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥരുടെ ജീവിതം മനസിലാക്കാൻ.

പ്രവർത്തനങ്ങളുടെ രൂപരേഖ മുൻകൂട്ടി തയ്യാറാക്കി മാത്രം മുന്നോട്ട് പോകുന്ന ഒരു തൊഴിൽ മേഖലയല്ല ഫയർഫോഴ്‌സ്. “ഇന്ന് വരുന്ന കോൾ എന്താവുമെന്നോ, എന്തൊക്കെ വെല്ലുവിളികളാണ് ഞങ്ങളെ കാത്തിരിക്കുന്നതെന്നും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയില്ല,” നിതിൻ പറയുന്നു. ഈ അപ്രതീക്ഷിത സ്വഭാവം തന്നെയാണ് ഈ ജോലി ഏറ്റവും അപകടകരമാക്കുന്നത്.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം ‘ഹൃദ്യ’ത്തില്‍ സോണി എസ് കുമാര്‍ മരണപ്പട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു.

ഏലൂർ ഫയർ സ്റ്റേഷനിൽ തന്നോടൊപ്പം മൂന്ന് വർഷത്തോളം പ്രവർത്തിച്ച സഹപ്രവർത്തകനായ സോണിയുടെ ഓർമ്മകൾ നിതിൻ്റെ വാക്കുകളിൽ ഒരു നീറ്റലാണ്. “എന്ത് ജോലി ഏൽപ്പിച്ചാലും ആത്മാർത്ഥമായി ചെയ്യുന്ന സഹപ്രവർത്തകൻ” ആയിരുന്നു സോണി. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലർത്താൻ സോണി തയ്യാറായിരുന്നു.

എന്നാൽ, “മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന സോണിയുടെ ഈ സ്വഭാവമാണ് അപകടത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്ന്” നിതിൻ വേദനയോടെ പറയുന്നു. ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്ന് ഉറപ്പുണ്ടായിട്ടും സോണി ആ കിണറ്റിലേക്ക് എടുത്തുചാടി. മുന്നിൽ കണ്ട ജീവൻ രക്ഷിക്കുക എന്ന ചിന്ത മാത്രമാവണം ആ സമയത്ത് അദ്ദേഹത്തിൻ്റെ മനസ്സിലൂടെ മിന്നിമറഞ്ഞത്. തഴക്കം ചെന്ന ഉദ്യോഗസ്ഥരുടെ കീഴിൽ പ്രവർത്തിച്ച പരിചയസമ്പത്തും അതിതീവ്ര അപകടസാധ്യതയുള്ള ഏലൂർ പോലുള്ള മേഖലകളിലെ വൈദഗ്ദ്ധ്യവും സോണിക്കുണ്ടായിരുന്നു. എന്നിട്ടും സംഭവിച്ച ഈ മരണം ഫയർഫോഴ്‌സ് ഉദ്യോ​ഗസ്ഥരുടെ ജീവിതത്തിൻ്റെ‌‌‌ അപകടകരമായ യാഥാർത്ഥ്യത്തെയാണ് വരച്ചുകാട്ടുന്നത്.

ഒരു തീപിടിത്തം അണയ്ക്കുന്നതിനപ്പുറം വൈവിധ്യമാർന്ന ദൗത്യങ്ങളാണ് ഈ സേനാംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. “പ്രാവോ കാക്കയോ പട്ടത്തിൽ കുടുങ്ങുന്നത് മുതൽ ആന ഇടയുകയോ ചെയ്യുന്നത് വരെ കൈകാര്യം ചെയ്യുകയെന്നത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്,” നിതിൻ വ്യക്തമാക്കുന്നു. ഈ സന്ദർഭങ്ങളിലെല്ലാം അപകട സാധ്യത വളരെ കൂടുതലാണ്.

ഒന്നിന് പുറകേ ഒന്നായി പലപ്പോഴും ഫയർ കോളുകൾ അറ്റൻഡ് ചെയ്യേണ്ടി വരാറുണ്ട്. ഒരു ദിവസം അഞ്ച് ഫയർകോളുകൾ വരെ അറ്റൻഡ് ചെയ്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയിൽ കാടുകൾ കുറവാണെങ്കിലും വ്യവസായ മേഖലകൾ (Industrial Zones) കൂടുതലായതിനാൽ അത്തരത്തിലുള്ള അപകടങ്ങൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. റോഡുകളുടെ വീതിക്കുറവും ഗതാഗതക്കുരുക്കും പലപ്പോഴും രക്ഷാദൗത്യത്തിന് വലിയ പ്രതിബന്ധം സൃഷ്ടിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായ ഈ ഘടന ഇന്ത്യയിൽ അഗ്നിശമന സേനയ്ക്ക് പ്രവർത്തിക്കാൻ അനുകൂലമല്ലാത്ത സാഹചര്യമാണ് ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“കാക്കയോ പൂച്ചയോ ആണെങ്കിൽ പോലും ഞങ്ങളെ സംബന്ധിച്ച് അതൊരു വിലപ്പെട്ട ജീവനാണ്. പലരും നിസ്സാരമായി കാണുന്ന ജീവൻ പോലും ഞങ്ങൾക്ക് വിലപ്പെട്ടതാണ്.” ഈ വാക്കുകൾ ഓരോ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ്റെയും മനുഷ്യത്വപരമായ കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്. പരിശീലനം ലഭിക്കാത്ത ഒരാൾ വാഹനാപകടത്തിൽ പെട്ട ഒരാളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അംഗഭംഗം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് നിതിൻ ഓർമ്മിപ്പിക്കുന്നു.

ഒരു ദിവസത്തിലെ 24 മണിക്കൂറാണ് ഇവരുടെ ജോലി സമയം. കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഉണ്ടാവാമെങ്കിലും, “ഒരു അപകടസ്ഥലത്ത് ചെല്ലുന്ന സമയത്ത് ഇതെല്ലാം ഓർത്തിരിക്കേണ്ട മാനസികാവസ്ഥ ആയിരിക്കില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാൾ അപകടത്തിൽ കിടക്കുന്നു എന്ന വിചാരത്തിൽ മാത്രമേ നമുക്ക് ഓരോ കേസുകളെയും സമീപിക്കാൻ സാധിക്കാറുള്ളൂ.

ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം പലപ്പോഴും ചിന്താഭാരം നൽകിയിട്ടുണ്ട്. ജീവനോടെ ആളെ ലഭിക്കാത്ത സന്ദർഭങ്ങളിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുക എന്ന ദുരന്തമുഖത്തെ ആളുകളുടെ ആവശ്യം നിറവേറ്റിക്കൊടുക്കുമ്പോൾ മനസ്സു പതറാറില്ല. ആ ആവശ്യം നിറവേറ്റി നൽകിയതിലുള്ള ആത്മസംതൃപ്തി മാത്രമാണ് അവർക്ക് ലഭിക്കുന്ന വലിയ പ്രതിഫലം.

“ഒരു പദവിയ്ക്കോ അംഗീകാരത്തിനോ വേണ്ടിയല്ല ഞങ്ങൾ പ്രവർത്തിക്കുന്നത്. അതിനെക്കുറിച്ച് ആലോചിച്ച് കളയാൻ ഞങ്ങൾക്ക് സമയമില്ല എന്നതാണ് വസ്തുത.” ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന സത്യപ്രതിജ്ഞയുടെ വാക്കുകളാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.

എന്നാൽ, ” മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് ഞങ്ങൾ ഓർമ്മിക്കപ്പെടുന്നത്.” കോവിഡ് കാലം മുതലാണ് ജനങ്ങൾ ഈ സേനയെ കൂടുതൽ അറിയാൻ തുടങ്ങിയത്. “ആളുകൾ ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ഞങ്ങൾ ചെയ്ത് കാണിക്കുന്നത്. ജനങ്ങൾക്ക് കഷ്ടപ്പാടുകൾ ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കാറില്ല. കൈയിൽ മോതിരം കുടുങ്ങി ഒരു കുട്ടി വന്നാൽ പോലും ആ കുട്ടിയെ സ്നേഹത്തോടെ ഞങ്ങൾ സമീപിക്കാറുണ്ട്.”

വളരെ ആഗ്രഹത്തോടെ ഫയർ ഫോഴ്സിലേക്കെത്തിയ വ്യക്തിയാണ് നിതിനും. “ചുറ്റുമുള്ളവർക്ക് നന്മ ചെയ്യാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരാണ് ഞങ്ങൾ. അതുകൊണ്ടാവാം പല അപകടങ്ങളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. ഈ ജോലിക്കുവേണ്ടി നിയോഗിക്കപ്പെട്ടവരായതുകൊണ്ടാണ്, ജോലി വിട്ടുപോയിട്ടും പലരും തിരികെ വരുന്നത്.” സ്കൂബ ഇല്ലാത്ത കാലത്തും വെള്ളത്തിനടിയിൽ മുങ്ങി ആളുകളുടെ ജീവൻ രക്ഷിച്ചവരുടെ ത്യാഗത്തെ അദ്ദേഹം ഓർത്തെടുക്കുന്നു.

രക്ഷാപ്രവർത്തനത്തിന് ശേഷം ഒരാളുടെ നന്ദി കേൾക്കാനോ അതിനെ പ്രൊമോട്ട് ചെയ്യാനോ പരസ്യം നൽകാനോ തങ്ങൾ നിൽക്കാറില്ല. ഒരു ജീവൻ രക്ഷിച്ച് കഴിയുമ്പോൾ നന്ദി സൂചകമായി അവരിൽ നിന്ന് ലഭിക്കുന്ന ഒരു പ്രതികരണം മാത്രം മതിയാവും ഞങ്ങളുടെ സംതൃപ്തിയ്ക്ക്.

content summary; Amid flames and fear they remain steadfast, Fire Force officers remembered only when duty claims their lives

This post was last modified on October 15, 2025 11:50 am

അഴിമുഖം ഡെസ്‌ക്:
Leave a Comment