മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മരണത്തോട് മല്ലിട്ടു; രക്ഷിക്കണേയെന്ന നിലവിളി ആരും കേട്ടില്ല

10 മിനിറ്റ് മുമ്പേ സഹായം ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു

ഗ്രേറ്റര്‍ നോയിഡയിലെ നിര്‍മ്മാണ സ്ഥലത്ത് വെള്ളം നിറഞ്ഞ കുഴിയില്‍ കാര്‍ വീണുണ്ടായ അപകടത്തില്‍, സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ യുവരാജ് മേത്തയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവരാജ് മേത്ത. യുവരാജ് മേത്തയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിര്‍മ്മാണ സ്ഥലത്ത് മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന കുറ്റത്തിനാണ് നടപടി.

മേഖലയില്‍ അനുഭവപ്പെട്ട അതിശക്തമായ മൂടല്‍മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചത്. നിയന്ത്രണം വിട്ട കാര്‍ സെക്ടര്‍ 150-ല്‍ ഒരു കെട്ടിടത്തിന്റെ ബേസ്മെന്റിനായി കുഴിച്ച വെള്ളം നിറഞ്ഞ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ സുരക്ഷാവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നോയിഡ അതോറിറ്റി കര്‍ശന നടപടി സ്വീകരിച്ചു. നോയിഡ ട്രാഫിക് സെല്ലിലെ ജൂനിയര്‍ എഞ്ചിനീയറായ നവീന്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും, മറ്റ് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യുവ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ദാരുണമായ അന്ത്യത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അപകടം നടന്ന സ്ഥലത്ത് ശരിയായ ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടുകളില്‍ നിന്നുള്ള വെള്ളം കുഴിയിലും സമീപ പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്നത് പതിവാണെന്നും, ഇത് പ്രദേശം കൂടുതല്‍ അപകടാവസ്ഥയില്‍ എത്താനിടയാക്കിയെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

”സംഭവസ്ഥലത്ത് എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ കുഴിയിലേക്ക് ഇറങ്ങാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. കൊടും തണുപ്പുള്ള വെള്ളം, വെളിച്ചക്കുറവ്, കുഴിക്കുള്ളില്‍ അപകടകരമായ രീതിയില്‍ ഇരുമ്പ് ദണ്ഡുകള്‍ തുറന്നുകിടക്കുന്നുണ്ടായിരുന്നു” സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഡെലിവറി ഏജന്റ് മോനീന്ദര്‍ പറയുന്നു.

”അപകടത്തില്‍പ്പെട്ടയാളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന ലക്ഷ്യത്തോടെ താന്‍ കുഴിയിലേക്ക് ചാടുകയായിരുന്നു. അരയില്‍ കയര്‍ കെട്ടിയാണ് ഞാന്‍ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഇറങ്ങിയത്. ഏകദേശം 30 മിനിറ്റോളം ആ കുഴിയില്‍ അപകടത്തില്‍പ്പെട്ട ആളെയും കാറും തിരഞ്ഞു” മോനീന്ദര്‍ വ്യക്തമാക്കി.

വെള്ളം കാറിലേക്ക് ഇരച്ചുകയറുന്നതിന് മുമ്പ് സഹായത്തിനായി യുവാവ് അപേക്ഷിച്ചിരുന്നു. ഇതിനായി കാറിന്റെ ബോണറ്റില്‍ കയറി നിന്ന് മൊബൈല്‍ ഫോണിന്റെ ടോര്‍ച്ച് തെളിച്ച് വഴിയാത്രക്കാരോട് രക്ഷിക്കണേയെന്ന് അപേക്ഷിക്കുകയും ചെയ്യുന്നത് കണ്ടതായ മോനീന്ദര്‍ ഓര്‍ക്കുന്നു. ”10 മിനിറ്റ് മുമ്പേ സഹായം ലഭിച്ചിരുന്നുവെങ്കില്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു” മോനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

”അപകടത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂറോളം എന്റെ മകന്‍ ആ തണുത്ത വെള്ളത്തില്‍ ജീവനോടെയുണ്ടായിരുന്നു. അവന്‍ സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവിടെ തടിച്ചുകൂടിയവര്‍ അവനെ സഹായിക്കുന്നതിന് പകരം മൊബൈല്‍ ഫോണുകളില്‍ വീഡിയോ പകര്‍ത്തുന്ന തിരക്കിലായിരുന്നു,’ യുവരാജ് മേത്തയുടെ പിതാവ് രാജ്കുമാര്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

ഇതേ സ്ഥലത്ത് മുമ്പും അപകടം നടന്നിട്ടുണ്ടെന്ന് ഡെലിവറി ഏജന്റ് മോനീന്ദര്‍ വെളിപ്പെടുത്തി. അന്ന് സമാനമായ രീതിയില്‍ കുഴിയില്‍ വീണ ഒരു ട്രക്ക് ഡ്രൈവറെ നാട്ടുകാര്‍ കയറും ഏണിയും ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. ഇത്രയും അപകടകരമായ സാഹചര്യം നിലനിന്നിട്ടും മതിയായ സുരക്ഷാ മുന്‍കരുതല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്ന സൂചനയാണ് യുവരാജ് മേത്തയുടെ മരണം വിരല്‍ചൂണ്ടുന്നത്.

എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അശ്രദ്ധയുണ്ടായി എന്ന ആരോപണങ്ങളെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ രാജീവ് നാരായണ്‍ മിശ്ര തള്ളിക്കളഞ്ഞു. യുവാവിനെ രക്ഷിക്കാന്‍ ക്രെയിന്‍, ഗോവണി, താല്‍ക്കാലിക ബോട്ട്, സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയടക്കം എല്ലാ സജ്ജീകരണങ്ങളും പോലീസ് വിന്യസിച്ചിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി കുറവായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.

Content Summary: Greater Noida techie’s death: major lapses by officials reported

This post was last modified on January 19, 2026 3:32 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment