കൊച്ചിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

കൊച്ചിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ പൂര്‍ണ വിജയമായി. ശസ്ത്രക്രിയ പൂര്‍ത്തിയാവാന്‍ ആര് മണികൂറിലേറെ സമയമെടുത്തു. തിരുവനന്തപുരം സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠശര്‍മ്മയുടെ ഹൃദയം ശസ്ത്രക്രിയ്ക്ക് വിധേയനായ മാത്യുവിന്‍റെ ശരീരത്തില്‍ യന്തസഹായമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങി. മാത്യുവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും  രണ്ട് ദിവസം കൂടി മാത്യു വെന്റിലേറ്ററില്‍ തുടരും എന്ന്   ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യമായ ഇടവേളകളില്‍ ബോധം തെളിയുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിജയകരമായ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ കേരളത്തിന്റെ ആരോഗ്യരംഗത്തെ നാഴികകല്ലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരു ഹൃദയം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തെത്തിക്കുന്നത്. വ്യോമസേനയുടെ വിമാനമാണ് അവയവം എത്തിക്കാന്‍ ഉപയോഗിച്ചത്. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ നാവിക സേന വിമാനത്താവളത്തില്‍ നിന്ന് പത്ത് മിനുട്ടില്‍ താഴെ മാത്രം സമയം കൊണ്ടാണ് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്. 6.44 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൃദയവുമായുള്ള ആംബുലന്‍സ് എത്തുകയും 6.50ന് എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെടടുകയും ചെയ്തു .രാത്രി 7.45 ഓടെ ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ചു. ഈ സമയമത്രയും കൊച്ചിഎംജി റോഡിലെ ഗതാഗതം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു.

ഏയര്‍ ആംബുലന്‍സ് ഉപയോഗിച്ചുള്ള ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ യശസ്സുയര്‍ത്തി എന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഇതോടെ എയര്‍ ആംബുലന്‍സുകള്‍ സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ വ്യക്തമാക്കി .

This post was last modified on December 27, 2016 3:19 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment