വിപണിയില്‍ റെക്കോര്‍ഡിട്ട് ‘ഗസ്’; വിറ്റുപോയത് 400 കോടിയിലധികം രൂപയ്ക്ക്

ഇതുവരെ നടന്ന ഫോസില്‍ ലേലങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്

ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഭീമന്‍ ദിനോസറുകള്‍ ഇന്ന് ആഡംബരത്തിന്റെ പ്രതീകമായി മാറുകയാണ്. ശാസ്ത്രലോകത്തെയും ലേലവിപണിയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, 67 കോടി വര്‍ഷം പഴക്കമുള്ള ‘ഗസ്’ എന്ന ടൈറനോസോറസ് റെക്‌സ് (ടി-റെക്‌സ്) ഫോസില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്. സോത്‌ബേയില്‍ നടന്ന ( ലേല സ്ഥാപനം) ലേലത്തില്‍ 67 കോടി വര്‍ഷം പഴക്കവും , 38 അടിയോളവുമുള്ള ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും വലിയ മാംസഭുക്കുകളായ ദിനോസറുകളില്‍ ഒന്നായ ടൈറനോസോറസ് റെക്‌സിന്റെ (T.Rex) ഫോസില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റത്. ‘ഗസ്’ (Gus) എന്ന് പേരിട്ടിരിക്കുന്ന ഈ ഫോസിലിന് ഏകദേശം 400 കോടിയിലധികം രൂപയ്ക്കാണ് (50.1 ദശലക്ഷം യുഎസ് ഡോളര്‍ ) ലേലത്തില്‍ പോയത്. ഇതുവരെ നടന്ന ഫോസില്‍ ലേലങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

രണ്ട് വര്‍ഷം മുമ്പ് നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ സിറ്റാഡല്‍ സ്ഥാപകന്‍ കെന്നത്ത് ഗ്രിഫിന്‍ 44.6 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയ ‘അപെക്‌സ്’ എന്ന 15 കോടി വര്‍ഷം പഴക്കമുള്ള സ്റ്റെഗോസോറസ് ഫോസിലിന്റെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്. ഏകദേശം 10 മിനിറ്റോളം നീണ്ടുനിന്ന കടുത്ത ലേലത്തിനൊടുവിലാണ് ‘ഗസ്’ പുതിയ ഉടമസ്ഥന്റെ കൈകളിലെത്തിയത്.

2021-നും 2023-നും ഇടയില്‍ സൗത്ത് ഡക്കോട്ടയിലെ ‘ഹെല്‍ ക്രീക്ക് ഫോര്‍മേഷനില്‍ നിന്നാണ് ‘ഗസിനെ കണ്ടെത്തിയത്. ഫോസിലുകള്‍ ഒരുപാട് കാണപ്പെടുന്ന പ്രദേശമായ ഇവിടെ മൂന്ന് വര്‍ഷത്തിലധികമെടുത്താണ് വിദഗ്ദ്ധര്‍ ഗസിനെ പ്രദര്‍ശനത്തിന് അനുയോജ്യമായ രീതിയിലാക്കിയത്. ഗാരി ‘ഗസ്’ ലിക്കിംഗിന്റെ ഓര്‍മ്മക്കായാണ് ദിനോസര്‍ ഫോസിലിന് ‘ഗസ്’ എന്ന് പേരിട്ടത്. അദ്ദേഹവും ഭാര്യ ഡാനയും ചേര്‍ന്ന നടത്തിയിരുന്ന 6,500 ഏക്കറോളമുള്ള കന്നുകാലി ഫാമില്‍ നിന്നാണ് ഗസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ലോകമെമ്പാടുമുള്ള ധനികര്‍ക്കിടയില്‍ ആഢബരത്തിനായി വീടുകളിലും ഓഫീസുകളിലും ദിനോസോര്‍ ഫോസിലുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഹോളിവുഡ് താരങ്ങളായ റസല്‍ ക്രോയും നിക്കോളാസ് കേജും വരെ ഇത്തരം ഫോസിലുകള്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 2008-ല്‍ റസല്‍ ക്രോ തന്റെ മക്കള്‍ക്കായി നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയില്‍ നിന്ന് 35,000 ഡോളറിനാണ്
ദിനോസറുകളുടെ കാലത്ത് സമുദ്രങ്ങളില്‍ ജീവിച്ചിരുന്ന വലിയ ഉരഗങ്ങളായ മോസസൗറിന്റെ (Mosasaur) തലയോട്ടി വാങ്ങിയത്.

നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് കണ്ടെത്തുന്ന ഫോസിലുകള്‍ വില്‍ക്കാന്‍ അനുമതിയുള്ള ഏക രാജ്യം അമേരിക്കയാണ്. അതുകൊണ്ട് തന്നെ ഇത്തരം ഫോസിലുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, മ്യൂസിയങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ കമ്പനികള്‍ക്ക് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള ഭൂമിയിലും മാത്രമേ ഖനനം നടത്താന്‍ അനുമതിയുള്ളുവെന്നും, ഇവര്‍ തമ്മില്‍ മത്സരമില്ലെന്നും സ്മിത്സോണിയന്‍ മ്യൂസിയം ഡയറക്ടര്‍ കിര്‍ക്ക് ജോണ്‍സണ്‍ പറയുന്നു.

2020-ല്‍ ‘സ്റ്റാന്‍’ എന്ന ടി-റെക്‌സ് ഫോസില്‍ 31.8 ദശലക്ഷം ഡോളറിന് അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം വകുപ്പ് വാങ്ങിയതോടെയാണ് ഫോസില്‍ വിപണി സജീവമായത്. ഇത് അബുദാബി നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഫോസിലുകള്‍ക്ക് ഉയര്‍ന്ന വില ലഭിക്കുന്നത് വലിയ ചിലവുള്ള ഖനനങ്ങള്‍ കൂടുതല്‍ നടത്താന്‍ ഗവേഷകര്‍ക്ക് സഹായകരമാകുന്നുണ്ട്. ‘തെറോപോഡ എക്‌സ്‌പെഡിഷന്‍സ്’ എന്ന സംഘം ് വര്‍ഷങ്ങളോളം പരിശ്രമിച്ചാണ് ‘ഗസിനെ ഇന്ന് കാണുന്ന പൂര്‍ണ്ണരൂപത്തിലാക്കിയത്. ഇതിന്റെ 80 ശതമാനത്തോളം ഭാഗങ്ങളും യഥാര്‍ത്ഥ എല്ലുകളാണ്. അതുകൊണ്ട് തന്നെ ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പൂര്‍ണമായ ടി-റെക്‌സ് അസ്ഥികൂടങ്ങളില്‍ ഒന്നാണിത്.

The Most Expensive Dinosaur Just Sold for $50.1 Million

This post was last modified on July 15, 2026 1:22 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment