പതിനൊന്നാം മണിക്കൂറിലെ ഇടത് സഖ്യം, മുന്നിലെത്തിയിട്ടും ഒഴിയാത്ത പ്രതിസന്ധി

ഒളിമ്പിക്‌സ് തൊട്ടരികില്‍, ഉത്തരം കിട്ടാതെ ഫ്രഞ്ച് രാഷ്ട്രീയം

France Election,Jean-Luc Mélenchon, New Popular Front

തീവ്ര വലുതപക്ഷം അധികാരം പിടിക്കുന്നുവെന്ന തോന്നലില്‍ നിന്ന് അപ്രതീക്ഷിത നേട്ടം കൊയ്തിരിക്കുകയാണ് ഇടതുപക്ഷ സഖ്യം. ഒന്നാം ഘട്ട വോട്ടിംഗ് ഫലങ്ങളെ പിന്തള്ളിക്കൊണ് രണ്ടാം ഘട്ടത്തില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് മുന്നിലെത്തിയത്. ഒന്നാം ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്കു പോയ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ മധ്യവര്‍ഗ സഖ്യം രണ്ടാമതെത്തിയപ്പോള്‍, ഫ്രാന്‍സില്‍ അധികാരം പിടിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ച മറീന്‍ ലു പെന്‍-ന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷമായ നാഷണല്‍ റാലി(ആര്‍ എന്‍) മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂറില്‍ രൂപീകരിച്ചൊരു സഖ്യമാണ് ഫ്രാന്‍സിന്റെ അധികാരത്തിന് അടുത്തെത്തി നില്‍ക്കുന്നതെന്നതാണ് കൗതുകം. വിഭിജിക്കപ്പെട്ടു നിന്ന ഫ്രഞ്ച് ഇടതുപക്ഷം വിജയം നേടിയത് പലരെയും ഞെട്ടിച്ചിട്ടുമുണ്ട്.

രാഷ്ട്രീയ അനിവാര്യതയില്‍ പിറന്ന സഖ്യമായിരുന്നു ന്യൂ പോപ്പുലര്‍ ഫ്രണ്ട്. മിതവാദി ഇടതുപക്ഷങ്ങളായ സെന്റര്‍-ലെഫ്റ്റ് സോഷ്യല്‍ പാര്‍ട്ടിയും, ഗ്രീന്‍ പാര്‍ട്ടിയും, തീവ്ര ഇടതുപക്ഷങ്ങളായ ഷോണ്‍-ലുക് മിലോഷം നേതൃത്വം നല്‍കുന്ന ഫ്രാന്‍സ് അണ്‍ബൗഡ്, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ ചേര്‍ന്നതാണ് പുതിയ ഇടതു സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട്. പ്രസിഡന്റ് മക്രോണ്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയ വിരമിക്കല്‍ പ്രായം കുറയ്ക്കുക, സാമൂഹിക ക്ഷേമം പരിസ്ഥി സംരക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് കൂടുതല്‍ സര്‍ക്കാര്‍ ധനസഹായം മാറ്റി വയ്ക്കുക തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ഇടത് സഖ്യം ജനങ്ങള്‍ക്ക് നല്‍കിയത്.

യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ റാലിയോട് പരാജയം നേരിട്ടതിനു പിന്നാലെയായിരുന്നു, രാഷ്ട്രീയ ചൂതാട്ടം എന്ന പോലെ മക്രോണ്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു തീവ്ര വലതുപക്ഷ രാഷ്ട്രീയം ഫ്രാന്‍സിനെ മൂടുമെന്ന ഭീതിയില്‍ ജനം തന്റെ സര്‍ക്കാരിന് വീണ്ടും പിന്തുണ കൊടുക്കുമെന്നായിരുന്നു മക്രോണ്‍ കണക്കുകൂട്ടിയത്. എന്നാല്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ മക്രോണ്‍ ഭയപ്പെട്ടിരുന്ന തീവ്രവലതുപക്ഷ സഖ്യം 30 ശതമാനത്തിലേറെ വോട്ട് നേടിയതോടെ പ്രസിഡന്റിന്റെ ചൂതാട്ടം വിഡ്ഡിത്തം നിറഞ്ഞതായിപ്പോയെന്ന് ലോകം നിരീക്ഷിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി ഫ്രാന്‍സില്‍ ഒരു തീവ്രവലതുപക്ഷം അധികാരത്തില്‍ വരുമെന്ന് എല്ലാവരും ഉറപ്പിച്ചു. ചരിത്രത്തിലാദ്യമായിട്ടായിരുന്നു നാഷണല്‍ റാലിക്ക് 33 ശതമാനത്തോളം വോട്ട് കിട്ടുന്നത്. ജോര്‍ദാന്‍ ബാര്‍ദേല ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയാകുമെന്നും കണക്കുകൂട്ടലുകള്‍ നടന്നിരുന്നു.

