ഇന്ന് മുതൽ നടപ്പാകുന്ന ജിഎസ്ടി നിരക്ക് ഇളവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്‌കരണത്തിന് പിന്നാലെ ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് തുടക്കമായെന്ന് അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് ജിഎസ്ടി 2.0 പ്രാബല്യത്തിൽ വരുന്നതെന്നും 99 ശതമാനം ഉത്പനങ്ങളുടെയും വിലകുറയുമെന്നും മോദി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വദേശിവത്കരണത്തിലൂടെ ഇന്ത്യ വളരുകയാണെന്നും രാജ്യം സ്വയം പര്യാപ്തതയുടെ പാതയിലാണെന്നും മോദി കൂട്ടിച്ചേർത്തു. രണ്ടരലക്ഷം കോടിയുടെ നേട്ടമാണ് ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്. നികുതി സ്ളാബുകൾ അഞ്ച്,18 എന്നിങ്ങനെ ചുരുങ്ങുന്നതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലയിലുള്ളവർക്കും ഗുണം കിട്ടും. പൗരന്മാരാണ് ദൈവം എന്ന മന്ത്രവുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. പരിഷ്‌കരണം സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാനങ്ങളുടെ വികസനത്തെ ജിഎസ്ടി പരിഷ്‌കരണം ത്വരിതപ്പെടുത്തുമെന്നും മോദി അഭിപ്രായപ്പെട്ടു.
ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന മിക്ക സാധനങ്ങൾക്കും വില കുറയും. മരുന്നുകൾ, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, ആരോഗ്യ-ലൈഫ് ഇൻഷുറൻസ് എന്നിവയ്ക്ക് ഇനി നികുതി ഒഴിവാക്കുകയോ അല്ലെങ്കിൽ 5% മാത്രം നികുതി ഈടാക്കുകയോ ചെയ്യും. ഈ GST പരിഷ്കാരങ്ങൾ ദരിദ്രർക്കും, ഇടത്തരം കുടുംബങ്ങൾക്കും, യുവജനങ്ങൾക്കും, കർഷകർക്കും, സ്ത്രീകൾക്കും, വ്യാപാരികൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവകാലത്ത് എല്ലാവർക്കും ഇത് ഒരു മധുരപലഹാരം പോലെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
12 ശതമാനം നികുതിയുണ്ടായിരുന്ന മിക്ക സാധനങ്ങൾക്കും ഇനി 5 ശതമാനം മാത്രം നികുതി നൽകിയാൽ മതിയാകും. ഇത് സാധാരണക്കാർക്ക് വലിയ ലാഭമുണ്ടാക്കും. കടയുടമകൾ ഈ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ വരുമാന നികുതി ഒഴിവാക്കിയത് കൂടാതെ ജിഎസ്ടി നിരക്ക് കുറച്ചതും കൂടി ചേരുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് 2.5 ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഇതിനെ ‘ബചത് ഉത്സവ്’ (സമ്പാദ്യോത്സവം) എന്ന് വിളിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Content Summary: GST 2.0; PM Modi says GST Bachat Utsav kicks off with Navratri, offering a double bonanza for citizens.
This post was last modified on September 22, 2025 10:51 am
Leave a Comment