അദാനി പവര്‍ പ്രൊജക്റ്റ്: കര്‍ഷക സമരത്തിന് മുന്നില്‍ വഴങ്ങി ഗുജറാത്ത് സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം

Gujarat farmers protest Adani

ഗുജറാത്തില്‍ അദാനി ഗ്രൂപ്പിനെതിരേ നടക്കുന്ന ഭൂസമരത്തില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. ഗുജറാത്തിലെ മോര്‍ബിയിലുള്ള ജെറ്റ്പൂര്‍ ഗ്രാമത്തിലാണ് അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (എഇഎസ്എല്‍) നിര്‍മ്മിക്കുന്ന ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി വിട്ടുനല്‍കിയ കര്‍ഷകരായിരുന്നു സമരത്തില്‍. ഭൂമിക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. മൂന്ന് ആഴ്ചയിലേറെയായി തുടരുകയായിരുന്നു സമരം. സാനന്ദില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചത്.

ഭൂമിയുടെ ജന്ത്രി (സര്‍ക്കിള്‍) നിരക്കിന് പകരം നിലവിലെ വിപണി വില അടിസ്ഥാനമാക്കി അതിന്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമ്മതിച്ചിട്ടുള്ളത്. വിപണി വിലയുടെ 400 ശതമാനം നഷ്ടപരിഹാരം വേണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. ഇപ്പോള്‍ സമ്മതിച്ചിരിക്കുന്ന നഷ്ടപരിഹാരം ഇത്രയുമില്ലെങ്കില്‍ തന്നെയും സര്‍ക്കാരിന്റെ ഭാഗത്ത്് നിന്നുള്ള വിട്ടുവീഴ്ച്ചയാണിത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുന്നതുവരെ സമരം തുടരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കച്ചിലെ കെ.പി.എസ്-2 പൂളിംഗ് സ്റ്റേഷന്‍ മുതല്‍ മോര്‍ബിയിലെ ഹല്‍വാദ് വരെയുള്ള 246 കിലോമീറ്റര്‍ ദൂരത്തില്‍, ഹല്‍വാദ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് സ്ഥാപിക്കുന്ന 756 കെ.വി ഡി.സി ലൈനിനെതിരെയായിരുന്നു കര്‍ഷക സമരം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ്ജ വിതരണ കമ്പനിയായ അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ പ്രത്യേക വിഭാഗമാണിത്. കച്ചിലും മോര്‍ബിയിലുമായി 400 ഓളം ഗ്രാമങ്ങളിലെ ഭൂമിയെയാണ് ഈ പദ്ധതി ബാധിക്കുന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ നയങ്ങള്‍ പഠിച്ച ശേഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ ഈ ചരിത്രപരമായ തീരുമാനമെടുത്തതെന്ന് കൃഷിമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ജിതു വഘാനി അറിയിച്ചു.

പുതിയ തീരുമാനപ്രകാരം വൈദ്യുതി ടവറിന്റെ യഥാര്‍ത്ഥ അടിത്തറയേക്കാള്‍ വലിയ വിസ്തീര്‍ണ്ണം കണക്കാക്കിയാകും ഇനി നഷ്ടപരിഹാരം നല്‍കുക. ടവറിന്റെ ഓരോ വശത്തും ഒരു മീറ്റര്‍ വീതം അധികമായി കൂട്ടി ഇത് കണക്കാക്കും. ഉദാഹരണത്തിന്, 765 കെ.വി ട്രാന്‍സ്മിഷന്‍ ലൈനിനായി മുമ്പ് 625 ചതുരശ്ര മീറ്ററിന് നല്‍കിയിരുന്ന നഷ്ടപരിഹാരം ഇനി മുതല്‍ 729 ചതുരശ്ര മീറ്ററായി ഉയരും. കൂടാതെ, ഭൂമിയുടെ യഥാര്‍ത്ഥ വിപണി വില സുതാര്യമായി നിര്‍ണ്ണയിക്കാന്‍ ഒരു ‘മാര്‍ക്കറ്റ് റേറ്റ് കമ്മിറ്റി’ രൂപീകരിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.

വൈദ്യുതി ലൈനുകളും ടവറുകളും വരുന്നതോടെ ഭൂമിയുടെ വില കുത്തനെ ഇടിയുമെന്ന് ചൂണ്ടിക്കാട്ടി ആറ് ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവെച്ചിരുന്നത്. മാര്‍ക്കറ്റ് റേറ്റ് കമ്മിറ്റിയുടെ രൂപീകരണം, 400% നഷ്ടപരിഹാരം, റൂറല്‍-മുനിസിപ്പാലിറ്റി പരിധികളില്‍ ‘റൈറ്റ് ഓഫ് വേ’ സുരക്ഷാ മേഖലകള്‍ക്കായി പ്രത്യേക നഷ്ടപരിഹാര സ്ലാബുകള്‍, മുഴുവന്‍ തുകയും മുന്‍കൂറായി നല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കര്‍ഷക സംഘടനകളുമായി നടത്തിയ തുറന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ അനുകൂല തീരുമാനം. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്കും, മുമ്പത്തെ നിരക്കില്‍ നഷ്ടപരിഹാരം നിശ്ചയിച്ച കര്‍ഷകര്‍ക്കും ഈ പുതുക്കിയ നയത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌


Content Summary; Gujarat government accepts key demands of protesting farmers in Morbi, offering double the market rate as land compensation for Adani power project.

This post was last modified on July 4, 2026 8:35 am

അഴിമുഖം ഡെസ്‌ക്:
Leave a Comment