ഒന്നാംഘട്ട വോട്ടെടുപ്പില്‍ സാഹചര്യം പ്രതികൂലമായതോടെ, ജനാധിപത്യത്തിനും റിപ്പബ്ലിക്കിനും വേണ്ടി നിലകൊള്ളുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നില്‍ അണി നിരക്കാന്‍ പ്രസിഡന്റ് മക്രോണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നാഷണല്‍ റാലിയെ അധികാരത്തില്‍ നിന്നും തടയാന്‍ ഇടതുസഖ്യത്തിന് വോട്ട് ചെയ്യാനുള്ള പരോക്ഷ നിര്‍ദേശവും മക്രോണില്‍ നിന്നുണ്ടായി.

ഒന്നാം ഘട്ടത്തില്‍ ആര്‍ എന്‍(നാഷണല്‍ റാലി)-ന് പിന്നിലായി 28 ശതമാനം വോട്ട് നേടി ന്യൂ പോപ്പുലര്‍ ഫ്രണ്ട് രണ്ടാമതെത്തിയിരുന്നു. മക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന് 21 ശതമാനം വോട്ടുമാത്രമായിരുന്നു കിട്ടിയത്. ജില്ല അടിസ്ഥാനത്തിലാണ് ഫ്രാന്‍സിലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ നാഷണല്‍ റാലിയുടെയും ന്യൂ പോപ്പുലര്‍ ഫ്രണ്ടിന്റെയും മുപ്പത് വീതം സ്ഥാനാര്‍ത്ഥികള്‍ 50 ശതമാനത്തിലധികം വോട്ടുകള്‍ നേടി നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി ജില്ലകളില്‍ ആദ്യ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയവര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. മിക്ക ജില്ലകളിലും നാഷണല്‍ റാലി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ഇടത് സഖ്യവും മാക്രോണിന്റെ നേതൃത്വത്തിലുള്ള സഖ്യവും യോജിച്ച് പ്രവര്‍ത്തിച്ചിരുന്നുതായും റിപ്പോര്‍ട്ടുകളുണ്ട്. ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചുകൊണ്ടും ഒരു പൊതു സ്ഥാനാര്‍ത്ഥിയിലേക്ക് ജനങ്ങളുടെ പ്ിന്തുണയാകര്‍ഷിച്ചുംകൊണ്ട് അവര്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റി. ഷോണ്‍-ലുക് മിലോഷമിന്റെ ഫ്രാന്‍സ് അണ്‍ബൗഡിന്റെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ പിന്‍വലിക്കപ്പെട്ടിരുന്നു.

തീവ്ര വലതുപക്ഷത്തിനെതിരായ തന്ത്രങ്ങള്‍ വിജയിച്ചുവെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടില്ല. ആകെ 577 സീറ്റുകളാണ് ഫ്രാന്‍സിന്റെ നാഷണല്‍ അസംബ്ലിയില്‍. 289 സീറ്റുകള്‍ വേണം കേവല ഭൂരിപക്ഷത്തിന്. ഇടത് സഖ്യത്തിന് പരമാവധി പ്രവചിച്ചിരിക്കുന്നത് 192-205 സീറ്റുകളാണ്. നൂറോളം സീറ്റുകള്‍ ഭൂരിപക്ഷത്തിന് പിന്നെയും കുറവാണ്. അതുകൊണ്ട് രാഷ്ട്രീയ അനിശ്ചിതത്വം ഫ്രാന്‍സിനെ മൂടി നില്‍ക്കുകയാണ്. ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നോ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നതിലോ തീര്‍ച്ചയില്ല. ഇടത് സഖ്യത്തിലെ പ്രധാന നേതാവായ മിലോഷം, പ്രസിഡന്റ് മക്രോണിന്റെ മധ്യപക്ഷ സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആഹ്വാനം രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ പ്രവചനങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ തന്നെ നടത്തിയിരുന്നു. തോല്‍വി അംഗീകരിക്കാന്‍ മക്രോണ്‍ തയ്യാറാകണമെന്നും ഇടത് സഖ്യത്തെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ തന്ത്രങ്ങളോ മറ്റുകൂട്ടുകെട്ടുകളോ നടത്തരുതെന്നുമാണ് സര്‍ക്കാര്‍ രൂപീകരണ സാധ്യത മു്‌ന്നോട്ടുവച്ചുകൊണ്ട് മിലോഷം പറഞ്ഞത്. എന്നാല്‍ ഇടത് സഖ്യത്തിലെ മിതവാദി പാര്‍ട്ടികള്‍ മാക്രോണിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കുന്നതിനോട് എതിര്‍പ്പ് നിലനിര്‍ത്തുകയാണെങ്കില്‍ ഫ്രാന്‍സ് രാഷ്ട്രീയ പ്രതിസന്ധിയിലാകും. ഒരു മാസത്തിനപ്പിറം ആ രാജ്യം ഒളിമ്പിക്‌സിന് ആതിഥ്യമരുളാന്‍ തയ്യാറെടുക്കുക കൂടിയാണ്.

