അഴിമുഖം പ്രതിനിധി
സിപിഐഎമ്മിലേക്ക് തിരിച്ചു പോകാനുള്ള ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടെ തീരുമാനം പാര്‍ട്ടിയിലെ പിളര്‍പ്പിനെ പൂര്‍ണമാക്കുന്നു. സിപിഐഎം-ജെഎസ്എസ് ലയനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും എന്നായിരുന്നു സംസ്ഥാന സെന്റര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റി ചേരാതെയാണ് ഗൗരിയമ്മ ലയന പ്രഖ്യാപനം നടത്തിയെന്ന് ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പ്രദീപ് പറയുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷവും തങ്ങള്‍ക്കാണെന്നും അടിയന്തര സംസ്ഥാന കമ്മിറ്റി കൂടി ഭാവി പരിപാടികള്‍ തീരുമാനിക്കാനുമാണ് പ്രദീപിന്റെ തീരുമാനം. ഈ ലയനപ്രഖ്യാപനത്തെ എതിര്‍ക്കാനുള്ള തീരുമാനത്തിലാണ് ജെഎസ്എസിന്റെ യുവജന വിഭാഗമായ ജെവൈഎസ്. എന്നാല്‍ ഇക്കാര്യം ഇനിയും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂവെന്നാണ് ഗൗരിയമ്മയുടെ നിലപാട്. അതേസമയം യുഡിഎഫുമായി സഹകരിക്കുന്ന ജെഎസ്എസ് വിഭാഗത്തിന് പൂര്‍ണഘടകകക്ഷി പരിഗണന നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ബാബു ആവശ്യപ്പെട്ടു. വളരെക്കാലമായി ഗൗരിയമ്മയുമായി ഇടഞ്ഞ് കോണ്‍ഗ്രസുമായി അടുത്ത് നില്‍ക്കുകയാണ് രാജന്‍ബാബു. എസ്എന്‍ഡിപിയുമായി സഹകരിക്കാന്‍ ജെഎസ്എസിന് കഴിയുമെന്നും ഇത് യുഡിഎഫിന് സഹായകരമാകുമെന്നാണ് എ എന്‍ രാജന്‍ബാബുവിന്റെ പ്രതീക്ഷ. നിലവില്‍ എസ്എന്‍ഡിപി ബിജെപിയിലേക്ക് ചാഞ്ഞുനില്‍ക്കുമ്പോഴാണ് രാജന്‍ബാബു ഇപ്രകാരം പ്രതീക്ഷിക്കുന്നത്. യുഡിഎഫിലെ ഇടത് സ്വഭാവമുള്ള സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യവും രാജന്‍ബാബു പരിഗണിക്കുന്നുണ്ട്. യുഡിഎഫിലെ എല്‍ഡിഎഫ് എന്ന രാജന്‍ബാബുവിന്റെ സ്വപ്‌നത്തിന് മുന്നണിക്കുള്ളിലെ കുറുമുന്നണിയെന്ന സ്വഭാവം കൈവരും എന്നുള്ളതിനാല്‍ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് (എം), മുസ്ലിംലീഗ് എന്നീ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. രാജന്‍ബാബുവും ജെവൈഎസും യുഡിഎഫില്‍ നില്‍ക്കുമ്പോള്‍ ജെഎസ്എസ്-സിപിഐഎം ലയനം ഗൗരിയമ്മ-സിപിഐഎം ലയനമായി മാറും.
This post was last modified on December 27, 2016 3:13 pm
Leave a Comment