അതിജീവനത്തിന്റെ ചരിത്രം, സ്വപ്നതുല്യമായ വിജയം

ഞങ്ങള്‍ ഇതര്‍ഹിക്കുന്നുണ്ട്

സംശയിക്കേണ്ട, ഈ പെണ്‍കുട്ടികള്‍ അര്‍ഹിച്ചതാണീ ലോകകപ്പ്. ഗ്രൗണ്ടില്‍ എതിരാളികളോടും പുറമെ തങ്ങള്‍ക്ക് പ്രതികൂലമായി മാത്രം നിന്ന സാഹചര്യങ്ങളോടും പൊരുതി തന്നെ നേടിയ വിജയമാണിത്. തങ്ങളെ എഴുതിത്തള്ളിയവര്‍ക്കും നിര്‍ദ്ദയം പരിഹസിച്ചവര്‍ക്കും നല്‍കിയ മധുരമുള്ള മറുപടി. യാഥാര്‍ഥ്യമായത് 52 കൊല്ലത്തെ കാത്തിരിപ്പാണ്, ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ ചരിത്രവും തലവിധിയും തിരുത്താന്‍ പോകുന്ന വിജയം. ഭാഗ്യം കൊണ്ടല്ല, ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകളെ സെമിയിലും ഫൈനലിലുമായി വീഴ്ത്തിക്കൊണ്ടാണ് അവര്‍ വിജയികളായത്.

അവരുടെ പോരാട്ടവീര്യമാണ് വേറിട്ട് നിന്നത്. തിരിച്ചടികളില്‍ വീണു പോകാതെ പാഠങ്ങള്‍ പഠിച്ച് കൂടുതല്‍ ശക്തിയോടെ തിരികെ വരാനുള്ള കഴിവാണവര്‍ ആര്‍ജിച്ചെടുത്തത്. കടുത്ത സമ്മര്‍ദ്ദത്തില്‍ അലിഞ്ഞ് പോകുന്ന പതിവവര്‍ മാറ്റിയെടുത്തു. തുടര്‍ച്ചയായ മൂന്ന് കളികള്‍ പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോകുന്നതിന്റെ വക്കില്‍ വരെയെത്തിയ ശേഷം ഫീനിക്‌സ് പക്ഷികളെ പോലെ കുതിച്ചുയര്‍ന്നു. ആ കുതിപ്പില്‍ എതിരെ നിന്ന വന്മരങ്ങളെല്ലാം തന്നെ വീണു പോവുകയും ചെയ്തു. ഇന്ത്യയുടെ വനിതാ ടീമുകളുടെ പ്രധാന ദൗര്‍ബല്യം കഴിവില്ലായ്മയായിരുന്നില്ല. സ്വന്തം കഴിവിലുള്ള വിശ്വാസമില്ലായ്മയും പ്രതിസന്ധികളില്‍ പതറിപ്പോകുന്ന സ്വഭാവവുമായിരുന്നു. രണ്ടുമവര്‍ മാറ്റിയെടുത്തു, കൂടെ ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോവുന്ന പതിവും. ഇത്തവണ അവരൊരു ടീമായിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന കളിക്കാര്‍ പലപ്പോഴും നിര്‍ണായക പ്രകടനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു, അവര്‍ പരാജയപ്പെട്ട കളികളില്‍ ബാക്കിയുള്ളവര്‍ അവസരത്തിനൊത്തുയര്‍ന്നു. ഫീല്‍ഡില്‍ അവര്‍ 11 പേരും ഒറ്റക്കെട്ടായിട്ടാണ് പൊരുതിയത്. They were Putting their bodies on the line.

കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പലപ്പോഴും ദുര്‍ബലരാകാറുണ്ടെങ്കിലും വീണു പോകാതെ, അതിജീവനത്തിന്റെ മന്ത്രങ്ങള്‍ അനുഭവങ്ങളിലൂടെ പഠിച്ചെടുത്ത് ഈ ലോകത്തോട് മുഴുവന്‍ പൊരുതി നില്‍ക്കുന്ന ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണീ വിജയം. തങ്ങള്‍ വീണു പോകുന്നത് കണ്ടാസ്വദിക്കാന്‍ ചുറ്റിനും ഒത്തുകൂടിയവര്‍ക്ക് ആ സന്തോഷം നിഷേധിക്കാനായി ഫൈറ്റ് ചെയ്ത് കൊണ്ടേയിരിക്കുന്നവരുടെ വിജയം.

ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍ താരമായിട്ടും ഇന്ത്യന്‍ ജെഴ്‌സിയണിയാന്‍ ഭാഗ്യം ലഭിക്കാതെ പോയ അമോല്‍ മജുംദാറായിരുന്നു അവരുടെ കോച്ച്. അയാളുടെ നടക്കാതെ പോയൊരു സ്വപ്നം ശിഷ്യകളിലൂടെ നിറവേറുകയാണ്. ഒപ്പം കരിയറിലുടനീളം പൊരുതിയിട്ടും ഇടയ്ക്ക് വീണുപോയ മിതാലി രാജിനെ പോലുള്ള മുന്‍ വനിതാ ക്രിക്കറ്റര്‍മാരുടെയും.

പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ദീപ്തി ശര്‍മയായിരുന്നു. 215 റണ്‍സും 22 വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം. പുരുഷനായാലും സ്ത്രീയായാലും ഒരു ഏകദിന ലോകകപ്പില്‍ ഇന്നുവരെ സ്വന്തമാക്കാത്ത നേട്ടമാണ് 200 റണ്‍സും 20 വിക്കറ്റുകളും എന്നത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ദീപ്തി പാര്‍ട്ണര്‍ ഷിപ്പുകള്‍ പൊളിക്കുന്ന ബുദ്ധിയുള്ള ബൗളര്‍ കൂടെയായിരുന്നു ക്യാപ്റ്റന് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് പന്തേല്‍പ്പിക്കാന്‍ കഴിയുന്ന ബൗളര്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഇന്നു നാം കാണുന്ന ദീപ്തി ശര്‍മ.

ഷെഫാലി വര്‍മ്മയുടേതൊരു വ്യത്യസ്തമായ കഥയാണ്. ഫോം നഷ്ടപ്പെട്ട് ടീമില്‍ നിന്നും പുറത്താവുകയാണ് ഷെഫാലി. സ്മൃതിയോടൊപ്പം ഓപ്പണ്‍ ചെയ്യാനെത്തിയ താരം പ്രതിക റാവല്‍ ആ പൊസിഷനില്‍ ഉറയ്ക്കുകയും ചെയ്തതോടെ ഷെഫാലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അസ്തമിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ബംഗ്ലാദേശിനെതിരെ പരിക്കേറ്റ് പ്രതിക പുറത്താവുന്നതോടെ ഇന്ത്യ ഷെഫാലിയുടെ പരിചയസമ്പന്നതയിലേക്ക് തിരിയുകയാണ്. സെമിയില്‍ നല്ലൊരു തുടക്കം നല്‍കിയ ശേഷം ഫൈനലില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചൊതുക്കി കൊണ്ട് 87 റണ്‍സിന്റെയൊരു തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് വരുന്നത്. സൗത്ത് ആഫ്രിക്ക കളിയില്‍ പിടിമുറുക്കി കൊണ്ടിരുന്ന സമയത്ത് നിര്‍ണായകമായ 2 വിക്കറ്റുകള്‍ കൂടെ വീഴ്ത്തിക്കൊണ്ട് ആ രാത്രി ഷെഫാലി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു.

എടുത്തു പറയേണ്ട മറ്റൊരു പേര് റിച്ചാ ഘോഷിന്റെയാണ്. മധ്യനിരയിലെ പവര്‍ ഫുള്‍ ഹിറ്റര്‍. 133 സ്‌ട്രൈക്ക് റേറ്റിലാണ് ഈ ടൂര്‍ണമെന്റില്‍ റിച്ച തന്റെ റണ്‍സുകള്‍ കണ്ടെത്തിയത്. തന്റെ വ്യക്തിഗത ഫോം അല്‍പം മോശമായി തുടര്‍ന്നപ്പോഴും ഹര്‍മന്‍ ദീപ് ടീമിനെ നയിച്ച രീതി പ്രശംസനീയമായിരുന്നു. മികച്ച ബൗളിംഗ് ചേഞ്ചുകള്‍, ഫീല്‍ഡ് സെറ്റിംഗ്‌സ് എല്ലാം കൊണ്ടും ഫൈനലില്‍ ഉള്‍പ്പെടെ ഹര്‍മന്‍ തിളങ്ങിയിരുന്നു. സെമിയിലൊരു ക്രൂഷ്യല്‍ ഇന്നിങ്‌സ് കളിക്കുകയും ചെയ്തു.

