പാര്‍ലമെന്റ് അഞ്ച് വര്‍ഷം മുമ്പ് പാസാക്കിയ നാല് തൊഴില്‍ നിയമങ്ങള്‍ കഴിഞ്ഞ നവംബറിലാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കരട് നിയമങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.
ആഴ്ചയില്‍ പരമാവധി ജോലി സമയം 48 മണിക്കൂര്‍ ആയിരിക്കും. പ്രതിദിന ജോലി സമയം, വിശ്രമവേളകള്‍ എന്നിവ സര്‍ക്കാര്‍ പ്രത്യേകം അറിയിക്കും.
രാത്രി ഷിഫ്റ്റുകളില്‍ (രാത്രി 7 മുതല്‍ രാവിലെ 6 വരെ) ജോലി ചെയ്യാന്‍ സ്ത്രീകളുടെ രേഖാമൂലമുള്ള സമ്മതം വേണം. ഇവര്‍ക്ക് സുരക്ഷിതമായ തൊഴിലിടവും യാത്രാ സൗകര്യവും തൊഴിലുടമ ഉറപ്പാക്കണം.
കരാര്‍ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. നേരത്തെ ഇത് സ്ഥിരം തൊഴിലാളികള്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷം മാത്രമായിരുന്നു.
ഒരു സാധാരണ നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും മിനിമം വേതനം നിശ്ചയിക്കുക. ഒരാള്‍ക്ക് പ്രതിദിനം 2,700 കലോറി ഭക്ഷണം, വീട്ടുവാടക, ഇന്ധനം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചിലവുകള്‍ എന്നിവ ഇതിനായി കണക്കിലെടുക്കും.
16 വയസ്സിന് മുകളിലുള്ള എല്ലാ അസംഘടിത തൊഴിലാളികളും ആധാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. ഗിഗ് തൊഴിലാളികള്‍ക്കും പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കുമായി ദേശീയ സാമൂഹിക സുരക്ഷാ ബോര്‍ഡ് രൂപീകരിക്കും.
ശമ്പളത്തിന്റെ 50 ശതമാനത്തിലധികം അലവന്‍സുകള്‍ ആണെങ്കില്‍, ആ അധിക തുക കൂടി അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കും. എന്നാല്‍ ബോണസ്, ഇ.എസ്.ഒ.പി യാത്രാപ്പടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടില്ല.
പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 മുതല്‍ 45 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ നിയമങ്ങള്‍ മാര്‍ച്ചില്‍ വിജ്ഞാപനം ചെയ്യാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്നു മുതല്‍ ഈ നിയമങ്ങള്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.
Content Summary; Four labour codes; Govt notifies draft rules seeks feedback in 45 days
This post was last modified on January 1, 2026 9:36 am
Leave a Comment