ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്കായി വിലപിച്ച് ലോകം. ഗാസ തെരുവിലൂടെ ഇവരുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയെ നൂറുകണക്കിന് ആളുകളാണ് പിന്തുടർന്നത്. ഗാസയുടെ മുഖമെന്ന് ലോകം വിശേഷിപ്പിച്ചിരുന്ന അനസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ നഗരത്തിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവർത്തകരുടെ ടെന്റിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ അനസ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അനസിനു പുറമെ അൽ ജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചത്. ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അനസ് അൽ-ഷെരീഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഹമാസിലെ തീവ്രവാദ സെല്ലിന്റെ തലവനായിരുന്നു ഷെരീഫെന്നും ആരോപിച്ചു. യുദ്ധത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷം ഇസ്രായേൽ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് ഇതാദ്യമായിരുന്നു. സോഷ്യൽ മീഡിയയിലെ ഇസ്രായേൽ അനുകൂല വക്താക്കൾ ഷെരീഫിന്റെ കൊലപാതകത്തെ പ്രശംസിച്ചു കൊണ്ടാണ് രംഗത്തു വന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് അനസ് അല്‍ ഷരീഫ് പങ്കുവച്ച വിഡിയോ ചര്‍ച്ചയാവുകയാണ്. ഇത് തന്റെ അവസാന സന്ദേശമെന്ന് പറഞ്ഞ് അനസ് പോസ്റ്റുചെയ്ത വൈകാരിക സന്ദേശമാണ് ചര്‍ച്ചയാകുന്നത്. ദൈവവിധി അംഗീകരിക്കുകയാണെന്നും ചങ്ങലകള്‍ നിങ്ങളെ നിശബ്ദരാക്കാന്‍ പലസ്തീനികള്‍ അനുവദിക്കരുതെന്നും സന്ദേശത്തിലുണ്ട്.
ഇതെന്റെ അവസാന സന്ദേശമാണെന്നും ഇത് നിങ്ങളിലെത്തുമ്പോഴേക്കും താന്‍ കൊല്ലപ്പെട്ടിരിക്കും എന്നും പറഞ്ഞുകൊണ്ടാണ് അനസിന്റെ എക്‌സ് സന്ദേശം ആരംഭിക്കുന്നത്. ഗസ്സയിലെ ഇടവഴികളിലേയും തെരുവുകളിലേയും ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണുതുറന്നത് മുതല്‍ ഇവിടുത്തെ ജനതയുടെ ശബ്ദമാകാന്‍ തനിക്ക് കഴിഞ്ഞതായി അനസ് പറയുന്നു. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങാനും സ്വന്തം കുടുംബത്തിലെത്താനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദൈവവിധി മറ്റൊന്നായിരുന്നു. സത്യം വളച്ചൊടിക്കാതെ വിളിച്ചുപറയാനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. വേദനകളുടെ നടുവിലാണ് ഇവിടെ ജീവിച്ചത്. അനീതിക്കെതിരെ നിശബ്ദത പാലിച്ചവര്‍ക്കെതിരെ ഇവിടുത്തെ ശ്വാസം കവര്‍ന്നവര്‍ക്കെതിരെ കുഞ്ഞുങ്ങളുടെ ശവശരീരങ്ങള്‍ കണ്ടിട്ടും ചങ്ക് കലങ്ങാത്തവര്‍ക്കെതിരെ കൂട്ടക്കൊല തടയാന്‍ യാതൊന്നു ചെയ്യാത്തവര്‍ക്കെതിരെ ദൈവം പ്രവര്‍ത്തിക്കട്ടേയെന്നും അദ്ദേഹം എഴുതി. തന്റെ മകനൊപ്പം ഒരുപാടുകാലം ജീവിക്കാന്‍ അവന്‍ കരുത്തനായി വളരുന്നതുകാണാന്‍ ആഗ്രഹിച്ചെന്നും അത് സഫലമാകാതെ പോയെന്നും വൈകാരിക സന്ദേശത്തിലുണ്ട്.
മാധ്യമപ്രവർത്തകരെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇസ്രായേൽ രീതി പത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സിന്റെ (സിപിജെ) നോർത്ത് ആഫ്രിക്ക ഡയറക്ടർ സാറ ഖുദ പറഞ്ഞു. ഏത് നിമിഷവും ഞാൻ ബോംബാക്രമണത്തിന് ഇരയാകുകയും രക്തസാക്ഷിയാകുകയും ചെയ്തേക്കാം എന്ന തോന്നലോടെയാണ് ജീവിക്കുന്നതെന്ന് ജൂലൈയിൽ ഷെരീഫ് സിപിജെയോട് പറഞ്ഞിരുന്നു.
ഗാസയിലെ ഇസ്രായേൽ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിനുമുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രായേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തോട് പറയുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ പറഞ്ഞു.
content summary: If these words reach you, Israel has succeeded in killing me. World mourns the death of Al Jazeera journalists
Leave a Comment