ഫൈനല്‍ അക്ഷരാര്‍ത്ഥത്തിലൊരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. രണ്ടു ടീമുകളും ആധിപത്യം ഉറപ്പിക്കാന്‍ പൊരുതിക്കൊണ്ടിരുന്നു. ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യ 30 റണ്‍സ് എങ്കിലും പുറകിലാണ് ഫിനിഷ് ചെയ്തത്. രണ്ടാം ഇന്നിങ്‌സിലെ ഡ്യു ഫാക്ടര്‍ കണക്കിലെടുക്കുമ്പോള്‍ ഇതൊരു വെല്ലുവിളിയായിരുന്നു. പക്ഷെ ഇന്ത്യന്‍ വനിതകള്‍ മനോഹരമായി പന്തെറിഞ്ഞു, ഉജ്വലമായി ഫീല്‍ഡ് ചെയ്തുകൊണ്ട് പ്രതികൂല ഘടകങ്ങളെ മറികടന്നു. സൗത്ത് ആഫ്രിക്ക ഓരോ തവണയും ഒരു കൂട്ടുകെട്ട് ഉണ്ടാക്കി വെല്ലുവിളിച്ചപ്പോഴും അത് ബ്രേക്ക് ചെയ്തു കൊണ്ട് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു.

ജെമിമ റോഡ്രിഗസും സ്മൃതി മന്ദാനയും ശ്രീ ചരണിയും പ്രതികയും ഹര്‍മന്‍ ദീപും റിച്ചയും ഉള്‍പ്പെടെ എല്ലാവരും തന്നെ മികച്ച പ്രകടനങ്ങള്‍ നല്‍കിയ ടൂര്‍ണമെന്റ്, സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍ വര്‍ട്ടിന്റെ പേര് വിസ്മരിക്കാന്‍ കഴിയില്ല, അവരുടെ പോരാട്ട വീര്യവും. 2 സെഞ്ച്വറികളും 3 അര്‍ദ്ധ സെഞ്ച്വറികളും അടക്കം ടൂര്‍ണമെന്റില്‍ 571 റണ്‍സ് സ്‌കോര്‍ ചെയ്ത ലോറ അക്ഷരാര്‍ത്ഥത്തില്‍ അവരെ മുന്നില്‍ നിന്നു നയിച്ചു. ഫൈനലിലും, ഇന്ത്യയ്ക്കും വിജയത്തിനുമിടയില്‍ നിന്നത് ലോറയായിരുന്നു. സമ്മര്‍ദ്ദം അനായാസം അബ്‌സോര്‍ബ് ചെയ്ത് ലോറ കളിക്കുന്നത് കണ്ടിരിക്കുന്നത് തന്നെയൊരു വേറിട്ട അനുഭവമാണ്.

തങ്ങളുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് തങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറായ, സ്ത്രീ പുരുഷ ക്രിക്കറ്റര്‍മാരുടെ വേതനം ഏകീകരിച്ചു കൊണ്ടൊരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്ന ബോര്‍ഡിന്റെ തീരുമാനങ്ങള്‍ തെറ്റായിരുന്നില്ല എന്നവര്‍ തെളിയിക്കുകയാണ്. ഇന്ത്യയിലെ വനിതാ ക്രിക്കറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്നത് ഉറപ്പാണ്. അടുക്കളകളിലേക്ക് മടങ്ങിപ്പോകാന്‍ പറഞ്ഞവരോട്, തുല്യവേതനം നിങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞവരോട്, നിങ്ങളെക്കൊണ്ടിത് സാധിക്കില്ല എന്ന് മുന്‍വിധികളോടെ വിലയിരുത്തിയവരോട്, വാക്കുകള്‍ കൊണ്ടല്ല കിരീടം കൊണ്ടാണ് മറുപടി പറയുന്നത്. ഞങ്ങള്‍ ഇതര്‍ഹിക്കുന്നുണ്ട്. അവരിന്നലെ ഫൈനലില്‍ വീണ് പോയിരുന്നെങ്കില്‍ പോലും കൂടെ നില്‍ക്കുന്നവര്‍ കൂടെത്തന്നെയുണ്ടാകുമായിരുന്നു.

തങ്ങള്‍ക്ക് മുന്നേ കടന്നുവന്നവരുടെ ശിരസ്സുകള്‍ അഭിമാനം കൊണ്ട് ഉയര്‍ത്തിപ്പിടിക്കാന്‍, തങ്ങളുടെയൊപ്പം സഞ്ചരിക്കുന്നവരെ ആനന്ദിപ്പിക്കാന്‍, വരും തലമുറകള്‍ക്കൊരു പ്രചോദനമാകാന്‍ പോന്ന ചരിത്രവിജയം.

Content Summary: ICC Women’s world cup; a dream come true victory

This post was last modified on November 3, 2025 2:36 pm

സംഗീത് ശേഖര്‍:
Leave a Comment