മറ്റൊരു പ്രതിസന്ധി ഇടത് സഖ്യത്തിനുള്ളില്‍ തന്നെയാണ്. അതായത്, പരിഷ്‌കരണവാദിയും തീവ്ര കമ്യൂണിസ്റ്റുമായ മിലോഷമിനെ അംഗീകരിക്കാന്‍ സഖ്യത്തിലെ പലര്‍ക്കും ബുദ്ധിമുട്ടാണ്. നാഷണല്‍ റാലി അധികാരത്തില്‍ വരുന്നത് തടയാന്‍ വേണ്ടി മാത്രമാണ് വിയോജിപ്പുകള്‍ മാറ്റിവച്ചും എല്ലാവരും ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നത്. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പദ്ധതി വിജയിച്ചതോടെ ഇവര്‍ക്കിടയിലെ വിയോജിപ്പ് വീണ്ടും പ്രകടമായി പുറത്തേക്കു വരാന്‍ സാധ്യതയുണ്ട്. സഖ്യത്തിലെ മറ്റൊരു പ്രമുഖ നേതാവായ ഫ്രാന്‍സ്വ റഫിന്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഷോണ്‍-ലുക് മിലോഷമിനോടുള്ള തന്റെ അഭിപ്രായ ഭിന്നത് തുറന്നു പ്രകടിപ്പിച്ചിരുന്നു. ‘ തടസം’ എന്നാണ് മിലോഷമിനെ റഫിന്‍ കുറ്റപ്പെടുത്തിയത്. തീവ്രവലതുപക്ഷവുമായി സഖ്യം ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും റഫിന്‍ വ്യക്തമാക്കിയിരുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകനും സിനിമ സംവിധായകനുമായ ഫ്രാന്‍സ്വ റിഫിന്‍ പ്രസിഡന്റ് പദത്തില്‍ കണ്ണുനട്ടിരിക്കുന്ന നേതാവാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ആ നിലയ്ക്ക് കൂടി തീവ്ര ഉടതുപക്ഷവുമായുള്ള സഖ്യത്തെ അദ്ദേഹം ആശങ്കയോടെയാണ് കാണുന്നത്.

ഇടത് സഖ്യ നേതാവായിരുന്ന ക്ലെമന്റൈന്‍ ഓട്ടെയ്ന്‍ മിലോഷമിന്റെ മറ്റൊരു വിമര്‍ശകയാണ്. കഴിഞ്ഞ മാസം തന്നെ ഒട്ടെയ്ന്‍, മിലോഷമിനെതിരേ പരോക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇടത് സഖ്യത്തിലെ തീവ്ര ഇടത് പാര്‍ട്ടികളുമായി യോജിക്കാന്‍ സാധ്യമല്ലെന്നാണ് ഇമ്മാനുവല്‍ മക്രോണും വ്യക്തമാക്കിയിട്ടുള്ളത്. തീവ വലതുപക്ഷത്തോളം തന്നെ അപകടമാണ് തീവ്ര ഇടത് പക്ഷവുമെന്നാണ് മക്രോണ്‍ കുറ്റപ്പെടുത്തിയത്. പ്രത്യേകിച്ച് മിലോഷം നയിക്കുന്ന ഫ്രാന്‍സ് അണ്‍ബൗഡിനെയാണ് മക്രോണ്‍ ലക്ഷ്യം വച്ചത്. യഹുദവിരുദ്ധ പാര്‍ട്ടികളും ഇടത് സഖ്യത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മക്രോണ്‍ ആക്ഷേപമുയര്‍ത്തിയിരുന്നു.

ഒരു സീറ്റില്‍ സഖ്യത്തിന്റെ പൊതുവായ ഒരു സ്ഥാനാര്‍ത്ഥി എന്നതായിരുന്നു തീരുമാനം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു ശേഷം ഫ്രഞ്ച് രാഷ്ട്രീയത്തിലെ പ്രധാനികളായ സേഷ്യലിസ്റ്റ് പാര്‍ട്ടി തങ്ങളുടെ നിരാശ പ്രകടമാക്കിയിരുന്നു. മിലോഷമിന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റുകളും കൈവശപ്പെടുത്തിയെന്നതായിരുന്നു സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പരാതി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്നു തവണ ഒരുമിച്ചു നിന്നവരാണെങ്കിലും പിന്നീട് മിലോഷവുമായി അകന്നു പോയവരാണ് ഇപ്പോഴത്തെ സഖ്യത്തിലുള്ളത്. അത് തന്നെയാണ് മിലോഷം നേരിടുന്ന വെല്ലുവിളിയും.  France election leftist alliance victory and challenges, who could be the next french pm?

Content Summary; France election leftist alliance victory and challenges, who could be the next french pm?

 

അഴിമുഖം ഡെസ്‌ക്:
Leave a Comment