ഇനിയവര്‍ എങ്ങോട്ടാണ് പോകേണ്ടത്?

ഭൂമിയിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാര്‍ ജീവിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍

”എനിക്ക് ഗാസ വിടാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഇപ്പോഴുള്ള അവസ്ഥയില്‍ ഞാന്‍ എങ്ങോട്ടും പോകും. ഞാന്‍ ചിരിക്കുമ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്. തന്റെ സഹോദരന്റെ ചോരപ്പാട് വീണ അതേ സ്ഥലത്തു കഴിയേണ്ടിവരുന്ന എന്റെ മക്കളുടെ ദുരവസ്ഥയില്‍ നീറി നീറിയാണ് ഓരോ ദിവസവും ഞാന്‍ തള്ളി നീക്കുന്നത്”-കനം തൂങ്ങിയ വാക്കുകളായിരുന്നു കമല്‍ അവാജയുടെത്.

കമല്‍ അവാജയുടെ മകന്‍ ഇബ്രാഹിം 2008 -09 ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്.

‘ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് കൂട്ടുകുടുംബം പോലെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മാറി സ്വന്തമായി ഒരു വീട് നിര്‍മിക്കുന്നത്. അഞ്ചു വര്‍ഷമെടുത്തു അതു പൂര്‍ത്തിയാക്കാന്‍. ഞങ്ങള്‍ അതീവ സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഞങ്ങള്‍ക്കാ വീടില്ല, പോകാനിടവുമില്ല’; ഗാസയില്‍ നിന്നുള്ള 27 വയസ്സുള്ള റീം പറയുന്നു.

ആക്രമണം നടന്നപ്പോള്‍ വീടിനുള്ളിലെ എല്ലാ സാധനങ്ങളും, ഈദ് ആഘോഷങ്ങള്‍ക്കുവേണ്ടി എന്റെ കുട്ടികള്‍ക്കായി ഞാന്‍ വാങ്ങിയവയടക്കം തകര്‍ക്കപ്പെട്ടു. ജീവന്‍ മാത്രമാണ് ബാക്കിയായത്.

റീമിനെയും കമല്‍ അവാജയെയും പോലെ നിരവധി ഗാസ സ്വേദശികള്‍ 2021 മേയിലുണ്ടായ ആക്രമണത്തില്‍ വീടുകളും ഉടയവരും നഷ്ടപ്പെട്ട് തെരുവിലിറങ്ങിയ കഥ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് (UNOCHA) പുറത്തുകൊണ്ടുവന്നത് ലോകം ഇപ്പോഴും മറക്കാനിടയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തിലെ ഏറ്റവും വലിയ ‘തുറന്ന ജയിലിന്റെ’ അവനസ്ഥയില്‍ മാറ്റമില്ല.

കരയുദ്ധത്തിന് അനുമതി കാത്ത് ഇസ്രേയല്‍ സൈന്യം ഗാസയുടെ നാലു മതിലുകള്‍ക്കു പുറത്തു നിലയുറപ്പിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനുഷ്യരെപ്പോലുള്ളവരുടെ എണ്ണം ഇനിയും കൂടിയേക്കാം. ഇസ്രയേലിനെതിരായ ഹമാസിന്റെ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ആക്രമണത്തിന്റെയും ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികാര ബുദ്ധിയുടെയും ഇടയില്‍ ശ്വാസം മുട്ടി കുടുങ്ങി കിടക്കുന്ന ഗാസയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 1,417 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിനിടയിലാണ് വെള്ളിയാഴ്ച ഗാസ സിറ്റിയിലെ പലസ്തീന്‍ പൗരന്മാരോട് പ്രദേശത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് പലായനം ചെയ്യാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടത്. ഭൂഗര്‍ഭ തുരങ്കങ്ങളിലും സിവിലിയന്‍മാര്‍ അഭയം തേടുന്ന കെട്ടിടങ്ങളിലും അവരെ ഹമാസ് മനുഷ്യകവചങ്ങളാക്കുന്നതിനാല്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് പ്രദേശം വിടാന്‍ ആവശ്യപ്പെട്ടതെന്നാണ് ഇസ്രായേല്‍ ഡിഫെന്‍സ് ഫോഴ്സ് (ഐഡിഎഫ്) സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

അതേസമയം ഇസ്രയേലിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേലിന്റെ ഉത്തരവില്‍ ഏകദേശം 1.1 ദശലക്ഷം ആളുകള്‍ക്ക് ഗാസയ്ക്ക് പുറത്തേക്ക് പലായനം ചെയ്ണ്ടതായി വരും. അത്തരമൊരു സ്ഥലംമാറ്റം നിലവില്‍ അസാധ്യമാണെന്നും, ചിലപ്പോള്‍ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാമെന്നും യുഎന്‍ ചൂണ്ടികാണിക്കുന്നു. ഇത്തരമൊരു വിപത്കരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത് തടയുന്നതിനായി ഉത്തരവ് റദ്ദാക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇസ്രായലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലെ 2.2 ദശലക്ഷം നിവാസികളില്‍ കുറഞ്ഞത് 263,934 പേരെങ്കിലും ജീവഭയം കൊണ്ടു പലായനം ചെയ്തായി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് (UNOCHA) പറയുന്നു. ആളുകളുടെ പലായനത്തിന് ശേഷം അവരുടെ വീടുകള്‍ വ്യോമാക്രമണത്തില്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. പലായനം ചെയ്തവരില്‍ 175,486-ലധികം ആളുകള്‍ UNRWA സ്‌കൂളുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണമെങ്കിലും ഇതിനകം വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ 8-ന് വൈകുന്നേരം ഇസ്രയേല്‍ അധികൃതര്‍ ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തലാക്കിയതോടെ മുനമ്പിലെ 610,000-ത്തിലധികം ആളുകള്‍ കുടിവെള്ള ക്ഷാമം നേരിട്ടുകൊണ്ടിരിക്കുയാണെന്നും UNOCHA റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസ ഉപരോധത്തിന്റെ തുടക്കം
1967 ലെ ആറ് ദിവസത്തെ യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ ഈജിപ്തില്‍ നിന്ന് ഗാസ പിടിച്ചെടുക്കുന്നത്. 1967 നും 2005 നും ഇടയില്‍ ഇസ്രയേല്‍ ഗാസയില്‍ 21 സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുകയും നിര്‍ബന്ധിത നടപടികളിലൂടെയും സാമ്പത്തികവും മറ്റ് പ്രോത്സാഹനങ്ങളിലൂടെയും പ്രദേശം വിട്ടുപോകാന്‍ പലസ്തീന്‍ നിവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ആ കാലഘട്ടത്തില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ അക്രമാസക്തവും അഹിംസാത്മകവുമായ പലസ്തീന്‍ ചെറുത്തു നില്‍പ്പ് ഉയര്‍ന്നുവന്നിരുന്നു. തല്‍ഫലമായി 2005-ല്‍ ഇസ്രയേല്‍ ഗാസയിലെ അധിനിവേശ മേഖലകളില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ 2005- 2007 നും ഇടയില്‍, ഗാസയിലേക്കും പുറത്തേക്കും ആളുകളുടെയും ചരക്കുകളുടെയും നീക്കത്തിന് ഒന്നിലധികം തവണ താത്കാലിക ഉപരോധം ഇസ്രയേല്‍ ഏര്‍പ്പെടുത്തി.

ഇസ്രയേല്‍ പിന്‍വാങ്ങിയതിന് ശേഷം 1993-ലെ ഓസ്ലോ ഉടമ്പടി പ്രകാരമാണ് പലസ്തീന്‍ അതോറിറ്റിക്ക് ഗാസയുടെ മേല്‍ ഭരണപരമായ നിയന്ത്രണം ലഭിക്കുന്നത്. 2006-ല്‍ ഇസ്രയേല്‍ ഉപരോധം നിലനില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. ഇതോടെ ഹമാസും മറ്റൊരു പലസ്തീന്‍ രാഷ്ട്രീയ വിഭാഗമായ ഫതഹും തമ്മില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇത് നൂറുകണക്കിന് പലസ്തീനികളുടെ മരണത്തിലേക്കാണ് നയിച്ചത്. 2007-ല്‍ ഗാസയില്‍ ഹമാസ് അധികാരം ഏറ്റെടുത്തതോടെ ഇസ്രയേല്‍ ഉപരോധം സ്ഥിരമാക്കി. ഗാസയുമായി അതിര്‍ത്തി പങ്കിടുന്ന ഈജിപ്തും ഉപരോധത്തില്‍ പങ്കാളികളായി. ഉപരോധം തങ്ങളുടെ സുരക്ഷയ്ക്ക് അനിവാര്യമാണെന് പറഞ്ഞാണ് അന്ന് ഇസ്രയേല്‍ ഈ നീക്കത്തെ ന്യായീകരിച്ചത്.

മതിലുകളും മറികടക്കലുകളും
മൂന്ന് വശത്ത് മതിലുകളും നാലാമത്തെ ഭാഗത്ത് മെഡിറ്ററേനിയന്‍ കടലും ഉള്ള ഗാസ മുനമ്പ് ഭൗതിക തടസ്സങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. 1994-ല്‍ ഇസ്രയേല്‍ ഗാസയുമായുള്ള അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ നീളമുള്ള വേലി നിര്‍മിച്ചു. പിന്നീട് അത് പലതവണ നവീകരിച്ചു. ഇസ്രയേല്‍ സെറ്റില്‍മെന്റുകള്‍ക്ക് സമീപം അതിര്‍ത്തി കടന്നുപോകുന്ന പ്രദേശങ്ങളില്‍ സെന്‍സറുകളും റിമോട്ട് നിയന്ത്രിത യന്ത്രത്തോക്കുകളുമുള്ള ഏഴു മീറ്റര്‍ ഉയരമുള്ള മതിലുകള്‍ ഉള്‍പ്പെടെയുള്ള ഒരു അത്യാധുനിക അതിര്‍ത്തി സുരക്ഷാ സംവിധാനം അവര്‍ നിര്‍മ്മിച്ചു. തുരങ്കങ്ങളിലൂടെയുള്ള ചലനം തടയാന്‍ ഭൂഗര്‍ഭ മതിലുകളും നിര്‍മ്മിച്ചു.

ഗാസയുടെ വടക്കുനിന്നും കിഴക്കു നിന്നും ഇസ്രയേല്‍ മതില്‍ കെട്ടിയതോടെ ഗാസക്ക് ചുറ്റും ഭാഗികമായി മതിലുകള്‍ ഉയര്‍ന്നുവന്നു. അമേരിക്കയുടെ സഹായത്തോടെ ഈജിപ്ത് 14 കിലോമീറ്ററില്‍ മതില്‍ പണിതതോടെ തെക്കന്‍ അതിര്‍ത്തിയിലും മതിലുകള്‍ തടസ്സം തീര്‍ത്തു. പടിഞ്ഞാറ് ഭാഗം, ഇസ്രയേല്‍ ഗാസയിലേക്കുള്ള കടല്‍ പാത നിയന്ത്രിക്കുന്നുണ്ട്. അത് ആളുകള്‍ക്ക് പോകാനോ ചരക്കുകളുടെ കൈമാറ്റത്തിനോ ഉപയോഗിക്കാന്‍ ഇസ്രയേല്‍ അനുവാദം നല്‍കിയിട്ടില്ല. നിലവില്‍, ഗാസയ്ക്കും പുറംലോകത്തിനുമിടയില്‍ മൂന്ന് ഫംഗ്ഷണല്‍ ബോര്‍ഡര്‍ ക്രോസിംഗുകളുണ്ട് – കരേം അബു സലേം ക്രോസിംഗ്, എറെസ് ക്രോസിംഗ് എന്നിവ ഇസ്രയേല്‍ നിയന്ത്രിക്കുന്നു. റഫ ക്രോസിംഗ് ഈജിപ്തിന്റെ നിയന്ത്രണത്തിലാണ്. ശനിയാഴ്ച ഇസ്രയേല്‍ ആക്രമണത്തിന് ശേഷം, മൂന്ന് ക്രോസിംഗുകളും സീല്‍ ചെയ്തിരിക്കുകയാണ്.

