ഗാസയെ കാർന്നുതിന്ന് പട്ടിണി; 24 മണിക്കൂറിനിടെ മരിച്ചത് 122 പേർ

ഇസ്രയേൽ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നു

​ഗാസയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ മൂന്നിരട്ടിയായി വർദ്ധിച്ചു. ​ഗാസയിലേക്ക് സഹായമെത്തിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഇസ്രയേലിന്റെ ഉപരോധം പട്ടിണി രൂക്ഷമാക്കുകയാണെന്ന് മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച തങ്ങളുടെ ക്ലിനിക്കുകളിൽ പരിശോധനയ്ക്ക് വിധേയമാക്കിയ കുട്ടികളിലും ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും നാലിലൊന്ന് പേർ പോഷകാഹാരക്കുറവുള്ളവരാണെന്ന് മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് പറഞ്ഞു. പോഷകാഹാരക്കുറവിന് ചികിത്സ തേടുന്നവരുടെ എണ്ണം മെയ് മുതൽ നാലിരട്ടിയായാണ് വർദ്ധിച്ചിരിക്കുന്നത്. 1000 ത്തിലധികം ജീവനക്കാരുള്ള ഗാസയിലെ ഏറ്റവും വലിയ മെഡിക്കൽ ദാതാക്കളിൽ ഒന്നാണ് എംഎസ്എഫ്.

​ഗാസയിൽ തുടരുന്ന ഇസ്രയേലിന്റെ ഉപരോധത്തെയും എംഎസ്എഫ് കുറ്റപ്പെടുത്തി. ഇസ്രയേൽ ​ഗാസയിൽ പട്ടിണി നയം സ്വീകരിക്കുകയാണ്. ഇസ്രയേൽ അധികൃതർ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുന്നത് തുടരുകയാണെന്നും രോഗികളും ആരോഗ്യ പ്രവർത്തകരും ഇപ്പോൾ അതിജീവനത്തിനായി പോരാടുകയാണെന്നും എംഎസ്എഫ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗാസ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇതുവരെ കുറഞ്ഞത് 122 പേർ പട്ടിണി മൂലം മരിച്ചു.

ഗാസയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ദിവസങ്ങളോളം ഭക്ഷണമില്ലാതെ വലയുകയാണെന്ന് വേൾഡ് ഫൂഡ് പ്രോ​ഗാം മുന്നറിയിപ്പ് നൽകിയിരുന്നു. പോഷകാഹാരക്കുറവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ്. നിലവിൽ ​ഗാസയിലെ സ്ഥിരി മോശമായ രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, വേൾഡ് ഫൂഡ് പ്രോ​ഗാം പറഞ്ഞു.

ഗർഭിണികൾക്കിടയിലെ പോഷകാഹാരക്കുറവിന്റെ യഥാർത്ഥ അളവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ മോശമാണെന്ന് ഗാസയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നാജി അൽ-ഖുറാഷാലി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ ഇത് ഹൃദയഭേദകമാണെന്നും ഇവരെ സഹായിക്കാൻ കഴിയാതെ വരുന്നല്ലോയെന്ന് ഓർത്ത് പലപ്പോഴും ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഓടിപ്പോകാറുണ്ടെന്നും നാജി അൽ-ഖുറാഷാലി പറഞ്ഞു. പട്ടിണി പ്രതിസന്ധികളിൽ സാധാരണയായി ആദ്യം മരിക്കുന്നത് കുട്ടികളും ഗർഭിണികളുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം, ​ഗാസയിൽ പട്ടിണി രൂക്ഷമാകാനുള്ള കാരണം തങ്ങളാണെന്ന വാദത്തെ ഇസ്രയേൽ നിഷേധിച്ചു. ഇസ്രായേലിനെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ വിദേശ തന്ത്രമാണിതെന്ന് ഇസ്രയേൽ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഗാസയില്‍ പട്ടിണി മരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓരോ 24 മണിക്കൂറിലും പത്തിലധികം ആളുകള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ പട്ടിണിയെ ലോകാരോഗ്യ സംഘടന “മനുഷ്യനിർമിതം” എന്നാണ് വിശേഷിപ്പിച്ചത്. ഗാസയിലേക്കുള്ള സഹായങ്ങള്‍ തടയുന്നത് വഴി ജനങ്ങള്‍ മനുഷ്യനിര്‍മിത പട്ടിണിയില്‍ വലയുകയാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെട്രോസ് അദാനോം ഗബ്രിയേസസ്  അറിയിച്ചിരുന്നു.

Content Summary: Gaza is starving; 122 people have died from hunger so far

This post was last modified on July 26, 2025 8:36 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment