ഗോവയില്‍ ക്ഷേത്രോത്സവത്തിനിടയിലെ തിക്കിലും തിരക്കിലും ആറ് മരണം

50 ഓളം പേര്‍ക്ക് പരിക്ക്, 10 പേരുടെ നില ഗുരുതരം

ഗോവയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ദുരന്തം സംഭവിച്ചത്. തലസ്ഥാനമായ പനാജിയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി ബിച്ചോലിമിലെ(വടക്കന്‍ ഗോവ) ഷിര്‍ഗാവ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലൈരായ് ദേവി ക്ഷേത്രത്തിലാണ് അപകടം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ ഓരോ വര്‍ഷവും ആഘോഷിക്കുന്ന ലൈരായ ജാത്ര(ഉത്സവം)യ്ക്കിടയിലാണ് തിക്കും തിരക്കും ഉണ്ടാകുന്നത്. വെള്ളിയാഴ്ച്ച ആരംഭിച്ച ഉത്സവത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ഭക്തരാണ് എത്തിയിരുന്നത്. പരിക്കേറ്റവരില്‍ 10 പേരുടെ സ്ഥിതി അതീവഗുരുതരമാണ്. ഇവര്‍ ഗോവ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ്, ബിച്ചോളിമിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ക്ഷേത്രത്തിന്റെ അപ്രോച്ച് റോഡിന് സമീപമുള്ള കുത്തനെയുള്ള ചരിവില്‍ വീണതിനു പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വളരെ ഇടുങ്ങിയ ഈ പ്രദേശത്ത് ജനങ്ങള്‍ തടിച്ചു കൂടിനില്‍ക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ബഹളത്തില്‍ ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. അതിഭീകരമായ കാഴ്ച്ചയായിരുന്നു കാണേണ്ടിവന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കനത്ത സുരക്ഷ സന്നാഹം ഉത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിപാടിയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിനുമായി 1,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

അപകടത്തിന്റെ യഥാര്‍ത്ഥകാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും തിരക്ക് അനിയന്ത്രിതമായതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.  Goa temple stampede, 6 killed, 50 persons injured 

Content Summary; Goa temple stampede, 6 killed, 50 persons injured

അഴിമുഖം ഡെസ്‌ക്:
Leave a Comment