ജനസാന്ദ്രത
ഗാസ മുനമ്പിന് 41 കിലോമീറ്റര്‍ നീളവും 12 കിലോമീറ്റര്‍ വീതിയുമുണ്ട്. ഏകദേശം 365 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 20 ലക്ഷത്തിലധികം നിവാസികളാണ് ഇവിടെ താമസിക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (OCHA) കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഉപരോധങ്ങള്‍ ഗാസയുടെ സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയില്‍ ദുര്‍ബലപ്പെടുത്തി. തത്ഫലമായി ഉയര്‍ന്ന തൊഴിലില്ലായ്മ, ഭക്ഷ്യ അരക്ഷിതാവസ്ഥയും ഗാസയില്‍ സ്ഥിരമായി.

റിപ്പോര്‍ട്ട് പറയുന്നതനുസരിച്ചു ഗാസയിലെ ജനസംഖ്യയുടെ ഏകദേശം 61% പേരും ഭക്ഷണത്തിനായി അലയുന്നുണ്ട്. 31% കുടുംബങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും കിട്ടുന്നില്ല. നിറവേറ്റുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .കൂടാതെ തൊഴിലില്ലായ്മ നിരക്ക് 46% ല്‍ കൂടുതലാണ്.പ്രതിദിനം ശരാശരി 11 മണിക്കൂര്‍ പവര്‍ കട്ടാണ് സര്‍ക്കാര്‍ ഗാസയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

തുറന്ന ജയില്‍
പലസ്തീനികളുടെ മേല്‍ ഇസ്രായേല്‍ അടിച്ചേല്‍പ്പിച്ച ഭരണകൂട വര്‍ണവിവേചനത്തെ ഒരു തുറന്ന ജയിലെന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്. അധിനിവേശ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഈ വര്‍ഷം ജൂലൈയില്‍ പറഞ്ഞതാണിത്.

ഉപരോധത്തിന്‍ കീഴിലുള്ള ഗാസയിലെ അവസ്ഥകളെ വിവരിക്കാന്‍ അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും പത്രപ്രവര്‍ത്തകരും വര്‍ഷങ്ങളായി വ്യാപകമായി ഉപയോഗിച്ചിരുന്ന ‘തുറന്ന ജയില്‍’ എന്ന പദം തന്നെയാണ് അല്‍ബനീസും ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ തുറസ്സായ ജയിലില്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് വിവരിക്കാന്‍ ഗാസയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കില്ലെന്നായിരുന്നു പ്രശസ്ത ഭാഷാ പണ്ഡിതനായ നോം ചോംസ്‌കി 2012 ല്‍ എഴുതിയത്. ‘ഗാസ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ്. 20 ലക്ഷത്തോളം വരുന്ന മനുഷ്യരെ ഇസ്രയേല്‍ കഴിഞ്ഞ 16 വര്‍ഷങ്ങളായി തടവ് പുള്ളികളായി വച്ചിരിക്കുകയാണ്’ എന്നാണ് യു.കെയിലെ പലസ്തീന്‍ അംബാസിഡറും സാമ്പത്തിക വിദഗ്ദ്ധനുമായ ഹസം സെയ്ദ് സാംലോട്ട് ബി.ബി.സിയുടെ ചര്‍ച്ചയില്‍ തുറന്നടിച്ചത്.

ഇസ്രയേലുമായി സഖ്യത്തിലേര്‍പ്പെട്ട സര്‍ക്കാര്‍ തലവന്‍മാര്‍ പോലും ഈ പദം മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. 2010-ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഗാസയെ ‘ഒരു വലിയ തുറന്ന ജയില്‍’ എന്നാണ് വിശേഷിപ്പിച്ചത്.

This post was last modified on October 14, 2024 9:04 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment