മെസ്സിയോ യമാലോ അതോ കെയ്നോ? ഇത്തവണത്തെ ബലോൻ ദ് ഓറിൽ ആര് മുത്തമിടും

സ്വപ്നങ്ങളുടെ കൊടുമുടിയിൽ ഹാരി കെയ്ൻ

കളിക്കളത്തില്‍ ഗോള്‍ മഴപെയ്യിച്ച ഒരു പതിറ്റാണ്ട്! ബൂട്ടുകെട്ടി ഇറങ്ങിയപ്പോഴൊക്കെ എതിരാളികളുടെ വല തുളച്ച് ഗോള്‍ അടിച്ച നിഷ്ഠൂരനായ ഗോള്‍വേട്ടക്കാരന്‍! പ്രീമിയര്‍ ലീഗിലെ ഇതിഹാസ റെക്കോര്‍ഡുകള്‍ തകര്‍ത്തറിഞ്ഞ്, ഇംഗ്ലണ്ടിന്റെ മണ്ണിലെ എക്കാലത്തെയും വലിയ ടോപ് സ്‌കോററായി കളിക്കളത്തിലെ പ്രെഗത്ഭരുടെ നിരയില്‍ ഹാരി കെയ്ന്‍ തന്റെ സ്ഥാനം ഉറപ്പിച്ച് വാഴുമ്പോഴും, ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ ‘ബലോൻ ദ് ഓര്‍’ മാത്രം അദ്ദേഹത്തിന് കയ്യെത്താ ദുരത്തായിരുന്നു. എന്നാല്‍, ഈ കാത്തിരിപ്പിന് വിരാമമിടാന്‍ പോകുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബയേണ്‍ മ്യൂണിക് സ്‌ട്രൈക്കറായ ഹാരി കെയ്ന്‍, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിന് ശേഷം ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരം സ്വന്തമാക്കാന്‍ ‘ബെറ്റ്ഫെയര്‍’ പ്രവചനങ്ങളില്‍ 13/10 സാധ്യതയോടെ ഒന്നാമതായി നില്‍ക്കുന്നു. ഗോളുകള്‍ നേടുക എന്നത് ഹാരി കെയ്നെ സംബന്ധിച്ച് ഒരിക്കലും ഒരു പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഈ സീസണില്‍ തന്റെ അവിശ്വസനീയമായ ഗോള്‍ വേട്ടയ്ക്കൊപ്പം, തള്ളിക്കളയാനാവാത്ത വിധത്തിലുള്ള ട്രോഫികളും സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ബയേണിനായി വെറും 51 മത്സരങ്ങളില്‍ നിന്ന് 61 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഹാരി കെയ്ന്‍ ഈ സീസണ്‍ അവസാനിപ്പിച്ചത്. ജര്‍മ്മന്‍ ബുണ്ടസ്ലിഗ കിരീടം സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ചതിന് പുറമെ, ഡി.എഫ്.ബി-പോക്കല്‍ (DFB-Pokal), ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് എന്നിവയും ഉയര്‍ത്താന്‍ അദ്ദേഹത്തിനായി. ഇതിന് പുറമെ ബുണ്ടസ്ലിഗ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും, യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവും സ്വന്തമാക്കിയ ശേഷമാണ് അദ്ദേഹം തകര്‍പ്പന്‍ ഫോമിലേക്ക് എത്തിയത്.

ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട മോഹങ്ങള്‍ തകര്‍ന്നടിഞ്ഞിവെങ്കിലും ഒരു യുദ്ധഭൂമിയിലെ യോദ്ധാവിനെപ്പോലെ ഹാരി കെയ്ന്‍ പൊരുതി വീണു. ടൂര്‍ണമെന്റിലുടനീളം നേടിയ ആറ് ഗോളുകളിലൂടെ ഹാരി കെയ്ന്‍ തന്റെ പ്രശസ്തി വീണ്ടും വര്‍ദ്ധിപ്പിച്ചു. എത്ര വലിയ സമ്മര്‍ദ്ദഘട്ടങ്ങളിലും തനിക്ക് തിളങ്ങാനാകുമെന്ന് അദ്ദേഹം ഒന്നുകൂടി തെളിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ഹാരി കെയ്ന്‍ കാഴ്ചവെച്ചതുപോലൊരു മികച്ച പോരാട്ടവീര്യം വേറൊരു കളിക്കാരനിലും കാണാന്‍ സാധിക്കില്ല. ഇത്രയേറെ മികവ് പുലര്‍ത്തിയിട്ടും, ഹാരി കെയ്ന്‍ ഇതുവരെ ബലോൻ ദ് ഓര്‍ പുരസ്‌കാരത്തിന്റെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ പോലും ഇടംപിടിച്ചിട്ടില്ല എന്നത് ഒരുപക്ഷേ അത്ഭുതകരമായി തോന്നാം. ടോട്ടനം ഹോട്‌സ്പറില്‍ കളിച്ചപ്പൊഴൊക്കെയും അദ്ദേഹം തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നെങ്കിലും, വന്‍കിട ട്രോഫികള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്കുള്ള ഹാരിയുടെ വരവോടെ ആ ശാപം മാറുകയാണ്!

പക്ഷേ, ഹാരി കെയ്‌ന്റെ കിരീടവഴി അത്ര എളുപ്പമല്ല. കാലത്തിന്റെ വിസ്മയമായ ലാമിന്‍ യമാല്‍ എന്ന 19-കാരന്‍ തൊട്ടുപിന്നില്‍ വന്‍ വെല്ലുവിളിയുമായി നില്‍ക്കുന്നുണ്ട്! തന്റെ കൊച്ചുപ്രായത്തില്‍ സ്‌പെയിനിനെ ലോകകിരീടത്തിലേക്ക് നയിച്ച ഈ അത്ഭുതബാലന്‍, ലാ ലിഗയിലും സ്പാനിഷ് സൂപ്പര്‍ കപ്പിലും ക്ലബ്ബിന്റെ വിജയശില്‍പ്പിയായി മാറിയിരുന്നു. കേവലം ഗോള്‍വേട്ടയില്‍ മാത്രം ഒതുങ്ങുന്നതല്ല ലാമിന്‍ യമാലിന്റെ മാന്ത്രികത, 45 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 18 അസിസ്റ്റുകളുമായി ഫുട്‌ബോള്‍ ലോകത്തെ യുവതാരമായി വാഴ്ത്തപ്പെടുന്നു. ഗോളുകളുടെ കണക്കില്‍ ഹാരി കെയ്ന്‍ മുന്നിലാണെങ്കിലും, ലാമിന്‍ യമാലിന്റെ കൈയ്യിലുള്ള ‘ലോകകപ്പ് കിരീടം വോട്ടെടുപ്പില്‍ യമാലിന് അനുകൂലമായാല്‍ അത്ഭുതപ്പെടാനില്ല.

റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തന്റെ ഒന്‍പതാം ബലോൻ ദ് ഓര്‍ സ്വന്തമാക്കാന്‍ ലയണല്‍ മെസ്സി സകല അടവുകളും പയറ്റുന്നുണ്ട്. ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് അര്‍ജന്റീന പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ പുരസ്‌കാരം മെസ്സിക്ക് തന്നെ ഉറപ്പിക്കാമായിരുന്നു. എങ്കിലും ഇന്റര്‍ മയാമിക്കൊപ്പം എം.എല്‍.എസ് കപ്പും (MLS Cup), എം.എല്‍.എസ് എം.വി.പിയും, ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയ 39-കാരനായ മെസ്സിയെ തള്ളിക്കളയാനാവില്ല. യൂറോപ്പിന് പുറത്ത് കളിക്കുമ്പോഴും, ലോകകപ്പില്‍ എംബാപ്പെയ്ക്ക് തൊട്ടുപിന്നിലായി എട്ട് ഗോളുകള്‍ അടിച്ചുകൊണ്ട് താന്‍ ഇന്നും കളിയിലെ രാജാവാണെന്ന് മെസ്സി തെളിയിച്ചു.

മറുവശത്ത്, റയല്‍ മാഡ്രിഡിന്റെ വിസ്മയം കിലിയന്‍ എംബാപ്പെ ശക്തമായ ഭീഷണിയുമായി നിലകൊള്ളുന്നു. ക്ലബ്ബിനായി വെറും 44 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകള്‍ നേടിയ എംബാപ്പെ, ലാ ലിഗയിലെ ടോപ് സ്‌കോററും ചാമ്പ്യന്‍സ് ലീഗ് ഗോള്‍ഡന്‍ ബൂട്ട് വിജയിയുമായിരുന്നു. ലോകകപ്പില്‍ പത്ത് ഗോളുകള്‍ അടിച്ചുകൂട്ടി തന്റെ വ്യക്തിഗത മികവ് തെളിയിച്ചെങ്കിലും, റയല്‍ മാഡ്രിഡിന് പ്രധാന കിരീടങ്ങളൊന്നും നേടാനാവാത്തതും ഫ്രാന്‍സ് ലോകകപ്പ് സെമിഫൈനലില്‍ പുറത്തായതും എംബാപ്പെയുടെ ബലോൻ ദ് ഓര്‍ സാധ്യതകള്‍ക്ക് തിരിച്ചടിയായേക്കാം.

ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ‘ഗോള്‍ഡന്‍ ബോള്‍’ പുരസ്‌കാരം നേടി സ്‌പെയിനിന്റെ ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം റോഡ്രി ആണ് മറ്റൊരാള്‍. കളിക്കളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ റോഡ്രിയോളം പോന്ന മറ്റൊരു കളിക്കാരന്‍ വേറെയില്ല. എന്നാല്‍, പരിക്കുകള്‍ വില്ലനായ ക്ലബ്ബ് സീസണ്‍ കാരണം ഹാരി കെയ്നെപ്പോലുള്ള താരങ്ങളുടെ കിരീടനേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ അദ്ദേഹത്തിനായില്ല. അതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ടാമതൊരു ബലോൻ ദ് ഓര്‍ റോഡ്രിയെ തേടിയെത്തുക പ്രയാസകരമായിരിക്കും.

നിലവിലെ ബലോൻ ദ് ഓര്‍ ജേതാവായ പി.എസ്.ജി താരം ഉസ്മാന്‍ ഡെംബെലെ (Ousmane Dembélé) ഇത്തവണ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. പി.എസ്.ജിയെ ലിഗ് 1 , ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച ഡെംബെലെ, ലോകകപ്പില്‍ ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. എന്നാല്‍ ഹാരി കെയ്ന്‍, മെസ്സി, എംബാപ്പെ, യമാല്‍ എന്നിവര്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ചവര്‍ക്കിടയില്‍ ഡെംബെലെയ്ക്ക് കിരീടം നിലനിര്‍ത്തുക എളുപ്പമാവില്ല.

വ്യക്തിഗത മികവും ടീമിന്റെ വിജയങ്ങളും വിലയിരുത്തിയാണ് താരങ്ങള്‍ക്ക് സാധാരണയായി ബലോൻ ദ് ഓര്‍ ലഭിക്കാറുള്ളത്. ഇത്തവണ ഹാരി കെയ്‌ന് മുന്‍ തൂക്കമുള്ളതും അതുകൊണ്ട്തന്നെയാണ്!

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നിട്ടും ബാലണ്‍ ഡി ഓര്‍ പോലെ വലിയ വ്യക്തിഗത പുരസ്‌കാരം പോലും സ്വന്തമാക്കാനായിട്ടില്ല എന്ന അപവാദം ഹാരി കെയ്ന്‍ മായ്ച്ചുകളയാനുള്ള നല്ലൊരവസരമാണിത്. അവിശ്വസനീയമായ വേഗതയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി, ബയേണിനൊപ്പം കിരീടങ്ങള്‍ നേടി, ലോകകപ്പിലും തിളങ്ങി നില്‍ക്കുന്ന ഹാരി കെയ്ന്‍ തന്റെ കരിയറിലെ ഏറ്റവും ശക്തമായ അവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ സ്വര്‍ണ്ണപ്പന്ത് ഹാരി കെയ്ന്റെ കൈകളില്‍ തന്നെ ഭദ്രമായേക്കാം!

Harry Kane heads Ballon d’Or betting with Messi and Yamal in contention

This post was last modified on July 26, 2026 4:54 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment